Non Veg Food in Ayurveda

◆മാംസാഹാരം ആയുർവേദത്തിൽ◆🍖

ഭക്ഷണപ്രിയരാണ് മലയാളികൾ.
അനുദിനം വളരുകയാണ് രുചിക്കൂട്ടുകൾ. കൊതിയൂറുന്ന നാട്ടു പലഹാരങ്ങളിൽ നിന്നും പേര് വഴങ്ങാത്ത മാംസരുചികളിലേക്കുള്ള മാറ്റം എത്ര പെട്ടെന്നായിരുന്നു ..!കുക്കറി ഷോകൾ,
തട്ടുകടകൾ, നക്ഷത്ര ഹോട്ടലുകൾ എല്ലായിടത്തും താരം മാംസവിഭവങ്ങൾ തന്നെ. ആളോഹരി മാംസ ഉപയോഗത്തിൽ കേരളം മുന്നിട്ട് നിൽക്കുമ്പോൾ ഒരു ചോദ്യം പ്രസക്തമാകുന്നു.
*നമ്മുടെ തനതു വൈദ്യമായ ആയുർവേദം മാംസ ഭക്ഷണത്തെ എങ്ങനെ കാണുന്നു??*

👨‍⚖ *അത്ര വെജിറ്റേറിയൻ അല്ല ഈ വൈദ്യം…* 🌱🥒

പ്രാചീന ഭാരതത്തിൽ പോലുമില്ല വെജിറ്റേറിയനിസം എന്ന ആശയം. മാംസഭക്ഷണത്തെപ്പറ്റിയുള്ള പരാമർശങ്ങൾ വേദങ്ങളിലും പുരാണങ്ങളിലും കാണാം …” _പ്രാണികളുടെ പ്രാണൻ അന്നപാനമാകുന്നു.ലോകം അന്നത്തിനു വേണ്ടി ഓടുന്നു_ ” എന്നു പറയുന്ന ആയുർവേദത്തിനു മാംസഭക്ഷണം മറ്റേത് ഭക്ഷണവും പോലെ തന്നെ സ്വീകാര്യം.
ഔഷധങ്ങൾ ഇട്ടു സംസ്‌കരിച്ച് എടുത്ത മാംസരസം/സൂപ്പ് മിക്ക രോഗങ്ങളിലും പഥ്യമായി ആയുർവേദ സംഹിതകളിൽ എല്ലാം കാണാം. മാംസം
ഒരേസമയം ആഹാരവും ഔഷധവും ആകുന്ന അത്ഭുതം. അപ്പോഴും ഓരോ വ്യക്തിയുടേയും ശാരീരിക മാനസിക പ്രകൃതി, ദഹനശേഷി, ഭക്ഷണശീലം, രോഗാവസ്ഥ എന്നിവ കൂടാതെ
ഭൂപ്രദേശം, കാലാവസ്ഥ ഇവയൊക്കെ ആശ്രയിച്ചായിരിക്കണം മാംസഭക്ഷണം കഴിക്കേണ്ടതെന്ന് മാത്രമാണ് ആയുർവേദം പറയുന്നത്.

🙄 *അത്ഭുതപ്പെടുത്തും ഈ മാംസ വിവരണം*📜🐸🐋

വിവിധങ്ങളായ ധാന്യങ്ങൾ,
പയറുവർഗങ്ങൾ,
ഇലക്കറികൾ തുടങ്ങിയ ആഹാരവസ്തുക്കളോടൊപ്പം ആയുർവേദം മത്സ്യമാംസങ്ങൾക്കും ഇടം കൊടുക്കുന്നു.

*8 വിഭാഗങ്ങളിലായി 150 ൽ അധികം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും* …!

ഓരോന്നിന്റെയും സ്വഭാവവിശേഷങ്ങളും ഔഷധ മൂല്യങ്ങളും…!

* *ജാംഗലം* -വെള്ളമില്ലാത്ത ഇടങ്ങളിൽ വസിക്കുന്നു.(പലവിധം മാനുകൾ..🦌)

**വിഷ്കിരം* -ചികഞ്ഞു പെറുക്കി തിന്നുന്ന പക്ഷികൾ.
(കാട്ടുകോഴി, മയിൽ തുടങ്ങിയവ..🦃)

**പ്രദുതങ്ങൾ* -കൊത്തി തിന്നുന്നവ (കുയിൽ, പ്രാവ് തുടങ്ങിയവ 🕊)

**പ്രസഹങ്ങൾ* – ഏന്തി വലിഞ്ഞ് ഭക്ഷിക്കുന്നവ (പശു, കുതിര, ഒട്ടകം, സിംഹം, കടുവ തുടങ്ങിയവ🐪🐄🐎)

**ഭൂമിശയം* -പൊത്തിനുള്ളിൽ താമസിക്കുന്നവ (ഉടുമ്പ്, തവള മുതലായവ🐸)

**ആനൂപം* -ജലാശയത്തിനടുത്തു താമസിക്കുന്നവ (പോത്ത്,പന്നി മുതലായവ🐃🐖)

**ജലചാരി* -ജലത്തിന് മുകളിൽ നീന്തുന്നവ(താറാവ്, അരയന്നം.🦆)

**മത്സ്യം* – ജലത്തിനുള്ളിൽ വസിക്കുന്നവ( മീൻ,ആമ, ശംഖ് …🐋🐢)

ഈ രീതിയിൽ തവള മുതൽ തിമിംഗലം വരെ നീളുന്ന പ്രാചീനകാല ജൈവസമ്പത്തിന്റെ ചരിത്ര രേഖകൾ കൂടിയായി മാറുന്നു ഈ വിവരണം…

*എല്ലാ ദിവസവും മാംസം കഴിച്ചാൽ എന്താ…?* 🤔 🍖🌭🥩

എല്ലാ ദിവസവും കഴിക്കേണ്ടത്,
വല്ലപ്പോഴും കഴിക്കേണ്ടത്,
ഒട്ടും കഴിക്കാൻ പാടില്ലാത്തത് എന്നുള്ള വിഭജനം ഭക്ഷണകാര്യത്തിൽ ഉണ്ട്. പൊതുവെ മത്സ്യമാംസങ്ങൾ എല്ലാ ദിവസവും ഉപയോഗപ്പെടുത്താൻ ആയുർവേദം നിർദ്ദേശിക്കുന്നില്ല. മതപരമോ ആത്മീയമോ അല്ല കാരണം. അമിത ഉപയോഗം ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ തന്നെയാണ് ഊന്നൽ…

❌നിത്യം ഉപയോഗിക്കരുത്-
പന്നിമാംസം, കോഴിമാംസം, മത്സ്യം, തൈര്….

✅നിത്യം കഴിക്കാവുന്നത്. ചെന്നെല്ലരി,നവരയരി,
യവം(ബാർലി), ജലം, ഇന്തുപ്പ്, നെല്ലിക്ക, ഒപ്പം ജാംഗലവിഭാഗത്തിൽപ്പെടുന്ന പക്ഷി മാംസങ്ങൾ ഉൾപ്പെടെയുള്ള ചില മാംസങ്ങളും…

മറ്റ് മാംസങ്ങളെക്കാൾ കൊഴുപ്പ് കുറഞ്ഞവയും, എളുപ്പത്തിൽ ദഹിക്കുന്നതും, ശരീരബലം നിലനിർത്താൻ ആവശ്യമായതുകൊണ്ടും കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

*മരുന്നും ചികിത്സയുമൊക്കെ കൊള്ളാം പക്ഷേ പഥ്യം നോക്കണ്ടേ* 🤔🤭

ആയുർവേദ മരുന്ന് കഴിക്കുമ്പോൾ ഇറച്ചിയും മീനുമൊന്നും കഴിക്കരുത് എന്ന പൊതുധാരണകൾ ഉണ്ട്. _മരുന്നിനെക്കാളും പഥ്യം വേണ്ടത് രോഗത്തിന് ആണെന്ന് അറിയുക._ ചില രോഗങ്ങൾക്ക് ചിലപ്പോൾ മാംസവും അല്ലാത്തതുമായ പഥ്യങ്ങൾ വേണ്ടതുതന്നെ. *മാംസം ഒരേ സമയം പഥ്യവും ഔഷധവും ആകുന്ന രോഗാവസ്ഥകളുമുണ്ട്.* ക്ഷയ രോഗത്തിൽ ദഹനശക്തി മെച്ചപ്പെടുത്തിയ ശേഷം മിക്ക മാംസങ്ങളും ഔഷധങ്ങൾ ചേർത്ത് സംസ്കരിച്ച് ഉപയോഗിക്കാം. ലൈംഗിക പ്രശ്നങ്ങളുടെ ചികിത്സയിലും, മത്സ്യവും മാംസവും ചേരുന്ന ആഹാര ഔഷധങ്ങളുടെ വിശദീകരണങ്ങളുണ്ട്. *മരുന്ന് കഴിക്കുമ്പോൾ*
*മാംസം കഴിക്കരുത് എന്ന പൊതു നിയമം* *ഇല്ല* എന്ന് ചുരുക്കം.

*പാത്തുമ്മയുടേയും ആയുർവേദത്തിന്റേയും സ്വന്തം ആട്* 🐐🐐

മാവിലയും പ്ലാവിലയും മാത്രമല്ല തന്റെ പ്രിയപ്പെട്ട പുസ്‌തകങ്ങൾ വരെ തിന്നു തീർക്കുന്ന ആട് സ്വഭാവത്തെക്കുറിച്ചുള്ള ബഷീറിന്റെ വരികളോർക്കാം..
ദേശഭേദമില്ലാതെ മേഞ്ഞു നടക്കുന്ന, എന്തും എപ്പോഴും കഴിക്കുന്ന ആട് ജീവിതം. *മാംസങ്ങളിൽ വെച്ചു ഏറ്റവും നല്ല മാംസം ആട്ടിൻ മാംസം എന്ന് ആയുർവേദം.*

അതിന് കാരണവുമുണ്ട്.
🐐 അധികം ഉഷ്ണമോ ശീതമോ അല്ല.
🐐അധികം ഗുരുവോ സ്നിഗ്ദ്ധമോ അല്ല.
🐐മൂന്ന് ദോഷങ്ങളെയും വർദ്ധിപ്പിക്കുകയില്ല.
🐐മനുഷ്യശരീര ധാതുക്കളോട് തുല്യതയുള്ളതിനാൽ ശരീരത്തെ തടിപ്പിക്കുകയും ചെയ്യുന്നു.

ആധുനിക മതപ്രകാരവും ആട് തന്നെ കേമൻ.

*ആട്, മെലിഞ്ഞ മാംസം (lean meat)ആണ്.

*കൊഴുപ്പും പ്രോട്ടീനും ചെമ്മരിയാടിനെക്കാളും കാലികളെക്കാളും കുറവ്.

*കോഴിയേക്കാളും ബീഫിനെക്കാളും ഊർജവും കുറവ്‌.

*ഇങ്ങനേയും ചില ആടുകൾ* 🐏🐑🐐🦌

**ജമ്നാപ്യാരി* -ഇത് ഒരു സിനിമാപേരല്ല. ഇന്ത്യയിലെ തദ്ദേശീയമായ ആടിനം. മാംസത്തിനും പാലിനും ഉത്തമം. മറ്റ് ആടുകളെക്കാൾ കൊളസ്‌ട്രോൾ കുറവ് എന്നതാണ് മേന്മ.

**മലബാറി* –

മലബാറിന്റെ സ്വന്തം ആടിനം. മാംസത്തിനായി തന്നെ വളർത്തുന്നു.

**അട്ടപ്പാടി ബ്ലാക്ക്* –

ഇരുള, കുറുമ്പ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ അട്ടപ്പാടി മേഖലകളിൽ വളർത്തുന്നു. പേര് പോലെ കറുത്ത ശരീരം. പാലുത്പാദനം കുറവെങ്കിലും മാംസത്തിനും കൃഷി ആവശ്യത്തിനുള്ള വളത്തിനും വേണ്ടി വളർത്തുന്നു.

*ആട് എന്ന അത്ഭുത മരുന്ന്*🍯

ആട്ടിൻ മാംസവും പാലും ആയുർവേദക്കാർക്ക് ഒരു
ഭക്ഷണം എന്നതിലുപരി തികഞ്ഞ ഔഷധം കൂടിയാണ്. മുലപ്പാലില്ലാത്ത അമ്മ കുഞ്ഞിന് ആട്ടിൻപാൽ കൊടുക്കണമെന്നു ആയുർവേദം പറയുന്നുണ്ട്. രക്തസ്രാവ രോഗികളിൽ (bleeding) ആട്ടിൻപാൽ ഔഷധങ്ങൾ ഇട്ട് കാച്ചിക്കൊടുക്കാമെന്നു മറ്റൊരു നിർദ്ദേശം.
ആട്ടിൻമാംസരസം മിക്കയിടത്തും ഔഷധമാണ്. തിപ്പലി, യവം, മുതിര, ചുക്ക്, മാതളം, നെല്ലിക്ക എന്നിവ ചേർത്തു പാകപ്പെടുത്തിയ
ആട്ടിൻസൂപ്പ് നെയ്യ് ചേർത്ത് കഴിക്കുന്നത് ക്ഷയരോഗികളുടെ വിവിധരോ ഗാവസ്ഥകളിൽ ഫലപ്രദമെന്ന് അഷ്ടാംഗഹൃദയം.
അജമാംസരസായനം, അമൃതപ്രാശ രസായനം, ബൃഹത്ഛാഗലാദി ഘൃതം, മഹാമാഷ തൈലം തുടങ്ങിയ എത്രയോ ഔഷധങ്ങൾ പൊതുജനങ്ങൾക്കിടയിലും പ്രശസ്തം.

*ആട്ടിൻ ബ്രാത്ത് എന്ന ഔഷധം* 🐏

ഒരു ആടിന്റെ മുഴുവന്‍ മാംസവും കനംകുറച്ചരിഞ്ഞ് അതിനോടൊപ്പം ത്രികടു, കാട്ടുതിപ്പലി, പശുപാശി, ജാതിക്ക, അക്കികറുക, ഗ്രാമ്പൂ, ദേവതാരം, ഇരട്ടിമധുരം, അയമോദകം, ചിറ്റരത്ത, ജീരകം, കച്ചോലം, ഏലം, ഇലവര്‍ങം, ഇരുവേലി, പാടക്കിഴങ്ങ്, ശീമക്കൊട്ടം, രാമച്ചം, മുത്തങ്ങ, വാല്‍മുളക് എന്നിവ കുറഞ്ഞ അളവിലെടുത്ത് പൊടിച്ചു ചേര്‍ത്ത് തിളപ്പിക്കുക. ചേരുവകള്‍ വെന്തുവരുമ്പോള്‍ ദ്രാവകം ഊറ്റിയെടുക്കണം.

ഒരോ തവണയും ഊറ്റിയെടുക്കുന്ന ബ്രാത്ത് വെവ്വേറെ കുപ്പിയിലാവണം സൂക്ഷിക്കേണ്ടത്. കുപ്പിയിലാക്കും മുമ്പ് കല്‍ക്കണ്ടം, തേന്‍, കറുത്തമുന്തിരി, കറിവേപ്പില, ചുവന്ന ഉള്ളി എന്നിവയും ചേര്‍ക്കണം. ഈ ബ്രാത്ത് കുപ്പികളിലാക്കി നെല്ലില്‍ കുഴിച്ചിടുകയാണ് പതിവ്.

*ആട്ടിന്‍സൂപ്പ്* 🍵

ആടിന്റെ നാലു കാലുകള്‍ മാത്രമാണ് ഇതിന് ഉപയോഗിക്കുന്നത്.

കുറുന്തോട്ടി, ചിറ്റരത്ത, ദേവതാരം, ആടലോടകം, കരിങ്കുറിഞ്ഞി (60 ഗ്രാം വീതം), എന്നിവ എട്ടടങ്ങഴി, വെള്ളത്തില്‍ വേവിച്ച് നാലിടങ്ങഴിയാക്കുക. കഷായം ചൂടാറിയാല്‍ കൊത്ത് കളയുക. ആട്ടിന്‍കാല്‍ ചെറുതായി അരിഞ്ഞ് കഷായവെള്ളത്തില്‍ ഇട്ട് ഇഞ്ചി, വേപ്പില, ചുവന്നുള്ളി എന്നിവ 50 ഗ്രാം വീതം ചേര്‍ത്ത് വറ്റിച്ച് ഇടങ്ങഴിയാക്കുക. ഇത് അരിച്ചെടുത്ത് 50 മില്ലിവീതം രണ്ടുനേരം കഴിക്കാം. നാലുദിവസത്തേക്കുള്ള സൂപ്പുണ്ടാവും ഇത്. അതില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനും പാടില്ല.
ആട്ടിൻ സൂപ്പ്, ബ്രാത്ത് എന്നിവയൊക്കെ ദഹന ശക്തി അനുസരിച്ച് വൈദ്യ നിർദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

*ബീഫും പോത്തും ഒന്നല്ല*🐂🐃

ബീഫ് മലയാളിക്കൊരു വാക്കല്ല. വികാരമാണ്. അപ്പോഴും ബീഫ് എന്ന വാക്ക് തെറ്റായാണ് നാം ഉപയോഗിക്കുന്നത്.
കാളയുടെ മാംസത്തെയാണ് ബീഫ് എന്ന് വിളിക്കാറുള്ളത്.
കേരളത്തിൽ ഉപയോഗിക്കുന്ന പോത്തിറച്ചിക്ക് (buffallo meat) cara beef എന്നാണ് വിളിപ്പേര്.

*മാഹിഷം എന്ന പോത്ത്*🐃
മാഹിഷമാംസം എന്ന പോത്തിറച്ചി വിശേഷങ്ങൾ ആയുർവേദത്തിലും ഉണ്ട്. ശരീരം തടിപ്പിക്കുന്നതിനും ഉത്സാഹത്തിനും നല്ല ഉറക്കം കിട്ടുന്നതിനും ഈ മാംസത്തിന് കഴിവുണ്ട്. കൊഴുപ്പേറിയ മാംസം എന്ന പ്രത്യേകതയുമുണ്ട്.
പശുവിന്റെ മാംസഗുണങ്ങളും ആയുർവേദം പറയുന്നുണ്ട്. വാത രോഗങ്ങളിലും വിട്ടുമാറാത്ത പനികളിലും വരണ്ട ചുമ,
പീനസം, അമിത വിശപ്പ്, മാംസക്ഷയം എന്നിവയിലെല്ലാം ഗുണപ്രദം.

*പോത്തിൻ* **ദ്രാവകം* 🐃
സന്ധി വാത രോഗങ്ങളിൽ
വ്യാപകമായി ഉപയോഗിക്കുന്ന ജനപ്രിയവും ഫലപ്രദവുമായ ഔഷധമാണിത്..
കഷായ ദ്രവ്യങ്ങളും പോത്തിൻ്റ എല്ലും ഇറച്ചിയും ചേർത്ത് വാറ്റി (distillation) എടുത്താണ് നിർമ്മാണം..

*അമിതമായാലും വിഷം*

പ്രോട്ടീൻ, കൊഴുപ്പുകൾ, വൈറ്റമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പുഷ്ടമെങ്കിലും ഇത് ചുവന്ന മാംസം (red meat)ആണ് എന്നറിയണം.
പാചകം ചെയ്യുമ്പോൾ രൂപപ്പെടുന്ന Heame iron വൻകുടലിൽ കാൻസർ ഉണ്ടാക്കാൻ സാധ്യത കൂട്ടുന്നുവെന്ന് പഠനങ്ങൾ.
പൂരിത കൊഴുപ്പുകളുടെ സാന്നിധ്യം കൊണ്ട് കൊളസ്ട്രോൾ ഹൃദ്രോഗ പ്രശ്നങ്ങൾ വേറെയും…
പോത്തിറച്ചി പതിവായി കഴിക്കുന്നവർക്ക് യൂറിക് ആസിഡ് കൂടുതലാകുന്ന
Gouty arthritis എന്ന രോഗവും വ്യാപകം.
സ്ഥിരമായി ഉപയോഗിക്കാതിരിക്കുകയാണ് ആരോഗ്യപ്രദം.

*പന്നിയെപ്പറ്റിയും പറയാം*🐷🐖

മാംസത്തിനായുള്ള പന്നി വളർത്തലിന് 5000 വർഷത്തെയെങ്കിലും ചരിത്രമുണ്ട്. ചില മത വിഭാഗങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ലോകത്തെമ്പാടും കൂടുതൽ ഉപയോഗിക്കുന്ന മാംസമാണിത്.
*ആയുർവേദത്തിലെ ഏറ്റവും മോശമായ മാംസം*
പന്നിമാംസം എന്ന വരാഹമാംസം.

*രുചിപ്രദവും
*ക്ഷീണം തീർക്കുന്നതും
*തടിപ്പിക്കുന്നതും
ഒക്കെ ആണെങ്കിലും അമിത കൊഴുപ്പ് കാരണം ഏറ്റവും മോശം മാംസമായി പറയുന്നു.

*ആരോഗ്യപ്രശ്നങ്ങൾ ഏറെ*
പൂരിത കൊഴുപ്പുകളും കൊളസ്‌ട്രോളുമുള്ളതാണ് പന്നിമാംസം.
നിത്യവും ശീലിക്കരുതെന്ന് ആയുർവേദം. ഹൃദ്രോഗവും സ്ട്രോക്കും പരിണതഫലങ്ങൾ… pork tape worm (നാട വിര) ന്റെ സാന്നിധ്യം ഉള്ളതിനാൽ നന്നായി വേവിച്ചു കഴിക്കേണ്ടതും പ്രധാനമാണ്…..

*മുയൽ മികച്ച മാംസം* 🐰🐰🐰

മുയലിനെപ്പോലെ പാവം എന്ന് നമ്മൾ പലപ്പോഴും പലരെപ്പറ്റിയും പറയാറുണ്ട്..
എന്തായാലും,
മുയൽ മാംസം ആഹാരവും ഔഷധവുമാണ് ആയുർവേദത്തിൽ…

ജാംഗല മാസത്തിൽ വരുന്ന മുയൽ മാംസം ആയുർവേദ വീക്ഷണത്തിൽ
ദഹന ശക്തി (ദീപനം)
കൂട്ടുന്ന ശീതവീര്യ പ്രധാനമായ മാംസമാണ്.

പോഷകങ്ങളുടെ കലവറ.
വൈറ്റമിൻ B12, നിയാസിൻ, ഇരുമ്പ്, സെലീനിയം, ഫോസ്ഫറസ് എന്നിവയാൽ സമൃദ്ധം.

പ്രോട്ടീനും കൊഴുപ്പുകളും കുറവാണ് എന്നതിനാൽ
ഗർഭിണികൾക്കും കുട്ടികൾക്കും ഉത്തമം.

തടി കൂടിയവർക്ക് ഉപയോഗിക്കാൻ പറ്റിയ മാംസം.

സോഡിയം കുറവെന്നതിനാൽ രക്ത
സമ്മർദ്ദം ഉള്ളവർക്കും കഴിക്കാം.

കൊഴുപ്പ് കുറവു കാരണം
ഹൃദ്രോഗികൾക്കും ഗുണപ്രദം.

കാൽസ്യം കൂടുതൽ ഉള്ളതിനാൽ
എല്ലിനും പല്ലിനും ഉത്തമം.

**പക്ഷിമാംസങ്ങൾ*
( *പൗൾട്രി* )*🐥🦆🐦

*കുറച്ച് കുക്കുട പുരാണം* 🐥🐥🐥

കുക്കുടമെന്നാൽ കോഴിതന്നെ…

രണ്ടുതരം കോഴികളെപ്പറ്റിയുള്ള പരാമർശമുണ്ട് ആയുർവേദത്തിൽ…കാട്ടുകോഴി എന്ന
വനകുക്കുടവും നാട്ടുകോഴി എന്ന ഗ്രാമ്യകുക്കുടവും. ചികഞ്ഞു പെറുക്കി തിന്നുന്ന വിഷ്ക്കിര വിഭാഗത്തിലെ പ്രധാനികൾ.

🦃 *കാട്ടുകോഴി*-grey jungle fowl, gallus sonnerati എന്ന് ശാസ്ത്രീയ പേരുള്ള ഇനം. നാട്ടുകോഴികളുടെ കാടൻ പൂർവികന്മാർ. അപൂർവമായി മാത്രം മുളങ്കാടുകളിലും കാട്ടുപൊന്തകളിലും ദർശനം തരുന്നവർ.

*കാട്ടുകോഴി ഗുണങ്ങൾ,*
*ആയുർവേദത്തിൽ*

🦃 വാതരോഗങ്ങളിൽ
ശ്രേഷ്ഠമായത്
🦃ഉയർന്ന പോഷകമൂല്യം
🦃ബലവർദ്ധകം. ‘
🦃സ്വരപ്രസാദത്തിനും മികച്ചത്

🐥 *നാട്ടുകോഴി* (Gallus domesticus)

🐥കാട്ടുകോഴിയുടെ ഗുണങ്ങൾ ഇതിനുമുണ്ട്.
🐥കുറേക്കൂടി കൊഴുപ്പ് കൂടുതലാണ്.
🐥ക്ഷയരോഗത്തിലും ഇടവിട്ട് വരുന്ന പനിയിലും ഔഷധത്തോട് ചേർത്ത് ഫലപ്രദം.

*താരമാകുന്ന കരിങ്കോഴി*🦃
കടക്കനാത്ത് എന്ന ഓമനപ്പേരുള്ള ഈ കോഴിയിനത്തിന്റെ ജന്മനാട് മധ്യപ്രദേശ് ആണ്.അടി മുതൽ മുടിവരെ കറുപ്പ്..അതുതന്നെയാണ് പ്രധാന ആകർഷണവും… ആന്തരികാവയവങ്ങൾ വരെ കറുത്തിരിക്കുന്ന കരിങ്കോഴിയുടെ മാംസം ഔഷധ മൂല്യമുള്ളതാണ്.

ഗുണങ്ങൾ- ഉയർന്ന പ്രോട്ടീനൊപ്പം കുറഞ്ഞ കൊളസ്‌ട്രോളും കൊഴുപ്പുമാണ് ഇതിന്റെ മേന്മക്ക് കാരണം…മറ്റ് കോഴികളിൽ 13-25% കൊഴുപ്പുള്ളപ്പോൾ ഇതിന് ഒരു ശതമാനത്തിലും താഴെയാണ് കാണുന്നത്.

*ഇവൻ വെറും ബ്രോയിലർ*🐓🐓🐓
മാംസ ഉത്പാദനത്തിനുവേണ്ടി മാത്രം വളർത്തുന്ന കോഴി ബ്രീഡുകൾ എല്ലാം ബ്രോയിലർ ഗണത്തിൽ പെടും.

ഇവർ ആയുർവേദത്തിന് അപരിചിതർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലാണ് ഇത്തരം കോഴികളുടെ ബ്രീഡിംഗ് തുടങ്ങിയത്. ഇപ്പോൾ ലോകം മുഴുവൻ എണ്ണമറ്റ ബ്രീഡുകൾ… വെള്ളത്തൂവലും മഞ്ഞ ത്വക്കും ഇവയുടെ പൊതുസ്വഭാവം. മിക്കവയും 35-49 ദിവസം കൊണ്ട് അറവു തൂക്കത്തിൽ എത്തുന്നു. പെട്ടെന്ന് തൂക്കം വയ്ക്കാൻ അമിതമായ രാസ മാർഗങ്ങളും കൃത്രിമ ഭക്ഷണങ്ങളും. അവ പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

*എന്നും ചിക്കൻ തന്നെ/ആരോഗ്യ പ്രശ്നങ്ങളും*🍗

മാസത്തിൽ ഒരിക്കൽ വീട്ടിലെ കോഴിയെ പിടിച്ചു കറിവെച്ചു കഴിക്കാറുള്ള കുട്ടിക്കാലം ഓർമയിൽ മാത്രം. എന്നും കോഴി കഴിക്കുന്നവർ ഇപ്പോൾ ധാരാളം… ചിക്കൻ ഗുലുഗുലാപിയും ജിഞ്ചർലിയുമൊക്കെയായി കൺകുളിർക്കുന്ന രൂപത്തിലും ഭാവത്തിലും അവതരിക്കുന്നു. അമിത ഉപയോഗത്താലുള്ള അമിതവണ്ണം, ഹോർമോൺ തകരാറുകൾ, PCOS യുമൊക്കെയായി കേരളം രോഗാതുരമാകുന്നത് എത്ര വേഗത്തിലാണ്…
വൈദ്യ സമൂഹവും പൊതു ജനങ്ങളും ഏറെ ശ്രദ്ധ കൊടുക്കേണ്ട വിഷയമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു..

*ആയിരം കോഴിക്ക് അരക്കാട*🐓🐣

കാടയുടെ മുഴുവൻ ഗുണങ്ങളും ഈ ഒരു വരിയിലുണ്ട്. ഇംഗ്ലീഷിൽ quail എന്നറിയപ്പെടുന്ന കാട ആയുർവേദക്കാർക്ക് ചടക പക്ഷിയാണ്.

*കാട ഗുണങ്ങൾ ആയുർവേദത്തിൽ:-*

*ബലവർദ്ധനം
*ത്രിദോഷഹരം
*വാത ശമനം
*ലൈംഗിക തകരാറുകൾക്കും ഫലപ്രദം.
*കൊഴുപ്പും കൊളസ്‌ട്രോളും കുറവ്
*ബി കോംപ്ലക്‌സ്, ഫോളേറ്റ്, വൈറ്റമിൻ E, വൈറ്റമിൻ K, micro nutrients ഇവ ധാരാളം
* കൂടുതൽ കൊളസ്‌ട്രോൾ ഉള്ളവർക്കും കുറഞ്ഞ അളവിൽ കൊളസ്‌ട്രോൾ നിലനിർത്തേണ്ടവർക്കും നല്ല പക്ഷി മാംസം ആണ് കാട.

*തവിട്ട് മുണ്ടൻ താറാവ്*🦆🦆🦆

കൂട്ടം തെറ്റാതെ വരിയൊപ്പിച്ചുള്ള താറാവ് നടത്തം അവർണനീയം.
ജലചാരി ഗണത്തിൽ വരുന്ന താറാവുകൾ കഫദോഷത്തെ വർദ്ധിപ്പിക്കുന്നവയാണ്. ശീത സ്വഭാവിയും…

താറാവ് ഇറച്ചി ഗുണ സമ്പുഷ്ടം:-

*പ്രോട്ടീൻ
*നിയാസിൻ
*ഫോസ്ഫറസ്
*ഇരുമ്പ്
*സിങ്ക്
*റൈബോഫ്ലാവിൻ
*വൈറ്റമിൻ B6, B12
*മഗ്നീഷ്യം എന്നിവ ധാരാളം

അമിതഉപയോഗം നന്നല്ല:
പൂരിത കൊഴുപ്പുകളുടെ ആധിക്യമുള്ളതുകൊണ്ട് ഹൃദ്രോഗ സാധ്യത കൂടുതലാണ്.

**മുട്ട മാഹാത്മ്യം* 🥚🥚

വിവിധങ്ങളായ പക്ഷി മുട്ടകളെപ്പറ്റി ആയുർവേദം ഏറെ പറയുന്നുണ്ട്. താറാവ്, കോഴി, കാട തുടങ്ങിയ മുട്ടകൾ എല്ലാം പല രോഗങ്ങളുടെ ചികിത്സയിൽ ഫലപ്രദം.
ശുക്ല ക്ഷയം, വിട്ടുമാറാത്ത ചുമ, ക്ഷയരോഗം,
ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളിൽ പറയുന്നു. പെട്ടെന്ന് ബലവർദ്ധനവ് ഉണ്ടാക്കുന്നതിനും നല്ലതാണ്.

*മുട്ട സമ്പൂർണ ആഹാരം* 🍳💪

9 essential fatty acids ഉള്ള മാംസാഹാരം.. പോരാത്തതിന് ഒമേഗ 3 ഫാറ്റിആസിഡും.

ഒരു വലിയ മുട്ടയിൽ:-🥚

*6gm പ്രോട്ടീൻ
*70 mgCaO
*5gm Fat
*195mg കൊളസ്‌ട്രോൾ
*6mg സോഡിയം
*iron
*വൈറ്റമിൻ A, D, E, B12
*ഫോളേറ്റ്, സെലിനിയം എന്നിവയാൽ സമൃദ്ധം.

*ദഹനശക്തി* *നോക്കണം* 🥚
പോഷകമൂല്യം ഏറിയത് എങ്കിലും മുട്ട ഗുരു സ്വഭാവം ഉള്ളതാണ്.
ദഹിക്കാൻ പ്രയാസമുള്ളത് എന്നർത്ഥം.

മുട്ടയുടെ ഉയർന്ന പോഷക നിലവാരം ഉപയോഗപ്പെടുത്താൻ സ്കൂൾ ഭക്ഷണ പരിപാടികളുടെ ഭാഗമായി മുട്ട കുട്ടികൾക്ക് ഇപ്പോൾ കൊടുക്കുന്നുണ്ട്. അതു നല്ലതുമാണ്. എങ്കിലും ദഹന ശേഷി ഇല്ലാത്ത കുട്ടികൾക്ക് ഉൾപ്പെടെ എല്ലാവർക്കും മുട്ട നൽകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

*കാട മുട്ട:-* കാഴ്ചയിൽ ചെറുതെങ്കിലും കോഴിമുട്ടയേക്കാൾ നാല് മടങ്ങ് പോഷകമൂല്യം.
വൈറ്റമിൻ B1, B2, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, എന്നിവയെല്ലാം മറ്റ് മുട്ടകളെക്കാൾ കൂടുതൽ.
സമൃദ്ധമായ HDL കൊളസ്‌ട്രോളും ബ്രെയിൻ function നു വേണ്ട കൊളിനും( choline) ധാരാളം.

*മാംസം ഋതുചര്യയിലും*⛈

ഋതു ചര്യ (seasonal regimen)യിലുമുണ്ട് മാംസങ്ങൾ കഴിക്കാനുള്ള നിർദ്ദേശം. ഓരോ ഋതുക്കളിലും ഏതെല്ലാം മാംസാഹാരം കഴിക്കാമെന്ന് ആയുർവേദം പറയുന്നു.
എല്ലാ ഋതുവിലും മാംസങ്ങൾ കഴിക്കാമെങ്കിലും മഴക്കാലത്ത് മാംസ രസത്തിൽ ത്രികടു പോലെയുള്ള ഔഷധങ്ങൾ ചേർത്ത് കഴിക്കാനാണ്
പറയുന്നത്. മഴക്കാലത്തെ ദഹനശക്തിക്കുറവിന് ഇതൊരു പരിഹാരം കൂടിയാണ്.

*എപ്പോൾ കഴിക്കാം എങ്ങനെ കഴിക്കാം*?🤔

ദഹന ശക്തി ഏറ്റവും കൂടുന്ന ഉച്ചസമയത്ത് അനുയോജ്യമായ പച്ചക്കറി വിഭവങ്ങളോടൊപ്പം മാംസം കഴിക്കുന്നതാണ് ഉത്തമം.
രാത്രി അപൂർവമായി മാത്രം മത്സ്യമാംസങ്ങൾ കഴിക്കുക. ശരിയായ ഉറക്കം ഉറപ്പു വരുത്തുന്നതിനും ദഹനം സുഖപ്പെടുത്തുന്നതിനും ഈ രീതിയാണ് യോജ്യമായത്.

*മാംസ വിഭവങ്ങൾ ആയുർവേദത്തിൽ*🍯

*സൂപ്പുകൾ-ഔഷധങ്ങൾ ഇട്ടു സംസ്കരിച്ചത്.

*വേശവാരം (കട്ലറ്റ്)- എല്ല് ഇല്ലാതെ അരച്ച് എടുക്കുന്നു.

*ഭൃഷ്‌ടം-വരട്ടി എടുക്കുന്നത്
*മൃദു ദ്രവ്യങ്ങളിട്ട് സംസ്‌കരിച്ചു എടുത്ത മാംസം.

*❌ഒഴിവാക്കേണ്ട മാംസവിഭവങ്ങൾ*

*തൈര്, ചെറുനാരങ്ങാ ഇവ പുരട്ടി വറുത്ത് എടുത്ത മാംസങ്ങൾ.

*അമിതമായ മസാല ചേർത്ത ഇറച്ചികൾ

*ബ്രോയിലർ കോഴി വിഭവങ്ങൾ.

*ഫാസ്റ്റ് ഫുഡ് ഗണത്തിൽ പെടുന്ന ഇറച്ചി വിഭവങ്ങൾ.

*✅കഴിക്കാവുന്നത്*

*വീട്ടിൽ തന്നെ പാകം ചെയ്ത നാടൻ കോഴി, കാട തുടങ്ങിയ അധികം മസാല ചേർക്കാത്ത മാംസങ്ങൾ. കുരുമുളക് എരിവിനായി ഉപയോഗിക്കുന്നതാണ് ഉത്തമം.

🦈 *മീനില്ലാതെ എങ്ങനെ ചോറുണ്ണും⁉*
“🎶അയല, മത്തി, ചൂര, കാരി, കണവ, കിളിമീൻ, കൂരി, കരിമീൻ
വറ്റവാള, ബ്രാല്, ചൊറക്, ഐക്കൂറ, നത്തോലി…🎶”

തൈക്കുടം ബ്രിഡ്ജിന്റെ ഈ fish rock പാട്ട് മതി മലയാളികൾക്ക് മീനുകളോടുള്ള പ്രണയം വെളിപ്പെടാൻ. ഒരു ദിവസം മീനില്ലെങ്കിൽ ചോറ് ഉണ്ണാത്തവരാണ് മിക്ക മലയാളികളും.
ഇതേ പ്രണയം ബംഗാളികൾക്കുമുണ്ട്. മത്സ്യത്തെ ജലപുഷ്പം ആയാണ് അവർ കാണുന്നത്.

*മത്സ്യായുർവേദം*🐟🦈

ആയുർവേദം മത്സ്യങ്ങളെപ്പറ്റി വാചാലമാകുന്ന ഇടങ്ങൾ ധാരാളം.

🐠മത്സ്യങ്ങൾ ബലവർദ്ധകവും ശരീരം തടിപ്പിക്കുന്നവയുമാണ്.

🐠വാത രോഗത്തിനും നല്ലത്.

🐠കഫ വർദ്ധക സ്വഭാവം കാരണം, എന്നും കഴിക്കാൻ നിർദ്ദേശിക്കുന്നുമില്ല.

സുശ്രുതനാകട്ടെ, കുളം, തടാകം, അരുവി, പുഴ എന്നിവിടങ്ങളിലെ മത്സ്യങ്ങളുടെ ഗുണ വ്യത്യസ്തതയെ പറ്റിയും പറയുന്നുണ്ട്.

**ചെറുമത്സ്യങ്ങൾ*🐠🐟

*നത്തോലി അത്ര ചെറിയ മീനല്ല….* 😮

ചെറു മീനുകൾ ആയുർവേദത്തിലും ഏറ്റവും നല്ലതായാണ് പറയുന്നത്.
ഏറ്റവും ലഘു സ്വഭാവിയും
രുചികരവും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതും ബലത്തെ വർദ്ധിപ്പിക്കുന്നവയുമാണ്
ചെറു മീനുകൾ.
വലിയ മത്സ്യങ്ങളേക്കാൾ ആരോഗ്യ പ്രദം.

*മേൻമയേറും മീൻമുട്ട* ✨

മീൻമുട്ട ആയുർവേദത്തിൽ പോഷകവും ഔഷധവുമാണ്.വൃഷ്യവും പുഷ്ടി ഉണ്ടാക്കുന്നതും
മേഹരോഗത്തിനെ ശമിപ്പിക്കുന്നതുമാണ്.

Shell fish, Mollusc, echinoderms, crustaceans എന്നിവയെല്ലാം അടങ്ങുന്ന ഏറ്റവും വൈവിധ്യമാർന്ന ജീവി വിഭാഗമാണ് മത്സ്യങ്ങൾ.

*പോഷകമൂല്യം* :-🐟

ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, മിനറൽ,
വൈറ്റമിൻ തുടങ്ങിയവ.
മത്തി പോലെ ഓയിലി മീനുകളിൽ ഉയർന്ന കൊഴുപ്പും കാണാം.
വൈറ്റമിൻ A,D,E,K ഇവയും ധാരാളം.

ഒമേഗ 3 ഫാറ്റി ആസിഡ് മീനുകളിൽ കൂടുതലാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.തലച്ചോറിന്റെ വളർച്ചയ്ക്കും അനിവാര്യം.

*അലർജി ഉണ്ടാക്കും മത്സ്യം* 🤮

കടൽ മത്സ്യങ്ങൾ ചിലതെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് കക്ക,ചെമ്മീൻ പോലുള്ളവ. ചിലരിൽ തുമ്മലും ചൊറിച്ചിലും മാത്രമെങ്കിൽ മറ്റു ചിലരിൽ ഗൗരവമേറിയ മറ്റു ലക്ഷണങ്ങളും.
ചെമ്മീനും നാരങ്ങയും ചേർത്തു കഴിച്ചു അലർജി ഉണ്ടായി മരണം വരെ സംഭവിച്ചകാര്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ചെമ്മീൻ ഉണ്ടാക്കുന്ന അലർജി തന്നെയാണ് ഇവിടെ പ്രശ്നമാകുന്നത്. ചെമ്മീനും നാരങ്ങയും ചേർന്നാൽ മരണകാരിയാകുമെന്ന് ആയുർവേദം പറയുന്നില്ല.

അതേസമയം,
ആയുർവേദത്തിലും മത്സ്യങ്ങളുടെ അലർജി ഉണ്ടാക്കുന്ന സ്വഭാവത്തെപ്പറ്റി പറയുന്നു. ചെമ്മീനും പാലും ചേർത്ത് കഴിക്കുന്നത് വിരുദ്ധമാണ് രോഗകാരിയുമാണ്. പൊതുവെ ചെമ്മീൻ എറ്റവും മോശം മീനായാണ് ആയുർവേദം ഗണിക്കുന്നത്. ഇതു
കൂടാതെ,
മത്സ്യത്തോട് ചേർത്തു കഴിക്കാൻ പാടില്ലാത്ത വിരുദ്ധ ഭക്ഷ്യ വസ്തുക്കളും ആയുർവേദം വിശദീകരിക്കുന്നുണ്ട്….

*ഉണക്കമീൻ ഉണ്ടാക്കും പ്രശ്നങ്ങൾ* 🐟🐟🙅🏻‍♀

വടക്കൻ കേരളത്തിൽ ഉണക്ക മീൻ ഉപയോഗം പൊതുവെ കൂടുതലാണ്..

വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല മറ്റു ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉത്തരവാദി…

ആയുർവേദപ്രകാരം
ഉണക്ക മീൻ ദഹന പ്രശ്നങ്ങളും മലബന്ധവും
ഉണ്ടാക്കുന്നവയാണ്..

ഉപ്പിൻ്റ ആധിക്യം കാരണം
രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള മറ്റു അസുഖങ്ങൾ വേറെയും ഉണ്ട്…

ഉണക്കമീൻ പരമാവധി ഒഴിവാക്കുകയാണ് അഭികാമ്യം.

*മീനിലും മായം*🍤

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാൽ വിഷമയമായ കടലിൽ നിന്ന് മത്സ്യങ്ങളിലും വിഷം എത്തുന്നു. Heavy toxic metals, dimethyl mercury, tetra ethyl lead എന്നിവയുടെ സാനിധ്യം പല മീനിലും ഉണ്ട്.
പല മീനുകളും സ്വഭാവേന
വിഷാംശം ഉള്ളതുമാണ്. ഇതുകൂടാതെ കടലിൽ നിന്ന് മീൻ ചട്ടിയിൽ എത്തും വരെ കേടുകൂടാതെ ഇരിക്കാൻ ചേർക്കുന്ന ഫോർമാലിൻ ഉൾപ്പെടെയുള്ള മായങ്ങളും മീനിനെ വിഷമയമാക്കുന്നു.

*അമിത മാംസോപയോഗം വരുത്തുന്ന വിനകൾ* 🥩🍖🍗

🙆🏻‍♂ഏറ്റവും കൂടുതൽ മാംസം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടെ കൊച്ചു കേരളമാണ്.

*70%ൽ അധികം മാംസാഹാരികൾ

👀പതിനായിരം കോടിയിലധികം മാംസക്കച്ചവടം ഒരു വർഷം നടക്കുന്നു.

🧟‍♀അമിത മാംസ ഉപയോഗം
കൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങളും വ്യാപകം..

🤦‍♂തീരെ വ്യായാമം ചെയ്യാത്തവർ അമിതമായി മാംസം പതിവായി കഴിക്കുന്നത് അതിലേറെ അപകടം..

*രോഗങ്ങൾ*🤮

▪ഹോർമോൺ തകരാറുകൾ (male &female infertility)

▪colon cancer ( ബീഫ്, കോഴി വറുത്തത്)
▪കൊളസ്ട്രോൾ,
▪സ്ട്രോക്ക്

▪പൊണ്ണത്തടി

▪ഡയബറ്റിസ്

▪കിഡ്നി രോഗങ്ങൾ

▪കരൾ രോഗങ്ങൾ

*വേണ്ടത് ആയുർവേദ സമീപനം* 🌱

🥩എല്ലാ ദിവസവും കഴിക്കാതിരിക്കുക
🥩മിതമായി കഴിക്കുക
🥩മാംസ ഗുണദോഷങ്ങൾ അറിഞ്ഞു കഴിക്കുക
🥩ശാരീരിക മാനസിക പ്രകൃതി, രോഗാവസ്ഥ ഇവ അറിഞ്ഞു കഴിക്കുക
🥩🔥ആരോഗ്യകരമായ രീതിയിൽ പാകം ചെയ്ത് കഴിക്കുക.
🥩🥒ഒപ്പം പച്ചക്കറികൾ ചേർത്ത് കഴിക്കുക.

⚖ *നല്ല മാംസം നമ്മുടെ അവകാശം*

പരിശോധന ഇല്ലാതെ വണ്ടികളിൽ കാലികളെ കുത്തി നിറച്ച്,
പാലക്കാട് ചെക്ക്പോസ്റ്റ്
വഴി കടത്തുന്ന വാർത്തകൾ ഉണ്ടായിരുന്നു.

പല രോഗങ്ങൾ ബാധിച്ച കാലികളെ അശാസ്ത്രീയമായ രീതിയിൽ അറവുശാലകളിൽ വച്ചു കശാപ്പ് ചെയ്ത മാംസം കഴിക്കേണ്ട ദുരവസ്ഥയിലാണ് നമ്മൾ..

*ആയുർവേദ വീക്ഷണം* 🔍

✅അപ്പോൾ കൊന്നെടുത്തതും ശുചിയായതുമായ മൃഗമാംസം ഉപയോഗിക്കണം.

❌ ഒഴിവാക്കേണ്ടത്

🔹തനിയെ മരിച്ചത്
🔹മെലിഞ്ഞ് ശുഷ്ക്കിച്ച മൃഗമാംസം
🔹രോഗം കൊണ്ടോ വിഷമേറ്റോ വെള്ളത്തിൽ വീണോ മരിച്ച ജീവികളുടെ മാംസം.

👨🏻‍🎓വേണ്ടത് മാംസ സാക്ഷരതയാണ്.
കാലികളെ കൊണ്ടു വരുന്നത് മുതൽ അറവു ശാല നടത്തിപ്പ് വരെ നീളുന്ന നിയമങ്ങൾ നമുക്കുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല…
അറവു മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയത മൂലം
മാംസാവശിഷ്ടങ്ങൾ കൂടിക്കിടന്ന് രോഗബാധ
ക്ഷണിച്ചു വരുത്തുന്ന അവസ്ഥയുമുണ്ട്.

👨‍⚖നല്ല മാംസം കഴിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്.
അതുറപ്പു വരുത്തുക എന്നത് ഭരിക്കുന്നവരുടേയും.

👨‍✈നിലവിലെ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും മാംസ ഭക്ഷണത്തോടുള്ള സമതുലിതമായ ആയുർവേദ കാഴ്ചപ്പാട് ഭക്ഷണ കാര്യത്തിൽ പുലർത്തുകയും ചെയ്താൽ നമ്മുടെ ആരോഗ്യ ജീവിതത്തിന് അതൊരു മുതൽക്കൂട്ടായിരിക്കും എന്നതിന് സംശയമില്ല.👨‍⚖

Dr. Shabu. A


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment