നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം

Retreat venue : St.Mary’s church Vettimukal Changanacherry


https://youtu.be/9dtlF_bUZvA
________________________
നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം .
________________________
ഇതെല്ലാം പെട്ടന്നു ചിന്തിക്കുമ്പോൾ നമ്മുക്ക് കുറച്ച് ബുദ്ധിമുട്ടു തോന്നും. ഈശോ പറയുന്ന വഴിയേ നടക്കുക, ഈശോയുടെ സ്വരം കേൾക്കുക, ഇതൊക്കെ എങ്ങനെ സംഭവിക്കും? ഈശോ തന്നെ സഹായിച്ചാലെ ഇതു സംഭവിക്കുകയുള്ളൂ. അതുകൊണ്ട് ഈശോ തന്റെ അന്ത്യഅത്താഴവേളയിൽ പറഞ്ഞു ഞാൻ നിങ്ങൾക്ക് മറ്റൊരു സഹായകനെ നല്കും . ഞാൻ നിങ്ങളുടെ കൂടെയുണ്ട്. അതു കൂടാതെ മറ്റൊരു സഹായകനെ നൽകും. അതാരാണ്? പരിശുദ്ധാത്മാവ്! ആ പരിശുദ്ധാത്മാക്കുന്ന സഹായകൻ ആരാണ്?

നാം സാധാരണ പരിശുദ്ധാത്മാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് കാണുന്നത് , മന്സിലാക്കുന്നത്. പ്രാവ് – തീനാളം – വെള്ളം വായൂ . ഇതെല്ലാം പരിശുദ്ധാത്മാവിന്റെ അടയാളമാണ്. പരിശുദ്ധാത്മാവില്ലാതെ മനുഷ്യനു ജീവിതം സാദ്ധ്യമല്ല. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ആത്മാവിനെ അവന്റെ ഉള്ളിൽ നിവേശിപ്പിച്ചുകൊണ്ടാണ്. അത്രക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് പരിശുദ്ധാത്മാവ്. പ്രാവ്, അഗ്നി, വായു എന്നതൊക്കെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അടയാളമാണ് . എന്നാൽ പരിശുദ്ധാത്മാവ് ആരാകുന്നു പിതാവിനും പുത്രനും സമനായവനും പിതാവിനോടും പുത്രനോടും ഒപ്പം ആരാധിക്കപ്പെടുന്നവനും കർത്താവും ജീവദാതാവും.

ആദ്യമായി നാം ഇവിടെ മനസിലാക്കുന്നത് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാകുന്നു എന്നതാണ്. ആ വ്യക്തിയാകുന്ന പരിശുദ്ധാത്മാവ് നമ്മൾ ഓരോരുത്തരിലും ഉണ്ട്. പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ എന്നു നാം പ്രാർത്ഥിക്കുമ്പോൾ നാം മനസിലാക്കുന്നു പരിശുദ്ധാത്മാവിനെ എപ്പോഴും കൂടുതൽ കൂടുതലായി നമ്മുക്ക് തന്നു കൊണ്ടിരിക്കുന്നു , ആ പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുന്നു പ്രത്യേകിച്ച്, കൂദാശകളിൽ നാം അതു കാണുന്നു “പരിശുദ്ധാത്മവേ എഴുന്നള്ളി വരണമേ എന്നു പറയുമ്പോൾ കൂദാശകളിൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന് നമ്മിലും വന്ന് ഈ ദാസരുടെ കുർബാനയെ ആശീർവദിച്ച്, പവിത്രീകരിച്ച് കൃസ്തുവിന്റെ ശരീരവും രക്തവും ആക്കി മാറ്റുന്നു.

അങ്ങനെയെങ്കിൽ, മാമ്മോദീസയും മറ്റു കൂദാശകളും സ്വീകരിച്ച നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? നാം വിശ്വാസികളുടെ സമൂഹം ആയി കഴിഞ്ഞിരിക്കുന്നു. അങ്ങനെ, കർത്താവ് എല്ലാം നമ്മുക്ക് നൽകി കഴിഞ്ഞിരിക്കുന്നു. ഇനി ഒന്നും നമ്മുക്ക് തരുവാനില്ല. ഈശോ ഇങ്ങനെ പറയും എന്റെ ഓമന മകളേ, ഓമന മകനേ, നിനക്ക് ഞാൻ എല്ലാം തന്നിരിക്കുന്നു. ത്രീത്വക ദൈവം നിന്നിലുണ്ട്. എന്റെ ശരീരവും രക്തവും ഞാൻ നിനക്ക് തന്നിരിക്കുന്നു. എന്റെ വചനം നിനക്കു തന്നിരിക്കുന്നു. എന്റെ ആത്മാവിനെ ഞാൻ തന്നിരിക്കുന്നു. എന്റെ അമ്മയെ ഞാൻ നിനക്ക് തന്നിരിക്കുന്നു. എല്ലാം ഞാൻ നിനക്ക് നൽകിയിരിക്കുന്നു. നാം ഇനി ഉൾക്കണ്ണുകൾ തുറന്ന് ഈ തന്നിരിക്കുന്ന ആത്മ ദാനങ്ങളെക്കുറിച്ച് അറിയണം.

മാർപാപ്പ തമാശരൂപത്തിൽ തന്റെ പള്ളി പ്രസംഗത്തിൽ പറഞ്ഞു നാം കത്തോലിക്കരാണങ്കിലും മാമ്മോദീസായിലൂടെ നമ്മുക്ക് ലഭിച്ച സമ്മാനപ്പെട്ടി ഇപ്പോഴും തുറന്നിട്ടില്ല. അതിന്റെ പുറംചട്ട മാത്രമേ തുറന്നിട്ടുള്ളൂ. ആ സമ്മാനപ്പെട്ടിയിൽ വളരെയധികം സമ്മാനങ്ങളുണ്ട്. അതാണ് ഈശോ പറഞ്ഞത് “മുട്ടുവിൽ തുറക്കപ്പെടും, അന്വേഷിപ്പിൽ കണ്ടെത്തും “ഇതാണ് നാം വിശ്വസിക്കേണ്ടത്. ദൈവം നമ്മുക്ക് എല്ലാം തന്നു കഴിഞ്ഞിരിക്കുന്നു. എന്താണ് ദൈവം നമ്മുക്ക് തന്നിരിക്കുന്ന ഏറ്റവും വലിയ ദാനം? ദൈവം നമ്മുക്ക് തന്നിരിക്കുന്ന ഏറ്റവും വലിയ ദാനം ദൈവത്തെ തന്നെയാണ്. PRAISE THE LORD! എല്ലാ കൂദാശകളിലും ദൈവത്തിന്റെ കൃപ നമ്മുക്ക് ലഭിക്കുന്നു. എന്നാൽ, വി.കുർബാനയിൽ നമ്മുക്ക് കൃപയുടെ ദാതാവിനെ തന്നെ നമ്മുക്ക് ലഭിക്കുന്നു. ദൈവം നമുക്ക് തന്നിരിക്കുന്നത് ദൈവത്തെ തന്നെയാണ്.

ഈ ദിവസങ്ങളിൽ ഈ രഹസ്യങ്ങളെ നാം കണ്ടെത്താൻ പോവുകയാണ്. “നമ്മുടെ കൂടെ ബലവാനാം കർത്താവെന്നന്നേക്കും രാജാവാം ദൈവം നമ്മോടൊത്തെന്നും യാക്കോബിൻ ദൈവം നമ്മുടെ തുണയെന്നും. “ഇത് നാം വിശ്വസിക്കുന്നുവോ? ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന്‌ വിശ്വസിക്കുന്നുവോ? ഇത എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ ആലപിക്കുന്നതാണ് നാം. ഇതു നമ്മുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കണം. കുർബാന കഴിഞ്ഞ് യാത്ര ചെയ്യുമ്പോഴും, വീട്ടിലും തോട്ടം നനക്കുമ്പോഴും പ്രാചകം ചെയ്യുമ്പോഴും എല്ലാം നമ്മുടെ ഉള്ളിൽ ഇങ്ങനെ അലയടിക്കണം. നമ്മുടെ സുറിയാനി പാരമ്പര്യത്തിലുള്ള ഒരു സുറിയാനി പദം ഇതാണ് “സൗത്താ പൂസാ ” എന്നു പറഞ്ഞാൽ സംസർഗ്ഗം – സഹവാസം . “മിശിഹാകർത്താവിൽ കൃപയും ദൈവപിതാവിൻ സ്നേഹമതും റൂഹാതൻ സഹവാസവുമീ നമ്മോടൊത്തുണ്ടാകട്ടെ . എന്താണ് ഇതിന്റെ അർത്ഥം? പിതാവും പുത്രനും പരിശുദ്ധാത്മാവു ആയുള്ള സഹവാസം – സംസർഗ്ഗം . സഹവാസത്തിന്റെ പൂർണ്ണത ആർക്കാണ് ഉണ്ടാകുന്നത് ? മണവാളനും മണവാട്ടിക്കും. ഭാര്യയും ഭർത്താവും ഒന്നാകുന്നു. ആ ഒന്നാകലാണ് സൗത്താ പൂസാ -” നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം ” . സഹവാസം എന്നാൽ ദൈവം നമ്മിൽ വസിക്കുന്നു എന്നു മാത്രമല്ല അതേസമയം തന്നെ നാം ദൈവത്തിൽ വസിക്കുന്നു. അതു തന്നെയാണ് നാം കുർബാനയിൽ പാടുന്നത് “എന്റെ ശരീരം ഭക്ഷിക്കും എൻ രക്തം പാനം ചെയ്യും മാനവനെന്നിൽ നിവസിക്കും അവനിൽ ഞാനും നിശ്ചയമായ് . ഈശോ യോഹന്നാന്റെ സുവിശേഷം 15 :4-5 അധ്യായത്തിൽ മുന്തിരിച്ചെടിയെക്കുറിച്ച് പറഞ്ഞപ്പോഴും ഇതാണ് പറയുന്നത് “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. “


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment