*പുലർവെട്ടം 180*
മോശയെ ദൈവം കണ്ടെത്തിയത് ഇങ്ങനെയാണെന്ന് ഒരു യഹൂദപാരമ്പര്യമുണ്ട്. തന്റെ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒന്നിനെ കാണാതെ പോയപ്പോൾ മോശ അതിനെ തിരഞ്ഞിറങ്ങി. അതൊരു നീർച്ചാലിൽ നിന്നു വെള്ളം കുടച്ചു നിൽപ്പുണ്ടായിരുന്നു. ദാഹിച്ചതുകൊണ്ടാണ് അതു കൂട്ടം വിട്ടതെന്നു മനസ്സിലായ മോശയ്ക്ക് വലിയ കുറ്റബോധമുണ്ടായി; അതിന്റെ ദാഹം തനിക്ക് പിടുത്തം കിട്ടിയില്ലല്ലോ എന്ന്. ആ ഖേദത്തിൽ, അതിനെ നടക്കാൻ പോലും അനുവദിക്കാതെ തോളിലേറ്റി, പൊള്ളുന്ന മണലിനു കുറുകെ കടക്കുമ്പോഴായിരുന്നു യാഹ്‌വേ അയാളെ കണ്ടതും വിളിച്ചതും.
ഇതിന്റെ ഗുരുത്വം പിടികിട്ടണമെങ്കിൽ ഒരു പള്ളിക്കൂടം വിനോദയാത്രയ്ക്കൊപ്പം പോകണം. ഏതോ ഒരു സ്മാരകം കണ്ട് കുട്ടികൾ ബസ്സിലേക്ക് മടങ്ങുന്നു. ടീച്ചർ റോൾ കോൾ നടത്തുകയാണ്. ഒരെണ്ണം ഒത്തുകിട്ടുന്നില്ല. അത് മനുവാണെന്ന് മനസ്സിലാകുന്നു. തിരഞ്ഞുപോകുമ്പോൾ മനു പെട്ടിക്കടയിൽ നിന്ന് സോഡാ സർബത്തു കുടിക്കുകയാണ്. ഇനി ആ വിനോദയാത്രയിലുടനീളം മനു ഉദാഹരണവും ഉപമയും ഉൽപ്രേക്ഷയുമൊക്കെയായി മാറും. അവന്റെ തലവര തീരുന്നില്ല; അടുത്ത വർഷത്തെ വിനോദയാത്രയിൽ ടീച്ചർ നിർദ്ദേശങ്ങൾ പറഞ്ഞുതുടങ്ങുന്നതുതന്നെ ഇങ്ങനെയായിരിക്കും, “കഴിഞ്ഞ വർഷം ഒരു മനുവുണ്ടായിരുന്നു…” 😃
നമ്മളെ ഭരമേല്പിച്ചവരുടെ പൈദാഹങ്ങളെ കാണാതെ പോയി എന്നതായിരുന്നു ശരിക്കുമുള്ള അപരാധം. അതിനു മറയിടാൻ എന്തൊക്കെ ആരോപണങ്ങളാണ് നാം മുഴക്കുന്നത്. സ്വന്തം ഉത്തരവാദിത്വത്തിലുള്ളവരുടെ ഇംഗിതങ്ങളെ ആരായാനും പരിഹാരം തേടാനും നേരമോ ധ്യാനമോ സമചിത്തതയോ പോലുമില്ലാത്ത ഭരണാധികാരികളാണ് ഏതൊരു കാലത്തിന്റേയും ദുഃഖവും പ്രതിസന്ധിയും.
മിഴികളിൽ ഉറ്റുനോക്കുക എന്ന ലളിതമായ ഗൃഹപാഠം കൊണ്ട് നേരിടാവുന്ന ഒരു പ്രശ്നമാണിത്. മിഴികൾ വിളക്കാണെന്ന് യേശു പറഞ്ഞിട്ടുണ്ട്. ഉള്ളിലുള്ളതിനെ വെളിപ്പെടുത്തുന്ന മീഡിയം എന്നു സാരം. ഭീതിയും ക്ഷോഭവും ദുഃഖവും നൈരാശ്യവും അസംതൃപ്തിയും ആകുലതയുമൊക്കെ ക്രിസ്‌മസ് മരത്തിലെ മാല വിളക്കുകളിലെന്നതു പോലെ മിഴികളിൽ മിന്നി മിന്നി ചിമ്മുന്നുണ്ട്.
മറക്കരുത്, നാസി ക്യാമ്പുകളിൽ തടവുകാരുടെ മിഴികളിൽ നോക്കരുതെന്ന് പട്ടാളക്കാർക്ക് കണിശമായ നിർദ്ദേശമുണ്ടായിരുന്നു.
“The struggle of man against power is the struggle of memory against forgetting.”
The Book of Laughter and Forgetting / Milan Kundera
ഫാ. ബോബി ജോസ് കട്ടികാട്

Leave a comment