*പഞ്ചക്ഷതങ്ങൾ*
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
യേശുവിൽ പ്രീയരെ,
*വിശുദ്ധയോടെ, വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ജീവിച്ചുകൊണ്ട് നമ്മെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയാണെങ്കിൽ നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിനപ്പുറം അത്ഭുതങ്ങൾ ദൈവം പ്രവർത്തിക്കും, ദൈവത്തിന്റെ അത്ഭുതാവഹമായ പ്രവർത്തികൾ തിരിച്ചറിയുവാനുംവ്യക്തമായി മനസ്സിലാക്കുവാനും, ദൈവത്തിന് സാക്ഷ്യം നൽകുവാനും നമുക്ക് സാധിക്കും*
*പഞ്ചക്ഷതങ്ങൾ*
(Stigmata)
വി. പാദ്രേ പിയോയിലൂടെ പ്രസിദ്ധമായ പഞ്ചക്ഷതങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ?
*ക്രിസ്തുവിൻറെ പീഡാനുഭവവേളയിൽ അവിടുത്തെ തിരുശരീരത്തിൽ ഏൽപ്പിക്കപ്പെട്ട തിരുമുറിവുകൾക്ക് സമാനമായ മുറിവുകൾ, അതെ ശരീരഭാഗങ്ങളിൽ അത്ഭുതകരമായി പ്രത്യക്ഷപ്പെടുന്നതിനെയാണല്ലോ പഞ്ചക്ഷതങ്ങൾ എന്ന് പറയുന്നത്?*
യഥാർത്ഥത്തിൽ അവയെ ‘പഞ്ച’ക്ഷതങ്ങൾ എന്ന് പറയുവാൻ സാധിക്കുമോ എന്നറിയില്ല. കാരണം, ചിലപ്പോഴെങ്കിലും, അവ ലഭിക്കുന്ന എല്ലാവരിലും കൃത്യമായും അഞ്ച് മുറിവുകളല്ല കാണപ്പെടുന്നത്.
സാധാരണയായി കാണാറുള്ള അഞ്ചു മുറിവുകൾ കണങ്കൈകളിലും പാദങ്ങളിന്മേലുമുള്ള ഈരണ്ട് ആണിയടിമുറിവുകൾ, പാർശ്വത്തിലെ കുന്തത്തിൻറെ മുറിവ് എന്നിവയാണ്. എന്നിരിക്കിലും, ചിലർക്ക് മുൾക്കിരീടം ധരിപ്പിക്കപ്പെട്ടാലുണ്ടാകുന്ന മുറിവുകൾ, പുറത്ത് ചാട്ടയടിയേൽക്കുമ്പോൾ ഉണ്ടാകുന്നതിനു തുല്യമായ മുറിവുകൾ, തോളിന്മേൽ കുരിശുതടി പതിഞ്ഞുണ്ടായ മുറിവ് എന്നിവ കൂടാതെ രക്തം വിയർക്കുന്ന അനുഭവവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പൊതുലക്ഷണങ്ങൾ
ഇത്തരം അനുഭവത്തിലൂടെ കടന്നുപോകുന്നവരിൽ പൊതുവെ കാണപ്പെടുന്ന ചില ലക്ഷണങ്ങളുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നത് ദിവ്യകുർബാന സ്വീകരിക്കുന്നതിനോടനുബന്ധിച്ചാണ് എന്ന് കാണുന്നു. എന്ന് മാത്രവുമല്ല ക്ഷതങ്ങൾ ലഭിച്ചവരിൽ ദിവ്യകാരുണ്യത്തോടുള്ള അദമ്യമായ സ്നേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിലരാകട്ടെ പിന്നീടുള്ള തങ്ങളുടെ ജീവിതകാലം മുഴുവൻ അല്പഭക്ഷണപ്രിയരോ തിരുശരീരരക്തങ്ങൾ ഉൾക്കൊള്ളുന്നതൊഴികെ പരിപൂർണ്ണ ഉപവാസമനുഷ്ഠിച്ചിരുന്നവരോ ആയിരുന്നു. മിക്കവരിലും പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഈ മുറിവുകൾ ചില ഇടവേളകളിൽ തുറക്കപ്പെടുകയും അപ്രത്യക്ഷമാകുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഈ മുറിവുകൾ വളരെക്കാലം തുറന്നിരിക്കുന്ന അവസ്ഥയിൽപോലും ഒരിക്കലും അണുബാധയുണ്ടായതായി കാണപ്പെട്ടിട്ടില്ല എന്നതും എടുത്തുപറയേണ്ടുന്ന ഒരു പ്രത്യേകതയാണ്.
പുറത്തേക്കൊഴുകുന്ന രക്തത്തിന് അസാധാരണവും ഹൃദയഹാരിയുമായ ഒരഭൗമസുഗന്ധവും മിക്ക പഞ്ചക്ഷതങ്ങളുടെയും മറ്റൊരു പ്രത്യേകതയാണ്. സാധാരണഗതിയിൽ വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച്ച മധ്യാഹ്നത്തോടെ അവസാനിക്കുന്ന ഒരു വളരെ വേദനാകരമായ പീഡാനുഭാവത്തോടൊപ്പമാണ് ഈ മുറിവുകൾ ‘തുറക്ക’പ്പെടാറ്. (പ്രത്യേകിച്ച് വിശുദ്ധവാരത്തിൽ. ഈ സമയങ്ങളിലാണല്ലോ നമ്മുടെ കർത്താവിൻറെ പീഡാനുഭവം ആരംഭിച്ചതും അതിൻറെ പാരമ്യത്തിൽ അവിടുന്നു കുരിശുമരണം വരിച്ചതും?) ഇതുപറയുമ്പോൾ തന്നെ, വി. പാദ്രേ പിയോയെപ്പോലുള്ളവരുടെ കാര്യത്തിൽ അവ വർഷങ്ങളോളം പ്രത്യക്ഷമായിരുന്നിട്ടുണ്ട് എന്നതും വസ്തുതയാണ്.
അല്പം ചരിത്രം:
വി. പൗലോസ് സൂചിപ്പിക്കുന്ന “ഞാൻ എൻറെ ശരീരത്തിൽ ക്രിസ്തുവിൻറെ അടയാളങ്ങൾ ധരിക്കുന്നു[i]” എന്നത് അദ്ദേഹം അനുഭവിച്ചിരുന്ന പഞ്ചക്ഷതങ്ങളെക്കുറിച്ചാണെന്ന് കരുതപ്പെടുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിനു മുൻപുനിന്നും അവയെക്കുറിച്ച് കാര്യമായ രേഖകളൊന്നും നമുക്കില്ല. ഒരുപക്ഷേ ആദ്യത്തെ സുപ്രസിദ്ധനായ പഞ്ചക്ഷതധാരി (stigmatic or stigmatist) ‘രണ്ടാമത്തെ ക്രിസ്തു’ എന്നറിയപ്പെട്ടിരുന്ന വി. ഫ്രാൻസിസ് അസ്സീസ്സി ആയിരിക്കും. ഒരു സെറാഫിൻറെ ദർശനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടായത്.
അദ്ദേഹത്തിൽ കാണപ്പെട്ടിരുന്ന ആണിപ്പാടുകളിൽ രക്തമൊഴുകുന്ന മുറിവുകളിൽ, മുകൾ ഭാഗത്ത് ആണിയുടെ കുടയും, അടിയിൽ മുന തുളഞ്ഞിറങ്ങിയിരിക്കുന്നതും കാണാമായിരുന്നത്രെ. എളിമയുടെ നിറകുടമായിരുന്ന ഫ്രാൻസീസാകട്ടെ ഇവ മൂലം തനിക്ക് ലഭ്യമാകുന്ന ശ്രദ്ധാബഹുമാനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുവാനായി ഈ മുറിവുകളോടനുബന്ധിച്ചുള്ള കഠിനവേദന അവശേഷിപ്പിച്ച്, മുറിപ്പാടുകൾ അദൃശ്യമാക്കണമെന്ന് കർത്താവിനോട് പ്രാർത്ഥിച്ചത് ഫലവത്തായി.
ആധുനീക കാലഘട്ടത്തിലെയെങ്കിലും ഏറ്റവും പ്രസിദ്ധനായ പഞ്ചക്ഷതധാരി വി. പാദ്രേ പിയോ ആയിരിക്കണം. ആദ്യമായി ദിവ്യകുർബ്ബാന അർപ്പിച്ച് അധികം താമസിക്കാതെ[ii] അദ്ദേഹം ആന്തരികമായി കർത്താവിൻറെ തിരുമുറിവുകളുടെ വേദന അനുഭവിച്ചു തുടങ്ങി,
പിന്നീട്, 1918-ൽ[iii] പ്രത്യക്ഷമായ ക്ഷതങ്ങൾ ഒരിക്കൽ അപ്രത്യക്ഷമായി വീണ്ടും പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ 1968-ൽ മരിക്കുന്നതുവരെ[iv] അദ്ദേഹത്തെ പീഡിപ്പിച്ചു. അത്ഭുതമെന്ന് പറയട്ടെ അദ്ദേഹം മരിച്ച നിമിഷം അവയെല്ലാം പാടുകൾ പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി!
പിന്നീട് ജോൺ പോൾ രണ്ടാമനായിത്തീർന്ന കരോൾ വൊയ്റ്റീവ താൻ വൈദീകപട്ടം സ്വീകരിച്ച ഉടനെത്തന്നെ (1947) അക്കാലത്ത് ഗാറാംഗോ മലനിരകളിൽ ധ്യാനിച്ചിരുന്ന വി. പിയോയെ സന്ദർശിസിച്ചിരുന്നു. അപ്പോൾ പിയോ തൻറെ സുപ്പീരിയർമാരോടുപോലും വെളിപ്പെടുത്താതിരുന്ന ചില സംഗതികൾ അദ്ദേഹത്തോട് വെളിപ്പെടുത്തി. താൻ അനുഭവിക്കുന്ന ക്ഷതങ്ങളിൽ ഏറ്റവും വേദനാകരമായത് തൻറെ തോളിൽ പതിഞ്ഞിരിക്കുന്ന, ഈശോ കുരിശ് വഹിച്ചപ്പോൾ ഉണ്ടായ മുറിവാണെന്നതായിരുന്നു ഒന്നാമതായി അദ്ദേഹം വെളിപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള ഒരു മുറിവ് അദ്ദേഹത്തിൻറെ ശരീരത്തിലുണ്ടെന്ന വിവരം, അദ്ദേഹത്തിൻറെ മരണശേഷം വസ്ത്രങ്ങൾ മാറ്റിയപ്പോൾ അടിക്കുപ്പായത്തിൽ കണ്ടെത്തിയ വലിയ അളവ് രക്തം കാണുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. വൊയ്റ്റീവയും ഇത് രഹസ്യമാക്കി വച്ചിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഇതുകൂടാതെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത പോളണ്ടുകാരനായ ആ യുവവൈദീകനോട് അദ്ദേഹം മാർപാപ്പ ആകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്രെ! കൂടാതെ, “നിൻറെ വെളുത്ത ളോഹ രക്തത്തിൽ കുളിച്ചിരിക്കുന്നത് നീ കാണും”[v] എന്നും അദ്ദേഹം വെളിപ്പെടുത്തിയത്രെ! കുമ്പസാരിക്കുവാൻ വരുന്നവരുടെ മറന്നുപോയ പാപങ്ങൾ പോലും അവരെ വളരെ കൃത്യമായി ഓർമ്മിപ്പിച്ചിരുന്ന ആ വന്ദ്യപുരോഹിതൻ ഇപ്രകാരമൊരു പ്രവചനം നടത്തിയതിലെന്ത് അത്ഭുതം?
ചില ശ്രദ്ധേയമായ വസ്തുതകൾ:
വി. പൗലോസ് സൂചിപ്പിക്കുന്ന ശരീരത്തിൽ ധരിക്കുന്ന “അടയാളങ്ങൾ[vi]” എന്നതിൻറെ ഗ്രീക്ക് പദം Stigmata-യാണ് ഈ വാക്കിൻറെ ഉത്ഭവം.
വി. ഫ്രാൻസീസ് അസീസി രണ്ടും, വി. പിയോ നാൽപത്തിനാലും വർഷങ്ങൾ പഞ്ചക്ഷതങ്ങൾ പ്രത്യക്ഷമായി വഹിച്ചു.
പഞ്ചക്ഷതധാരികൾ പലപ്പോഴും സഭാധികാരികളിൽ നിന്നും പൊതുജനത്തിൽനിന്നും അവഹേളനത്തിനും പീഡനത്തിനും വിധേയരായിട്ടുണ്ട്.
സിയെന്നായിലെ കത്രീന, കാതറീൻ എമരിച്ച്, ഫോസ്റ്റീന തുടങ്ങിയവർ പ്രസിദ്ധരായ പഞ്ചക്ഷതധാരികളായിരുന്നു.
വി. ഫ്രാൻസിസ് അസീസിയെപ്പോലെതന്നെ സിയെന്നായിലെയും റിച്ചിയിലെയും കത്രീനമാർ തങ്ങളുടെ മുറിപ്പാടുകൾ അദൃശ്യമാക്കണമെന്ന് കർത്താവിനോട് പ്രാർത്ഥിച്ചതുപോലെ സംഭവിച്ചു.
പഞ്ചക്ഷതധാരികൾ പൊതുവെ മിസ്റ്റിക്കുകളുമായാണ് കാണപ്പെടാറ്.
321 അറിയപ്പെടുന്ന പഞ്ചക്ഷതധാരികളിൽ 62 പേർ വിശുദ്ധരാണ്.
ചികിത്സകൾകൊണ്ട് ഈ മുറിവുകൾ ഒരിക്കലും ഭേദപ്പെട്ടിട്ടില്ല.
ഇവയ്ക്ക് അണുബാധയേൽക്കാറില്ല.
ചില പഞ്ചക്ഷതമുറിവുകളിൽ നിന്നൊഴുകുന്ന രക്തത്തിന് അഭൗമമായ ഒരു സുഗന്ധം അനുഭവപ്പെടാറുണ്ട്.
മധ്യകാലഘട്ടത്തിലെ ഏതാണ്ട് 80% പഞ്ചക്ഷതധാരികളും സ്ത്രീകളായിരുന്നു. ആധുനീക കാലത്ത് പുരുഷന്മാരുടെ അനുപാതം ഏതാണ്ട് 40% ആയി വർദ്ധിച്ചിട്ടുണ്ട്.
[i] ഗാലാത്യ 6:17-
[ii] September 7, 1910
[iii] 1918 സെപ്റ്റംബർ 20
[iv] സെപ്റ്റംബർ 23, 1968
[v] 1981 മെയ് 13, ബുധനാഴ്ച സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് അലി അഗ്ഗ അദ്ദേഹത്തിനുനേരെ നാലുതവണ വെടിയുതിർത്തു.
[vi] ഗാലാത്യ 6:17
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Leave a comment