പതിനേഴുവർഷമായി തളർന്നുപോയ ഭാര്യക്കുവേണ്ടിയും വീടിനുള്ളിൽ ഒതുങ്ങിപ്പോയ അമ്മക്കുംവേണ്ടി ജീവിക്കുന്നൊരു മരംവെട്ടുകാരൻ
‘ഒരു പനിയായിരുന്നു ആദ്യം നിര്‍മലക്ക് വന്നത്. സാധാരണ പനിയായിരിക്കുമെന്ന് കരുതി അടുത്തുളള ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങിപ്പോന്നു. ഒരു ദിവസമല്ല പല ദിവസങ്ങള്‍ പനി തുടര്‍ന്നപ്പോള്‍ ക്ലിനിക്കിലെ ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. വിട്ടുമാറാത്ത പനി എലിപ്പനിയുടെ ലക്ഷണമാണെന്നായിരുന്നു അന്ന് വിദഗ്ധരുടെയെല്ലാം അഭിപ്രായം. അതിനാല്‍ പിന്നീട് ഞങ്ങളുടെ യാത്ര കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കായിരുന്നു…’
പതിനേഴുവര്‍ഷം നീളുന്ന ഒരു സഹന ചരിത്രത്തിന്റെ കഥ പറയുകയായിരുന്നു കോഴിക്കോട് പേരാമ്പ്രക്ക് സമീപം പന്തിരിക്കര സ്വദേശി കുഞ്ഞിക്കണ്ണന്‍. തളര്‍ന്നുപോയ ഭാര്യക്കുവേണ്ടിയും വീടിനുള്ളില്‍ ഒതുങ്ങിപ്പോയ അമ്മക്കുംവേണ്ടി ജീവിക്കുകയാണ് അയാളിന്ന്. മരംവെട്ടാണ് തൊഴില്‍. അതും വീട്ടില്‍നിന്നും അധികദൂരമൊന്നും പോകില്ല. എവിടെപ്പോയാലും പെട്ടെന്ന് വീട്ടിലെത്താനുളള എളുപ്പവഴിക്കാണ് ഈ തൊഴില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
‘ഇതാകുമ്പം രാവിലെ കൃത്യസമയത്ത് പോകേണ്ടതില്ല. ചെയ്യുന്ന ജോലിക്ക് പണവും കിട്ടും. ഭാര്യയുടെയും അമ്മയുടെയും കാര്യവും നോക്കാം..” ഏറെ റിസ്‌കുള്ള മരംവെട്ട് തൊഴില്‍ തെരഞ്ഞെടുക്കാനിടയായതിനെക്കുറിച്ച് പറഞ്ഞാണ് കുഞ്ഞിക്കണ്ണന്‍ സംഭാഷണം തുടങ്ങിയത്.
‘ എത്ര ചികിത്സിച്ചിട്ടും പനി മാറാതിരുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എല്ലാത്തരം ടെസ്റ്റുകളും നടത്തി. എന്നിട്ടും രോഗകാരണം കണ്ടെത്താനായില്ല. നാനൂറ് രൂപ വിലയുളള മരുന്നാണ് ആദ്യം പുറത്ത് നിന്ന് വാങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അവര്‍ പറയുന്ന മരുന്ന് കൃത്യമായി വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ചില ദിവസങ്ങളില്‍ പനി വല്ലാതെ ഉയര്‍ന്നിട്ടുണ്ട്. ശരീരം വല്ലാതെ ചുട്ടുപൊളളുന്ന അവസ്ഥ.
അപ്പോള്‍ അപസ്മാരം പോലെ നിര്‍മ്മല അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കും. രണ്ടോ മൂന്നോ മിനിട്ടുകളേ ഈ സ്ഥിതിയുണ്ടാകുകയുള്ളൂ. പനിക്ക് ശമനം ഉണ്ടാകുമ്പോള്‍ തീര്‍ത്തും സാധാരണ പോലെ. ഒരു രോഗിണിയാണെന്ന് പോലും അപ്പോള്‍ ആരും പറയില്ല. എന്നാല്‍ ഈ അവസ്ഥ സ്ഥായിയല്ല, ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ പനി മൂര്‍ധന്യാവസ്ഥയിലാകും. ഇത്തരമൊരു അവസ്ഥക്ക് കാരണമെന്തെന്നുള്ള പഠനത്തിലായിരുന്നു ഡോക്ടര്‍മാര്‍. എലിപ്പനിയല്ല, അപസ്മാരമല്ല, മാനസികാസ്വസ്ഥതയുമല്ല.. യഥാര്‍ഥ കാരണം അപ്പോഴും മനസിലാകുന്നില്ല…രണ്ടാഴ്ചകൊണ്ട് മടങ്ങാം എന്ന് കരുതിയാണ് ഭാര്യയെയും കൂട്ടി ആശുപത്രിയിലെത്തുന്നത്. എന്നാല്‍ നാലുമാസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമ്പോഴും പനിക്ക് പൂര്‍ണ്ണമായൊരു ശമനം ഉണ്ടായിരുന്നില്ല…’ കുഞ്ഞിക്കണ്ണന്‍ പറയുന്നു.
മനസും ശരീരവും തളര്‍ന്ന്
‘ഭയത്തില്‍നിന്നെങ്ങാനും രൂപപ്പെട്ടതാണ് ഈ രോഗമെന്ന് കരുതി അതുമായി ബന്ധപ്പെട്ട പലരെയും കണ്ടു. എന്നാല്‍ ഇതെല്ലാം മനസിന്റെ ചില വിഭ്രാന്തികള്‍ മാത്രമാണെന്നായിരുന്നു അവരുടെ നിലപാട്.. ആശുപത്രി വാസത്തിനിടയില്‍ മൂന്ന് പെണ്‍മക്കളും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഭാര്യയെ ബസില്‍ കയറ്റികൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ പുറമേനിന്ന് കാറുവിളിക്കും. ഇങ്ങനെയുള്ള ഓരോയാത്രയ്ക്കും വലിയ തുകയാണ് ചെലവഴിക്കപ്പെട്ടിരുന്നത്. ജോലി ചെയ്യുന്ന പണമത്രയും ചികിത്സക്കുവേണ്ടി മാത്രം ചെലവഴിക്കപ്പെടുന്നു. എത്ര പണിചെയ്താലും ഒന്നും കാണാനില്ലാതായി. ഭാര്യയുടെ രോഗമൊട്ടു കുറയുന്നുമില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും വീട്ടിലെത്തി രണ്ട് ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയതുപോലെ തന്നെ ആശുപത്രി തന്നെ ശരണം. മനസും ശരീരവും വല്ലാതെ മുരടിച്ചുപോയ ഒരു ദിവസമാണ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.
മെഡിക്കല്‍ കോളജിലെ ബാത്‌റൂമിന്റെ ചുവരില്‍ തലയിടിച്ച് ഭാര്യ നിലത്തുവീണു. അകത്തുനിന്ന് കൊളുത്തിട്ടിരുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് ആളുകള്‍ അകത്തുകയറിയത്. അപ്പോഴേക്കും നെറ്റിയില്‍ ചോരയണിഞ്ഞ നിലയിലായിരുന്നു നിര്‍മല. പറയുന്നതൊന്നും വ്യക്തമായിരുന്നില്ല. ചികിത്സ താല്‍ക്കാലികമായി അവസാനിപ്പിക്കാനും ആവശ്യമുണ്ടെങ്കില്‍ ഒ.പിയില്‍ വന്ന് കാണാനുമൊക്കെയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
അങ്ങനെ ആശുപത്രിയില്‍നിന്നും വീട്ടിലെത്തി ചോറു വിളമ്പാന്‍ ഭാര്യയോട് കുഞ്ഞിക്കണ്ണന്‍ നിര്‍ദേശിച്ചു. അപ്പോഴാണ് ചെറിയൊരു ന്യൂനത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ചോറു വിളമ്പുന്നത് പാത്രത്തെ ലക്ഷ്യമാക്കിയാണെങ്കിലും അതിലല്ല വീഴുന്നത്. കറികള്‍ വിളമ്പുമ്പോഴും പാത്രത്തില്‍നിന്ന് ഒന്നോ രണ്ടോ ഇഞ്ച് മാറി, മേശപ്പുറത്തു വീഴുന്നു. കണ്ണിന് എന്തോ തകരാറുപോലെ.
പിന്നെ വിദഗ്ധ പരിശോധനക്ക് മെഡിക്കല്‍ കോളജിലേക്ക്. മിഴികള്‍ കുറച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്നതുപോലെയാണ് പരിശോധനയില്‍ ഡോക്ടര്‍ക്ക് മനസിലായത്. അതിനാല്‍ വിദഗ്ധമായ നേത്രചികിത്സ വേണ്ടിവരുമെന്നും സര്‍ജറിക്കായി അമ്പതിനായിരം രൂപയും മറ്റ് അനുബന്ധ ചികിത്സകള്‍ക്കും മരുന്നുകള്‍ക്കുമായി മുപ്പതിനായിര
രൂപയോളം വരുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിച്ചു. മരംവെട്ടി ആ നാളുകളില്‍ കരുതിയിരുന്നതത്രയും ചികിത്സയ്ക്കുവേണ്ടി കുഞ്ഞിക്കണ്ണന്‍ ചെലവഴിച്ചിരുന്നു. എന്നിട്ടും സര്‍ജറി വിജയിച്ചില്ല.
കിടക്കതന്നെശരണം
അപ്പോഴേക്കും നിര്‍മല കിടക്കയിലേക്ക് തന്നെ വീണുപോയിരുന്നു. എഴുന്നേല്‍ക്കാന്‍പോലും വയ്യാതെ ശരീരം തളര്‍ന്നിരുന്നു. പിടിച്ചെഴുന്നേല്‍പിക്കാന്‍പോലും വയ്യാതെ കുഞ്ഞിക്കണ്ണനും തളര്‍ന്നു. ഭാര്യയ്ക്കുവേണ്ടി മാത്രമായി അയാളുടെ ജീവിതം…
ദാമ്പത്യ ബന്ധങ്ങൾ പെട്ടെന്ന് ഇഴ പൊട്ടുന്ന ഇക്കാലത്ത് എടുത്തു വായിക്കേണ്ട ജീവിതം…

Leave a comment