*പുലർവെട്ടം 179*
രാത്രി മുഴുവൻ ധ്യാനത്തിലായിരിക്കുവാൻ കാംക്ഷിച്ച ഒരു ആചാര്യൻ ഏതോ യാമത്തിൽ ഒന്നു മയങ്ങിപ്പോയി. സങ്കടം കൊണ്ട് അയാൾ കണ്ണിമകൾ പിഴുതുകളഞ്ഞു. ഇനി കണ്ണടയുന്ന പ്രശ്നമില്ല.
നിലത്തുവീണ കണ്ണിമകൾക്ക് വേരുകൾ പൊട്ടി, ഇലകൾ മുളച്ചു. അങ്ങനെയുണ്ടായതാണ് തേയിലച്ചെടി. ഈ കഥയിൽ നിന്നാണ് ബുദ്ധസംസ്കാരത്തിൽ ചായ ഉണർവിന്റെ പ്രതീകമായത്.
നിങ്ങളൊരു ബുദ്ധാശ്രമത്തിൽ ചെല്ലുമ്പോൾ അവിടുത്തെ ആചാര്യൻ തന്നെ ചായ പകർന്നുതരാൻ ശ്രദ്ധിക്കാറുണ്ട്. ‘നമുക്കൊരു ചായയാവാം’ എന്നത് കേവലം ദാഹമടക്കാനുള്ള വിളിയല്ല, മറിച്ച് കുറേക്കൂടി ഉണർന്നവനായി ലോകത്തെ കാണാനുള്ള ക്ഷണമാണ്. ബുദ്ധൻ എന്ന വാക്കിന്റെ അർത്ഥം പോലും ഉണർന്നവൻ എന്നു തന്നെ.
ഭാരതത്തിലത് ഉത്തിഷ്ഠത എന്ന ശംഖൊലിയാകുന്നു; be awaken എന്നു തന്നെ സാരം.
യേശുമൊഴികളിൽ അത് ജാഗ്രത എന്ന മുന്നറിയിപ്പായി. ഏത് ഉറക്കത്തിലും സൂക്ഷിക്കേണ്ട ഉണർവാണത്. ഒരുമിച്ച് ഉറങ്ങുന്ന ഒരു ഡോർമിറ്ററിയിൽ ആരോ നിങ്ങളുടെ പേര് വളരെ പതുക്കെ ഉച്ചരിക്കുമ്പോൾ പോലും ഞെട്ടിയുണരുന്നത് നിദ്രയിലേക്ക് വഴുതാത്ത ഏതോ ഒരു അംശം സജീവമാണ് എന്നതുകൊണ്ടാണ്. ആ വിളി കേട്ട് മറ്റാരുടേയും നിദ്രയ്ക്ക് ഭംഗമുണ്ടാകുന്നില്ല എന്നു കൂടി ശ്രദ്ധിക്കണം. പാടത്ത് വിത്തു വിതച്ചതിനുശേഷം വരമ്പത്ത് തെല്ലൊന്നു മയങ്ങിപ്പോയ ഒരാളുടെ കഥ യേശു പറഞ്ഞിട്ടുണ്ട്. ആ നേരത്ത് ശത്രു വന്നിട്ട് കള വിതച്ചു. ഒരു മാത്ര കണ്ണു ചിമ്മിയാൽ സംഭവിക്കുന്ന ദുരന്തമതാണ്. കളയെന്നോ വിളയെന്നോ വേർതിരിക്കാനാകാത്ത വിധത്തിൽ സുകൃതങ്ങളും സുകൃതക്ഷയങ്ങളും ഒരുമിച്ച് വളരുന്നു; വിവേചിച്ചറിയാൻ മാർഗ്ഗങ്ങളൊന്നുമില്ലാത്ത വിധത്തിൽ.
ഫ്രഞ്ച് കവയത്രി ലൂയിസ് കൊലേയുടെ – Louise Colet – രാപ്പാടികൾ പാടിത്തുടങ്ങിയതെങ്ങനെ എന്നർത്ഥം വരുന്ന ഒരു കവിതയുണ്ട്. മറ്റേതൊരു കിളിയേപ്പോലെയും അവരും പകൽ മുഴുവൻ അലഞ്ഞ് അന്തിയിൽ ഏതെങ്കിലും പച്ചിലച്ചാർത്തിൽ ചേക്കേറുകയായിരുന്നു പതിവ്. മുന്തിരിവള്ളികളിൽ ചേക്കേറിയ കിളികൾക്ക് വസന്തകാലത്തിൽ ഒരു അബദ്ധം പിണഞ്ഞു. വളരെ വേഗത്തിൽ ചുരുൾവേരുകൾ – tendril – വളരുന്ന കാലമാണത്. പുലർവെട്ടം കണ്ട കിളികൾ പറന്നുയരാൻ ശ്രമിക്കുമ്പോൾ കഴിഞ്ഞ രാത്രിയിൽ തങ്ങളെ വരിഞ്ഞുചുറ്റിയ ചുരുളുകളെ കണ്ട് അമ്പരന്നു. വരുംദിനങ്ങളിലും ഇത് ആവർത്തിച്ചു. ഉറങ്ങുന്നതുകൊണ്ടാണ് ഈ ദുര്യോഗമെന്ന് ബോധ്യപ്പെട്ട കിളികൾ ഉറങ്ങാതിരിക്കാൻ തീരുമാനിച്ചു. അതിനുവേണ്ടിയാണവർ പാടിത്തുടങ്ങിയത്. ആദ്യം ഇന്നത്തേതുപോലെ അത്ര മധുരമൊന്നുമല്ലായിരുന്നു അത്. പതുക്കെപ്പതുക്കെ പാട്ട് ഹൃദയഹാരിയായി. ഒന്നു മയങ്ങിയാൽ എന്തൊക്കെയാണ് ചെറിയ പ്രാണനെ മുറുക്കെ ചുറ്റുന്നത്!
ഇന്ന് കലണ്ടറിൽ കാണുന്നത് ‘റ്റീ ഡെ’ എന്നാണ്. മൊത്തം ചായപ്രാന്തന്മാർക്കും മുത്തം!
ഫാ. ബോബി ജോസ് കട്ടികാട്

Leave a comment