🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________
🔵
6th Sunday in Ordinary Time
Liturgical Colour: Green.
*പ്രവേശകപ്രഭണിതം*
cf. സങ്കീ 30:3-4
എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങയുടെ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.
*സമിതിപ്രാര്‍ത്ഥന*
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെപ്പോലെയാകാന്‍
അങ്ങയുടെ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
പ്രഭാ 15:16-21
പാപം ചെയ്യാന്‍ അവിടുന്ന് ആരോടും കല്‍പിച്ചിട്ടില്ല;
മനസ്സുവച്ചാല്‍ നിനക്കു കല്‍പനകള്‍ പാലിക്കാന്‍ സാധിക്കും;
വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ
എന്നു തീരുമാനിക്കേണ്ടത് നീയാണ്.
അഗ്‌നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു;
ഇഷ്ടമുള്ളത് എടുക്കാം.
ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്;
ഇഷ്ടമുള്ളത് അവനു ലഭിക്കും.
കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്;
സര്‍വശക്തനും സര്‍വജ്ഞനും ആണ് അവിടുന്ന്.
കര്‍ത്താവ് തന്റെ ഭക്തരെ കടാക്ഷിക്കുന്നു;
മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു.
പാപം ചെയ്യാന്‍ അവിടുന്ന് ആരോടും കല്‍പിച്ചിട്ടില്ല;
ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 119:1-2,4-5,17-18,33-34
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!
അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍,
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍,
പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്‍.
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!
അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങു കല്‍പിച്ചിരിക്കുന്നു.
അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍
ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!
ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും
ഈ ദാസന്റെ മേല്‍ കൃപ ചൊരിയണമേ!
അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍
എന്റെ കണ്ണുകള്‍ തുറക്കണമേ!
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!
കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ!
അവസാനംവരെ ഞാന്‍ അതു പാലിക്കും.
ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും
പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി
എനിക്ക് അറിവു നല്‍കണമേ!
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!
*രണ്ടാം വായന*
1 കോറി 2:6-10b
ദൈവികജ്ഞാനം നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കു മുമ്പു തന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്.
സഹോദരരേ, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്‌ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കു മുമ്പു തന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, നമുക്കു ദൈവം അതെല്ലാം ആത്മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.
കർത്താവിന്റ വചനം
*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….
*സുവിശേഷം*
മത്താ 5:17-37
പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
വ്യഭിചാരം ചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.
ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അത് മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍ നിന്നു വരുന്നു.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങയുടെ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
cf. സങ്കീ 77: 29-30
അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.
Or:
യോഹ 3: 16
അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment