ഒരു ഡച്ചൻ സ്മൈൽ (A Dutchenn Smile*)
ചെറുകഥ
ഡങ്കിപ്പനി പിടിച്ച് ആശുപത്രിയുടെ നാലാം നിലയിൽ മുന്നൂറ്റിപ്പതിന്നാലാം മുറിയിൽ അയാൾ കിടക്കുമ്പോഴാണ് നഴ്സ് റോമാ ഒരു ചിരിയോടെ കടന്നു വന്നത്. റോമയ്ക്ക് ചിരിക്കാം. കാരണം അവളുടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. എങ്കിലും അവൾ വന്ന ഭാവം നടിക്കാതെ അയാൾ അനങ്ങാതെ കിടന്നു.
” ടോണി സാർ ഇതുവരെ എഴുന്നേറ്റില്ലേ? “
“എഴുന്നേറ്റ് ഇന്ന് ഓഫീസിലൊന്നും പോകുന്നില്ലല്ലോ ! ” ടോണി കിടന്നോണ്ടു തന്നെ പറഞ്ഞു.
“അല്ല ! ഡോക്ടർ ഇന്നലെ തന്നെ ഡിസ്ചാർജ് പറഞ്ഞതല്ലേ ? പിന്നെന്താ പോകാത്തത് ? സുഖവാസം ആണോ ലക്ഷ്യം ?” റോമ മേശപ്പുറത്തെ മരുന്നുകൾ അടുക്കിപ്പെറുക്കിക്കൊണ്ടു ചോദിച്ചു.
“അയ്യടാ ! സുഖവസിക്കാൻ പറ്റിയ സ്ഥലം ! ഇൻഷുറൻസ് ക്ലെയിമിൻ്റെ പേപ്പേഴ്സ് ജയിംസ് കൊണ്ടു വന്നാൽ ആ നിമിഷം ഞാനിറങ്ങും ! “
” എന്നാൽ പിന്നെക്കാണാം ! “
“യോ…അങ്ങനെ പറയരുത് ! ഇന്നു പോയാൽ ഇനിയും ഇങ്ങോട്ടു വരണമെന്ന് എനിക്കൊരു ആഗ്രഹവും ഇല്ല! “
“ഓ… ഞാനൊരു സാമാന്യ മര്യാദയ്ക്ക് പറഞ്ഞതാ ! ഇനിയൊരിക്കലും ആശുപത്രിയിൽ കേറാതിരിക്കട്ടെ ! ” റോമ ചിരിയോടെ പറഞ്ഞു.
” ഇങ്ങനെ നഴ്സുമാർ എല്ലാവരും പ്രാർത്ഥിച്ചിരുന്നുവെങ്കിൽ ഈ നാട് എന്നേ നന്നായേനെ ! “
” ടോണി സാറെ ! അഞ്ചു ദിവസം മുമ്പ് ഇവിടെ വന്നപ്പോഴത്തെ അവസ്ഥ ഓർമ്മയുണ്ടല്ലോ ! അന്ന് ഈ നഴ്സുമാരേ ഉണ്ടായിരുന്നുളള്ളൂ! പിന്നെ എൻ്റെ അയൽപക്കക്കാരൻ ആയതു കൊണ്ട് കുറച്ചു കൂടി ഒന്നു ശ്രദ്ധിച്ചു. എന്നിട്ടു പോകാറായപ്പോൾ നമ്മൾക്കിട്ടു തന്നെ ഡയലോഗ് ! “
“ഓ നന്ദി നാട്ടുകാരി! പക്ഷേ നാട്ടുകാരിയെക്കാളും എന്നെ പരിചയിച്ച പലരും ഇവിടെയുണ്ട്. “
“കാണും! പക്ഷേ അവർക്കൊന്നും ഇല്ലാത്ത ഒന്ന് എനിക്കുണ്ട്. ഡച്ചൻ സ്മൈൽ ! ” റോമാ പുഞ്ചിരിയോടെ പറഞ്ഞു.
“ഡച്ചൻ സ്മൈൽ എന്നു പറഞ്ഞാൽ എന്തുവാ ? “
“എന്നു വച്ചാൽ ഹൃദയത്തിൽ നിന്ന് വരുന്ന ചിരി. നമ്മൾ ഫോട്ടോയ്ക്ക് ചിരിക്കുന്ന ചീസ് ചിരി ഒരു പല്ല് കാണിക്കൽ ആണ്. എന്നാൽ ഞാനൊക്കെ ചിരിച്ചാൽ അത് ആത്മാർത്ഥതയോടെ ആയിരിക്കും. ആ ചിരിയാണ് ഡച്ചൻ ചിരി “
“അതെങ്ങനെ അറിയും ?”
“സോ സിമ്പിൾ ! നമ്മളുടെ ചിരിക്കുന്ന ഏതെങ്കിലും എ ഐയിൽ അപ്ലോഡ് ചെയ്തിട്ട് ചോദിക്കണം, ” ഈ ചിരി ഡച്ചൻ ചിരിയാണോയെന്ന് ” ഉടനെ ഉത്തരം കിട്ടും. “
” ഓ…. റോമാ ! എന്തെല്ലാം ഐഡിയാസ് ആണ് നിങ്ങളുടെ കൈയിൽ ! “
അപ്പോഴേക്കും ഫോണടിച്ചു.
” കാപ്പി കൊണ്ടു വരണോ ” ഭാര്യ അനിതയുടെ ചോദ്യം.
“വേണ്ട! കാൻ്റീനിൽ നിന്ന് കഴിച്ചോളാം! നമ്മുടെ ഒരു കല്യാണ ഫോട്ടോ അയയ്ക്കാമോ ? “
“എന്തിന് ? “
” ഒരു രസമല്ലേ “
” നോക്കട്ടെ ” അവൾ ഫോൺ വെച്ചു.
എല്ലാ ജോലികളും അതിവേഗം ബഹുദൂരം ചെയ്യുന്ന അനിത വേഗം തന്നെ ഫോട്ടോ അയച്ചു. ടോണി ഉടൻ തന്നെ ജെമിനി എ ഐയിൽ അപ്ലോഡ് ചെയ്തു. റിസൽട്ട് വന്നു. തൻ്റെയും ഭാര്യയുടെയും ഡച്ചൻ സ്മൈൽ അല്ല.
“പുല്ല് ! ഇതൊക്കെ തട്ടിപ്പാണ് ! ” അയാൾ തിരിഞ്ഞു കിടന്നു. പിന്നെ കുറെക്കഴിഞ്ഞപ്പോൾ ഫോണിൻ്റെ ഗാലറിയിൽ നിന്ന് ചെറുപ്പത്തിൽ അമ്മയുടെ ഒക്കത്തിരുന്ന ഫോട്ടോ അപ്ലോഡ് ചെയ്തു.
ഉത്തരം വന്നു. രണ്ടു പേരുടെയും ഡച്ചൻ സ്മൈൽ തന്നെ. അപ്പോൾ ഇതിൽ സത്യം ഉണ്ടെന്ന് അയാൾക്ക് തോന്നി. അയാൾ ചിരിച്ചു. ഫോട്ടോ എടുത്തു. റിസൽട്ട് നോക്കി. ഉത്തരം വന്നു. സോഷ്യൽ സ്മൈൽ ! മലയാളത്തിൽ പറഞ്ഞാൽ ആർക്കോ വേണ്ടി ഓക്കാനിച്ച ചിരി. പെട്ടെന്ന് റോമാ വീണ്ടും വന്നു. അവളെ കണ്ടപാടെ അയാളുടെ മുഖം വിടർന്നു. അവൾ ഒട്ടും സമയം കളയാതെ ടോണിയുടെ ഫോട്ടോയെടുത്തു.
അപ്ലോഡ് ചെയ്തു.
റിസൽട്ട് ! ഡച്ചൻ സ്മൈൽ !
“കർത്താവേ ! ” അയാൾ നിലവിളിച്ചു.
” ഇപ്പോ ടോണി സാറിന് മനസിലായില്ലേ ഡച്ചൻ സ്മൈൽ സത്യമാണെന്ന്! ” അവൾ സെൽഫി കൂടി എടുക്കാൻ ശ്രമിക്കുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു.
✍ ഒരു ജിൻസൺ ജോസഫ് മുകളേൽ അനുഭവം


Leave a comment