സ്വർഗത്തിന്റെ കന്യകയും, സ്നാപക യോഹന്നാനും

സ്വർഗത്തിന്റെ കന്യകയും, സ്നാപക യോഹന്നാനും
( വിമലഹൃദയ രഹസ്യങ്ങൾ -13)

യേശുവിന്റെ ദൈവരാജ്യപ്രഘോഷണത്തിന് മുമ്പ്, മരുഭൂമിയിൽ വഴി ഒരുക്കാൻ കടന്നു വന്ന ദൈവത്തിന്റെ പ്രവാചകൻ.. സ്നാപകയോഹന്നാൻ. കാട്ടുതേനും പഴങ്ങളും മാത്രം ഭക്ഷിച്ച്, മരുഭൂമിയിൽ ഒരുക്കപ്പെട്ട് , മാനസാന്തരത്തിന്റെ സുവിശേഷം ലോകത്തിൽ പ്രഘോഷിച്ചു.

യോർദ്ദാൻ നദിയിൽ അനുതാപത്തിന്റെ ജ്ഞാനസ്നാനം നൽകിയ സ്നാപകൻ,പിന്നീട് അനേകം ശിഷ്യഗണങ്ങളെ നേടുകയും, ഹേറോദോസിന്റെ അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്തിലുള്ള പ്രതികാരമെന്നവണ്ണം തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു.

അന്നത്തെ നിയവ്യവസ്ഥയെ പോലും വകവെക്കാതെ, ദൈവ പ്രമാണങ്ങളെ കാറ്റിൽ പറത്തിയ രാജാവിനെതിരെ സ്നാപകൻ നിലകൊണ്ടു എങ്കിൽ..

ഇന്നത്തെ ഹേറോദോസ് രാജാക്കന്മാർക്ക് എതിരെയുളള പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളും ദൈവകല്പനകളെ ചോദ്യം ചെയ്യുന്നവർക്കുളള മുന്നറിയിപ്പുകളാണ്…

ലോകം യുഗാന്ത്യപീഡകളുടെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സ്വർഗത്തിന്റെ കന്യകയും , നമുക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങളുമായി നില്ക്കുന്നുണ്ട്.

അവയുടെ പല ഉത്തരങ്ങളും കാലത്തിന്റെ അടയാളങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്നവർക്ക് മാത്രം ഉളളതാണ്.

യോഹന്നാൻ മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ച അതേ കാലത്തിന്റെ പ്രതിസന്ധികളാണ് ഇന്നും ലോകത്തുള്ളത്.

ദൈവജനത്തിന്റെ കണ്ണുകൾ ക്രൂശിൽ നിന്നും പിൻവലിച്ചതിനാൽ…യഥാർത്ഥ സുവിശേഷം വിളിക്കപ്പട്ടവർ നൽകുന്നില്ല.. അതുകൊണ്ട് ആരെയും തൊടാതെ പ്രഘോഷണത്തിന്റെ കാറ്റ് മുകളിലൂടെ വീശി ഇല്ലാതാകുന്നു..

ലോകത്തിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ, യോഹന്നാനെ പോലെ, മാനസാന്തരത്തിന്റ സന്ദേശങ്ങളാണ് നൽകുന്നത്. അവ പലപ്പോഴും ലോകത്തിന്റെ ചിന്തകൾക്ക് എതിരായതിനാൽ.. അമ്മയെ മറക്കുന്നതാണ് ‘സേഫ്’ എന്ന് ലോകം കരുതുന്നു.

ഈ കാലഘട്ടത്തിലും പരിശുദ്ധ കന്യകയുടെ മക്കളും,’യോഹന്നാന്റെ’ ശിഷ്യഗണങ്ങളും ലോകത്തുണ്ട്. യേശുവിനൊപ്പം ഒരുമിച്ച് വളർന്നിട്ടും ,യേശുവിന് മുമ്പ് സുവിശേഷം പ്രഘോഷിച്ചിട്ടും , യേശുവിന്റെ ദൈവത്വം തിരിച്ചറിയാൻ യോഹന്നാന് ശിഷ്യരെ ആശ്രയിക്കേണ്ടി വന്നു.

സ്വർഗകന്യകയോട് ചേർന്ന് നിന്ന്, സെഹിയോൻ ശാലയിൽ അഭിഷേകം സ്വീകരിച്ചുവർ ക്രിസ്തുവിന്റെ സാക്ഷികളായി മാറിയപ്പോൾ… മറ്റു ‘ശ്ളീഹന്മാരും’ അവരുടെ ശിഷ്യരും ഓർമ മാത്രമായി ഒതുങ്ങി. മറിയത്തെ മറന്ന പുതിയ കാലത്തിന്റെ ‘ ‘ശ്ളീഹന്മാർക്ക് ‘ ഇതൊരു ഓർമപ്പെടുത്തലാണ്…

പരിശുദ്ധ അമ്മയും സഭയും ഈ കാലഘട്ടത്തിലും പ്രസക്തമാകുന്നത് അതുകൊണ്ടാണ്. യേശു നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും മാനസാന്തരങ്ങളും മരുഭൂമി വാസവും ഒക്കെ ഉളള സഭകൾക്ക് യേശുവിന്റെയും അവന്റെ അമ്മയുടെയും സാന്നിധ്യം പ്രശ്നമല്ല.

കാരണം അവർ അത്ഭുതം പ്രവർത്തിക്കുന്നത് യേശു നാമത്തിലാണ്.ഒരു പ്രത്യേക ദൈവക്രമത്തിന്റെ പേരിലല്ല.അത്തരം ഗ്രൂപ്പുകൾ യേശുവിന്റെ കാലത്തും നിലനിന്നിരുന്നു. അമ്മ സാന്നിധ്യം മറന്ന അത്തരം കൂട്ടങ്ങൾ ഇന്ന് ഓർമയായി..

ഈ കാലം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്തായിരിക്കും സ്നാപകന്റെ ശിരഛ്ഛേദം.
സ്വർഗകന്യക..ജപമാലയായും,നൊവേനയായും,മനോഹരമായ രൂപങ്ങളാൽ അലംകൃതയായും നമുക്ക് മുമ്പിൽ കാണപ്പെടുന്നുണ്ടെങ്കിലും… അമ്മ നൽകിയ സന്ദേശങ്ങൾ ജീവനില്ലാതെ ശിരസറ്റ യോഹന്നാനെ പോലെ കാണുന്നു എങ്കിൽ ഓർക്കുക…

അവൻ എതിർ ക്രിസ്തു അടുത്തുണ്ട്.കാരണം സ്നാപകൻ ഇല്ലാതാകുന്നിടത്താണ് ക്രിസ്തു സുവിശേഷം പ്രസംഗിച്ചത്..!!

ആദ്യം ദൈവവചന പ്രഘോഷണ വേദികളിൽ നിന്ന് പടിയിറക്കിയ മറിയം , ഇപ്പോൾ കുടുംബങ്ങളിൽ നിന്നും, സഭയിൽ നിന്നും.. ചില മരിയ ഭക്തരുടെ മനസുകളിൽ ഒഴിച്ച്… മറ്റെല്ലായിടത്തു നിന്നും പടിയിറക്കപ്പെട്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുവോ ? ഏറ്റവും ഒടുവിൽ ഇതാ വിശുദ്ധിയുടെ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് പോലും…!!

നമ്മുടെ കണ്ണുകൾ നിറഞ്ഞോ.. മുഖം വാടിയോ ? ഏറ്റവും വലിയ ഒറ്റപ്പെടലിലൂടെ മേരിയെ ലോകം കടത്തി വിട്ടിട്ടും നമ്മൾ നിലവിളിച്ചോ?

പ്രിയപ്പെട്ടവരെ.. ഓർത്തു നോക്കൂ… മറിയത്തെ ആട്ടിയിറക്കിയ ഭവനങ്ങളിൽ സാത്താൻ സംഹാരതാണ്ഡവം ആടുന്നത് കണ്ടിട്ടും… തിരിച്ചറിവു ലഭിക്കാത്ത ലോകത്തിൽ , ലോകം നാളെ അമ്മയെ ഓർമ്മയാക്കുമ്പോൾ… എന്തായിരിക്കും അവസ്ഥ ??

ഓർക്കുക… ഹേറോദോസുമാർ ഇപ്പോഴും കർമ്മനിരതരാണ്. നിത്യകന്യകയ്ക്ക് എതിരെ ദൂഷണം പറയാൻ… ഹേറോദിയമാരും റെഡിയാണ്.. ഇനി വേണ്ടത് സ്നാപകന്റെ തലയാണ് !!!

യുഗാന്ത്യത്തിന്റെ അമ്മയെ നിശബ്ദയാക്കാൻ സാത്താൻ കൂടുതൽ കരുത്തോടെ ലോകത്തിലുണ്ട്. അമ്മയുടെ പരിശുദ്ധിയേയും കന്യകാത്വത്തെയും ദുഷിക്കുന്നത് അവനാണ്. സ്വർഗത്തിന്റെ കന്യകയെ നിശബ്ദയാക്കിയാൽ.. കൂടുതൽ ആത്മാക്കളെ നേടാൻ കഴിയുമെന്ന് സാത്താന് അറിയാം…

ഓർമ്മപ്പെടുത്തുന്നു…
ഇനിയുള്ള കാലം പരിശുദ്ധ അമ്മയ്ക്കെതിരെ സാത്താൻ നേരിട്ട് യുദ്ധം ചെയ്യുന്ന അന്തിമജലപ്രവാഹത്തിന്റെ കാലമാണ്… (വെളിപാട് 12:15) ആ ജലപ്രളയത്തെ നേരിടാൻ ജപമാലയോടും പരിശുദ്ധകുർബാനയോടും നിരന്തരം ചേർന്ന് നിൽക്കാം.

പ്രളയം നമ്മെ സംഹരിക്കും മുമ്പ് വിമലഹൃദയത്തിൽ അഭയം തേടാം.കാരണം ഈ പ്രവാഹത്തെ അതിജീവിക്കുന്നവർ മാത്രം നിത്യജീവന്റെ ഫലം ഭക്ഷിക്കും.. തെരഞ്ഞെടുക്കപ്പെട്ടവർ ഒഴികെ മറ്റാരും ഈ പ്രതിസന്ധിയെ അതിജീവിക്കില്ല…

ലോകം അമ്മയെ മറക്കുകയും,സാത്താൻ അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പോരാടുകയും, ഭീതിയുടെ വലിയ ഒരു യുദ്ധത്തിലേക്കും അന്ധകാരത്തിലേക്കും ലോകം കീഴടങ്ങുകയു ചെയ്യും. എതിർക്രിസ്തു അവന്റെ വ്യാജസുവിശേഷം നൽകുന്നതിന് അവസരമായി അത് ഉപയോഗിക്കുകയും വിളിക്കപ്പെട്ടവർ പോലും വഴിതെറ്റുകയും ചെയ്യും.

അമ്മയുടെ നീലമേലങ്കിയാൽ പൊതിയപ്പെട്ട് ഈശോയെ തേടാത്ത വ്യക്തികളും,സഭകളും പ്രസ്ഥാനവുമെല്ലാം അതിന്റെ സ്വാഭാവിക പ്രവണത വിട്ട്.. സാത്താന് അനുരൂപരായി… അധപതിക്കും. ഇടയനില്ലാതെ ചിതറിക്കപ്പെട്ട ഗണം പോലെ ലോകം കാണപ്പെടും.

വിശുദ്ധജനങ്ങൾ ഒരു ഗണമായി ചേരുകയും പുതിയൊരു സെഹിയോൻ ശാല അനുഭവം ലോകത്തിൽ രൂപപ്പെടുകയും ചെയ്യും… വിമലഹൃദയത്തിന്റെ യഥാർത്ഥ രൂപത്തിലേക്ക് അത് അതിവേഗം മാറ്റപ്പെടും.

ഇനിയുള്ള ദിനങ്ങൾ നിർണായകമാണ് വിശ്വാസം ക്ഷയിക്കാതിരിക്കാൻ പരിശുദ്ധ അമ്മയുടെ കരം മുറുകെ പിടിക്കുക.വിശുദ്ധ മിഖായിലിനോട് നിരന്തരം മാദ്ധ്യസ്ഥം യാചിക്കുക… ഈശോയുടെ രണ്ടാംവരവിന്റെ ഒരുക്കങ്ങൾ ജീവിതത്തിലും സംഭവിക്കാൻ വിശുദ്ധിയിലും പ്രാർത്ഥനയിലും ലോകത്തിൽ നിന്നകന്ന് ജീവിക്കുക…

വിമലഹൃദയത്തിന്റെ നാഥേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ… ഞങ്ങളുടെ രക്ഷകനായ ഈശോയേ ഞങ്ങളെ കൈവെടിയരുതേ..
ആമ്മേൻ…

✍..CIBICHEN ACHICKAL


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment