🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________
Tuesday of week 7 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 12: 6
കര്‍ത്താവേ, അങ്ങയുടെ കരുണയില്‍ ഞാന്‍ ആശ്രയിച്ചു.
എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദംകൊള്ളുന്നു.
എന്നോട് കരുണ കാണിച്ച കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
യാക്കോ 4:1-10
ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അത് നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
സഹോദരരേ, നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്? നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല. ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്. വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്ന തിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.
ആകയാല്‍, ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊള്ളും. ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍. ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 55:7-8,9-10a,10b-11a,23
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.
ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍,
ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു;
വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.
കൊടുങ്കാറ്റില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും
ബദ്ധപ്പെട്ട് അകന്നു സങ്കേതം തേടുമായിരുന്നു.
കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമേ!
അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ!
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.
നഗരത്തില്‍ ഞാന്‍ അക്രമവും കലഹവും കാണുന്നു.
രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു.
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,
അവിടുന്നു നിന്നെ താങ്ങിക്കൊള്ളും;
നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 9:30-37
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും; ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനാകണം.
അക്കാലത്ത്, യേശുവും ശിഷ്യന്മാരും ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നുദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങയുടെ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങയുടെ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 9: 2-3
അങ്ങയുടെ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11: 27
കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Leave a comment