*പുലർവെട്ടം 181*
അവിചാരിതങ്ങളുടെ സങ്കലനമാണ് ഓരോ ജീവിതവും; പിരിയൻ ഗോവണി പോലെ. കാരൻ ആംസ്ട്രോങ് തന്റെ ആത്മകഥയ്ക്കിട്ട ശീർഷകവും അതാണെന്നോർക്കണം, The Spiral Staircase. ഓരോരോ തിരിവുകളിൽ എന്തൊക്കെയാണ് ഒരാളെ കാത്തിരിക്കുന്നത്?
ആഫ്രിക്കൻ ഗോത്രങ്ങളിൽ ഇങ്ങനെയൊരു നടപ്പുണ്ട്- ചെറിയ കുഞ്ഞുങ്ങളെ ഒരു രാത്രി മുഴുവൻ കാട്ടിൽ ഉപേക്ഷിക്കുക, പാതിരാവിലാണത്. തമ്പേറുകളുടേയും പന്തങ്ങളുടേയും അകമ്പടിയോടെ ആരവങ്ങൾ മുഴക്കി വനത്തിന്റെ ഉള്ളിലേക്കെത്തുന്ന സംഘം കുട്ടിയെ കാട്ടിൽ വിട്ടിട്ട് നൃത്തച്ചുവടുകളുമായി മടങ്ങുന്നു.
ഒരു ചെറിയ കുഞ്ഞ് കാറ്റത്തെ ആലില പോലെ അടിമുടി വിറച്ച് പുലരിയാവണമേയെന്നു പ്രാർത്ഥിച്ച് കണ്ണിറുക്കെപ്പിടിച്ച് ഓരോ മാത്രയും എണ്ണിത്തീർക്കുകയാണ്. പുലരിയിൽ കുട്ടിക്കൊരു സുവാർത്തയുണ്ട്. തെല്ലു ദൂരത്തൊരാൾ കൂനിപ്പിടിച്ചിരിക്കുന്നു; അതിന്റെ അച്ഛനാണ്.
നിങ്ങളോർത്തോ, ആൾക്കൂട്ടത്തോടൊപ്പം അയാളും മടങ്ങിപ്പോയെന്ന്? ഇല്ല, അയാൾ എവിടെയോ നിൽപ്പുണ്ട്; എന്തെങ്കിലും ഒരു അത്യാഹിതം വന്നാൽ ഇടപെടാനാവും വിധത്തിൽ. ഇതോടു കൂടി കുഞ്ഞിന് കാടിനേയും പേടിയില്ലാതെയായി, രാവിനേയും പേടിയില്ലാതെയായി.
യാത്രയ്ക്കു പോകുമ്പോൾ വടി കരുതേണ്ടെന്ന് ഒരു അനുശാസനം സുവിശേഷത്തിലുണ്ട്. യാത്രികന്റെ കണക്കുകൂട്ടലിന്റെ അടയാളമാണത്. ചെങ്കുത്തായ പാത നീളെ കടക്കുമ്പോൾ, ഒരു കൈത്തോടിന്റെ ആയം മനസ്സിലാക്കേണ്ടിവരുമ്പോൾ, ഒരു പഴം പൊട്ടിക്കുവാൻ, എതിരെ വരുന്ന മൃഗത്തെ പ്രതിരോധിക്കുവാൻ ഒക്കെ വടി അനിവാര്യമാണ്. എന്നിട്ടും അത് ഒടിച്ചുകളയാനാണ് ക്ഷണം.
ആരോ ഒരാൾ നിങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ശ്രദ്ധാലുവാണ്- you are under surveillance. ആ ഇടപെടലിനേയും ശ്രദ്ധയേയുമാണ് പരിപാലന – providence – എന്ന് വേദപുസ്തകം വിളിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെത്തിയ ഒരാൾ സകലമാന തീവണ്ടിയുടേയും നേരം ചോദിച്ചുറപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ചരക്കുവണ്ടികളുടെ നേരവും.
പകച്ചുപോയ എൻക്വയറി ഉദ്യോഗസ്ഥൻ “ഇതൊക്കെ അറിഞ്ഞിട്ട് എങ്ങോട്ടുപോകാനെ”ന്ന്.
“എങ്ങും പോകാനല്ല. ഈ പാളമൊന്ന് കുറുകെ കടക്കാനെ”ന്ന് മറുപടി! 😃
ഫാ. ബോബി ജോസ് കട്ടികാട്

Leave a comment