പരിശുദ്ധ അമ്മയും, വിശുദ്ധ മിഖായേൽ മാലാഖയും

Blessed Virgin Mary and St Michael

(വിമലഹൃദയ രഹസ്യങ്ങൾ – 11)

അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേൽ എഴുന്നേൽക്കും. ജനത രൂപം പ്രാപിച്ചതു മുതൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ അന്നുണ്ടാകും. എന്നാൽ ഗ്രന്ഥത്തിൽ പേരുളള നിന്റെ ജനം മുഴുവൻ രക്ഷപെടും.
ദാനിയേൽ 12:1

1884 ൽ തന്റെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ലിയോ പതിമൂന്നാമൻ മാർപാപ്പ ഒരു ദർശനം കണ്ടു.ആ ദർശനത്തിൽ യേശുവുമായി സാത്താൻ തർക്കത്തിൽ ഏർപ്പെടുന്നതായും , പരിശുദ്ധ സഭയെ നശിപ്പിക്കാൻ എഴുപത്തിയഞ്ചു മുതൽ നൂറു വർഷത്തെ സമയവും ,കൂടുതൽ ശക്തിയും തനിക്കു നൽകാൻ ആവശ്യപ്പെടുകയും, ആ പരീക്ഷണത്തിന് സാത്താനെ യേശു അനുവദിക്കുന്നതായും കണ്ടു.

ഈ ദർശനം കണ്ട് മാർപാപ്പ ഭയപ്പെടുകയും, വിശുദ്ധ മിഖായിലിനോട് സഭയുടെ സംരക്ഷണത്തിനായി ഒരു പ്രാർത്ഥന രചിക്കുകയും ചെയ്തു. ഏകദേശം രണ്ടു വർഷത്തിനു ശേഷം പ്രസ്തുത പ്രാർത്ഥന വിശുദ്ധബലിയ്ക്ക് ശേഷം എല്ലാ ദൈവാലയങ്ങളിലും ചൊല്ലാൻ നിഷ്കർഷിക്കുകയും ചെയ്തു.

ഫാത്തിമായിൽ അമ്മ പ്രത്യക്ഷപ്പെടുന്നതിന് മുപ്പത്തിമൂന്നു വർഷംങ്ങൾക്കു മുമ്പായിരുന്നു ഇത്. കൃത്യമായി പറഞ്ഞാൽ, അമ്മ അവസാനമായി പ്രത്യക്ഷപ്പെട്ട ഒക്ടോബർ പതിമൂന്നിന്…

വിശുദ്ധ മിഖായിലിനോടുളള സംരക്ഷണപ്രാർത്ഥന ഏതാണ്ട് 1967 കൂടി നിർത്തലാക്കപ്പെടുകയും ( രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം) പിന്നീട് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ 1994 ൽ ഇത് ഭവനങ്ങളിലും വ്യക്തിപരമായും പ്രാർത്ഥനയുടെ പ്രാധാന്യം കണക്കിലെടുത്ത് ചൊല്ലുന്നത് നല്ലതാണ് എന്ന് നിർദേശിക്കുകയും ചെയ്തു.

‘ ദൈവത്തെപോലെയുളളവൻ’ എന്നർത്ഥമുളള മിഖായിലിനോടുളള ഈ പ്രാർത്ഥന വന്ന വഴികൾ നിങ്ങളോട് ഓർമിപ്പിച്ചു എന്നേയുള്ളൂ. ദാനിയേൽ 12:1 ൽ സൂചനയുളള മഹാപ്രഭുവായ മിഖായേൽ എഴുന്നേൽക്കുന്ന നാളുകളിൽ ആണോ നാമുളളത് ? മിഖായിലിനോട് മാദ്ധ്യസ്ഥം തേടേണ്ട അടിയന്തരപ്രാധാന്യം ഇന്നാളുകളിൽ ഉണ്ടോ? പ്രസ്തുത വിഷയങ്ങൾ ഇവിടെ നാം ചർച്ച ചെയ്യുന്നു….

യുഗാന്ത്യപീഡകളുടെ പടിവാതിൽക്കൽ നില്ക്കുമ്പോൾ നാം അധിവസിക്കുന്ന ലോകം, അതിന്റെ ഏറ്റവും ക്ളേശപൂർണമായ സമയത്തിലേക്ക് വേഗം ചുവടു വെയ്ക്കുന്നു എന്നത് കൃപയിലുളളവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഒരു സംഭവം പറയാം. ഞായറാഴ്ചത്തെ പതിവ് ക്രൂസേഢിൽ , ആ ശുശ്രൂഷകൾ നയിക്കുന്ന സഹോദരൻ വിചിത്രമായ ഒരു ദർശനം കണ്ടു. പ്രാർത്ഥിയ്ക്കുന്ന പല ആളുകളുടെയും കാവൽമാലാഖമാരുടെ ചിറകുകൾ അറ്റ് നിലം പതിക്കുന്ന കാഴ്ചയായിരുന്നു അത്… സാമാന്യമായി പറഞ്ഞാൽ.. നമ്മുടെ കാവൽദൂതഗണങ്ങളെ പോലും , തളർത്തുന്ന ദുഷ്ടസൈന്യങ്ങൾ നമുക്ക് ചുറ്റും ഇപ്പോഴുണ്ട് എന്നതാണ് സത്യം..

മനുഷ്യസൃഷ്ടിയ്ക്ക് മുമ്പ് തന്നെ ദൈവം സൃഷ്ടിച്ച മാലാഖമാരും മനുഷ്യരും തമ്മിൽ ഒരുപാട് വ്യത്യസങ്ങളുണ്ട്. മാലാഖമാർ അനന്യമായ ശരീരപ്രകൃതിയുളളവരും പ്രത്യേകമായ ഉദ്ദേശത്താൽ സൃഷ്ടിക്കപ്പട്ടവരും അരൂപികളുമാണ്. അതുകൊണ്ട് ആദ്യപാപത്താൽ മലിനമായ മനുഷ്യവംശം പോലെ , ഒരു മാലാഖയുടെ പാപം നിമിത്തം എല്ലാവരും അശുദ്ധരാകില്ല.

മറിച്ച് അവരെല്ലാവരും , ലൂസിഫറിനേപ്പോലെ സത്യത്തെ ഉപേക്ഷിച്ചവരും ദൈവത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്തു, സ്വയം സ്വർത്തിൽ നിന്ന് നിഷ്കാസിതരായവരുമാണ്. (വെളിപാട് 12;7)

മാലാഖമാർ പിശാചുക്കളായി അധപതിച്ചവെങ്കിലും, ദൈവം അവർക്ക് നല്കിയ ഒരു കഴിവുകളും പിൻവലിക്കപ്പെട്ടിട്ടില്ല. അത് ദൈവത്തിന്റെ നീതിയാണ്. അതുകൊണ്ട് തന്നെ തങ്ങളേപോല അല്ലാത്ത, ‘ഗ്രേഡ്’കുറഞ്ഞ, ദൈവം സൃഷ്ടിച്ച മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റുന്നത് , ദൈവത്തോടുളള പറുദീസ നഷ്ടപ്പെട്ട സാത്താന്റെ പകവീട്ടലാണ്.

പരിശുദ്ധ അമ്മ രക്ഷാകര കർമ്മത്തിൽ സഹരക്ഷയായി മനുഷ്യവംശത്തെ വീണ്ടടുക്കാൻ സഹായിച്ചു എന്ന കാരണവും അമ്മയ്ക്കു എതിരെ ദൂഷണം പറയാൻ അവൻ ഉപയോഗിക്കുന്നു.

പ്രിയപ്പെട്ടവരെ , സാത്താൻ അരൂപിയായി നിലനില്ക്കുന്നതു കൊണ്ടും, ദൈവത്തിന്റെ ആത്മാവ് അരൂപിയായി നമ്മുടെ ഉളളിൽ വസിക്കുന്നതു കൊണ്ടും ശരീരം അതിന്റെ സ്വാഭാവിക ജഡവാസനകളോട് നിരന്തരം പ്രതികരിക്കുന്നതു കൊണ്ടും… നമ്മെ പാപത്തിൽ വീഴിക്കാൻ സാത്താന് കഴിയും.

പാപസാഹചര്യങ്ങളെ മുൻകൂട്ടി കാണാനും, സംരക്ഷണ നൽകാനുമാണ് കാവൽമാലാഖമാർ നമ്മെ സഹായിക്കുക. അവരുടെ ശക്തി ക്ഷയിപ്പിക്കാൻ പോന്ന സാത്താന്യ ദൂതഗണങ്ങൾ ലോകത്തെ നാളെ നിയന്ത്രിച്ചാൽ… നമ്മുടെ അവസ്ഥയെന്താകും..??

ഈ വലിയ പ്രതിസന്ധിയിലേക്കാണ് ലോകം പോകുന്നത്. സാത്താൻ കൂടുതൽ ശക്തിയാർജിക്കുന്ന ഈ കാലത്ത്… പാപത്തെ ഉപേക്ഷിക്കാനും വിശുദ്ധജീവിതം നയിച്ചു സ്വർഗത്തിൽ എത്താനും.. ഈ യുഗാന്ത്യപീഢകളെ നേരിടാനും സ്വർഗം തന്ന നമ്മുടെ സംരക്ഷകരാണ് വിശുദ്ധ മിഖായേലും പരിശുദ്ധ അമ്മയും..

പരിശുദ്ധ അമ്മയുടെ വിമലഹൃദയം നമ്മെ സംരക്ഷിക്കുമ്പോൾ, ആത്മീയ മേഖലകളിലുളള കുറവുകൾക്കായി മിഖായേൽ നമുക്കു വേണ്ടി പോരാടും.

മരണപ്പെട്ട വിശ്വാസികളുടെ ആത്മാക്കളെ ദൈവസന്നിധിയിൽ എത്തിക്കാൻ നിയോഗിക്കപ്പെട്ട മിഖായേൽ മാലാഖയുടെ മാദ്ധ്യസ്ഥം നാം തളളിക്കളഞ്ഞാൽ… മരണമടഞ്ഞവരുടെ ദുഷ്പ്രവർത്തികൾ,അവരിൽ ഉണ്ടായിരുന്ന പൈശാചിക പ്രവർത്തനങ്ങൾ ഒക്കെ , നമുക്ക് പ്രതികൂലമായി നിർത്താൻ സാത്താന് കഴിയും

മനസാക്ഷി മരവിപ്പിക്കുന്ന കൊലപാതകങ്ങളും ,വിശ്വാസപ്രതിസന്ധികളും ഇനിയുള്ള കാലത്ത് കൂടുതലുണ്ടാകും

ദൈനംദിന അവശ്യവസ്തുക്കളുടെ കുറവും അധിക്രമങ്ങളും നമ്മുടെ മനസിനെ പരുവപ്പെടുത്തുകയും സ്നേഹം തണുത്തുറഞ്ഞ് സാത്താന്യ ചിന്തകളാൽ നാം ഭരിക്കപ്പടുകയും ചെയ്യും..

പരിശുദ്ധാത്മ ഫലങ്ങൾ കൂടുതലായി അടിച്ചമർത്തപ്പടുകയും എല്ലാറ്റിനോടും സമരസപ്പെടുന്ന മാനസികാവസ്ഥയിലേക്ക് നാം വേഗം രൂപാന്തരപ്പെടുകയും ചെയ്യും… അപ്പോൾ തിന്മയെ നന്മയായും അസത്യത്തെ സത്യമായും നാം എണ്ണാൻ തുടങ്ങും.

അതുകൊണ്ട് ദൈവജനമേ ഉണരുക… സ്നാപകനെ പോലെ എളിമയിലും പ്രാർത്ഥനയിലും വിശുദ്ധിയിലും ജീവിക്കുക. ധ്യാനഗുരുക്കന്മാരിലേക്കോ, ധ്യാനകേന്ദ്രങ്ങളിലേക്കോ മാനസാന്തരപ്പടാതെ സഭയുടെ കൗദാശിക ജീവിതത്തിലേക്ക് മടങ്ങുക..

വിമലഹൃദയപ്രതിഷ്ഠ നടത്തുകയും, മിഖായേൽ മാലാഖയോടുളള സംരക്ഷണ പ്രാർത്ഥന നിരന്തരം മനപാഠമാക്കി ചൊല്ലുകയും പരിശുദ്ധ ത്രീത്വത്തെ മഹത്വപ്പെടുത്താത്ത വ്യക്തികളോടും പ്രസ്ഥാനങ്ങളോടും അകൽച്ച പാലിക്കുകയും അത്തരം പഠനങ്ങളെ തളളിക്കളയുകയും ചെയ്യുക..

പരിശുദ്ധ ജപമാലരാജ്ഞി നിങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തട്ടെ…

ആമ്മേൻ

✍ CIBICHEN ACHICKAL


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment