മെജുഗോറിയേ മാതാവിന്റെ ചിത്രം സമ്മാനമായി കിട്ടിയതാണ്. അതിൽ ആലേഖനം ചെയ്ത വരികൾ ചങ്കിനെ തൊട്ടു: If you knew how much I love you, you’d cry of joy, അത്രമേൽ അഗാധമായി നിന്നെ ഞാൻ സ്നേഹിച്ചുവെന്ന് ഒരു മാത്ര അറിഞ്ഞിരുന്നെങ്കിൽ ആനന്ദത്താൽ നീ നിലവിളിച്ചേനെ.
പ്രശ്നം അതാണ്, നമുക്കായി കരുതിവച്ച സ്നേഹത്തിലേക്ക് ഒന്നു പാളി നോക്കുവാൻ നേരമോ ധ്യാനമോ ഇല്ലാത്തതുകൊണ്ട് ഓട്ടക്കൈയായിത്തീർന്ന നമ്മൾ! മൈക്കിൾ ജാക്സന്റെ അവസാനത്തെ രാവ് ഇങ്ങനെയായിരുന്നു- ദീർഘമായ പരിശീലനത്തിനു ശേഷം അയാൾ തന്റെ വാഹനത്തിലേക്കു നടക്കുമ്പോൾ ക്രൂവിലുള്ള ഒരാൾ വിളിച്ചുപറഞ്ഞു, ലവ് യു മൈക്കിൾ. അയാൾ തിരിഞ്ഞുനിന്ന് പുഞ്ചിരിയോടെ മന്ത്രിച്ചു: ഐ ലവ് യു മോർ; അതിലും മീതെയെന്ന് സാരം. അതാണ് ആ ഗായകന്റെ ഹംസഗീതം.
ഓർമ്മയുണ്ടാവും ഉന്മാദിയായ ഒരു ചെറുപ്പക്കാരൻ തെരുവോരങ്ങളിലൂടെ നിലവിളിച്ചു പോകുന്നത്: “സ്നേഹമേ, സ്നേഹിക്കപ്പെടാതെ പോയ സ്നേഹമേ!” മനസ്സിന്റെ സമനില തെറ്റുവാൻ ആ വിചാരം മതിയായിരുന്നു അസ്സീസിയിലെ ഫ്രാൻസിസിന്- ഞാനിത് അറിഞ്ഞില്ലല്ലോ! നിലയില്ലാത്ത കിണറു പോലെ ചില സ്നേഹം. നോക്കി നിൽക്കുമ്പോൾ തല കറങ്ങുന്നു. എന്നിട്ടും, എന്തൊരു പരിഭവത്തിലും പരാതിയിലും അതൃപ്തിയിലുമാണ് അവസാന അങ്കം കഴിയുന്നത്.
മനുഷ്യരിൽ സ്നേഹമില്ലെന്ന വിചാരണ വഴി നിങ്ങൾ വേദപുസ്തകത്തിന് നിരക്കാത്തവരാകുന്നു. അതാരംഭിക്കുന്നത് നരനെ ഈശ്വരച്ഛായയിൽ മെനഞ്ഞുവെന്ന് പറഞ്ഞാണ്- image and likeness of God. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സാധ്യതയാണ് സൂചിതം. ആ മുദ്രയേയാണ് നിങ്ങൾ മായ്ച്ചുകളഞ്ഞത്. ഒക്കെ പാളിനോക്കാത്തതിന്റെ പ്രശ്നമാണ്. ഒരു പത്തുവർഷക്കാലം പള്ളിക്കൂടത്തിലേക്ക് പോകുന്ന കുഞ്ഞിനെ കണ്ണിൽ നിന്നു മറയുവോളം അമ്മ ഉമ്മറത്തുനിന്ന് ഉറ്റുനോക്കുന്നുണ്ട്. ജീവിതത്തിന്റെ മറ്റേതോ മുഹൂർത്തത്തിൽ, നോക്കി നിൽക്കുമെന്ന് നാം ആശിച്ചവർ വളരെ വേഗത്തിൽ വാതിലടയ്ക്കുമ്പോഴാണ് തിരിഞ്ഞുനോക്കാത്ത ആ കുട്ടിക്കാലം നടുക്കമാകുന്നത്.
തടവറവാസത്തിനു ശേഷം പാതിരാവിൽ വീട്ടിലേക്കെത്തിയെ ബഷീർ തനിക്കുവേണ്ടി മൂടിവച്ചിരിക്കുന്ന ചോറും കൂട്ടാനും കണ്ട് അമ്പരക്കുന്നു. പാട്ടവിളക്കിന്റെ വെട്ടത്തിലിരുന്ന് ഉണ്ണുമ്പോൾ അയാൾ അത്ഭുതത്തോടെ ചോദിച്ചു, “ഞാൻ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?” അമ്മ പറഞ്ഞു, “ഓ… ചോറും കറിയും വച്ച് എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും.”
കണ്ണു പൂട്ടൂ, ഈ യോഗയിലൊക്കെ പറയുന്നതുപോലെ പതുക്കെ അഗാധമായി ശ്വസിക്കൂ. എന്നിട്ട് അവനവനോടുതന്നെ പേർത്തുചൊല്ലുക- സ്നേഹമാണ് ഞാൻ ശ്വസിക്കുന്നത്. ഒരേ പാത്രത്തിൽ നിന്ന് കുടിക്കുന്നു എന്നൊക്കെ പറയുന്നതുപോലെ, ഒരേ പാത്രത്തിൽ നിന്ന് ശ്വസിക്കുന്നു നമ്മൾ.
– ബോബി ജോസ് കട്ടികാട്

Leave a comment