*പുലർവെട്ടം 186*
കാരൾ ഗായകരെ ഭയന്നു വിളക്കണച്ച് ജനാലയിലൂടെ അവർ മടങ്ങുകയില്ല എന്ന് ഉറ്റുനോക്കി ഉറപ്പിക്കുന്നവരേ, നിങ്ങൾ വിചാരിക്കുന്നതുപോലെ ബുദ്ധി മുത്തൂറ്റിൽ പണയം വച്ചിട്ടല്ല അവരീ മഞ്ഞത്ത് അലയുന്നത്. മാർ ക്രിസോസ്റ്റം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ഓർമ്മ പങ്കു വയ്ക്കുന്നുണ്ട്. എല്ലാവരും ഉറങ്ങിയെന്ന മട്ടിൽ മടങ്ങിപ്പോകാനായി കാരൾ സംഘം ആലോചിച്ചു തുടങ്ങുമ്പോൾ കൂട്ടത്തിൽ ഒരു മോൺസ്റ്റർ എട്ടു ബാറ്ററിയുടെ ടോർച്ച് എരുത്തിനു മുന്നിലെ വൈക്കോൽത്തുറുവിനുള്ളിൽ മിന്നിച്ചും കെടുത്തിയും കളിച്ചു. വൈക്കോൽത്തുറുവിനു തീ പിടിച്ചു എന്നലറി വിളിച്ച് സാക്ഷയെടുക്കാൻ നേരമില്ലാത്തതുകൊണ്ട് ജനലഴിയിലൂടെ കുഞ്ഞുകുട്ടിപരാധീനങ്ങളെല്ലാം പുറത്തുവന്നു. ശാന്തരാത്രി.. തീരാത്രി… 😀
‘സന്തോഷസൂചകമായി സ്വീകരിച്ചത്’ ശകലം കുറഞ്ഞുപോയെന്നോർത്ത് റബർ ഷീറ്റു കൊണ്ട് ഉണ്ണിയെ പൊതിഞ്ഞുപോയ ബാലന്മാരൊക്കെ വളർന്നുവലുതായിട്ടുണ്ടാവും. എന്തൊക്കെ പറഞ്ഞാലും, ഇതൊരു കവിതയുള്ള സങ്കല്പമാണ്. മനുഷ്യർ നിരത്തുകളിലൂടെ സ്നേഹഗീതങ്ങൾ ആലപിച്ചും ആലിംഗനം ചെയ്തും സമ്മാനം കൈമാറിയും ആർദ്രമായൊരു കാലത്തെ രചിക്കും. നമ്മളെത്ര നുള്ളാൻ ശ്രമിച്ചാലും പൂർവാധികം പടർപ്പുകളോടെ അത് അവതരിച്ചുകൊണ്ടേയിരിക്കും. നാലാം നൂറ്റാണ്ടു തൊട്ടു തുടങ്ങിയ വട്ടക്കളിയാണിത് – round dance accompanied by singing. അതേ കാലത്തിലുള്ള മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസ് പുണ്യാളൻ കാരളിന്റെ തലതൊട്ടപ്പനായി പരിഗണിക്കപ്പെടുന്നുണ്ട്.
ആരെങ്കിലുമൊക്കെ ഒരു സ്നേഹഗീതം ഉറക്കെ പാടാനുണ്ടായിരുന്നെങ്കിൽ ലോകം കുറേക്കൂടി അഴകുള്ള ഇടമായേനെ. ക്രിസ്മസ് നാളുകളിൽ മാത്രമല്ല, എല്ലാ കാലത്തിലും അതങ്ങനെ തന്നെയാണ്. അതിനു നിങ്ങൾ ഒരു ബാവുൾ ഗായകനാകണമെന്നോ സൂഫി നർത്തകനാകണമെന്നോ ഒന്നുമില്ല. വെറുതെയൊന്ന് മൂളിപ്പാടാനുള്ള ധൈര്യമുണ്ടായാൽ മാത്രം മതി. ഓർക്കണം, വലിയ ഗായകർക്കില്ലാത്ത ഒരു ആനുകൂല്യം നമുക്കുണ്ട്- മുടിഞ്ഞ ആത്മാർത്ഥത. ഒരു അന്താക്ഷരി പോലും ഒരു ഒത്തുചേരലിനെ കുറേക്കൂടി ഈർപ്പമുള്ളതാക്കി മാറ്റുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
Les Miserables- ൽ, ദൂരെ താഴ്‌വാരങ്ങളിൽ നിന്ന് സായന്തനങ്ങളിൽ ഉറക്കെ പാടിയിരുന്ന ഒരു ഗായകനുണ്ട്. ലളിതമായ ഒരു നാടോടിപ്പാട്ടാണയാൾ പാടുന്നത്; സ്നേഹിതയ്ക്കു വേണ്ടി എന്ന മട്ടിൽ ചിട്ടപ്പെടുത്തിയത്- “എന്റെ സെതുൽപേ വരൂ, എന്റെ മനസ്സിൽ വാഴൂ…”
ഒരു കന്യകാലയത്തിൽ അതുണ്ടാക്കിയ വ്യത്യാസം വളരെയായിരുന്നു. ജീവന്റെ നിലവറയിൽ എന്നോ ഒളിപ്പിച്ചുവയ്ക്കുകയും പിന്നെ കാലാന്തരെ മറന്നുതുടങ്ങുകയും ചെയ്ത പ്രണയഭാവത്തെ വീണ്ടെടുക്കാൻ പര്യാപ്തമായിരുന്നു അത്. അതവരുടെ ചലനങ്ങൾക്ക് ഉന്മേഷവും മിഴികൾക്ക് നനവും തിരികെ കൊടുത്തു. തൂവാലയിൽ പൂക്കൾ നെയ്യുന്നതുപോലെ ഏകാഗ്രതയിലും പുഞ്ചിരിയിലും അവർ തങ്ങളുടെ കർമ്മങ്ങളിൽ ഏർപ്പെട്ടു. ഇരുൾ വീണ ഇടനാഴികളിൽ മൂളിപ്പാട്ടും പൊട്ടിച്ചിരിയും പിന്നെ വാക്കിനേക്കാൾ പ്രഭയുള്ള മൗനവും ഉണ്ടായി.
പാലപ്പൂമണമുള്ള ഈ രാവുകളിൽ മോഹിപ്പിക്കുന്ന പാട്ടുകളും പാട്ടുകാരുമുണ്ടാവട്ടെ… അറിയാത്തൊരിടയന്റെ വേണുഗാനം, അകലേ നിന്നെത്തുന്ന വേണുഗാനം!
*ബോബി ജോസ് കട്ടികാട്*

Leave a comment