Pakistan History

പാക്കിസ്ഥാൻ പാർലമന്റ്‌ ഹൗസ്‌
പാക്കിസ്ഥാൻ പാർലമന്റ്‌ ഹൗസ്‌

📗 പാക്കിസ്ഥാൻ പുരാണം 📗

1947 ഓഗസ്റ്റ്‌ 14 സ്വയം ഭരണാധികാരമുള്ള പ്രത്യേക രാജ്യമായി മാറാൻ കഴിഞ്ഞ, നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനെ കുറിച്ചാവാം ഇന്നത്തെ പരദൂഷണം. ക്രിക്കറ്റും മലാലയും തീവ്രവാദവുമല്ലാത്ത ഒരു പാക്കിസ്ഥാനെ പറ്റി അറിയാനുള്ള ഒരു ചെറിയ ശ്രമമാണിവിടെ. വിഭജനത്തിന്ന് ശേഷം നമ്മുടെ രാജ്യം ഇന്ത്യയായും അവരുടേത്‌ പുണ്ണ്യ ദേശം (Holy Land) എന്നർത്ഥം വരുന്ന പാക്കിസ്ഥാൻ എന്ന പേരും സ്വീകരിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ പോലെ പാകിസ്താനിൽ 4 പ്രവശ്യകളായാണ് വിഭജിച്ചിരിക്കുന്നത്‌.
1⃣ ഇന്ത്യക്ക് തൊട്ടു കിടക്കുന്ന ലാഹോർ പട്ടണം ആസ്ഥാനമായ പഞ്ചാബ് പ്രവശ്യ. സംസാര ഭാഷ നമ്മുടെ പഞ്ചാബി തന്നെ.
2⃣ കറാച്ചി ആസ്ഥാനമായ സിന്ധ് പ്രവിശ്യയാണ് മറ്റൊന്ന്. ദേശീയ ഭാഷയായ ഉർദു തന്നെയാണ് പ്രധാന ഭാഷ. സിന്ധി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളും ക്രിസ്താനികളും ഒരുപാട് ഉണ്ട് ഇവിടം.
3⃣ വിസ്തീർണത്തിൽ പാകിസ്താന്റെ പകുതിയോളവും ജനസംഖ്യയിൽ 5 ശതമാനം മാത്രം പങ്കിടുന്ന ക്വറ്റ തലസ്ഥാനമായ, ബലോചി ഭാഷ സംസാരിക്കുന്ന ബലൂചിസ്താൻ ആണ് മൂന്നാമത്തെ പ്രവശ്യ.
4⃣ ഖൈബർ പഖ്‌ത്തൂൻഖ എന്നാൺ< ഔദ്യോഗിക നാമമെങ്കിലും ‘സർഹദ്‌’ എന്നറിയപ്പെടുന്ന നാലാം പ്രവശ്യയുടെ ഭരണ സിരാ കേന്ദ്രം, പെഷവാർ ആണ്. ഖാൻ എന്നും പഷ്‌ത്തൂൺ എന്നും പട്ടാണി എന്നും വിളിപ്പേരുള്ള ഇവിടത്തെ ജനതയുടെ സംസാര ഭാഷ ‘പഷ്തു’ എന്നറിയപ്പെടുന്നു. പൊതുവെ മിക്ക മലയാളികളും പാകിസ്ഥാൻ കാരെ മൊത്തത്തിൽ ‘പട്ടാണികൾ’ എന്ന് പറയാറുണ്ടെങ്കിലും, പട്ടാണികൾ പാകിസ്ഥാനിലെ ഒരു പ്രവശ്യയിലെ മാത്രം ജനങ്ങൾ മാത്രമാണ്‌.

ഈ നാല് പ്രവശ്യയിലെ മുഖ്യഭാഷകൾ കൂടാതെ ആസാദ് കാശ്മീരിൽ ഉള്ളവർ കാശ്മീരി ഭാഷയും പിന്നെ ഹിന്ദകുഷ് മലനിരകളിൽ താമസിക്കുന്നവർ ഹിന്ദ്‌ക്കോ ഭാഷയാണ് പ്രധാനമായും സംസാരിക്കാർ. സറാക്കി പോലെ വേറെയും പല ഭാഷകൾ ഉപയോഗത്തിലുണ്ടെങ്കിലും മൊത്തത്തിൽ എല്ലാവരും ഉർദു സംസാരിക്കുന്നവരാണ്‌.

ഈ നാല്‌ പ്രവശ്യകളെ കൂടാതെ കേന്ദ്രം നേരിട്ട്‌ ഭരിക്കുന്ന വേറെയും നാല്‌ കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്‌ പാക്കിസ്ഥാനിൽ. സർഹദിന്നും ബാലോചിസ്ഥാനിനും നടുവിൽ ഉള്ള FATA എന്നറിയപ്പെടുന്ന സ്വയം ഭരണാധികാരമുള്ള ട്രൈബൽ ഏരിയയാണ് അതിലൊന്ന്. രണ്ടാമതായി, പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമബാദ് ആണ്. അടുത്ത 2 കേന്ദ്ര പ്രദേശങ്ങൾ കാശ്‌മീരിലാണ്‌. ഒന്ന് ആസാദ് കാശ്‌മീരും, മറ്റേത് ഗിൽകിറ്റ്-ബാൽട്ടിസ്ഥാനും. ഈ 2 പ്രദേശങ്ങളും തർക്ക പ്രദേശങ്ങൾ ആണെങ്കിൽ പോലും, 2 പ്രദേശത്തും സ്വയം ഭരണ സംവിധാനമുണ്ട്. ഗിൽകിറ്റ്-ബാൽട്ടിസ്ഥാനിൽ മറ്റു പ്രവശ്യകളിൽ ഉള്ളത് പോലെ ഗവർണറും മുഖ്യമന്ത്രിയുമാണ്‌ ഭരണം നിർവഹിക്കുന്നത് എങ്കിൽ, ആസാദ് കാശ്‌മീരിൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി പ്രസിഡന്റും പ്രാധാനമന്ത്രിയുമാണു ഉള്ളത്. ഗിൽകിറ്റ്-ബാൽട്ടിസ്ഥാൻ പ്രദേശം ഉയർന്ന പർവത നിരകളും താഴ്‌വാരങ്ങളും ആണെങ്കിൽ ആസാദ് കാശ്‌മീരാകട്ടെ ഭൂമിയിലെ സ്വർഗ്ഗവും. ലാഹോറിൽ നിന്ന് 5 മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന കാശ്‌മീരിൽ പാകിസ്ഥാനിലെ മിക്ക സന്പന്നർക്കും ഫാം ഹൌസുകൾ ഉണ്ട്. താഴ്‌വാരങ്ങളും തടാകങ്ങളുമായി പ്രകൃതി രമണീയമാണ് ഈ സ്ഥലം.

എന്റെ ഒരു പാക്കിസ്ഥാനി സുഹൃത്ത് ഫവാദ് ന്റെ വീട് ലാഹോർ സിറ്റിയിലെ ‘ഗാന്ധി ചൗക്കിലാണ്‌. ലാഹോർ സിറ്റിയിൽ ഇപ്പോൾ ഇതര മതവിശ്വാസികൾ അധികമില്ലായെന്ന് സുഹൃത്ത്‌ പറയുന്നു, എങ്കിലും അവിടത്തെ പല റോഡുകളും ഹോസ്പിറ്റലുകളും ബസാറുകളും ഇപ്പോഴും പഴയ പേരിൽ തന്നെ. രാം ഗട്ട്‌ ബസാർ, ലക്ഷ്മി മാർക്കറ്റ്‌, പിന്നെ, ലാഹോറിൽ മാത്രം ഒട്ടനവധി റോഡുകളുടെ പേരുകൾ ഹിന്ദു-കൃസ്ത്യൻ പേരുകൾ തന്നെ, നൂറിൽ പരം തെരുവുകളുടെ പേരുകൾ ഇപ്പോഴും മാറ്റപ്പെടാതെ ഇന്ത്യൻ പേരുകളിൽ നിലനിൽക്കുന്നു എന്ന് സുഹൃത്ത്‌ പറയുന്നു. കൂടാതെ ലാഹോറിൽ മാത്രം 4 വലിയ ഹോസ്പിറ്റലുകൾ പഴയ പേരിൽ തന്നെയാണ്. ഏഷ്യയിലെ തന്നെ വലിയ ഹോസ്പിറ്റലുകൾ ആണ് ഇതിൽ പലതും. മായോ ഹോസ്പിറ്റൽ പഴയ ഒരു കൃസ്ത്യൻ പ്രഭുവിന്റെ (Lord Mayo) നാമത്തിലാണ്. കൂടാതെ ലാലാ ലജപത് റായിയുടെ അമ്മയുടെ പേരിൽ ഒരു ആശുപത്രി ഇപ്പോഴും ഉണ്ട് ലാഹോറിൽ; ഗുലാബ് ദേവി ആശുപത്രി. ഗംഗ റാം ആശുപത്രിയും ജാനകി ദേവി ആശുപത്രിയും ലാഹോറിൽ തന്നെ. ഇവിടങ്ങളിൽ ഒന്നിലും ഡോക്ടറോ മറ്റോ ഇതര മത വിശ്വാസികൾ ഇല്ലെങ്കിലും പേരുകൾ പഴയത് തന്നെ.

ഇന്ത്യൻ രാഷ്ട്രീയത്തിലെയും അഭ്രപാളിയിലെയും പല പ്രശസ്തരുടെയും ജന്മ ഗ്രാമങ്ങൾ പാകിസ്ഥാനിലാണ്. മൻമോഹൻ സിംഗ്, എൽ. കെ. അദ്വാനി, ഐ. കെ. ഗുജുരാൾ, ജസ്വന്ത് സിംഗ് തൊട്ടു പ്രിത്വിരാജ് കപൂർ, ദിലീപ് കുമാർ, മുഹമ്മദ്‌ റാഫി, രാജേഷ് ഖന്ന എന്നിവർ അവരിൽ ചിലർ മാത്രം.

1966 വരെ പാകിസ്ഥാന്റെ തലസ്ഥാനം കറാച്ചി ആയിരുന്നു എന്നതും 1960 വരെ ‘സമാധാനത്തിന്റെ നഗരം’ എന്നർത്ഥമുള്ള ഇസ്ലാമബാദ് എന്നാ നഗരം ജനിചിട്ടുണ്ടായിരുന്നില്ല എന്നും പലർക്കുമറിയില്ല. 1960 ൽ ആണ് റാവൽപിണ്ടിക്ക് അടുത്തായി ഒരു തലസ്ഥാന നഗരം പണിയാൻ പാക്കിസ്ഥാൻ സർക്കാർ ആലോചിക്കുന്നത്. 6 വർഷം കൊണ്ട് മികച്ച ആസ്ത്രൂണതയോട്‌ കൂടിയ നഗരം തയ്യാറായി. ലോകത്തിലെ തന്നെ ഒരു മികച്ച പ്ലാന്ണ്ട് സിറ്റിയാണ് ഇസ്ലാമബാദ്.

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ പല ചെറിയ നഗരങ്ങളിലും ഹിന്ദുക്കൾ ഭൂരിപക്ഷമായി കണ്ടു വരുന്നു. പാകിസ്ഥാനിൽ മൊത്തം 25 ലക്ഷത്തിലധികം ഹിന്ദു ജനസംഖ്യ ഉണ്ട്. ഇസ്ലാമിക്‌ റിപ്പബ്ലിക്കായ പാകിസ്ഥാനിലെ ഇതര മത വിഭാഗങ്ങളും ശരാശരി നല്ല ജീവിതം നയിച്ച്‌ വരുന്നു. സിന്ധി ഔദ്യോഗിക ഭാഷയായ ഇവരിൽ മിക്കവരും വ്യാപാര മേഖലയിൽ ശോഭിക്കുന്നവരാണ്‌. മതപരവും സാമൂഹ്യ പരവുമായ സ്വാതന്ത്ര്യം ഇതര വിഭാഗക്കർക്കും റിപ്പബ്ലിക്‌ സ്വാതന്ത്ര്യം നൽകുന്നു. എങ്കിലും പല വിവേചനങ്ങളും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നുണ്ട്‌.

ദുബൈയിലും മറ്റു മുസ്ലിം ഗൾഫു രാജ്യങ്ങളിലും അനേകം പാകിസ്ഥാനി ഹിന്ദു മതവിശ്വാസികളെ കാണാൻ പറ്റും. അവർ ഇവിടെയും ഉയർന്ന ജീവിത നിലവാരം കൊണ്ട് പോരുന്നു. ദുബായിൽ ദേര മൊബൈൽ മാർക്കറ്റിൽ അനവധി കടകൾ ഇവരുടെതായുണ്ട്. കൂടാതെ സത്‌വ യിൽ സ്വർണ കടകളും തുണി കടകളും നടത്തി പോരുന്നത് സിന്ധി ഭാഷ സംസാരിക്കുന്ന പാകിസ്ഥാൻ ഹിന്ദു മത വിശ്വാസികളാണ്. സിന്ധി ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിലും ഉണ്ട് എന്ന് നമുക്കറിയാമല്ലോ. എന്നാൽ ഈ ഭാഷയുടെ ലിപി ഉർദു/അറബിക് ലിപിയാണെന്ന് പലർക്കും അറിയില്ല. ഇന്ത്യയിലെ ഹിന്ദു വിശ്വാസികളായ സിന്ധി കൾക്ക് ഉർദു വും അത് വഴി അറബിയും വായിക്കാൻ പറ്റും.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment