*🌸☘വി. മിഖായേലിനോടുള്ള പ്രാർത്ഥന ദിവസവും ചൊല്ലേണ്ടതുണ്ടോ? ☘🌸*
1884 ഒക്ടോബർ 13 ന് ബലിയർപ്പണം കഴിഞ്ഞപ്പോൾ ലിയോ പതിമൂന്നാമൻ മാർപാപ്പയ്ക്ക് 10 മിനിറ്റോളം ദൈർഘ്യമുള്ള ഒരു ദർശനമുണ്ടായി. 100 വർഷവും അധികാരവും തനിക്കു തന്നാൽ കത്തോലിക്കാസഭയെ തനിക്കു നശിപ്പിക്കുവാൻ സാധിക്കുമെന്ന് യേശുവിനെ വെല്ലുവിളിക്കുന്ന സാത്താനെയും, സൗമ്യതയോടെ അതനുവദിക്കുന്ന യേശുവിനെയും ദർശനത്തിൽകണ്ട മാർപാപ്പ, വളരെയധികം പരിഭ്രാന്തിയോടെ തന്റെ ഓഫീസിൽ മുറിയിൽ പ്രവേശിച്ച്, സാത്താന്റെ ഉദ്യമത്തെ തടയുവാൻ വി. മിഖായേലിനോടുള്ള പ്രാർത്ഥന എഴുതിയുണ്ടാക്കി. വി. കുർബാനയ്‌ക്കുശേഷം എല്ലാ ദൈവാലയത്തിലും ഈ പ്രാർത്ഥന ചൊല്ലണമെന്ന് ലിയോ പതിമൂന്നാമൻ മാർപാപ്പ കൽപ്പന പുറപ്പെടുവിച്ചു. 1965 വരെ ഈ പ്രാർത്ഥന സ്ഥിരമായി പള്ളികളിൽ ചൊല്ലിയിരുന്നുവെങ്കിലും അതിനുശേഷം അത് നിർത്തലാക്കപ്പെട്ടു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, വി. മിഖായേലിനോടുള്ള പ്രാർത്ഥനയെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും പഴയ രീതിയിലേയ്ക്ക് പ്രാർത്ഥന തിരികെ വന്നില്ല.
*☘തിരുസഭയിൽ വി. മിഖായേലിന്റെ പ്രാധാന്യം:☘*
യുഗാന്തം : ദാനിയേലിന്റെ പുസ്തകം —-
“*അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തിൽ പേരുള്ള നിന്റെ ജനം മുഴുവൻ രക്ഷപെടും.” (ദാനിയേൽ 12 :1)*
പീഢനങ്ങളുടെയും ദുരിതങ്ങളുടെയും കാലഘട്ടത്തിൽ, ദൈവത്തിൽ ആശ്രയിക്കുന്നവരെ രക്ഷിക്കുവാൻ ദൈവം ചുമതലപ്പെടുത്തിയിരിക്കുന്ന മഹാപ്രഭു!!! തിരുസഭയുടെ കാവൽക്കാരൻ…സ്വർഗ്ഗീയ സൈന്യങ്ങളുടെ സൈന്യാധിപൻ…ആത്മാക്കളെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ദൈവം നിയോഗിച്ചിരിക്കുന്ന മുഖ്യ ദൂതൻ തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള വി.മിഖായേലിനോട് നാം സഹായമഭ്യർത്ഥിക്കണമെന്ന് പരിശുദ്ധ ദൈവമാതാവ് പല സന്ദേശങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ വി.മിഖായേലിനോടുള്ള സംരക്ഷണപ്രാർത്ഥന ഈ കാലഘട്ടത്തിൽ നിസ്സാരമായി നാം തള്ളിക്കളയരുത്. ഇതിന്റെ പ്രാധാന്യം കുറച്ചുകാണിക്കുവാൻ സാത്താൻപലരീതിയിൽ ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഓർക്കുക, സ്വർഗ്ഗീയ ഇടപെടലുകളുള്ള ഏതൊരു കൂട്ടായ്മകളെയും തകർക്കുവാൻ സാത്താൻ പല വഴികളിലൂടെയും ശ്രമിക്കും. ഓൺലൈൻ വഴിയും സോഷ്യൽമീഡിയ വഴിയും മറ്റു രീതിയിലുമുള്ള ആത്മീയശുശ്രൂഷകളെ തകർക്കുവാൻ, വ്യക്തികൾവഴിയും മറ്റുരീതിയിലും, സാത്താൻ ശ്രമിക്കുമ്പോൾ നമുക്ക് സഹായമഭ്യർത്ഥിക്കുവാൻ സ്വർഗ്ഗം തന്നിരിക്കുന്ന പോരാളിയാണ് വി.മിഖായേൽ.
21 ദിവസം വിലാപം ആചരിച്ച ദാനിയേലിന്റെ അടുത്തേയ്ക്ക് ദൈവത്താൽ അയക്കപ്പെട്ട ദൂതനെ പേർഷ്യാ രാജ്യത്തിന്റെ കാവലാളായ അരൂപി തടഞ്ഞപ്പോൾ, ദൈവദൂതന് സഹായവുമായി വന്നത് വി.മിഖായേലാണ്. (ദാനിയേൽ 10 :1-20)
മിഖായേലും അവന്റെ ദൂതന്‍മാരും, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന പുരാതനസര്‍പ്പത്തോടും ദൂതന്മാരോടും പോരാടി അവരെ തോൽപ്പിക്കുന്നതും സ്വർഗ്ഗത്തിൽനിന്നും പുറത്താക്കുന്നതും വെളിപാടിന്റെ പുസ്തകത്തിൽ നാം കാണുന്നു. (വെളിപാട് 12: 7-10)
അതിനാൽ ലിയോ പതിമൂന്നാമൻ മാർപാപ്പയിലൂടെ സ്വർഗ്ഗം നൽകിയ കൽപ്പന നമുക്കേറ്റെടുക്കാം. സാധിക്കുന്നവർ, എല്ലാ വി.കുർബാനയ്ക്കുശേഷവും ഈ പ്രാർത്ഥന ചൊല്ലുവാൻ ശ്രമിക്കണം. കൂടാതെ, കുടുംബപ്രാർത്ഥനയ്‌ക്കൊപ്പവും മറ്റു പ്രാർത്ഥനാ സമയങ്ങളിലും ആത്മീയശുശ്രൂഷകളിലും ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മകളിലും ഈ പ്രാർത്ഥന ഏറ്റുചൊല്ലി, സാത്താന്റെ ഏറ്റവും കൗശലം നിറഞ്ഞ ഉദ്യമങ്ങളെ പരാജയപ്പെടുത്തുവാൻ വി.മിഖായേലിന്റെ സഹായം അപേക്ഷിക്കണം.
🌸☘🌸☘🌸☘🌸☘🌸☘🌸
ലിയോ പതിമൂന്നാമൻ മാർപാപ്പ രചിച്ച വി. മിഖായേലിനോടുള്ള വലിയ പ്രാർത്ഥനയുടെ ചുരുക്കരൂപം:
*മുഖ്യദൂതനായ വി. മിഖായേലേ,*
*സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,*
*ഉന്നതശക്തികളോടും,അധികാരങ്ങളോടും, ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കർത്താക്കളോടും, ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ.*
*ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരേണമേ.*
*അങ്ങയെ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്.*
*കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങു തന്നെയാണല്ലോ.*
*ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ.*
*പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.*
*കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുമ്പിൽ സമർപ്പിക്കണമേ.*
*ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ.*
*അവൻ ഇനി ഒരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.*
*ആമ്മേൻ..*
🌸☘🌸☘🌸
*വി. മിഖായേലിന്റെ ജപം (Latin) :*
*സാങ്തെ മിഖായേൽ ആർക്കെഞ്ചേലെ, ദെഫെന്തേ നോസ് ഇൻ പ്രോയെല്യോ, കോന്ത്രാ നെക്യുന്തിയാം ഏത് ഇൻസീഡിയാസ് ദിയാബോലി എസ്‌തോ പ്രേയെസീദിയും, ഇൻപേർ എത്ത് ഇല്ലി ദേവൂസ്, സൂപ്ലിച്ചേസ് ദേപ്രെക്കാമൂർ: തൂക്വേ, പ്രിൻചെപ്സ് മിലീത്തിയെ ച്യേലേസ്തീസ്, സാത്താനാം അലിയോസ്‌ക്വേ സ്പിരിത്തൂസ് മാലിഞ്ഞോസ്, ക്വയി ആദ് പെർദിത്യോനേം അനിമാരൂം പെർവഗാന്തൂർ ഇൻ മൂന്തോ, ദിവീനാ വിർത്തൂതെ, ഇൻ ഇൻഫെർനൂം ദേത്രൂദേ.*
*ആമ്മേൻ.*
🌸☘🌸☘🌸☘🌸☘🌸☘🌸

Leave a comment