ലത്തീൻ സഭയിലെ ഒരു തിരുനാളിനെകുറിച്ചാണ് ഈ കുറിപ്പ്. മനുഷ്യരക്ഷയ്ക്കായി സ്വയം പൂർണമായി അർപ്പിച്ച ഈശോയുടെ പൗരോഹിത്യ ദൗത്യത്തെ ആഴത്തിൽ ധ്യാനിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന തിരുനാളാണ് നിത്യ മഹാപുരോഹിതനായ യേശു ക്രിസ്തുവിൻ്റെ തിരുനാൾ. പഴയ നിയമത്തിലെ പുരോഹിതന്മാർ ദേവാലയത്തിൽ ആവർത്തിച്ച് ബലികൾ അർപ്പിച്ചിരുന്നുവെങ്കിലും, യേശു ക്രിസ്‌തു തന്റെ പീഡാനുഭവം, മരണം, ഉയിർപ്പ് എന്നിവയിലൂടെ പൂർണ്ണവും നിത്യവുമായ ബലിയായി മാറി. അവിടുന്ന് സ്വർണം, മൃഗങ്ങൾ, ഭൗതിക വസ്തുക്കൾ എന്നിവ വഴിയല്ല ദൈവപിതാവനു ബലി അർപ്പിച്ചത്; മറിച്ച് മനുഷ്യരോടുള്ള അതിരില്ലാത്ത സ്നേഹത്താൽ സ്വന്തം ജീവൻ നൽകികൊണ്ടാണ്.
പന്തക്കുസ്തയ്ക്ക് ശേഷം സഭ ത്രിത്വത്തിൻ്റെ ഞായർ, യേശുവിൻ്റെ തിരുശരീര രക്ത തിരുനാൾ, തിരുഹൃദയ തിരുനാൾ തുടങ്ങിയ പ്രധാന തിരുനാളുകൾ ആഘോഷിക്കുന്നു. അടുത്ത കാലഘട്ടങ്ങളിൽ, ലത്തീൻ സഭയിലെ നിരവധി മെത്രാന്മാർ ഈ വിശുദ്ധകാലയളവിൽ മറ്റൊരു തിരുനാൾ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. യേശുക്രിസ്തുവിനെ നിത്യ മഹാപുരോഹിതനായി ആദരിക്കുന്ന ഒരു തിരുനാൾ. 1987-ൽ ചില രൂപതകളിൽ ഈ തിരുനാൾ ആചരിക്കാൻ പ്രാരംഭ അനുമതി ലഭിച്ചു. ഇന്ന് ഇംഗ്ലണ്ട്, വെയിൽസ്, പോളണ്ട്, സ്ലോവാക്യ, നെതർലാൻഡ്‌സ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പന്തക്കുസ്തയ്ക്ക് ശേഷമുള്ള വ്യാഴാഴ്ച നിത്യപുരോഹിതനായ ഈശോയുടെ തിരുനാൾ ആഘോഷിക്കുന്നു.
ഈ തിരുനാൾ യേശു ക്രിസ്‌തുവിൻ്റെ നിത്യപുരോഹിതത്വത്തെ പ്രത്യേകം ഔന്നിപ്പറയുന്നു. അവിടുത്തെ പൗരോഹിത്യം ഒരിക്കലും അവസാനിക്കാത്തതിനാലാണ് യേശുവിനെ നിത്യ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്. ഇന്നും അവിടുന്ന് പിതാവിന്റെ സന്നിധിയിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും, ആത്മാർത്ഥമായി അവിടുത്തെ അന്വേഷിക്കുന്ന എല്ലാവരിലേക്കും കരുണയും കൃപയും ക്ഷമയും പകർന്നു നൽകുകയും ചെയ്യുന്നു.
പന്ത്രണ്ടാം പീയൂസ് മാർപാപ്പ *Mediator Dei* എന്ന ചാക്രിക ലേഖനത്തിലൂടെ ഈ രഹസ്യത്തെ മനോഹരമായി വിവരിക്കുന്നു:
“ക്രിസ്തു യഥാർത്ഥത്തിൽ പുരോഹിതനാണ്; എന്നാൽ അവിടുന്ന് തനിക്കുവേണ്ടിയല്ല, നമ്മുക്കുവേണ്ടിയാണ് പുരോഹിതനായത്. സമസ്ത മനുഷ്യരാശിയുടെ പേരിൽ നമ്മുടെ പ്രാർത്ഥനകളും ഭക്തിനിർഭരമായ സമർപ്പണങ്ങളും നിത്യപിതാവിന് സമർപ്പിക്കുന്നു. അവിടുന്ന് ബലിയുമാണ്; എന്നാൽ അത് നമ്മുക്കുവേണ്ടിയുള്ള ബലിവസ്‌തുവുമാണ്, കാരണം അവിടുന്ന് പാപികൾക്കു പകരമായി സ്വയം സമർപ്പിച്ചു.”
വിശുദ്ധ കുർബാനയുടെ ഓരോ ആഘോഷവും ക്രിസ്തുവിന്റെ നിത്യബലിയെ ഇന്നും സന്നിഹിതമാക്കുന്നു. ബലിപീഠത്തിൽ പുരോഹിതൻ ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ പ്രവർത്തിക്കുന്നു; അവനെത്തന്നെയല്ല, യഥാർത്ഥവും നിത്യവുമായ മഹാപുരോഹിതനായ യേശുവിനെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ ക്രിസ്തു തന്റെ ജനത്തെ പോഷിപ്പിക്കുകയും സൗഖ്യമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
റോമൻ മിസ്സലിൽ “യേശുക്രിസ്തു നിത്യ മഹാപുരോഹിതൻ” എന്ന പേരിലുള്ള ഒരു വോട്ടീവ് വിശുദ്ധ കുർബാനയും ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ നിർബന്ധിത സ്മരണകളില്ലാത്ത ദിവസങ്ങളിൽ ഇത് ആഘോഷിക്കാം. ഈ വിശുദ്ധ കുർബാനയുടെ പ്രാർത്ഥന തിരുനാളിന്റെ ആത്മീയ ഹൃദയത്തെ മനോഹരമായി പ്രകടമാക്കുന്നു:
“മനുഷ്യരക്ഷയ്ക്കും നിന്റെ മഹത്വത്തിനുമായി ക്രിസ്തുവിനെ നിത്യ മഹാപുരോഹിതനാക്കി സ്ഥാപിക്കാൻ തിരുമനസ്സായ ദൈവമേ, അവിടുത്തെ രക്തത്താൽ സമ്പാദിച്ച ജനങ്ങൾ അവിടുത്തെ സ്മരണയിൽ പങ്കുചേരുന്നതിലൂടെ കുരിശിന്റെയും ഉയിർപ്പിന്റെയും ശക്തി അനുഭവിക്കുവാൻ അനുഗ്രഹിക്കണമേ.”
ഈ തിരുനാൾ ലോകമെമ്പാടുമുള്ള പുരോഹിതന്മാർക്കായി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. സുവിശേഷം പ്രസംഗിക്കുക, കൂദാശകൾ പരികർമ്മം ചെയ്യുക, ആത്മാക്കളെ നയിക്കുക, വിനയത്തോടും സ്നേഹത്തോടും ദൈവജനത്തെ ശുശ്രൂഷിക്കുക — ഇതെല്ലാം പുരോഹിതന്മാർക്ക് ഏല്പിക്കപ്പെട്ട വിശുദ്ധ ദൗത്യമാണ്. ദൈവവിളി ലഭിച്ചവരായിരുന്നാലും പുരോഹിതന്മാർ മനുഷ്യരാണ്; അവർ പലപ്പോഴും ബുദ്ധിമുട്ടുകളും ദുർബലതകളും ഏകാന്തതയും നിരുത്സാഹവും അനുഭവിക്കുന്നു. അതുകൊണ്ട് അവർ വിശ്വാസികളുടെ പ്രാർത്ഥനയും പ്രോത്സാഹനവും പിന്തുണയും വളരെ അധികം ആവശ്യമാക്കുന്നു. അവരുടെ ശുശ്രൂഷയിലൂടെ ക്രിസ്തു ഇന്നും തന്റെ സഭയെ പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ക്ഷമിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു.
ഇന്നത്തെ ലോകത്തിൽ അനേകർ മുറിവേറ്റും ആശയക്കുഴപ്പത്തിലും ആത്മീയമായി ശൂന്യതയിലും കഴിയുമ്പോൾ, യേശു തന്റെ ആട്ടിൻകൂട്ടത്തെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ മഹാപുരോഹിതനായി തുടരുന്നു. അവിടുന്ന് നമ്മുടെ വേദന മനസ്സിലാക്കുന്നു, നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നു, വിശ്വാസത്തോടും ആത്മവിശ്വാസത്തോടും കൂടെ തന്റെ അടുക്കലേക്ക് മടങ്ങിവരാൻ നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ കരുണയക്കു ക്ഷമിക്കാൻ കഴിയാത്ത പാപമില്ല; അവിടുത്തെ സ്നേഹത്തെ ഒരു ആത്മാവിനും അത്ര പെട്ടന്ന് നിഷേധിക്കാനാവില്ല
ഈ മനോഹരമായ തിരുനാൾ ആഘോഷിക്കുമ്പോൾ, വിശുദ്ധ കുർബാനയോടുള്ള നമ്മുടെ സ്നേഹവും, പുരോഹിതത്വത്തോടുള്ള ബഹുമാനവും, തന്റെ ജനത്തോടുള്ള ക്രിസ്തുവിന്റെ അതിരറ്റ സ്നേഹത്തിലുള്ള വിശ്വാസവും കൂടുതൽ ആഴപ്പെടട്ടെ. നന്ദിനിറഞ്ഞ ഹൃദയങ്ങളോടെ നമുക്ക് യേശുവിന്റെ അടുക്കലേക്ക് വരാം; അവിടുത്തെ കൃപയാൽ നമ്മുടെ ജീവിതം രൂപാന്തരപ്പെടാൻ അനുവദിക്കാം.
നിത്യ പുരോഹിതനായ ഈശോയെ, തിരുസഭയിലെ പുരോഹിതന്മാരെ വിശുദ്ധിയിൽ നയിക്കുകയും, വിശ്വാസികൾ എല്ലാവരെയും അങ്ങയോടു കൂടുതൽ അടുപ്പിക്കുകയും ചെയ്യണമേ.
✍ ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment