💗💖മരിച്ചാലും മറക്കാത്തവർ💓
•••••••••••••••••••••••••••••••••
കപ്യാര് തോമസ് ചേട്ടൻ വന്നാൽ ഭവനസന്ദർശനത്തിനു ഇറങ്ങാനായി മാർട്ടിനച്ചൻ ഒരുങ്ങി പള്ളിമുറിയുടെ മുൻപിൽ നിൽക്കുകയാണ്. അഞ്ചുമണിയായിട്ടും കപ്യാരുചേട്ടൻ എത്തിയിട്ടില്ല. ഓട്ടോഡ്രൈവർ എന്ന സൈഡ് ബിസിനസ്സ് കൂടി തോമസ് ചേട്ടനു ഉള്ളതുകൊണ്ട് ചിലപ്പോഴെല്ലാം ഇത് പതിവാണ്.
അപ്പോഴാണ് ഒരു വെള്ള സ്വിഫ്റ്റ് കാർ പള്ളിമുറ്റത്തുകൂടെ അച്ചന്റെ മുറിയുടെ മുൻപിലേക്ക് എത്തിയത്. നാലുപേർ അതിൽനിന്നും ഇറങ്ങി. ആരെയും കണ്ടിട്ട് പരിചയമില്ല എന്നുമാത്രമല്ല ആരും ആ ഭാഗത്തുള്ളവരാണെന്ന് തോന്നുന്നുമില്ല. ആരായിരിക്കും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴേക്കും അവരടുത്തെത്തി.
“മാർട്ടിൻ ഫാദറല്ലെ” ?
ഭാഷയിൽ ഒരു മലബാർ ചുവയുണ്ട്. നാലുപേരും ചെറുപ്പക്കാരാണ്. അലക്ഷ്യമായ വസ്ത്രധാരണം. മുഖത്ത് നല്ല ക്ഷീണവുമുണ്ട്.
അവരിൽ ഒരാൾ പിന്നെയും ചോദ്യം ആവർത്തിച്ചു “മാർട്ടിൻ ഫാദറല്ലെ” ?
“അതേ. ആരാ? മനസ്സിലായില്ലല്ലോ” ?
“ഞങ്ങൾ അല്പം ദൂരെ നിന്നാണ്. ഞങ്ങൾക്ക് അല്പം ഗൗരവമായ കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോൾ സംസാരിക്കാമോ”?
“ഞാൻ ഭവനസന്ദർശനത്തിനായി ഇറങ്ങാൻ പോവുകയായിരുന്നു. സാരമില്ല. വരൂ. ഇരിക്കൂ.”
അച്ചൻ അവരെ മുറിയിലേക്ക് ക്ഷണിച്ചു
അപ്പോഴേക്കും കപ്യാരുചേട്ടന്റെ ഓട്ടോ എത്തി.
‘തോമസ് ചേട്ടാ, കുറച്ചു കടുംകാപ്പി എടുക്കാമോ?” കപ്യാരുചേട്ടൻ അടുക്കളയിലേക്ക് പോയി.
“എന്താ, എന്താണ് കാര്യം ? നിങ്ങൾ എവിടെ നിന്നാണ്?”
“ഞങ്ങൾ വരുന്നത് കാസർകോട് നിന്നാണ്. ഞങ്ങൾ ഒരു കൊട്ടേഷൻ സംഘത്തിലുള്ളവരാണ്”.
മാർട്ടിനച്ചൻ പെട്ടെന്ന് ഒന്നുഞെട്ടി. പത്രത്താളുകളിലും ടിവിയിലും മാത്രം കേട്ടിരുന്ന വാക്ക്, ഇതാ ഇപ്പോൾ മുൻപിൽ. അച്ചന്റെ മനസ്സിൽ ചെറിയൊരു ഭയം ജനിച്ചു.
“ഫാദർ പേടിക്കേണ്ട. ഞങ്ങൾ അച്ചനെ സഹായിക്കാൻ വന്നതാണ്. അച്ചനെതിരെ ഒരാൾ ഞങ്ങൾക്ക് കൊട്ടേഷൻ തന്നിട്ടുണ്ട്. പക്ഷേ ഞങ്ങൾ ആ കൊട്ടേഷൻ ഉപേക്ഷിക്കുകയാണ്. പക്ഷേ അച്ചൻ സൂക്ഷിക്കണം. കാരണം അച്ചൻ അപകടത്തിലാണ്”
ഒന്നും മനസ്സിലാകാത്തപോലെയാണ് അച്ചൻ ഇരിയ്ക്കുന്നത്. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് അച്ചൻ ചോദിച്ചു.
“നിങ്ങൾ എന്താണ് പറയുന്നത്? ആരാണ് നിങ്ങൾക്ക് കൊട്ടേഷൻ തന്നത്?
ഇനി ആരെങ്കിലും തന്നാൽ തന്നെ യഥാർത്ഥ കൊട്ടേഷൻകാർ അത് പറയുമോ?
എത്രയുംവേഗം കാര്യം നടത്തുകയല്ലേ ഉള്ളൂ?
നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?
നിങ്ങളുടെ ഉദ്ദേശം എന്താണ്”? അച്ചൻ അല്പം ദേഷ്യത്തിലായി
“ഫാദർ പേടിക്കേണ്ട. ഞങ്ങൾക്ക് യാതൊരു തെറ്റായ ഉദ്ദേശവും ഇല്ല. ഫാദറിന്റെ സംശയങ്ങൾക്കെല്ലാം ഞങ്ങൾ മറുപടി പറയാം. അതിനു മുൻപ് ഫാദർ ഈ ഓഡിയോ റെക്കോർഡിങ് ഒന്ന് കേട്ടുനോക്കൂ”.
അതിലൊരാൾ തന്റെ മൊബൈൽ എടുത്ത് എന്തൊക്കെയോ പരതി. എന്നിട്ട് ഒരു റെക്കോർഡിങ് കേൾപ്പിക്കാനായി തുടങ്ങി.
റെക്കോർഡിങ് കേൾക്കുമ്പോൾ മാർട്ടിനച്ചൻ വിയർക്കാൻ തുടങ്ങി. അപ്പോഴേക്കും കപ്യാര് തോമസ് ചേട്ടൻ കടുംകാപ്പിയുമായി എത്തി. അത് മേശപ്പുറത്തു വച്ചിട്ട് തോമസ് ചേട്ടൻ പുറത്തു പോയി.
റെക്കോർഡിങ് കേട്ട് കഴിഞ്ഞു, ഏതാനും നിമിഷങ്ങളായി. മാർട്ടിനച്ചന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. ഫാൻ കറങ്ങിയിട്ടും നന്നായി വിയർക്കുന്നു.
അതിലൊരാൾ പറഞ്ഞു. ‘ഈ ഫോട്ടോയിലുള്ള ആളെ അച്ചൻ അറിയുമോ”
ഒരാൾ മൊബൈലിലുള്ള ഫോട്ടോ അച്ചനെ കാണിക്കാനായി അടുത്തുചെന്നു. “ഇയാളാണ് കൊട്ടേഷൻ തന്നത്”
അച്ചൻ കൂടുതൽ വിളറി. അച്ചൻ ഒരക്ഷരം മിണ്ടുന്നില്ല. അവർ തന്നെ കാപ്പിയെടുത്തു. അച്ചനും കാപ്പിയെടുത്ത് ചുണ്ടോട് മുട്ടിച്ചു.
“ഇനി ഫാദറിന് സംശയമുണ്ടോ”?
“ഇല്ല”.
മിനിറ്റുകൾ ഇഴയുകയാണ്. അല്പസമയത്തിനു ശേഷം പരിസര ബോധം വീണ്ടെടുത്ത് അച്ചൻ ചോദിച്ചു
“നിങ്ങൾ എന്തുകൊണ്ടാണ് ഇത് എന്നോട് തുറന്നു പറഞ്ഞത്?
ഞാൻ കൂടുതൽ പൈസ തരും എന്ന് കരുതിയിട്ടാണോ?”
മാർട്ടിനച്ചന്റെ ശബ്ദം വളരെ ലോലമായി.
“അല്ല. പൈസയായിരുന്നു ഞങ്ങൾക്ക് ആവശ്യമെങ്കിൽ ഞങ്ങൾ ഇങ്ങനെ ഇവിടേക്ക് വരില്ലായിരുന്നു. ഞങ്ങളുടെ അന്ന്വേഷണത്തിൽ ഫാദർ സത്യസന്ധനും നിരപരാധിയുമാണെന്ന് അറിഞ്ഞു. അതുകൊണ്ട് ഞങ്ങൾ ഇത് ഉപേക്ഷിക്കുകയാണ്. അതൊന്ന് വന്നു പറയാം എന്ന് കരുതി”.
“കാസർകോട് നിന്ന് ഇത് പറയാൻ മാത്രമായി നിങ്ങൾ വരികയോ? എനിക്കൊന്നും മനസ്സിലാകുന്നില്ല”.
‘ഞങ്ങൾക്ക് ഈ കൊട്ടേഷൻ കിട്ടിയിട്ട് 2ആഴ്ചയായി. അഡ്വാൻസും വാങ്ങി. പക്ഷേ ഈ കൊട്ടേഷൻ വാങ്ങിയതിന് ശേഷം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ട്. രാത്രി ഒരു രണ്ടു മണിയാകുമ്പോൾ ഒരു സ്ത്രീയുടെ രൂപം സ്വപ്നത്തിൽ പ്രത്യക്ഷപ്പെടും, എന്നിട്ട് പറയും ‘അവനെയൊന്നും ചെയ്യരുത്, അവനെ ഒന്നും ചെയ്യരുത് എന്ന്’. അന്ന് മുഴുവൻ പിന്നെ ആ സ്വരം കാതുകളിൽ മുഴങ്ങും.ഒപ്പം ഫാദറിന്റെ ഫോട്ടോയും കണ്മുന്നിൽ തെളിയും. ഇതൊക്കെ ഒന്ന് പറഞ്ഞ് മാപ്പ് ചോദിക്കാനാണ് ഞങ്ങൾ വന്നത്. ഉറങ്ങാൻ സാധിക്കാതെ എനിക്ക് വലിയ ബുദ്ധിമുട്ടാണ്”
“ആദ്യമായിട്ടാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം. ഫാദർ ഞങ്ങളോട് ക്ഷമിക്കണം”
ഇത് പറഞ്ഞിട്ട് അയാൾ അച്ചന്റെ കാലിൽ തൊട്ടു. അച്ചൻ വേഗം എഴുന്നേറ്റു.
കേൾക്കുന്നതെല്ലാം ഒരു സിനിമാ കഥപോലെ മാർട്ടിനച്ചന് തോന്നി.
‘അച്ചൻ സൂക്ഷിക്കണം, അവർ വേറെ ആരെയെങ്കിലും ഈ കൊട്ടേഷൻ ഏല്പിക്കും” അയാൾ പിന്നെയും പറഞ്ഞു.
“ഞങ്ങൾക്ക് ഒത്തിരി ദൂരം പോകാനുണ്ട്. ഞങ്ങൾ ഇറങ്ങുന്നു”
‘ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു’ എന്ന് പിടഞ്ഞു നിലവിളിക്കുന്ന യേശുവിന്റെ കുരിശിനു താഴെ തകർന്ന ഹൃദയവുമായി ഒരമ്മ. ഇനി ഈ ഭൂമിയിൽ താൻ അനാഥ. ചേർത്തുപിടിക്കാനും കാത്തിരിക്കാനും ജീവിതത്തിൽ ആരും ബാക്കിയില്ല. എല്ലാം വലിയ പൂജ്യത്തിലേക്ക് ചുരുങ്ങുന്നു. കണ്ടിരുന്ന സ്വപനങ്ങൾക്കെല്ലാം ഇനി വിട. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കുമെന്ന ശിമയോൻ ദീർഘദർശിയുടെ വാക്കുകൾ ആ കുരിശിൻ ചുവട്ടിലിരുന്ന് പിന്നെയും ആ അമ്മ ഓർത്തു. ഇനി ആ പ്രവചനം കേൾക്കുമ്പോൾ ഇതുവരെയുണ്ടായ സംഭ്രമം വേണ്ട, എല്ലാം പൂർത്തിയായിരിക്കുന്നു.
യേശു മരിച്ചതിനുശേഷം മറിയം സമാധാനത്തോടെ ഉറങ്ങിക്കാണുമോ? തന്റെ മകൻ കടന്നുപോയ വേദനയുടെ കൊടുമുടികളൊക്കെയും അവൾ ഓർത്തോർത്ത് കരഞ്ഞുരുകി ത്തിത്തീർന്നു കാണില്ലേ?
യേശു മരിച്ചിട്ടും അവനെക്കുറിച്ചുള്ള ഓർമ്മകൾ മരിക്കാതെ അമ്മയുടെ മനസ്സിൽ കിടന്നു ഞെരിപിരി കൊള്ളുകയാണ്. ഓരോ രാത്രിയിലും ഈ ഇരുട്ടൊന്നു മാറിയിരുന്നെങ്കിലെന്ന് അമ്മ ആഗ്രഹിച്ചുകാണില്ലേ? ഒരു ദിവസം പോലും മകനെക്കുറിച്ചുള്ള വേവലുകളില്ലാതെ ആ അമ്മ ഉറങ്ങിക്കാണില്ല.
ഉറങ്ങുമ്പോഴും അമ്മമാരുടെ മനസ്സിൽ മക്കളുണ്ടായിരിക്കും. അതുകൊണ്ടല്ലേ എത്ര പാതിരാത്രിയിലും ‘അമ്മേ’ എന്ന് മാത്രം വിളിച്ചുകൊണ്ട് നാം വാതിലിൽ മുട്ടുന്നത്. അമ്മ വീട്ടിലില്ലാത്ത ഒരു രാത്രിയിൽ, ആരെ വിളിക്കും എന്നോർത്ത് വീടിനു മുന്നിൽ പകച്ചു നിന്നിട്ടുണ്ട്.
നമുക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കും എന്ന് നമുക്ക് ഉറപ്പിക്കാനാകുന്നത് അമ്മ മാത്രമാണ്. മരണത്തിനുപോലും അമ്മയുടെ പ്രാർത്ഥന നഷ്ടപ്പെടുത്താനാവില്ല. സ്വർഗ്ഗത്തിലും അവർ നമുക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന അമ്മമാർ ആദ്യം ചെയ്യുന്നത് അവരുടെ മക്കൾക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയായിരിക്കും എന്ന് തോന്നുന്നു. അവർ മുകളിൽനിന്ന് നമ്മെ താഴേക്ക് നോക്കിയിരിക്കും. അതുകൊണ്ടാണല്ലോ നക്ഷത്രങ്ങളെല്ലാം മരിച്ചുപോയവരാണെന്നൊക്കെ നാം കുട്ടികളോട് പറയുന്നത്.
മാർട്ടിനച്ചന്റെ മുറിയിൽ നിന്നും ചെറുപ്പക്കാർ പുറത്തുകടക്കുകയാണ്. അപ്പോളാണ് ആ ചുമരിനു വശത്തായി തൂക്കിയിട്ടിരുന്ന ഒരു ഫോട്ടോ അയാൾ ശ്രദ്ധിച്ചത്. മാർട്ടിനച്ചന്റെ നേരെ തിരിഞ്ഞു അയാൾ ചോദിച്ചു “ഇതാരുടെ ഫോട്ടോയാ”?
“അമ്മയുടെ. മരിച്ചിട്ട് 5 വർഷമായി”.
“ഈ സ്ത്രീയുടെ രൂപമാണ് ഞാൻ സ്വപ്നത്തിൽ കാണാറുള്ളത്. ഇവരാണ് അവനെ ഒന്നും ചെയ്യരുത് എന്ന് പറയാറുള്ളത്”
ആ ചെറുപ്പക്കാർ കാറിൽ കയറി തിരിച്ചുപോയി. മാർട്ടിനച്ചൻ വാതിൽപ്പൂട്ടി പള്ളിയിലേക്ക് ചെന്നു. തോമസു ചേട്ടൻ കാത്തിരിപ്പുണ്ട്.
‘ഇന്നിനി പോകേണ്ട. എനിക്കൊരു കുർബ്ബാന ചൊല്ലണം, അമ്മയ്ക്കുവേണ്ടി. കുർബ്ബാനയ്ക്കൊന്ന് ഒരുക്കാമോ’?
“പിന്നെന്താ”
‘ആ, തോമസുച്ചേട്ടാ, പിന്നെ കുർബ്ബാന അമ്മയ്ക്കുവേണ്ടിയല്ല. അമ്മയോടൊപ്പം”.
നമുക്കായി നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അമ്മമാർക്കായി പ്രാർത്ഥിക്കാം 🙏

Leave a comment