ലാറി ടെസ്‌ലർ: കോപ്പി, പേസ്റ്റ് കമാൻഡുകൾ

Larry Tesler

*കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയ കംപ്യൂട്ടർ വിദഗ്ധൻ ലാറി ടെസ്‌ലർ അന്തരിച്ചു*

കംപ്യൂട്ടറിലെ ഒഴിവാക്കാനാവാത്ത കമാൻഡുകളായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ലാറി ടെസ്‌ലർ (74) അന്തരിച്ചു. ലോകത്ത് ബഹുഭൂരിപക്ഷത്തിനും കംപ്യൂട്ടർ അടുത്തുകാണാൻപോലും സാധിക്കാത്ത 1960-കളിൽ സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യാകമ്പനികളിൽ പ്രവർത്തിച്ചയാളാണ്. അസാധ്യമായ കമാൻഡുകൾ കണ്ടെത്തി കംപ്യൂട്ടർ ഉപയോഗം ഏറ്റവും എളുപ്പമാക്കിയ ഗവേഷകനാണ് ലാറി ടെസ്‌ലറെന്ന് അദ്ദേഹം ഏറെക്കാലം പ്രവർത്തിച്ച സിറോക്സ് കമ്പനി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

1945-ൽ ന്യൂയോർക്കിലാണ് ജനനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലായിരുന്നു പഠനം. ബിരുദത്തിനുശേഷം കംപ്യൂട്ടർ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഒട്ടേറെ പ്രമുഖ ടെക് കമ്പനികളിൽ പ്രവർത്തിച്ചു.

സിറോക്സ് പാലോ അൽട്ടോ റിസർച്ച് സെന്ററിൽ ജോലിചെയ്യുമ്പോഴാണ് 1973-ൽ ടെസ്‍ലർ കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത്. തുടർന്ന് ഫൈൻഡ് ആൻഡ് റീപ്ലേസ് കമാൻഡും കണ്ടുപിടിച്ചു. പിന്നീട് സ്റ്റീവ് ജോബ് ടെസ്‌ലറെ ആപ്പിൾ കമ്പനിയിലേക്ക് അടുപ്പിച്ചു. അവിടെ 17 വർഷം ജോലിചെയ്തു. ചീഫ് സയന്റിസ്റ്റ് തസ്തികയിലെത്തി. ആപ്പിളിൻറെ യൂസർ ഇൻറർഫെയ്‌സ്‌ ഡിസൈൻ ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു. ആപ്പിൾ വിട്ടശേഷം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് ആരംഭിച്ചു. ആമസോൺ, യാഹൂ തുടങ്ങിയ വമ്പൻ കമ്പനികളിലും ഹ്രസ്വകാലം പ്രവർത്തിച്ചു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment