*പുലർവെട്ടം 188*
അനുജനെ കൊല്ലാനുറപ്പിച്ചുതന്നെയാണ് അയാൾ അവിടെയെത്തിയത്.
അവൻ മദ്യപിച്ച് നൃത്തം ചവിട്ടുകയാണ്. കാഞ്ചി വലിക്കാനുള്ള ഉന്നം ശരിയാക്കാനായി റൈഫിൾ സ്കോപ്പിലൂടെ ഉറ്റുനോക്കുകയായിരുന്നു. വളഞ്ഞും തിരിഞ്ഞുമുള്ള നൃത്തത്തിനിടയിൽ അവന്റെ മുഖത്തിന്റെ പാർശ്വവീക്ഷണം അയാൾക്കു ലഭിക്കുന്നുണ്ട്. അപ്പോഴാണ് കൗതുകകരമായൊരു കണ്ടെത്തൽ അയാൾക്കുണ്ടായത്. മരിച്ചുപോയ തങ്ങളുടെ അച്ഛനെപ്പോലെ തന്നെയിരിക്കുന്നു അവൻ. കൈ കുഴഞ്ഞുപോകാതെ ഇനി എന്തു ചെയ്യും- my brother!
ഭൂമിയിലുണ്ടായ എല്ലാ സംഘർഷങ്ങളും സോദരഹത്യയുടെ കഥകൾ തന്നെയാണ്. യുദ്ധത്തെ കേന്ദ്രമാക്കി ഒരു പുസ്തകം രചിക്കുമ്പോൾ നിക്കോസ് കസൻദ്‌സാക്കിസ് ഇങ്ങനെയാണ് അതിനു ശീർഷകമിട്ടത്- The Fratricides; ഭ്രാതൃഹത്യകൾ.
ദൈവമകൻ- എന്തൊരു ഇന്റിമേറ്റായ പദമാണ്. അതിൽ നിന്നാണ് ക്രിസ്ത്രീയധർമ്മത്തിൽ ബാക്കിയുള്ള എല്ലാ മൂല്യങ്ങളും പൊടിച്ചത്. സാഹോദരൻ എന്ന പദം ക്രിസ്റ്റ്യാനിറ്റിയുടെ ആദ്യദശകങ്ങളിൽത്തന്നെ അഗാധമായിരുന്നു; കമ്മ്യൂണിസം, സഖാവ് എന്ന പദം പിൽക്കാലത്ത് ലോകത്തിനു സമ്മാനിച്ചതുപോലെ. അസ്സീസ്സിയിലെ ഫ്രാൻസിസൊക്കെ ആ പദത്തിന്റെ അഴകിൽ അടിമുടി മുഗ്ദ്ധരായിട്ടുണ്ട്.
ആശ്രമത്തിൽ കള്ളൻ കയറി. കുറേ കാലമായി ആരേയും ഇടിക്കാതെ തെല്ലു നഷ്ടബോധത്തിൽ ജീവിച്ചിരുന്ന അന്തേവാസികളായിരുന്നു. മാനത്തിട്ട് ഇടിച്ചു. എല്ലാവർക്കും ഇടിക്കാനുള്ള ഊഴം കിട്ടാനായിരുന്നു അത്. പിന്നെ പുറത്ത് തണുപ്പിലേക്ക് എറിഞ്ഞു. അത്താഴത്തിനെത്തിയ ഫ്രാൻസിസ് കഥ കേട്ട് വാവിട്ടു കരഞ്ഞു; സഹോദരൻ കള്ളന് വിശന്നപ്പോൾ അയാൾക്ക് അത്താഴം കൊടുക്കാതെ അപഹസിച്ചും പ്രഹരിച്ചും നിങ്ങൾ. ആ വാക്ക് ഉള്ളിൽക്കിടന്ന് അനങ്ങി.
സീൻ 2.
ഓരോരുത്തർക്കായി പിഞ്ഞാണത്തിൽ വിളമ്പിവച്ച ഭക്ഷണമുണ്ട്. അതു കൈയിലെടുത്ത് പുറത്തെ തണുപ്പിലേക്കും ഇരുട്ടിലേക്കും അവർ നടന്നു; പൈൻ വൃക്ഷങ്ങൾക്കിടയിലൂടെ “സഹോദരൻ കള്ളാ, വന്നു കഴിച്ചിട്ടു പോ” എന്നുറക്കെ വിളിച്ച്. ഏതോ മരങ്ങൾക്കിടയിൽ പമ്മിയൊതുങ്ങി നിന്ന അയാൾ തന്റെ കരച്ചിൽ പുറത്തേക്കു വരാതിരിക്കാൻ സ്വന്തം വിരലുകളെ കടിച്ചുമുറിച്ചു, എന്തൊക്കെയാണ് ഈ മനുഷ്യർ വിളിച്ചുപറയുന്നത്.
ഉടപ്പിറപ്പുകളെ ഒന്നുകൂടി ഉറ്റുനോക്കാനും അങ്ങനെ അവരിൽ അടക്കം ചെയ്തിട്ടുള്ള അച്ഛന്റെ മുദ്ര മറ നീക്കി കാണാനും കൂടിയായിരിക്കണം ഈ ക്രിസ്മസ് ദിനങ്ങൾ എന്നെ സഹായിക്കേണ്ടത്.
*ബോബി ജോസ് കട്ടികാട്*

Leave a comment