ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 1

സമാധാനം – “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ”

വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ (The Transitus) 800-ാം വാർഷികത്തോടനുബന്ധിച്ച്,ലെയോ പതിനാലാമൻ മാർപാപ്പ 2026 ജനുവരി 10 – 2027 ജനുവരി 10 വരെ വിശുദ്ധ ഫ്രാൻസിസിന്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ വർഷത്തിൽ ഫ്രാൻസിസ്‌കൻ വിചാരങ്ങൾ നമുക്കു പരിചയപ്പെടാം.

സമാധാനം ഈശോ നമ്മുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്. ഉയിർത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാരോട് ആദ്യമായി പറഞ്ഞ വാക്കുകൾ:“നിങ്ങൾക്കു സമാധാനം.” (യോഹന്നാൻ 20:19) എന്നാണ്. ഈ സമാധാനം ലോകം തരുന്നതുപോലെയുള്ള ശാന്തി മാത്രമല്ല, ഹൃദയത്തിന്റെ ആഴത്തിൽ നിന്നു വരുന്ന ദൈവത്തിന്റെ അനുഗ്രഹമാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.(യോഹന്നാന്‍ 14 : 27)

ലോകം അസമാധാനത്തിൻ്റെയും അശാന്തിയുടെയും കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുമ്പോൾ സമാധാന രാജാവായ ഈശോയുടെ തനിപകർപ്പായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ.” എന്ന പ്രാർത്ഥന സമാധാനം സ്വന്തമായി അനുഭവിക്കുമ്പോൾ മാത്രമല്ല, മറ്റുള്ളവരിലേക്കു പകരുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്ന സത്യം നമ്മെ പഠിപ്പിക്കുന്നു.

ശത്രുത ഉള്ളിടത്ത് സ്നേഹം വിതറാനും, വൈരാഗ്യമുള്ളിടത്ത് ക്ഷമ കൊണ്ടുവരാനും, കലഹമുള്ളിടത്ത് ഐക്യം സ്ഥാപിക്കാനും നാം വിളിക്കപ്പെട്ടവരാണ്.

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ അന്തസത്ത സമാധാനം സ്ഥാപിക്കലിലാണ്. വിശുദ്ധ ഫ്രാൻസിസിൻ്റെ എല്ലാ ആശംസകളും ആരംഭിച്ചത് “പാക്സ് എറ്റ് ബോനും ” (സമാധാനവും നന്മയും) എന്ന വാക്കോടെയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമാധാനം സംഘർഷത്തിന്റെ അഭാവമല്ല, മറിച്ച് ക്രിസ്തുവിലൂടെയുള്ള അനുരഞ്ജനമായിരുന്നു.

ഫ്രാൻസിസ് തന്റെ പിൽക്കാല നിയമത്തിൽ ഇങ്ങനെ നിർദ്ദേശിച്ചു: “അവർ വാക്കുകൾ കൊണ്ട് കലഹിക്കുകയോ വഴക്കിടുകയോ ചെയ്യരുത്, മറിച്ച് അവർ സൗമ്യരും, സമാധാനപയരും, എളിമയുള്ളവരും, സൗമ്യരും, വിനയമുള്ളവരുമായിരിക്കട്ടെ, എല്ലാവരോടും മാന്യമായി സംസാരിക്കട്ടെ” (III:10–11).

സഭ ഈ പൈതൃകത്തെ ഇപ്പോഴും അംഗീകരിക്കുന്നു. ഫ്രാൻസിസിന്റെ അസീസി നഗരം സമാധാനത്തിന്റെയും മതാന്തര സാഹോദര്യത്തിന്റെയും ആഗോള പ്രതീകമായി തുടരുന്നു. അതിനാലാണ് 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസീസിയെ ലോക സമാധാന പ്രാർത്ഥനാ ദിനത്തിന്റെ സ്ഥലമായി തിരഞ്ഞെടുത്തത് ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ എന്നു തുടങ്ങുന്ന ഫ്രാൻസീസ് പുണ്യവാൻ്റെ പ്രാർത്ഥന സമാധാനത്തിനു വേണ്ടി നിലകൊള്ളാനുള്ള നമ്മുടെ ദൗത്യം ഓർമ്മിപ്പിക്കുന്നു

കൽക്കത്തയിലെ വിശുദ്ധ മദർ തേരസാ പറയുന്നു:“സമാധാനം ലോകത്ത് ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ഹൃദയങ്ങളിൽ നിന്നാണ്.” ഇന്ന് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സഭയിലും പലവിധ വിഭജനങ്ങളും വേദനകളും കാണുന്നു. ഈ സാഹചര്യത്തിൽ, വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സമാധാനം വിതറുന്ന ഉപകരണങ്ങളാകാൻ ദൈവം നമ്മെ വിളിക്കുന്നു. വിശുദ്ധ പൗലോസിൻ്റെ വാക്കുകൾ നമുക്ക് എപ്പോഴും ഓർമ്മിക്കാം :” സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.” (റോമാ 12 : 18)

നമ്മുടെ ചെറിയ സ്നേഹപ്രവൃത്തികളും ക്ഷമയും വിനയവും ലോകത്തെ മാറ്റുന്ന ദൈവിക ഉപകരണങ്ങളാകട്ടെ. അങ്ങനെ, നമ്മിലൂടെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ഈശോയുടെ സമാധാനം അനേകർ അനുഭവിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment