ഇത് കന്യാസ്ത്രീകള്‍ക്കായുള്ള ആത്മകഥ

ഇത് കന്യാസ്ത്രീകള്‍ക്കായുള്ള ആത്മകഥ
ഇത് കന്യാസ്ത്രീകള്‍ക്കായുള്ള ആത്മകഥ

ഇത് കന്യാസ്ത്രീകള്‍ക്കായുള്ള ആത്മകഥ

തൃശൂരുള്ള ഒരു പുരാതനഹൈന്ദവ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ് അദ്ദേഹത്തിന്റെ വീടിന്റെ ഉമ്മറത്തിരുന്നു സംസാരിക്കുകയായിരുന്നു…. വിശ്വാസത്തിലും പാരമ്പര്യത്തിലും ആചാരങ്ങളിലുമൊക്കെ പരതികൊണ്ടിരുന്നപ്പോള്‍ സന്യാസവും പൗരോഹിത്യവും ചര്‍ച്ചയില്‍ പൊന്തിവന്നു. പെട്ടെന്നു അദ്ദേഹം പറഞ്ഞ ജീവന്റെ തുടിപ്പുള്ള വാക്കുകള്‍ ഉള്ളില്‍ തട്ടി….

”തൊട്ടുമുത്തണം ആ പാദങ്ങളെ…. ക്രൈസ്തവമതത്തിലെ കന്യാസ്ത്രീകള്‍…. ലോകത്തിലാരും അത്രയും ത്യാഗം ചെയ്യുന്നില്ല…. ആരാലും അറിയപ്പെടാതെ, അധികമൊന്നും അംഗീകരിക്കപ്പെടാതെ ഒരു വസ്ത്രത്തിന്റെയുള്ളില്‍ ചുരുങ്ങിയ ജീവിതം…. ആശുപത്രികളിലും അനാഥാലയങ്ങളിലുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന അവരെ….” അമ്മേ, ദേവീ” എന്നാണു ഞാന്‍ വിളിക്കാറ്…. ഇങ്ങനെയല്ലാതെ പിന്നെന്താ വിളിക്ക്യാ.”

അള്‍ത്താരയിലെ വിശുദ്ധവസ്ത്രങ്ങളിലും പീഠങ്ങളിലും വീണുകുതിര്‍ന്ന നിങ്ങളുടെ വിയര്‍പ്പുതുളളികള്‍ ഞങ്ങള്‍ ഒരിക്കലും കാണാറില്ല…. അവിടെ മിന്നുന്ന മുത്തുകളിലും തിളങ്ങുന്ന വര്‍ണ്ണങ്ങളിലും നിങ്ങളുടെ ഉറക്കമില്ലാത്ത രാവുകളുടെ ത്യാഗങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നു ഞങ്ങള്‍ ഓര്‍ക്കാറില്ല…. എന്നും എല്ലാ ബലിപീഠങ്ങളിലും ഉയര്‍ത്തപ്പെടുന്ന ദിവ്യശരീരത്തിന് അപ്പത്തിന്റെ രൂപം നല്‍കുന്നതു ആ കൈകളാണെന്നു ഒരിക്കലും ധ്യാനിക്കാറില്ല….
തുരുമ്പിച്ച മൊട്ടുസൂചി എത്രതവണ കൈവെള്ളയില്‍ തറഞ്ഞ്കയറി ചോര പൊടിഞ്ഞിട്ടുണ്ടാകും….

മരുന്നിന്റെ മണംനിറഞ്ഞ ആശുപത്രിയുടെ മുക്കിലും മൂലയിലും ഓടിയെത്തി ഓരോ കിടയ്ക്കക്കരുകിലും ഒരു വിശുദ്ധ സാന്നിധ്യമായ്…. രാവ് മുഴുവന്‍ ഉറക്കമൊഴിച്ച് വരാന്തകളിലൂടെ സാന്ത്വനമായ് ഒഴുകുന്ന നിങ്ങളുടെ ദേഹത്തിന്റെ വേദന, പാദങ്ങളുടെ തളര്‍ച്ച ശ്രദ്ധിക്കാറില്ല ഒരിക്കലും. വിദ്യാലയങ്ങളില്‍ പുലരിമുതല്‍ അന്തിവരെ ഒരു തിരിപ്പോലെ ഉരുകിയൊലിക്കുന്ന നിങ്ങളുടെ പുണ്യങ്ങളെ കാണാനും ഞങ്ങളൊരിക്കലും ശ്രമിക്കറില്ല.

അവസാനം- നിങ്ങള്‍ക്ക് ഓര്‍ക്കാറുള്ളതു ഞങ്ങള്‍തന്ന കയ്പുള്ള ചില വാക്കുകളുടെ പ്രഹരങ്ങളും, ഒളിയമ്പുകള്‍ നിറഞ്ഞ സമ്മാനങ്ങളുമൊക്കെയാകാം…. തിരിവെട്ടത്തില്‍ സക്രാരിയിലെ മണവാളന്റെ മുന്നില്‍ നിശാജപങ്ങള്‍ക്കായ് മുട്ടുകുത്തിനില്‍ക്കുമ്പോള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് ഒരു വെള്ളിവെളിച്ചമായ് മുന്നിലുണ്ടാകാറുണ്ട് നിങ്ങള്‍. പക്ഷേ ആഘോഷങ്ങളുടെ മേളങ്ങള്‍ ഉയരുമ്പോള്‍ അപ്രത്യക്ഷരാകുന്നു മുന്നില്‍നിന്നും.
ക്ഷീണംകൊണ്ട് തളര്‍ന്ന കണ്ണുകളുമായ് പിന്നിലെവിടെയോ തളര്‍ന്നു നില്‍ക്കുന്നു. അരങ്ങത്തുള്ളവരേ ശ്രദ്ധിക്കപ്പെടുകയുള്ളല്ലോ. അണിയറയിലെ നിങ്ങളുടെ നൊമ്പരം ആര് കാണാന്‍….

പള്ളിമുറ്റത്തു നില്‍ക്കുമ്പോള്‍ ഒരു സിസ്റ്റര്‍…. ”എനിക്ക് ഒരു ആങ്ങളയുണ്ടായിരുന്നെങ്കില്‍ അവനെ ഒരച്ചനാകാന്‍ ഒരുക്കിവിടുമായിരുന്നു.”

ഇതുകേട്ട് നിന്ന സുഹൃത്ത് ഉടനെ മറുപടി പറഞ്ഞു… ”എനിക്കൊരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു സിസ്റ്ററാകാന്‍ വിടില്ലായിരുന്നു.” കാരണങ്ങളുടെ ഒരു നീണ്ടവിവരണം അവന്‍ നിരത്തിവച്ചു…. ”ജനിച്ച് വളര്‍ന്ന സ്വന്തംവീട്ടില്‍ അന്തിയുറങ്ങാന്‍ ഒരിക്കലും അനുവാദമില്ലാത്തവര്‍…. കൂടെപ്പിറപ്പുകളുടെ ഒരാഘോഷങ്ങളും കൂടുവാന്‍ സാഹചര്യം നിഷേധിക്കപ്പെട്ടവര്‍…. ജ്യേഷ്ഠന്റെ കല്യാണനാളില്‍ ഏതോ മഠത്തിന്റെ മുറ്റത്തെ പുല്ലുംപറിച്ചിരിക്കേണ്ടിവരുന്ന പെങ്ങള്‍, ഒരു ഫോണ്‍കോളിനുപോലും പച്ചക്കൊടി കാണണം…. അലങ്കരിച്ച പീഠത്തില്‍ വച്ചിരിക്കുന്ന ഫോണിലൂടെയുള്ള വിളികള്‍ അകത്തളങ്ങളില്‍ നിലവിളികള്‍പ്പോലെ കേള്‍ക്കാം…. ആരോടാണ് ഉള്ളിലെ സങ്കടമൊന്നു തുറന്നുപറയാനാവുക?.. മതിലുകള്‍ക്കുള്ളില്‍ ചുറ്റപ്പെട്ട ജന്മം… പട്ടാളക്യാമ്പിലെ ജാഗ്രതപോലെ…. എപ്പോഴും ചുറ്റും നിരീക്ഷിക്കുന്ന കണ്ണുകള്‍…. വേണ്ടേ…. ” പൂരിപ്പിക്കാതെ അവന്‍ പറഞ്ഞുനിര്‍ത്തി…. ഉള്ളില്‍ ഇപ്പോള്‍ നിറയുന്നതു ബഥാനിയായിലെ (മര്‍ക്കോ14:3-9) തൈലാഭിഷേകത്തിന്റെ പരിമളമാണ്…. കണ്ടുനിന്നവര്‍ പറഞ്ഞു ദേഷ്യത്തോടെ. എന്തിനാ ഈ തൈലം പാഴാക്കികളഞ്ഞത്…. ക്രിസ്തു ചോദിക്കുന്നു. ആര് പറഞ്ഞു പാഴായ് പോയെന്ന്…. സുഹൃത്തിന്റെ ഡയലോഗ് സത്യമാണ്….”

നഗ്നനേത്രങ്ങള്‍ക്ക് അജ്ഞാതമായതാണ്’ ഈ ജീവിതം….
ഒരു നിമിഷത്തെ ധ്യാനം മതി ഈ ജീവിതത്തിന്റെ ആഴവും പരപ്പും രുചിയും നിറവുമൊക്കെ മനസിലാക്കാന്‍…. ആദ്യത്തെ കന്യാസ്ത്രീയെ -പരി. അമ്മ- അനുഗമിച്ചുള്ള ജീവിതമല്ലേ ഇത്?. വിളക്കെടുത്തപ്പോള്‍ എണ്ണയെടുക്കാന്‍ മറക്കാതിരുന്ന വിവേകമതികളായ കന്യകമാരുടെ മനോഹരമായ ജീവിതം…. അവന്‍ വിളമ്പിതന്ന അത്താഴവും കഴിച്ച്, യോഹന്നാനെപ്പോലെ അവന്റെ നെഞ്ചത്തു തലവെച്ച് മയങ്ങുന്ന രാവുകളും അവന്റെ കാല്‍ചുവട്ടില്‍, ആ മിഴിനോക്കി ധ്യാനിച്ച്, ലാസറിന്റെ പെങ്ങള്‍ മറിയത്തെപ്പോലെയിരിക്കുന്ന പകലുകളും; സ്‌നേഹപ്രവാഹത്തിന്റെ കുളിക്കടവാകുന്ന വിശുദ്ധബലിയില്‍ കുളിച്ചുകയറി അവന്റെ നിറുകന്തലയില്‍ ചുംബിച്ച നിര്‍വൃതികളുമായ് അഭിഷേകത്തോടെ ആരംഭിക്കുന്ന പുലരികളും….

പാവങ്ങളുടെ അമ്മ തെരേസ പറയുന്നുണ്ട്….”ചെയ്യുന്നതൊക്കെ അവനാ” കുരിശുയാത്രയില്‍ കാരുണ്യത്തിന്റെ തൂവാലയുമായ് അപമാനത്തിന്റെയും, അപകടത്തിന്റെയുമൊക്കെ ഈ വഴിയില്‍കൂടിയോടി മുഖംതുടയ്ക്കാന്‍…. കരുതലിന്റെയും ആശ്വാസത്തിന്റെയുമൊക്കെ കണ്ണുനീരുമായ് വഴിയരികില്‍നിന്നു ഓര്‍സലേം നഗരത്തിലെ സ്ത്രീകളെപ്പോലെ അവനെ ആശ്വസിപ്പിക്കാന്‍…. അവസാനം അവന്‍ കുരിശില്‍ ഒറ്റപ്പെട്ട് കിടക്കുമ്പോള്‍ കുരിശിന്‍ചുവട്ടില്‍നിന്ന അവന്റെ അമ്മയേയും മറ്റ് ”മേരിമാരെ”പ്പോലെയും ഒരു നിശബ്ദ സാന്നിധ്യമായ് നില്ക്കാന്‍…. പനിച്ച് വിറച്ച് കിടക്കുന്ന കുഞ്ഞിനു അമ്മയുടെ സാന്നിധ്യം നല്കുന്ന ആശ്വാസംപ്പോലെ….

ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയൊരാള്‍ക്ക് കൂടപ്പിറപ്പിന്റെ സാന്നിധ്യം നല്കുന്ന സുരക്ഷിതത്വംപ്പോലെ…. എരിഞ്ഞടങ്ങാന്‍ ക്ഷണിക്കപ്പെട്ട ജീവിതം…. പ്രതിഫലമായ് കൊടുക്കേണ്ടതു ചിലപ്പോള്‍ ജീവന്‍തന്നെയാണ്.. ഒറീസായിലെ അമ്മമാര്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും അനുഭവിക്കേണ്ടിവന്നതുപ്പോലെ….
പക്ഷേ ഒന്നുറപ്പാണ്. ഒറ്റയ്ക്കല്ല ആദ്യത്തെ കന്യാസ്ത്രീയായ സര്‍പ്പത്തിന്റെ തല തകര്‍ത്തവള്‍ കൂടെയുണ്ട്…. കുരിശിന്റെ യാത്ര കഴിഞ്ഞ് കാല്‍വരിയുടെ പടികളിറങ്ങുമ്പോള്‍ ഇരുട്ടത്തുതട്ടി താഴേ വീഴാതിരിക്കാന്‍…. വീശിയടിക്കുന്ന കാറ്റിനെ പേടിക്കാതിരിക്കാന്‍…. അന്നു കുരിശിന്‍ ചുവട്ടിലുണ്ടായിരുന്ന ”മേരിമാരെ” താങ്ങിയ ആ അമ്മ കൂടെയുണ്ട് എന്നതാണ് നിങ്ങളുടെ ജീവിതത്തെ ധ്യാനിക്കുമ്പോഴുള്ള ആശ്വാസം..

എവിടെയോ കേട്ട് മറന്ന ആ പദങ്ങള്‍ ഇപ്പോള്‍ ഒരു ചാറ്റല്‍മഴപ്പോലെ ഉള്ളില്‍ പെയ്യുന്നു..”ഭൂമിയില്‍ ദൈവത്തിന്റെ മാതൃഭാവമാണ്” നിങ്ങള്‍… ശരിയാണ് ”ആലയങ്ങളിലൊക്കെ’ നിറഞ്ഞു നില്ക്കുന്ന ”അമ്മ’ സാന്നിധ്യം… വിദ്യാലയങ്ങളില്‍, അനാഥാലയങ്ങളില്‍, ആതുരാലയങ്ങളില്‍, ദൈവാലയങ്ങളില്‍…. ജന്മം കൊടുക്കാത്ത കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അംഗീകാരത്തിന്റെ പ്രോത്സാഹനത്തിന്റെ മുലപ്പാലൂട്ടി നിങ്ങള്‍ വളര്‍ത്തുന്നു.

അവശരായ അനാഥ ബാല്യങ്ങള്‍ക്കായുള്ള ഒരു സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിങ്ങള്‍ ചെയ്യുന്ന പുണ്യങ്ങള്‍കണ്ട് കണ്ണ് നിറഞ്ഞ് പോയ ഒരു വൈദികന്റെ അനുഭവക്കുറിപ്പ് വായിച്ചതോര്‍ക്കുന്നു…. ആ വിശുദ്ധകരങ്ങളാണ് ഞങ്ങളില്‍ പലരേയും ഭൂമിയിലേക്ക് പിറന്നുവീണ ആദ്യനാളില്‍ കുളിപ്പിച്ചൊരുക്കി പെറ്റമ്മയുടെ മടിയില്‍ കിടത്തിയതെന്നറിയുമ്പോള്‍, ആദ്യകുര്‍ബാനയ്ക്കായ് ഒരുങ്ങുന്ന…. വെയിലിന്റെ ചൂടുള്ള മധ്യാഹ്നങ്ങളില്‍ ഒരു കുളിരായ്…. മനസില്‍ പെയ്തിറങ്ങിയ വേനല്‍മഴപോലെ…. ചൊല്ലിപഠിപ്പിച്ച സുകൃതജപങ്ങളും, ഒരിക്കലും മറക്കാത്ത നുറുങ്ങുകഥകളും ഇന്നും അയവിറക്കുമ്പോള്‍, വേദപഠനക്ലാസ്സിലെ നിറമുള്ള ഓര്‍മ്മയായ് ഇന്നും നിങ്ങള്‍ മനസില്‍ നിറയുമ്പോള്‍ ആ മാതൃഭാവത്തോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നു.

”സിസ്റ്റര്‍…”. ഒരു പേരുപോലും സ്വന്തമായില്ലാത്തവര്‍…. ഒരു പേരുണ്ടെങ്കിലും, എല്ലാവര്‍ക്കും വെറും സിസ്റ്ററാണവര്‍….” എന്നു ആരോ പതുക്കെ പരാതിപറയുമ്പോള്‍ മനസ് വേദനിക്കുന്നുണ്ട്…

”സിസ്റ്റര്‍” എന്ന ആ നിര്‍വികാരപദംമാറ്റിയിട്ട് ”അമ്മേ” എന്നോ പെങ്ങളെയെന്നോ വിളിച്ചോട്ടേ…. ഇന്നും ഇടയ്ക്ക് വല്ലപ്പോഴും ആ പഴയ ഇന്‍ലന്റെില്‍ അയയ്ക്കുന്ന കത്തുകള്‍…. എത്ര കാര്യത്തോടെയാണു വായിക്കുന്നതെന്നു അറിയാമോ?…. കരുതലും ശാസനയും പരിഭവവും പ്രാര്‍ത്ഥനയുമൊക്കെ നിറഞ്ഞ് നില്ക്കുന്ന വരികള്‍…. അമ്മയുടെ കരുതലും പെങ്ങളുടെ സാന്നിധ്യവുമൊക്കെയായി…. വീണ്ടും ആ പഴയ വേദപഠനക്ലാസിലേക്ക്…. ബാല്യത്തിലേക്ക്, തിരിഞ്ഞു നടക്കുന്നു…
അല്പം പരാതിയും പരിഭവവുമൊക്കെയുണ്ടാകാറുണ്ട് ഉള്ളില്‍…. കാരണം ഒരുപാട് പ്രതീക്ഷകളുണ്ട് ഉള്ളില്‍…. പാടില്ലെന്നറിയാം…. എന്നാലും…. പിന്നെ മറ്റെവിടെയാണു കിട്ടുക…. ഇവിടെകൂടെയതു നിഷേധിക്കപ്പെട്ടാല്‍?

ആശുപത്രിപടി ചവിട്ടിക്കയറിവരുമ്പോള്‍, വിദ്യാലയങ്ങളിലുമൊക്കെ…. കോണ്‍വെന്റിന്റെ ഡോര്‍ബെല്ലടിച്ച് മുറ്റത്തു കുനിഞ്ഞ ശിരസ്സുമായിട്ട് നില്ക്കുമ്പോഴൊക്കെ…. എന്തൊക്കെയാണെങ്കിലും ആ ക്ഷേത്രനടയിലെ പുരോഹിതന്‍ പറഞ്ഞതു മറക്കാനാവില്ല…. ”തൊട്ട് മുത്താതിരിക്കാനാവില്ല ആ പാദങ്ങളെ” അല്പം കുറ്റമൊക്കെ പറയുമെങ്കിലും…. ചങ്ക് നിറയെ സ്‌നേഹമുണ്ട്” കടപ്പാടും ”ആമ്മേന്‍”

ഫാ. അജീഷ് തുണ്ടത്തില്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment