വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18).*

*ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.*

*വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ്*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു അവിടുത്തെ പദ്ധതി. ദൈവകുമാരന് മനുഷ്യജന്മം വരിക്കുന്നതിന് മാതൃത്വപദം‍ അലങ്കരിക്കുവാന്‍ നിത്യകാലം മുതല്‍തന്നെ കന്യകയെ ദൈവം തെരഞ്ഞെടുത്തു.*

*പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ അമ്മ യേശുവിനെ ഗര്‍ഭം ധരിക്കണമെന്നതും ദൈവജനനിയുടെ അഭിമാനത്തെ സംരക്ഷിക്കേണ്ടതും ദൈവീക രഹസ്യമായിരിന്നു. അതിനാല്‍ അവള്‍ക്ക് അനുയോജ്യനായ ഒരു വരനെ ദൈവം തെരഞ്ഞെടുത്തതു. ദാവീദു വംശജനായ യാക്കോബിന്‍റെ പുത്രന്‍ യൗസേപ്പിനെ, ദൈവം തന്‍റെ അനന്ത ജ്ഞാനത്താല്‍ തെരഞ്ഞെടുത്തു. ഈ തെരഞ്ഞെടുപ്പു മാര്‍ യൗസേപ്പിതാവിന്‍റെ മഹത്വത്തെ അപാരമാക്കി തീര്‍ക്കുന്നു.*

*ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായി സേവനം അനുഷ്ഠിക്കേണ്ട വ്യക്തിയാണ് ജോസഫ് എന്നത്, അദ്ദേഹം മര്‍ത്ത്യനായി ഉരുവാകുന്നതിന് മുന്‍പെ ദൈവം പദ്ധതിയിട്ടിരിന്നതാണ്. ഒരു വ്യക്തിയെ അസാധാരണമായ ഒരു ദൗത്യം നിര്‍വഹിക്കുവാനായി ദൈവം തെരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആ വ്യക്തിക്ക് ചില ഗുണങ്ങളും മേന്മകളും ഉണ്ടായിരിക്കേണ്ടതാണല്ലോ. ലോകാരംഭം മുതല്‍ അവസാനം വരെ ജന്മമെടുത്തിട്ടുള്ള എല്ലാ മനുഷ്യരിലും വച്ച്, ദൈവം ഏറ്റവും കൂടുതല്‍ സ്നേഹ വായ്പോടുകൂടി വി. യൗസേപ്പിനെ ദൈവജനനിയുടെ വിരക്ത ഭര്‍ത്താവും ലോകനിയന്താവായ ഈശോമിശിഹായുടെ വളര്‍ത്തുപിതാവുമായി നിയോഗിച്ചതില്‍ നിന്നും വിശുദ്ധ യൗസേപ്പിന്‍റെ മഹത്വം എത്ര വലുതാണെന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. അദൃശ്യമായതും ഉന്നതസ്ഥാനം അലങ്കരിക്കുവാന്‍ മനുഷ്യരില്‍ നിന്നും ഏറ്റവും അനുയോജ്യനായ വ്യക്തിയെ ദൈവം തെരഞ്ഞെടുത്തു. അതും മാര്‍ യൗസേപ്പിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുന്നു.*

*പിതാവായ ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിച്ചാണ് വിശുദ്ധ യൗസേപ്പിനെ തെരഞ്ഞെടുത്തത് എന്നാണല്ലോ ഐതിഹ്യം. അതുപോലെ ദൈവം നമ്മെയും സവിശേഷമാം വിധം സ്നേഹിച്ച് തിരുസഭയില്‍ പ്രത്യേക ദൗത്യനിര്‍വ്വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ദൈവം നമ്മില്‍ നിന്ന്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന്‍ മനസ്സിലാക്കി അതിനനുസരിച്ച് നമ്മുടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം സാഫല്യമടയുകയുള്ളൂ. ജീവിതവിജയം വരിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ഏതായാലും വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശത്തിന്‍റെ അഭിമാനപാത്രവും സകല മനുഷ്യ വ്യക്തികളിലും ആദരണീയനുമാണെന്നു മനസ്സിലാക്കാം.*

*സംഭവം*
🔸🔸🔸

*മാര്‍ സെയില്‍സ് പട്ടണത്തില്‍ വിശ്വാസം പരിത്യജിച്ച് ഒരു മനുഷ്യന്‍ അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചിരുന്നു. 876-ല്‍ ഇയാള്‍ക്ക് മാരകമായ ഒരു രോഗം പിടിപെട്ടു. ഇയാളുടെ പരിതാപകരമായ ആദ്ധ്യാത്മികത്തകര്‍ച്ചയും രോഗവും നിമിത്തം ബന്ധുമിത്രാദികള്‍ ഭയവിഹ്വലരായി. മരണാവസ്ഥയിലെങ്കിലും ഇയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടാകണമെന്നു കരുതി, ഉറ്റബന്ധുക്കള്‍ പല ഉപദേശങ്ങളും നല്‍കി. എന്നാല്‍ യാതൊരു വ്യത്യാസവും ആ മനുഷ്യനില്‍ ഉണ്ടായില്ല. അയാള്‍ കിടന്നിരുന്ന തൊട്ടടുത്ത മുറിയില്‍ കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പ് പിതാവിന്‍റെ സ്വരൂപം സ്ഥാപിച്ച് പ്രതിഷ്ഠയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ജപങ്ങള്‍ നിര്‍ത്തുമ്പോള്‍ അടുത്ത മുറിയില്‍ കിടക്കുന്ന അയാള്‍ സ്വകുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഒമ്പതാം ദിവസം ഏവര്‍ക്കും വിസ്മയം ജനിപ്പിക്കുമാറ് ആ മനുഷ്യനില്‍ ഭാവമാറ്റമുണ്ടായി. ഒരു വൈദികന്‍ സമീപത്തണയുവാന്‍ പോലും അനുവദിക്കാതിരുന്ന ആ മനുഷ്യന്‍‍ ഉടനെ ഒരു വൈദികനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ ഉത്തമ മനസ്താപത്തോടു കൂടി പാപസങ്കീര്‍ത്തനം നിര്‍വഹിക്കുകയും നല്ല മരണം പ്രാപിക്കുകയും ചെയ്തു.*

*ജപം*
🔸🔸

*ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.*

*1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.*

*വി. യൗസേപ്പുപിതാവിന്‍റെ _ലുത്തിനിയ_*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*കര്‍ത്താവേ, അനുഗ്രഹിക്കണമേ*

*(കര്‍ത്താവേ…)*

*മിശിഹായെ, അനുഗ്രഹിക്കണമേ.*

*(മിശിഹായെ…)*

*കര്‍ത്താവേ, അനുഗ്രഹിക്കണമേ.*

*(കര്‍ത്താവേ…)*

*മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,*

*(മിശിഹായെ…)*

*മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.*

*(മിശിഹായെ…)*

*സ്വര്‍ഗ്ഗസ്ഥനായ പിതാവേ,*

*(ഞങ്ങളെ അനുഗ്രഹിക്കണമേ)*

*ലോകരക്ഷകനായ ക്രിസ്തുവേ,*

*പരിശുദ്ധാത്മാവായ ദൈവമേ,*

*ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,*

.

*പരിശുദ്ധ മറിയമേ,*

*(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)*

*വിശുദ്ധ യൗസേപ്പേ,*

*ദാവീദിന്‍റെ വിശിഷ്ട സന്താനമേ,*

*ഗോത്രപിതാക്കളുടെ പ്രകാശമേ,*

*ദൈവജനനിയുടെ ഭര്‍ത്താവേ,*

*പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,*

*ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,*

*മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,*

*തിരുക്കുടുംബത്തിന്‍റെ നാഥനേ,*

*എത്രയും നീതിമാനായ വി. യൗസേപ്പേ,*

*മഹാ വിരക്തനായ വി.യൗസേപ്പേ,*

*മഹാ വിവേകിയായ വി. യൗസേപ്പേ,*

*മഹാ ധീരനായ വി. യൗസേപ്പേ,*

*അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,*

*മഹാ വിശ്വസ്തനായ വി. യൗസേപ്പേ,*

*ക്ഷമയുടെ ദര്‍പ്പണമേ,*

*ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,*

*തൊഴിലാളികളുടെ മാതൃകയേ,*

*കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,*

*കന്യകകളുടെ സംരക്ഷകാ* ,

*കുടുംബങ്ങളുടെ ആധാരമേ,*

*നിര്‍ഭാഗ്യരുടെ ആശ്വാസമേ,*

*രോഗികളുടെ ആശ്രയമേ,*

*മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,*

*പിശാചുക്കളുടെ പരിഭ്രമമേ,*

*തിരുസ്സഭയുടെ പാലകാ,*

*ഭൂലോകപാപ….(3)*

(നായകൻ) *ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.*

(സമൂഹം) *തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.*

*പ്രാര്‍ത്ഥിക്കാം*
🔸🔸🔸🔸🔸🔸

*അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.*

*സുകൃതജപം*
🔸🔸🔸🔸🔸

*വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തെരഞ്ഞെടുക്കുവാനുള്ള വിവേകം ഞങ്ങള്‍ക്ക് നല്‍കണമേ.*
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment