Indulgences ദണ്ഡവിമോചനം

എന്താണ് ദണ്ഡവിമോചനം?

സഭാചരിത്രത്തിൽ ഒട്ടേറെ വിവാദങ്ങൾക്കും പിളർപ്പിനും കാരണമായിട്ടുള്ളതാണ് ദണ്ഡവിമോചനത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾ. കുമ്പസാരത്തിലൂടെ മോചനം ലഭിച്ചിട്ടുള്ള പാപങ്ങളുടെ താൽകാലിക ശിക്ഷയിൽനിന്നും (temporal punishment) ഒരു വ്യക്തിയ്ക്ക് സഭയിൽനിന്നും ക്രിസ്തു ഭരമേല്പിച്ച പുണ്യത്തിന്റെ ഭണ്ഡാരത്തിന്റെ യോഗ്യതയാൽ ലഭിക്കുന്ന പൂർണ്ണമായോ ഭാഗികമായോ ഇളവുകളാണ് ദണ്ഡവിമോചനങ്ങൾ (indulgences).
ആദിമസഭയിൽ രോഗാവസ്ഥയിലുള്ളവരുടെയും രക്തസാക്ഷിത്വത്തിനു വിധിക്കപ്പെട്ടവരുടെയും പാപങ്ങൾക്കുള്ള പരിഹാരമനുഷ്ഠിക്കാൻ മറ്റുവിശ്വാസികളെ ചുമതലപ്പെടുത്താനുള്ള അധികാരം കുമ്പസാരക്കാർക്ക് നൽകിയിരുന്നു. ഇതാണ് ദണ്ഡവിമോചനങ്ങളുടെ ആദ്യരൂപം.
517-ൽ എപാവോൻ കൗൺസിൽ കുമ്പസാരത്തിലെ കഠിനമായ പ്രായ്ശ്ചിത്ത കർമ്മങ്ങൾക്കു പകരമായി ലഘുവായ വഴികൾ (പ്രാർത്ഥനകൾ, ദാനധർമ്മങ്ങൾ… തുടങ്ങിയവ) നിർദ്ദേശിച്ചു. പത്താം നൂറ്റാണ്ടുവരെ കുമ്പസാരത്തിൽ ലഭിക്കുന്ന പ്രായ്ശ്ചിത്ത പ്രവൃത്തികളുടെ ഗണത്തിലാണ് ദണ്ഡവിമോചനങ്ങളെ മനസ്സിലാക്കിയിരുന്നത്. 1095-ൽ ഉർബൻ രണ്ടാമൻ മാർപാപ്പ കുരിശു യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചതോടെയാണ് ദണ്ഡവിമോചനങ്ങൾക്ക് കൂടുതൽ അർത്ഥവ്യാപ്തി കൈവന്നത്. വിശുദ്ധ ആൽബർട്ട്, വിശുദ്ധ തോമസ് അക്വീനാസ് തുടങ്ങിയവർ സഭയുടെ പുണ്യഭണ്ഡാരത്തെ (treasury of the church) ദണ്ഡവിമോചനങ്ങളുടെ ആധാരമായി അവതരിപ്പിച്ചു.
ഒരു വ്യക്തി പാപം ചെയ്യുമ്പോൾ രണ്ടുതരത്തിലുള്ള ഫലങ്ങൾ ഉളവാകുന്നുണ്ട്: നിത്യശിക്ഷയും താൽകാലികശിക്ഷയും. മാരകപാപം ചെയ്യുന്ന വ്യക്തി ദൈവവുമായുള്ള തന്റെ ബന്ധം നഷ്ടമാക്കുകയും വരപ്രസാദം ഇല്ലാതാക്കുകയും ചെയ്യുന്നതിനാൽ നരകശിക്ഷക്ക് അർഹമാകുന്നു. ഇതാണ് നിത്യശിക്ഷ. എന്നാൽ ഓരോപാപവും (മാരകപാപവും ലഘുപാപവും) നിത്യശിക്ഷയോടൊപ്പം താൽക്കാലിക ശിക്ഷക്കും കാരണമാകുന്നുണ്ട്. ഉദാഹരണമായി കൊലപാതകം ചെയ്ത ഒരു വ്യക്തി കുമ്പസാരത്തിലൂടെ പാപമോചനം നേടുമ്പോൾ പ്രസ്തുത തിന്മയിലൂടെ ആ വ്യക്തിക്ക് ലഭിക്കുമായിരുന്ന നരകശിക്ഷ ഒഴിവാകുന്നു. എന്നാൽ, ആ വ്യക്തി രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന നടപടികൾക്കു വിധേയമാകേണ്ടതുണ്ട്. കൂടാതെ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും അവശേഷിക്കുന്നു.
നിത്യശിക്ഷയും താല്ക്കാലിക ശിക്ഷയും തമ്മിലുള്ള വ്യത്യാസത്തെ ഈ ഉദാഹരണത്തിലൂടെ മനസിലാക്കാം.
പാപത്തിലൂടെ ലോകത്തോടും ലോകവസ്തുക്കളോടും തോന്നുന്ന അനാരോഗ്യകരമായ അഭിനിവേശമായും താല്ക്കാലികശിക്ഷയെ മനസിലാക്കാം. ഇത്തരം പാപാഭിനിവേശത്തിൽനിന്ന് (temporal punishment) )േ ഈ ലോകത്തിൽ ആയിരിക്കുമ്പോഴോ മരണാനന്തരം ശുദ്ധീകരണ സ്ഥലത്തുവച്ചോ വിടുതൽ നേടേണ്ടതുണ്ട്. താൽകാലികശിക്ഷ നിത്യശിക്ഷയിൽനിന്ന് വ്യത്യസ്തമാണ്. താൽക്കാലിക ശിക്ഷയുടെ പരിഹാരം നിശ്ചിതകാലംകൊണ്ട് നേടാവുന്നതാണ്. എന്നാൽ നിത്യശിക്ഷയിൽനിന്നുള്ള വിടുതലാകട്ടെ മനുഷ്യന്റെ പ്രവൃത്തികൾക്കനുസൃതമായിട്ടല്ല ദൈവ കരുണയിൽമാത്രം അധിഷ്ഠിതമാണ്. പാപത്തിന്റെ പരിഹാരകർമ്മങ്ങളെല്ലാം താൽക്കാലികശിക്ഷയുടെ വിടുതലിനു മാത്രമേ കാരണമാകുന്നുള്ളൂ എന്നുസാരം. നിത്യശിക്ഷയിൽനിന്നുള്ള വിടുതൽ കുരിശിലെ യേശുവിന്റെ ബലിയിലൂടെ ലഭ്യമായ വരപ്രസാദം ഒഴുകുന്ന പാപമോചനകൂദാശയിലൂടെ മാത്രമേ സാധ്യമാകൂ. ദണ്ഡവിമോചനത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ദണ്ഡവിമോചനം കുമ്പസാരത്തിനുപകരമുള്ളതല്ല. കാരണം ദണ്ഡവിമോചനത്തിലൂടെ താൽക്കാലിക ശിക്ഷയിൽ നിന്നുള്ള (ലൗകിക മോഹങ്ങളിൽ നിന്നുള്ള) മോചനം മാത്രമേ ലഭിക്കുന്നുള്ളൂ. ദണ്ഡവിമോചനങ്ങളുടെ മാത്രം യോഗ്യതയിൽ ആർക്കും സ്വർഗം ലഭിക്കുകയില്ല. സ്വർഗപ്രാപ്തിക്ക് നിത്യശിക്ഷയിൽനിന്നുള്ള വിടുതൽ അനിവാര്യമാണ്.
ദണ്ഡവിമോചനത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങൾ ചുരുക്കി വിവരിക്കാം.
(i) ക്രിസ്തുസഭയെ ഭരമേൽപ്പിച്ചതും വിശുദ്ധർ തങ്ങളുടെ മാതൃകാപരമായ ജീവിതംകൊണ്ടു പരിപോഷിപ്പിച്ചതുമായ പുണ്യഭണ്ഡാരത്തിന്റെ യോഗ്യതയാൽ വ്യക്തികൾക്ക് താൽക്കാലിക ശിക്ഷയിൽനിന്ന് വിടുതൽ നൽകാൻ സഭക്ക് അധികാരമുണ്ടെന്ന് ക്ലമന്റ് ആറാമൻ മാർപാപ്പ 1343-ൽ (Unigenitus Dei Filius) പഠിപ്പിച്ചു.
(ii) അനുതപിച്ച് പാപമോചനം തേടിയ വിശ്വാസികൾക്ക് നിശ്ചിതമായ പ്രാർത്ഥനകളുടെയും പുണ്യപ്രവൃത്തികളുടെയും ഫലമായി ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ പ്രഖ്യാപിക്കാൻ സഭയുടെ പുണ്യഭണ്ഡാരത്തിന്റെ കാര്യവിചാരിപ്പുകാരൻ എന്ന നിലയിൽ മാർപാപ്പക്ക് അധികാരമുണ്ട് എന്ന് മാർട്ടിൻ അഞ്ചാമൻ പാപ്പ 1418-ൽ പ്രഖ്യാപിച്ചു (Inter Cunctas)െ. ദണ്ഡവിമോചനം പ്രഖ്യാപിക്കാനുള്ള മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്ത ലൂഥറിനെ തിരുത്തിക്കൊണ്ട് ലെയോ പത്താമൻ മാർപ്പാപ്പാ 1520-ൽ വ്യക്തമായ പ്രബോധനം നൽകി (Ex-surge Domine).
(iii) ത്രെന്തോസ് സൂനഹദോസ് (1563) ദണ്ഡവിമോചന നിഷേധികളെ ഖണ്ഡിച്ചു പുറംതള്ളിയെങ്കിലും ദണ്ഡവിമോചനങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് പരിശുദ്ധ പിതാവിന് റിപ്പോർട്ടു സമർപ്പിക്കാൻ മെത്രാൻ സമിതികളെ ചുമതലപ്പെടുത്തി (Decree on Indulgences)െ.
(iv) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ 1967-ൽ പോൾ ആറാമൻ മാർപാപ്പ ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭയുടെ ഏറ്റവും ആധികാരികമായ പഠനം (indulgentiarum doctrina) നൽകി. പുണ്യവാന്മാരുടെ ഐക്യം (സമര – സഹന – വിജയ സഭകളുടെ ഐക്യം) മൂലം ജീവിച്ചിരിക്കുന്നവരുടെ പരിഹാര പ്രവൃത്തികളിലൂടെ ശുദ്ധീകരാത്മാക്കൾക്ക് ദണ്ഡവിമോചനം നേടിയെടുക്കാനാകുമെന്ന suffragium) സഭയുടെ പരമ്പരാഗത വിശ്വാസത്തെ ഈ പ്രബോധനരേഖ ഊന്നിപ്പറഞ്ഞു.
ചുരുക്കത്തിൽ, ദണ്ഡവിമോചനങ്ങൾ സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണ്. പാപത്തോടുള്ള മനുഷ്യപ്രകൃതിയുടെ ആസക്തിയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ഭക്തകൃത്യങ്ങളും പരിത്യാഗ പ്രവൃത്തികളും അനുഷ്ഠിക്കാൻ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ ദണ്ഡവിമോചനങ്ങൾ നൽകുന്നത്. ദണ്ഡവിമോചനത്തിന്റെ അടിസ്ഥാനം ക്രിസ്തു സഭയെ ഭരമേല്പ്പിച്ച വരപ്രസാദപൂർണ്ണതയാണ്.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വിശ്വാസികൾക്ക് സഭ തന്നെ ഭരമേല്പിച്ചിരിക്കുന്ന പുണ്യഭണ്ഡാഗാരത്തിൽനിന്ന് നൽകുന്ന അനുഗ്രഹമാണ് ദണ്ഡവിമോചനങ്ങൾ. ശുദ്ധീകരാത്മാക്കൾക്ക് സമരസഭയുടെയും വിജയസഭയുടെയും മാധ്യസ്ഥ്യം വഴിയാണ് ദണ്ഡവിമോചനങ്ങൾ ലഭിക്കുന്നത്.
കരുണയുടെ ജൂബിലി വർഷത്തിൽ തിരുാഭ നൽകുന്ന അനുപമമായ ദണ്ഡവിമോചനാവസരങ്ങൾ ആത്മാർത്ഥതയോടെ പ്രയോജനപ്പെടുത്താൻ നമുക്ക് പരിശ്രമിക്കാം.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment