റോസ്സും ഭർത്താവും അവരുടെ വലിയ കുടുംബത്തിനൊപ്പം അൽബേനിയയിൽ താമസിച്ചു വരികയായിരുന്നു.
ഭക്ഷണം കഴിക്കാത്തവരോ തനിച്ചായിപ്പോയെന്നു തോന്നുന്നവരോ ആയി ആരെയെങ്കിലും പുറത്ത് കണ്ടാൽ റോസ് അവരെ സ്നേഹത്തോടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമായിരുന്നു. വല്ലപ്പോഴും മാത്രമല്ല, നിത്യസംഭവമായിരുന്നു അത്. പരിചയമില്ലാത്ത ആളെക്കണ്ട് അതാരാണെന്ന് മക്കൾ ചോദിച്ചാൽ റോസ് പറയും, “അത് നമ്മുടെ വീട്ടിലെ ഒരാളാണ് ട്ടോ”.
അനേകം ആളുകളുള്ള വലിയ ഒരു കുടുംബമാണ് തങ്ങളുടേതെന്ന് വിശ്വസിച്ച് ആ കുട്ടികൾ വളർന്നു. എല്ലാ മനുഷ്യരും ‘യേശുക്രിസ്തുവിൽ ഒരേ കുടുംബമാണെന്ന്’ റോസ് അവരെ പഠിപ്പിക്കുകയായിരുന്നു.
അവളുടെ പെണ്മക്കളിൽ ഒരാളായ ആഗ്നസിന് ചെറുപ്പം തൊട്ടേ, രോഗികളും ഒറ്റപ്പെട്ടവരും പാവപ്പെട്ടവരുമായ മനുഷ്യരോട് വലിയ കരുതലുണ്ടായിരുന്നു. ദൈവം അവളുടെ ഹൃദയത്തിൽ നട്ട വിത്തുകൾ, അവളുടെ മാതാപിതാക്കൾ ജീവിച്ചു കാണിച്ചു കൊടുത്ത മാതൃകയിലൂടെ വളർന്ന്, യഥാകാലം ഫലം പുറപ്പെടുവിച്ചു എന്നുള്ളതാണ്.
നിങ്ങൾക്കെല്ലാം ആ ആഗ്നസിനെ അറിയാം, മറ്റൊരു പേരിൽ. അവൾ വളർന്ന് ഒരു കന്യാമഠത്തിൽ ചേർന്നു. ‘വിളിക്കുള്ളിലെ വിളി’ ഈശോയിൽ നിന്ന് കിട്ടിയപ്പോൾ, പാവങ്ങളെ ചേർത്തുപിടിക്കാൻ മഠത്തിന്റെ സുരക്ഷിതത്വം വിട്ടിറങ്ങിയ അവളെ മദർ തെരേസ എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കാൻ തുടങ്ങി. ഇപ്പോൾ അറിയപ്പെടുന്നത് വിശുദ്ധ മദർ തെരേസ എന്ന്!
ചിന്തിക്കാം നമ്മൾ കൊടുക്കുന്ന മാതൃകകളെപ്പറ്റി.
മദർതെരേസയുടെ തന്നെ വാക്കുകളോടെ നിർത്താം ഈ കുറിപ്പ്.
“Love until it hurts”
“ഇന്നലെകൾ മറഞ്ഞു പോയി, നാളെകൾ എത്തിച്ചേർന്നിട്ടില്ല, ഇന്നുകളേ ഉള്ളു നമ്മുടെ കയ്യിൽ. തുടങ്ങാം നമുക്ക് “..
ജിൽസ ജോയ് ![]()


Leave a comment