ദാരിദ്യം സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം
ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയത്തിലാണ് ദാരിദ്ര്യത്തിന്റെ ആത്മാവ്. ഇത് വെറും വസ്തുക്കളുടെ കുറവല്ല, മറിച്ച് ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കുന്ന ഒരു ജീവിതശൈലിയാണ്. ഈശോ പഠിപ്പിക്കുന്നു: “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.”(മത്തായി 5 : 3). ലോകം സമ്പാദ്യവും സ്വത്തും സുരക്ഷയും തേടുമ്പോൾ, ഈശോയുടെ വഴി പങ്കുവെക്കലിന്റെ വഴിയാണ് യഥാർത്ഥ സമ്പത്തെന്ന്. അതുകൊണ്ടാണ് തിരുവചനം “സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം”(അപ്പ. പ്രവ 20 : 35) എന്നു പഠിപ്പിക്കുന്നത്
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ സത്യം തന്റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു. അദ്ദേഹം തൻ്റെ സഹോദരന്മാരോണ് പറയുമായിരുന്നു “നൽകുമ്പോഴാണ് നാം സ്വീകരിക്കുന്നത്.”
രണ്ടാം ക്രിസ്തുവായ ഫ്രാൻസിസ് ദാരിദ്ര്യത്തെ പൂർണ്ണമനസ്സോടെയാണ് ആലിംഗനം ചെയ്യുന്നത്. ദാരിദ്ര്യം ഫ്രാന്‍സീസിന്റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായിരുന്നു. ഭൗതികമായ ദാരിദ്ര്യം മാത്രമായിരുന്നില്ല അതുകൊണ്ട് അര്‍ത്ഥമാക്കിയത്; ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കലും അതിന്റെ ഭാഗമായിരുന്നു. ദാരിദ്ര്യത്തെ ഒരു ദുരിതമായിട്ടല്ല മറിച്ച് വിമോചനം ആയിട്ടാണ് അവൻ കണ്ടത്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വഴിയായിരുന്നു ഫ്രാൻസീസിനു ദാരിദ്യം. ദാരിദ്ര്യത്തെ തൻ്റെ മണവാട്ടിയായി സ്വീകരിച്ചുകൊണ്ടു ഫ്രാൻസിസ് ഇപ്രകാരം പറയുന്നു “ദരിദ്രാവസ്ഥയിൽ ദൈവത്തിനെതിരെ പരാതിപ്പെടാത്തവനും മുറുമുറുക്കാത്തവനും ഭാഗ്യവാൻ.”
ഈ ആത്മീയത ഫ്രാൻസിനും മാത്രം സ്വന്തമായിരുന്നതല്ല അവൻ്റെ മാതൃക പിൻചെന്ന അസീസിയിലെ വിശുദ്ധ ക്ലാര ദാരിദ്യത്തെ വിശുദ്ധ ആനുകൂല്യമായി സ്വീകരിച്ച തൻ്റെ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി “സഹോദരിമാർ തങ്ങൾക്കായി ഒന്നും വീടോ , സ്ഥലമോ കൈവശപ്പെടുത്തരുത്.”
ദാരിദ്ര്യത്തെ പുണരുന്ന ഈ ഫ്രാൻസിസ്കൻ മനോഭാവം ക്രിസ്തുവിൻറെ ശൂന്യവൽക്കരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫ്രാൻസിസിൻ്റെ ദാരിദ്ര്യ ചൈതന്യത്തെ വിപ്ലവകരമായ സുവിശേഷ സാക്ഷ്യമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിന്നു. ക്രിസ്തീയ ദാരിദ്ര്യം പ്രത്യാശയുടെ ഒരു പ്രവർത്തിയാണെന്ന് ഫ്രാൻസിസിൻ്റെ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു
തനിക്കവകാശമായിരുന്ന സ്വത്ത് ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിച്ച ഫ്രാൻസിസ് വസ്തുക്കൾകൊണ്ട് ഹൃദയം നിറയ്ക്കാൻ കഴിയില്ലന്നും, സ്നേഹവും ദൈവസാന്നിധ്യവുമാണ് യഥാർത്ഥ സമ്പത്തെന്നും ഓർമ്മിപ്പിക്കുന്നു. നമ്മുടെ സ്വന്തമായി പറയാൻ കഴിയുന്നത് പാപങ്ങൾ മാത്രമാണ്; മറ്റെല്ലാം ദൈവത്തിന്റെ ദാനമാണ്.”
ഇന്നത്തെ ലോകത്ത് സമ്പത്ത് മത്സരവും സ്വാർത്ഥതയും വർധിക്കുമ്പോൾ, ദാരിദ്ര്യം ഒരു ശക്തമായ സാക്ഷ്യമായി മാറുന്നു. നാം നമ്മുടെ സമയം, കഴിവുകൾ, സമ്പത്ത്, സ്നേഹം എന്നിവ പങ്കുവെക്കുമ്പോൾ, ദൈവത്തിന്റെ സന്തോഷം നമ്മുടെ ഹൃദയത്തിൽ നിറയുന്നു.
ദരിദ്രരെ കാണുമ്പോൾ യേശുവിനെ കാണാൻ പഠിക്കാം. കൊടുക്കുമ്പോൾ കുറയുന്നു എന്ന് തോന്നാമെങ്കിലും, ആത്മാവിൽ നാം കൂടുതൽ സമ്പന്നരാകുന്നു. കാരണം, നൽകുമ്പോഴാണ് നാം യഥാർത്ഥത്തിൽ സ്വീകരിക്കുന്നത്.
ഫാ.ജയ്സൺ കുന്നേൽ MCBS


Leave a comment