*പുലർവെട്ടം 189*
രണ്ടു പദങ്ങൾക്കിടയിലുള്ള അകലം പാതിരാ കുർബാന കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഓർത്തെടുത്താൽ നല്ലതാണ്- യേശുവിലുള്ള വിശ്വാസം / യേശുവിന്റെ വിശ്വാസം.
നിർഭാഗ്യവശാൽ, കഴിഞ്ഞ രാത്രിയിലും പുൾപിറ്റിൽ നിന്നു കേട്ടത് യേശുവിലുള്ള വിശ്വാസത്തെ നവീകരിക്കാനാവും. അതിപ്പോൾ സാച്ചുറേറ്റഡല്ലേ? അങ്ങനെയൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ തണുപ്പത്ത് കുഞ്ഞുങ്ങളുമായി പള്ളിയിലേക്കു പോയത്. ഒരിഞ്ച് വികാസം അതിനകത്ത് ഇനി സാധ്യമല്ല.
അപ്പോഴാണ് രണ്ടാമത്തെ പദം – faith of Christ – മുഴങ്ങുന്നത്. യേശുവിനെ ഒരു ബോധമായും പാതയായും തിരിച്ചറിയാനുള്ള ക്ഷണമാണത്. പുൽത്തൊഴുത്തിന്റെ പഞ്ഞത്തിലൂടെ പ്രവേശിച്ച് ഒറ്റമുറിവായി നിലവിളിച്ചു മടങ്ങിയ ഒരാളെ അതിനു പ്രേരിപ്പിച്ച വിശ്വാസം എന്തായിരിക്കണം? അതൊരു സാധ്യതയാണ്. ആ സാധ്യതയേക്കുറിച്ച് കാര്യമായ വീണ്ടുവിചാരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ‘ഒരേയൊരു ക്രിസ്ത്യാനിയേ ഉണ്ടായിരുന്നുള്ളു, അയാൾ കൊല്ലപ്പെടുകയും ചെയ്തു’ എന്ന കറുത്ത ഫലിതമുണ്ടായത്. പൂക്കാത്ത മാവു പൂക്കാനും കാനഡയിൽ പി ആർ കിട്ടാനും ക്രിസ്മസ് പരീക്ഷയ്ക്ക് A+ കിട്ടാനും വേണ്ടിയുള്ള ഒരാളായി അവിടുന്ന് ചുരുങ്ങിപ്പോയി എന്നതാണ് യഥാർത്ഥ പ്രശ്നം.
യേശു ഒരു വിത്തിന്റെ പേരാണ്. തെല്ലു പരിചരണം കിട്ടിയാൽ, ഒരു കോപ്പ വെള്ളം തളിച്ചാൽ, ജാലകപ്പടിയിലേക്കു നീക്കി സൂര്യവെളിച്ചത്തിന്റെ ഒരു ചീള് സ്വീകരിച്ചാൽ, ഇലയായും പൂവായും പഴമായും മാറാവുന്ന ഒരാൾ- പച്ചപ്പും സുഗന്ധവും മധുരവുമുള്ള ഒരാൾ.
നിങ്ങൾ നമസ്ക്കരിക്കുന്നതെന്തോ അത് നിങ്ങളുടെ തന്നെ സാധ്യതയാണ്. മുതിർന്നാൽ സ്വന്തമായൊരു ക്വട്ടേഷൻ സംഘം രൂപപ്പെടുത്തുവാൻ ഭാവിയുള്ള ഒരു ചങ്ങാതിയുണ്ടായിരുന്നു പള്ളിക്കൂടത്തിൽ. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ മാലയിട്ടു, കന്നി അയ്യപ്പനായി. അതോടുകൂടി ഇത്രയും കാലം കരുതിവച്ച പകവീട്ടാനുള്ള നേരമായെന്ന് സതീർത്ഥ്യർക്ക് ബോധ്യപ്പെട്ടു. ഒറ്റയായും സംഘമായും അവനെ ഇടിച്ചുതുടങ്ങി. മലയ്ക്കു പോകാൻ മാലയിട്ടുവെന്ന ഒറ്റ കാരണം കൊണ്ട് നൂറ്റൊന്നു ശതമാനം അവൻ കുഞ്ഞാടായി. നാലപ്തു ദിവസമൊക്കെ അങ്ങനെ മുന്നോട്ടു പോയാൽ ഏതൊരാളും ലോക്കൽ ഗാന്ധിയാവും. അതവന്റെ കാര്യത്തിൽ സംഭവിച്ചു. ഇങ്ങനെയായിരുന്നു എല്ലായിടത്തും സംഭവിക്കേണ്ടിയിരുന്നത്.
പൗലോസ് അതീവഹൃദ്യമായ ഒരു കാര്യം പറഞ്ഞുതരുന്നുണ്ട്. യുഗയുഗാന്തരങ്ങളായി മറച്ചുവച്ച ഒരു നിഗൂഢത അവസാനകാലങ്ങളിൽ തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ അവിടുന്ന് തിരുവുള്ളമായി, മഹത്വത്തിന്റെ ആദികാരണമായ ക്രിസ്തു നിന്റെ ഉള്ളിലുണ്ട് എന്നതുതന്നെ!
ക്രിസ്മസ് രണ്ടു തരത്തിൽ വീക്ഷിക്കാവുന്നതാണ്. ഒന്ന്, ദൈവപുത്രൻ മനുഷ്യപുത്രനായതിന്റെ ഓർമ്മ- പിള്ളക്കച്ചയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്ന മാലാഖമാരുടെ ദൂത് ഉയർത്തുന്ന അഭൂതവിസ്മയം.
ബലൂണുകൾ നാളെ ഉച്ചയ്ക്കകം ചൊട്ടിയിട്ടുണ്ടാവും. നക്ഷത്രവിളക്കുകൾ ഏതാനും ദിനങ്ങൾ കൂടി ഉണ്ടായേക്കും. കണക്കനുസരിച്ച് ജനുവരി ഏഴിനാണ് അതഴിച്ചു മാറ്റുന്നത്. കിഴക്കു നിന്നുള്ള ശാസ്ത്രികൾക്ക് പുൽത്തൊഴുത്തിൽ എത്താനുള്ള നേരം കൊടുത്തുകൊണ്ടാണത്. എന്നാൽ അതിനുശേഷം എന്തു ചെയ്യും; ഉത്സവപ്പിറ്റേന്ന്?
അവിടെയാണ് രണ്ടാമത്തേതിന്റെ പ്രസക്തി- ദീർഘമായ അലച്ചിലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും അപമാനങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പീഢകളിലൂടെയും ഒരു മനുഷ്യപുത്രൻ പതുക്കെപ്പതുക്കെ താൻ ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞ സത്യാന്വേഷണപരീക്ഷകളുടെ ആദ്യ അങ്കം എന്ന നല്ലയിൽ- son of man becomes son of God.
രണ്ടാമത്തേതായിരിക്കും നമ്മുടെ വർത്തമാനകാലത്തെ ഭാസുരമാക്കാനുള്ള നക്ഷത്രവിചാരം.
I want to wish you a Merry Christmas
From the bottom of my heart
*ബോബി ജോസ് കട്ടികാട്”*

Leave a comment