🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________
Wednesday of week 6 in Ordinary Time
Liturgical Colour: Green.
*പ്രവേശകപ്രഭണിതം*
cf. സങ്കീ 30:3-4
എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങയുടെ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.
*സമിതിപ്രാര്‍ത്ഥന*
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെപ്പോലെയാകാന്‍
അങ്ങയുടെ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
യാക്കോ 1:19a-27
നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.
എന്റെ പ്രിയസഹോദരരേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം. മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല; ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചു വരുന്ന തിന്മയും ഉപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍. നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്. അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.
കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീതനാകും.
താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ. പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 15:2-3a,3bc-4ab,5
കര്‍ത്താവേ, അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും.
നിഷ്‌കളങ്കനായി ജീവിക്കുകയും
നീതിമാത്രം പ്രവര്‍ത്തിക്കുകയും
ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍;
പരദൂഷണം പറയുകയോ
സ്‌നേഹിതനെ ദ്രോഹിക്കുകയോ ചെയ്യാത്തവന്‍.
കര്‍ത്താവേ, അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും.
അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍;
ദുഷ്ടനെ പരിഹാസ്യനായി കരുതുകയും
ദൈവഭക്തനോട് ആദരം കാണിക്കുകയും
നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍.
കര്‍ത്താവേ, അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും.
കടത്തിനു പലിശ ഈടാക്കുകയോ
നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍;
ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.
കര്‍ത്താവേ, അങ്ങയുടെ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും.
*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….
*സുവിശേഷം*
മാര്‍ക്കോ 8:22-26
കാഴ്ച തിരിച്ചുകിട്ടുകയും അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കാണുകയും ചെയ്തു.
അക്കാലത്ത് യേശുവും ശിഷ്യന്മാരും ബെത്സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തില്‍ പ്രവേശിക്കുക പോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങയുടെ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
cf. സങ്കീ 77: 29-30
അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.
Or:
യോഹ 3: 16
അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment