Daily Saints in Malayalam – October 13

🌸🌸🌸 October 1⃣3⃣ 🌸🌸🌸
വിശുദ്ധ എഡ്വേർഡ്‌ രാജാവ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആംഗ്ലോ-സാക്സണ്‍ വംശജരുടെ അവസാനത്തെ രാജാവും, രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയുമായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോർമൻ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ദൈവകൃപയാൽ ക്രിസ്തീയ തത്വ സംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണം അദ്ദേഹം പ്രാബല്യത്തിൽ കൊണ്ടുവന്നു.

ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ പരിശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേർഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധൻ. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല.

ഒരു ദിവസം ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തിൽ ഭിക്ഷയാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കൽ പണമൊന്നും ഇല്ലാത്തതിനാൽ തന്റെ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹം തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി 5ന് വിശുദ്ധന്‍ കർത്താവിൽ അന്ത്യ നിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ആരാസ് ബിഷപ്പായിരുന്ന ബെര്‍ത്തോവാള്‍ഡ്

2. കാര്‍പൂസ്

3. ഇറ്റലിയിലെ കേലിഡോണിയ

4. സ്റ്റോക്കെറാവിലെ കോള്‍മന്‍

5. ഐറിഷ് രാജകുമാരനായ കോംഗാന്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Mariam Thresia Live

മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം: തത്‌സമയം കാണാം ശാലോമിന്റെ ഇംഗ്ലീഷ്, മലയാളം ചാനലുകളിൽ

ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം

വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യ, കർദിനാൾ ന്യൂമാൻ ഉൾപ്പെടെയുള്ള അഞ്ച് പുണ്യാത്മാക്കളുടെ വിശുദ്ധപദവി പ്രഖ്യാപനം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് തത്‌സമയം ലഭ്യമാക്കാൻ ശാലോമിന്റെ ഇംഗ്ലീഷ് (ശാലോം വേൾഡ്), മലയാളം (ശാലോം ടെലിവിഷൻ) ചാനലുകൾ. ഒക്‌ടോബർ 13 വത്തിക്കാൻ സമയം രാവിലെ 10.10നാണ് (IST 01.30 A.M; ET 04.10 A.M; BST 09.10 A.M; AEDT 07.10 P.M) വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ. ആഗോളസഭയ്ക്ക് ഭാരത സഭ ആറാമത്തെ വിശുദ്ധയെ സമ്മാനിക്കുന്ന ചരിത്ര നിമിഷം തത്‌സമയം കാണാൻ ടി.വി ചാനലിന് പുറമെ, സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശാലോം മലയാളം ടെലിവിഷന്റെ നോർത്ത് അമേരിക്ക, യൂറോപ്പ് ചാനലുകളിലും തത്‌സമയ സംപ്രേഷണം ഉണ്ടാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് വത്തിക്കാനിൽനിന്നുള്ള തത്‌സമയ സംപ്രേഷണം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി, മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിത വഴികൾ അടയാളപ്പെടുത്തുന്ന തത്‌സമയ ചർച്ച 11.30 മുതൽ മലയാളം ചാനലിൽ സംപ്രേഷണം ചെയ്യും. ഫാ. ജെറിൻ സി.എം.ഐ മോഡറേറ്ററാകുന്ന പ്രോഗ്രാമിൽ നിരവധി പ്രമുഖർ വിശുദ്ധയുടെ ജീവിതവഴികൾ അനുസ്മരിക്കും.

ജന്മഗൃഹം, കന്യാസ്ത്രീമഠം, കബറിടം എന്നിങ്ങനെ വിശുദ്ധയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വീഡിയോയും വ്യക്തികളുടെ സാക്ഷ്യങ്ങളും പ്രോഗ്രാമിന്റെ സവിശേഷതയായിരിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുത സൗഖ്യം ലഭിച്ച ക്രിസ്റ്റഫറിന്റെയും കുടുംബത്തിന്റെയും സാക്ഷ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുക്കർമങ്ങളുടെ പ്രധാന ഭാഗങ്ങളുടെ മലയാള വിവരണവും ലഭ്യമാക്കും.

‘മിഷണറി സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ്’ സഭാ സ്ഥാപക ഡൽസ് ലോപേസ് (ബ്രസീൽ), ‘ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലിയൂസ്’ സഭാ സ്ഥാപക ജിയൂസെപ്പിന വന്നിനി (ഇറ്റലി), മൂന്നാം സഭാംഗമായ മാർഗിരിറ്റ ബേയ്‌സ് (സ്വിറ്റ്‌സർലൻഡ്) എന്നിവരാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റ് മൂന്നുപേർ.

വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ ‘ശാലോം വേൾഡി’ലൂടെ തത്സമയം കാണാനുള്ള വിശദവിവരങ്ങൾ ചുവടെ:

1, സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്സമയ സംപ്രേക്ഷണം കാണാൻ സന്ദർശിക്കുക https://shalomworld.org/watchon/connectedtv

2, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്ലെറ്റുകളിലൂടെ ലഭ്യമാകുന്നതിന് സന്ദർശിക്കുക https://shalomworld.org/watchon/apps

3, വെബ് സൈറ്റിലൂടെ കാണാൻ സന്ദർശിക്കുക shalomworld.org

4, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv)

Daily Saints in Malayalam – October 12

🌸🌸🌸 October 1⃣2⃣ 🌸🌸🌸
വിശുദ്ധ വിൽഫ്രിഡ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിശുദ്ധ വിൽഫ്രിഡ് നോർത്തംബ്രിയയിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ലിൻഡ്സിഫാർനെ എന്ന സ്ഥലത്ത് ആയിരുന്നു വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ അറിവ് നേടുന്നതിനും, സന്യാസ ജീവിതത്തോടും വളരെയേറെ താൽപ്പര്യമുള്ളവനായിരുന്നു വിശുദ്ധൻ. യുവാവായപ്പോൾ അദ്ദേഹം കാന്റർബറിയിലേക്കും പിന്നീട് റോമിലേക്കും ഒരു യാത്ര നടത്തി. തന്റെ മടക്കയാത്രയിൽ റിപ്പോണ്‍, സ്റ്റാംഫോഡ് എന്നീ സ്ഥലങ്ങളിൽ സന്യാസ ആശ്രമങ്ങൾ സ്ഥാപിക്കുകയും, എ.ഡി 664-ലെ വിറ്റ്ബി സിനഡിലെ റോമൻ ആചാരങ്ങളുടെ പ്രധാന വക്താവ്‌ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു.

അധികം താമസിയാതെ യോർക്കിലെ മെത്രാനായി നിയമിതനായ വിശുദ്ധ വിൽഫ്രിഡ് സമർപ്പിത ജീവിതത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഇദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ചാഡ്‌ യോർക്കിലെ മെത്രാനായി അഭിഷിക്തനാവുകയും നാലു വർഷത്തോളം ആ പദവിയിൽ തുടരുകയും ചെയ്തു. ഇക്കാലയളവിൽ വിൽഫ്രിഡ് ഔണ്ട്ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്സിയായിലെ മെത്രാനായി വർത്തിക്കുകയും ചെയ്തു. തുടർന്ന് ആർച്ച്‌ ബിഷപ്പ് തിയോഡർ ഇദ്ദേഹത്തെ യോർക്കിലെ മെത്രാനായി അഭിഷേകം ചെയ്തു.

ഒമ്പത് വർഷക്കാലം വിശുദ്ധ വിൽഫ്രിഡ് ഈ രൂപതയെ ഭരിച്ചു. ഹെക്സ്ഹാമിലെ ആശ്രമവും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. ഇക്കാലത്ത് നോർത്തംബ്രിയയിലെ രാജാവായ എഗ്ഫിർത്തിന്റെ അപ്രീതിക്ക് വിശുദ്ധൻ പാത്രമായതിനാൽ ആർച്ച്‌ ബിഷപ്പ് തിയോഡർ വിശുദ്ധന്റെ രൂപതയെ ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാല് ഭാഗങ്ങളായി വിഭജിച്ചു. ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വിൽഫ്രിഡ് റോമിലേക്ക് പോയി ഇദ്ദേഹത്തിന്റെ നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോർത്തംബ്രിയയിൽ തിരിച്ചെത്തിയപ്പോൾ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം (Pope’s Bull) കളവായി നിർമ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി.

തടവിൽ നിന്ന് മോചിതനായ ശേഷം വിശുദ്ധൻ സസെക്സിലേക്ക് പോയി. അവിടത്തെ വിജാതീയർക്കിടയിൽ അഞ്ചു വർഷത്തോളം അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു നടന്നു. ഇക്കാലയളവിൽ സസെക്സിൽ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വർഷക്കാലം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി അവിടത്തെ ജനങ്ങൾ ദുരിതവും പട്ടിണി മൂലവും നിരാശയിലായി. ഇതിൽ മനംനൊന്ത വിശുദ്ധൻ അവരെ മീൻ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവർക്ക് വിശുദ്ധനോടുണ്ടായിരുന്ന ആദരവ് വർദ്ധിപ്പിക്കുകയും ചെയ്തു. വിശുദ്ധൻ വഴി പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചുവെങ്കിലും കൂടുതൽ സ്വർഗ്ഗീയാനുഗ്രഹങ്ങൾക്കായുള്ള പ്രതീക്ഷ അവരിൽ ഉളവാക്കുകയും ചെയ്തു. അവർക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി.

സെൽസി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ആർച്ച്‌ ബിഷപ്പ് തിയോഡർ മരണക്കിടക്കയിലായപ്പോൾ വിൽഫ്രിഡിനോടുള്ള തന്റെ പ്രവർത്തിയിൽ പശ്ചാത്താപ വിവശനാവുകയും കാന്റർബറിയിൽ തന്റെ പിൻഗാമിയായി വിശുദ്ധനെ നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധൻ ഈ പദവി നിഷേധിച്ചുവെങ്കിലും ഇതു വഴി അദ്ദേഹം തന്റെ നോർത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശത്രുക്കൾ നോർത്തംബ്രിയയിലെ ഇദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയതിനാൽ വിശുദ്ധൻ മേഴ്സിയായിലേക്ക് പോവുകയും അവിടത്തെ ലിച്ച്ഫീൽഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.

അവിടെ അദ്ദേഹം ഏതാണ്ട് പത്ത് വർഷത്തോളം കഠിന പ്രയത്നം ചെയ്തു. എന്നിരുന്നാലും മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോർത്തംബ്രിയൻ സമിതി ഇദ്ദേഹത്തെ വിചാരണക്കായി ഇദ്ദേഹത്തെ തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഒരിക്കൽ കൂടി വിശുദ്ധൻ റോമിൽ നിവേദനം നൽകി. ഇക്കാലത്ത് നോർത്തംബ്രിയയിലും റോമിലെ വിധിന്യായം സ്വീകരിച്ചു തുടങ്ങിയിരുന്നു. വിശുദ്ധന്റെ നിവേദനം റോമിൽ സ്വീകരിക്കുകയും വിശുദ്ധന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ഫ്രഞ്ച് യോദ്ധാക്കളായ അമിക്കൊസും അമേലിയൂസും

2. അന്‍സാര്‍ബസ്സിലെ ദോമ്നിന
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 11

🌸🌸🌸 October 1⃣1⃣ 🌸🌸🌸
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന ഒരു കുടുംബമായിരിന്നു അദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരിന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബം നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും.

ക്രിസ്തീയ കുടുംബാന്തരീക്ഷവും ഫാ. ഫ്രാൻസെസ്കോ റെബൂസ്സിനിയുടെ കീഴിലെ ഭക്തിനിർഭരമായ ഇടവക ജീവിതവും വഴി ഏയ്‌ഞ്ചലോക്ക് അതിശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേർത്താണ് ‘ഒരു ആത്മാവിന്റെ കുറിപ്പുകൾ’ എന്ന ലേഖന രൂപത്തിലാക്കിയത്.

ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു വിശുദ്ധൻ. 1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി.

1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റ് ആയി നിയമിതനാവുകയും മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വിദ്യാർത്ഥി ഭവനം (Student House) ഇദ്ദേഹം തുടങ്ങിവച്ചു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി വിശുദ്ധന്‍ നിയമിതനായെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ ‘അപ്പസ്തോലിക് വിസിറ്റർ’ ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ ‘എപ്പിസ്കോപ്പേറ്റ്’ ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത ‘അനുസരണയും സമാധാനവും’ (Oboedientia et Pax) പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി. 1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടുത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ഇത് തുടരുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം അവിടത്തെ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മാത്രമല്ല മറ്റ് ക്രിസ്ത്യൻസമൂഹവുമായി നല്ല ബന്ധം വച്ചുപുലർത്തുകയും ചെയ്തു.

1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പസ്തോലിക പ്രതിനിധിയായി നിർദ്ദേശിക്കപ്പെട്ടു. കത്തോലിക്കർക്കിടയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീവ്രമായതായിരുന്നു. കൂടാതെ ഓർത്തഡോക്സ് സഭയും ഇസ്ലാമിക ലോകവുമായുള്ള ഇദ്ദേഹത്തിന്റെ ബഹുമാനത്തോടെയുള്ള ഇടപഴകലും സംഭാഷണ രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ ഫ്രാൻസിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു.

പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു. അഞ്ചു വർഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവുകാരെയും രോഗികളെയും സന്ദർശിക്കുകയും ചെയ്യുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് തുറന്നു നല്കി.

‘അമ്മയും അധ്യാപികയും’ എന്ന തലക്കെട്ടിൽ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഇദ്ദേഹം റോമൻ സിനഡ് വിളിച്ചു കൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്തു. വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി ‘നല്ല പാപ്പാ’ എന്നാണ് വിളിച്ചിരുന്നത്. ക്രിസ്തുവിൽ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുൽകുവാനുള്ള ഉത്കടമായ ആഗ്രഹവും ഉള്ള ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. പാരിഡു ബിഷപ്പായിരുന്ന അജില്‍ബെര്‍ട്ട്

2. കൊഴ്സിക്കയിലെ അലക്സാണ്ടര്‍ സാവുളി

3. അനസ്റ്റാസിയൂസ്, പ്ലാസിഡ്, ജെനേസിയൂസ്

4. അന്‍സീലിയോ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 10

🌸🌸🌸 October 1⃣0⃣ 🌸🌸🌸
വിശുദ്ധ ഫ്രാൻസിസ് ബോർഗിയ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ ‘ഫെർഡിനാൻഡ് ദി കത്തോലിക്ക്’ ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം.

ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു.

വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ “ദരിദ്രനായ പാപി” എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. സെന്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ടെറിക്കൂസ്

2.ജര്‍മ്മനിയിലെ കാസിയൂസും ഫ്ലോരെന്‍സിയൂസും

3. ഇറ്റലിയിലെ സര്‍ബോണിയൂസ്

4. ആഫ്രിക്കന്‍ ബിഷപ്പായിരുന്ന സെര്‍ബോണിയൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 9

🌸🌸🌸 October 0⃣9⃣ 🌸🌸🌸
വാഴ്ത്തപ്പെട്ട കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

19-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ പണ്ഡിതനായിരുന്ന ജോണ്‍ ഹെൻറി ന്യൂമാൻ ലണ്ടനിൽ 1801 ലാണ് ജനിച്ചത്. തന്റെ യൌവനത്തിൽ അപാരമായ ആത്മീയാന്വോഷണ ത്വര പ്രകടമാക്കിയ ഇദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു. ക്രമേണ അദ്ദേഹം ഒരു ആംഗ്ലിക്കൻ പുരോഹിതനും, ഓറിയൽ കോളേജിലെ പ്രഗൽഭ അംഗവും, ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവുമായി. 1842-ൽ ‘ക്രിസ്ത്യൻ സിദ്ധാന്തങ്ങളുടെ പുരോഗതി’ എന്ന തന്റെ ലേഖനമെഴുതി കൊണ്ടിരിക്കെ അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലാകൃഷ്ടനായി.

1845-ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുകയും 1847 ജൂണ്‍ 1ന് റോമിൽ വെച്ച് കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തെ തുടർന്ന് പിയൂസ് ഒമ്പതാമന്‍ പാപ്പയുടെ പ്രോത്സാഹനത്തോടെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഇംഗ്ലണ്ടിൽ ഒരു മത പ്രഘോഷണ സംഘം സ്ഥാപിച്ചു. 1852-ൽ അയർലണ്ടിലെ ഡബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു.

1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ്‍ ഒറേറ്ററിയിൽ വച്ചു മരണമടഞ്ഞു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം ഇദ്ദേഹത്തിന്റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേദമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിക്കുകയും 2010 സെപ്റ്റംബർ 19ന് ബർമിംഹാമിനടുത്തുള്ള ക്രോഫ്റ്റൻ പാർക്കിൽ വച്ച് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.

പരിഷ്കൃത സമൂഹത്തിന് മുന്നിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെപ്പറ്റി മാത്രമല്ല പാവപ്പെട്ടവരോടും, രോഗികളോടും, തടവറകളിൽ കഴിയുന്നവരോടും ഇദ്ദേഹം കാണിച്ച കരുണയും പാപ്പായുടെ പ്രത്യേക ശ്രദ്ധക്ക് കാരണമായി. ഇദ്ദേഹത്തിന്റെ നാമഹേതു തിരുന്നാൾ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേകമായി ആഘോഷിക്കുന്നു.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. പേട്രിയര്‍ക്കോ അബ്രഹാം

2. സലെര്‍ണാ ആര്‍ച്ചു ബിഷപ്പായിരുന്ന അല്‍ഫാനൂസ്

3. സിറിയായിലെ അന്ത്രോണിക്കൊസും ഭാര്യ അത്തനെഷ്യായും

4. ദേവൂസു ദേദിത്ത്

5. ഡോമ്നിസൂസ്

6. ഉമ്പ്രിയായിലെ ജെമിനൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 8

🌸🌸🌸 October 0⃣8⃣ 🌸🌸🌸
വിശുദ്ധ ദിമെട്രിയൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന്‌ അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം (ഇന്നത്തെ സെർബിയ) എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

ആ നൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം രണ്ട് പള്ളികൾ പണിതു. ഒരെണ്ണം സിർമിയത്തിലും മറ്റേത് തെസ്സലോണിക്കയിലും. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സിർമിയത്തിലെത്തിയതെന്നു കരുതുന്നു. മേൽപറഞ്ഞ രണ്ടു പള്ളികളും പണികഴിപ്പിച്ചത് ലിയോണ്‍ഷിയസ് ആണ്.

ബാൽക്കൻസ് പ്രദേശങ്ങളിലുള്ള ഏതാണ്ട് ഇരുന്നൂറോളം പള്ളികൾ ഈ വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്. കൂടാതെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളിൽ നിന്നും തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. ലിറിക്കമിലെ മുഖ്യ ന്യായാധിപനായ ലിയോണ്‍ഷിയസ് തെസ്സലോണിക്കയിലെ പൊതു ഭരണാധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം വഴിയാണ് വിശുദ്ധനെ വണങ്ങുന്ന പതിവ് സെര്‍ബിയയിലെത്തിയതെന്നു കരുതുന്നു.

തെസ്സലോണിക്കയിലെ പള്ളി പണിയുന്നതിനു മുൻപ് തന്നെ ദിമെട്രിയൂസിനെ വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു. 441-ൽ ഉണ്ടായ ആക്രമണത്തിൽ സിർമിയം തകർക്കപ്പെട്ടു. ഇതിനാല്‍ തെസ്സലോണിക്കയിലെ രണ്ടാമത്തെ പള്ളിയാണ് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദിമെട്രിയൂസിനെ വണങ്ങുന്നവരുടെ പ്രധാന കേന്ദ്രം. ധാരാളം തീർത്ഥാടകർ ഈ പള്ളി സന്ദർശിച്ചു കൊണ്ടിരുന്നു. എന്നാൽ 1917ൽ ഉണ്ടായ തീപിടുത്തത്തിൽ ഈ പള്ളി കത്തി നശിച്ചുവെങ്കിലും ധാരാളം ആളുകളെ ഉൾകൊള്ളത്തക്കവിധത്തിൽ പുനർനിർമ്മിക്കപ്പെട്ടു.

കാലം ചെല്ലും തോറും ദിമെട്രിയൂസ് ‘മഹാനായ രക്തസാക്ഷി’ എന്ന പേരിൽ പരക്കെ അറിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കീർത്തി പരക്കുകയും ചെയ്തു. വിശുദ്ധനെകുറിച്ച് എഴുതപ്പെട്ട ആദ്യ രേഖകൾ കിട്ടിയിട്ടുള്ളത് ഒമ്പതാം നൂറ്റാണ്ടിലാണ്. ഇതനുസരിച്ച് വിശുദ്ധനെ വധിക്കാനുള്ള ഉത്തരവ് മാക്സിമിയൻ ചക്രവർത്തി നേരിട്ട് നൽകുകയായിരുന്നു. പിന്നീടറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധൻ ഒരു ഗവർണറോ (റോമൻ രക്തസാക്ഷികളുടെ പട്ടികയിൽ വിശുദ്ധനെ കുറിച്ച് എഴുതിയിരിക്കുന്നത്) അല്ലെങ്കിൽ വിശുദ്ധ ഗീവർഗ്ഗീസിനെപോലെ ഒരു യോദ്ധാവും-വിശുദ്ധനുമായിരുന്നു.

കുരിശു യുദ്ധക്കാരുടെ മദ്ധ്യസ്ഥവിശുദ്ധരിൽ ഒരാളായിട്ടാണ് വിശുദ്ധ ദിമെട്രിയൂസ് അറിയപ്പെടുന്നത്. വിശുദ്ധന്റെ നാമഹേതു തിരുന്നാൾ ദിനമായ ഒക്ടോബർ 26 പൗരസ്ത്യ സഭകളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ബൈസന്റൈൻ ആരാധനക്രമം തയ്യാറാക്കിയവരിൽ വിശുദ്ധന്റെ പേരും പെടുന്നു. ഇറ്റലിയിലെ റാവന്നയിലും ഇദ്ദേഹത്തെ ആദരിച്ച് വരുന്നു. അവിടുത്തെ ഒരു പുരാതന പള്ളി വിശുദ്ധന്റെ ബഹുമാനാർത്ഥം വിശുദ്ധന്റെ നാമധേയത്തിലുള്ളതാണ്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. അക്വിറ്റെയിനിലെ അമോര്‍

2. ഫ്രീജിയന്‍ പുരോഹിതനായിരുന്ന ആര്‍ടെമോണ്‍

3. ഹൈനാള്‍ട്ട്

4. ഡെമെട്രിയൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 7

🌸🌸🌸 October 0⃣7⃣ 🌸🌸🌸
പരിശുദ്ധ ജപമാലയുടെ രാജ്ഞി
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു.

1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് ‘ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം’ എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് ശ്രദ്ധേയമാണ്.

“പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ” എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് മുതല്‍ ഇന്നുവരെ ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ ഈ പ്രാർത്ഥന ജപിച്ചു വരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് പരിശുദ്ധ അമ്മയോട് കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ.

ആധുനിക കാലഘട്ടത്തിലെ പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആഴമായ അര്‍ത്ഥ തലങ്ങള്‍ ഉള്ള പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല. ജപമാലയുടെ പ്രചാരണം വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരയായി ചൊരിയപ്പെടുന്നു. സകലർക്കും മോക്ഷം നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. സ്പെയിനിലെ അഡാല്‍ജിസ്

2. ഫ്രാന്‍സിലെ അഗുസ്തുസ്

3. ബെക്ക്നോക്കിലെ കാനോഗ്

4. ആര്‍മാഘ് ആര്‍ച്ചു ബിഷപ്പായിരുന്ന ഡുബ്ടാഷ്

5. ഐറിഷ് പുരോഹിതനായിരുന്ന ഹെലാനുസ്

6. സിറിയായിലെ ജൂലിയാ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 6

🌸🌸🌸 October 0⃣6⃣ 🌸🌸🌸
വിശുദ്ധ ബ്രൂണോ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഏതാണ്ട് 1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ കൊളോണിലെയും റെയിംസിലെയും കാനോണ്‍ ആയാണ് അദ്ദേഹം വർത്തിച്ചിരുന്നത്. റെയിംസിലെയും മനാസ്സിലെയും ആർച്ച് ബിഷപ്പിന്റെ അടിച്ചമർത്തൽ മൂലം അദ്ദേഹം പിന്നീട് ഏകാന്തവാസം നയിക്കുവാൻ തീരുമാനിച്ചു. ചാർട്രെയൂസ് എന്ന സ്ഥലത്താണ് വിശുദ്ധന്‍ ഏകാന്ത വാസം ആരംഭിച്ചത്. പിന്നീട് അദ്ദേഹം കാർത്തുസിയൻ സഭ സ്ഥാപിച്ചു. സഭയിലെ ഏറ്റവും കർക്കശമായതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആശ്രമം. വിശുദ്ധ ബെനഡിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു.

മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും, വെള്ളവും മാത്രം കഴിച്ച് വിശുദ്ധനും ആശ്രമവാസികളും വിശപ്പടക്കി. ഏകാന്തമായ സന്യാസ ജീവിത രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. അദേഹത്തിന്റെ അനുയായികൾ ഒരിക്കൽപോലും അദ്ദേഹത്തോട് അവിശ്വസ്തത കാണിക്കുകയോ അദ്ദേഹം കാണിച്ച വഴിയിൽനിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടില്ല. ആശ്രമം സ്ഥാപിച്ച് 6 വർഷം കഴിഞ്ഞപ്പോൾ ഉർബൻ രണ്ടാമൻ പാപ്പാ തന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ചു.

നിറഞ്ഞ മനസ്സോടെ ഈ ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നിരുന്നാലും ഹെൻറി നാലാമന്റെ നടപടികൾ മൂലം പാപ്പാ കാമ്പാനിയയിലേക്ക് രക്ഷപ്പെട്ടപ്പോൾ ബ്രൂണോ ചാർട്രെയൂസിനു സമമായ ലാ റ്റൊറെ എന്ന വിജനപ്രദേശം കണ്ടെത്തുകയും അവിടെ മറ്റൊരാശ്രമത്തിനു അടിസ്ഥാനമിടുകയും ചെയ്തു. 1101 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം വിവിധ രോഗങ്ങള്‍ക്ക് അടിമയായി. അതേ വര്‍ഷം ഒക്ടോബർ 6ന് തന്റെ 71മത്തെ വയസ്സിൽ വിശുദ്ധൻ മരണമടഞ്ഞു. ദേവാലയത്തിന്റെ പ്രകാശം, പൗരോഹിത്യത്തിന്റെ പുഷ്പം, ജർമ്മനിയുടെയും ഫ്രാൻസിന്റെയും മഹത്വം എന്നിങ്ങനെയൊക്കെയാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. വോഴ്സ്ബര്‍ഗ് ബിഷപ്പായിരുന്ന അടെല്‍ബറോ

2. ബോവെസിലെ ഔറേയ

3. ഐറിഷ് ബിഷപ്പായിരുന്ന ചെയോള്ളാക്

4. അയോണ ആബട്ട് ആയ വെളുത്ത കുമിനെ
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Daily Saints in Malayalam – October 5

🌸🌸🌸 October 0⃣5⃣ 🌸🌸🌸
വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു.

അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും ‘കാരുണ്യ മാതാവിന്റെ സോദരിമാർ’ എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ അവള്‍ക്ക് കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു.

തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്.

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്.

യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല.

പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി ‘യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു’ എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു.

1938 ഒക്ടോബർ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രിൽ 30ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്.

ഇതര വിശുദ്ധര്‍
🌸🌸🌸🌸🌸🌸

1. ടെവേസ്സിലെ അലക്സാണ്ടര്‍

2. വാലന്‍സ് ബിഷപ്പായിരുന്ന അപ്പൊളിനാരിസ്

3. സ്പെയിനിലെ അറ്റിലാനൂസ്

4. ടെവെസിലെ പത്മാസിയൂസ് ബോനിഫസ്

5. അമീസുസില്‍ വച്ചു വധിക്കപ്പെട്ട കരിത്തീനാ

6. ഫ്രാന്‍സിലെ ഫിര്‍മാത്തൂസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸