വചനഭാഷ്യം
അല്‍മായ വീക്ഷണത്തില്‍
Laymen Reflect on
Syro-Malabar Sunday Mass
Scripture Readings
2020 മാര്‍ച്ച് 8
നോമ്പുകാലം മൂന്നാം ഞായര്‍
ഉത്പ 7:6-24
ജോഷ്വാ 5:13; 6:5
റോമാ 7:14-25
മത്താ 20:17-28
സര്‍വന്‍റ് ലീഡര്‍
🌸🌸🌸🌸🌸🌸
ബിനു തോമസ്
🌼🌼🌼🌼🌼🌼
ഉപമകളും സാദൃശ്യങ്ങളുമില്ലാതെ, ലളിതമായ ഭാഷയില്‍ നവമായ ഒരു മാതൃക അവതരിപ്പിക്കുകയാണ് ഈശോ ഇന്നത്തെ സുവിശേഷത്തില്‍.
വിഖ്യാത ജര്‍മന്‍ സാഹിത്യകാരനായ ഹെര്‍മന്‍ ഹെസ്സെയുടെ ഒരു നോവലാണ് ജേര്‍ണി ടു ദ ഈസ്റ്റ് – കിഴക്കിലേക്കൊരു യാത്ര. ഒരു സംഘം ആളുകളുടെ യാത്രയെപ്പറ്റിയുള്ള ഒരു നോവലാണിത്. പരമസത്യ ത്തെ അന്വേഷിച്ച് കിഴക്കിലേക്ക് യാത്ര ചെയ്യുന്ന ഒരു സംഘം. പരമസത്യം കരസ്ഥ മാക്കിയ, ‘ലീഗ്’ എന്ന് ആളുകള്‍ വിളിക്കുന്ന ഒരു കൂട്ടായ്മയില്‍ അംഗമാകാനാണ് അവര്‍ യാത്ര ചെയ്യുന്നത്. അവരുടെ കൂടെ, അവര്‍ക്കു വേണ്ട ചെറിയ ചെറിയ സഹായ ങ്ങളൊക്കെ ചെയ്തു കൊടുത്തു കൊണ്ട് ലിയോ എന്ന ഒരു ചെറുപ്പക്കാരനുമുണ്ട്. യാത്രയുടെ ഇടയ്ക്കു വച്ച് ലിയോയെ കാ ണാതാവുകയാണ്. ലിയോയെ നഷ്ടപ്പെട്ട യാത്രാസംഘം അവരുടെ യാത്ര തുടരുന്നു. പക്ഷേ, അന്നേ വരെ സന്തോഷത്തിലും സഹകരണത്തിലും മുന്‍പോട്ടു പോയിരുന്ന വര്‍ പരസ്പരം അകലാന്‍ ആരംഭിക്കുന്നു. അവരുടെ ഇടയില്‍ ചെറുതും വലുതു മായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. അവര്‍ പതിയെപ്പതിയെ ലിയോയെ കുറ്റം പറയാന്‍ ആരംഭിക്കുന്നു. അവരുടെ യാത്രയുടെ പരാജയം ലിയോയുടെ മേല്‍ ആരോപിച്ച് യാത്ര മുഴുമിപ്പിക്കാനാവാതെ അവര്‍ പിരിയുകയാണ്. പിന്നീട്, നോവലിന്‍റെ ഒടുവില്‍, അവര്‍ ഒരു സത്യം തിരിച്ചറിയുന്നു – അവരുടെ കൂടെ ഉണ്ടായിരുന്ന ലിയോ ആണ് ‘ലീഗ്’ എന്ന കൂട്ടായ്മയുടെ തലവന്‍. ലിയോ എന്ന സേവകന്‍റെ അഭാവമാണ് അവരുടെ യാത്രയെ പരാജ യപ്പെടുത്തിയത്.
ആധുനിക കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരാശയമാണ് സെര്‍വന്‍റ് ലീഡര്‍. പരമ്പരാഗത സ്ഥാപന ങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അധി കാരത്തിന്‍റെ ഭാഷയിലാണ് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുമായി ഇടപഴ കുന്നത്. ഈ പരമ്പരാഗത സങ്കല്‍പ്പം അട്ടിമറിക്കുന്ന ഒരു ആശയമാണ് സെര്‍വന്‍റ് ലീഡര്‍. ഇതില്‍, അധികാരശ്രേണിയില്‍ ഉയര്‍ന്നവരുടെ ഉത്തരവാദിത്വം മറ്റുള്ള വരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്നതല്ല, മറിച്ച്, കീഴ്ജോലിക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കീഴ്ജോലിക്കാരുടെ സേവകര്‍ ആയി മാറുക. ഇതുവഴി, കീഴ്ജോലിക്കാര്‍ ഏറ്റവുമധികം കാര്യക്ഷ മതയോടെയും സംതൃപ്തിയോടെയും ഉത്തരവാദിത്വത്തോടെയും തങ്ങളുടെ ജോലി നിറവേറ്റുമെന്നും, തല്‍ഫലമായി കമ്പനിയുടെ വളര്‍ച്ച തീവ്രഗതിയില്‍ ആകു മെന്നുമാണ് സങ്കല്‍പ്പം.
ഈ സെര്‍വന്‍റ് ലീഡര്‍ എന്ന സങ്കല്‍പ്പം, ഹെര്‍മ്മന്‍ ഹെസ്സെയുടെ നോവലിലെ ലിയോയുടെയോ, ആധുനിക മാനേജ്മെന്‍റ് സൈദ്ധാന്തികരുടെയോ മൌലികസംഭാവനയല്ല. മറിച്ച്, ദൈവത്തിന് മനുഷ്യരോട് പറയാനുണ്ടായിരുന്ന മര്‍മ്മപ്രധാനമായ കാര്യമാണെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ നാം മനസ്സിലാക്കുന്നത്. സെര്‍വന്‍റ് ലീഡര്‍ എന്നത് ഉന്നതമായ ഒരു ക്രൈസ്തവ മൂല്യ മാണെന്ന തിരിച്ചറിവാണ് നാം സ്വന്തമാക്കേണ്ടത്. യേശുവിനെ ഒരു ഭൗതികമിശിഹാ ആയി തെറ്റിദ്ധരിച്ച സെബദിപുത്രന്മാരോടും മറ്റു ശിഷ്യന്‍മാരോടും ഈശോ പറയുന്നു, ‘നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹി ക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരി ക്കണം.’
തുല്യതയും നീതിയുമെല്ലാം മനുഷ്യന്‍റെ അവകാശവും അടിസ്ഥാനവു മായിരിക്കെത്തന്നെ, അധികാരവും ശ്രേ ണീവ്യവസ്ഥയും ഭരണവ്യവസ്ഥയുമെല്ലാം മനുഷ്യന്‍റെ സാമൂഹികാടിത്തറയാണെ ന്നുള്ള പച്ചസത്യവും നമ്മുടെ മുമ്പില്‍ നില കൊള്ളുന്നു. സ്നേഹം-അധികാരം, തുല്യത-ശ്രേണീവ്യവസ്ഥിതി, സ്വാതന്ത്ര്യം – ഭരണവ്യവസ്ഥ എന്നിങ്ങനെ പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന അടിസ്ഥാന ങ്ങളിലാണ് മനുഷ്യസമൂഹം പടുത്തുയര്‍ ത്തപ്പെട്ടിരിക്കുന്നത്. ഈ ദ്വന്ദങ്ങളോട് മനുഷ്യര്‍ എന്നും കലഹിച്ചിട്ടുണ്ട്. ഒന്നിനെ പരിപൂര്‍ണ്ണമായി പുറം തള്ളി മറ്റൊന്നിനെ ആശ്ലേഷിക്കുവാന്‍ പരിശ്രമിച്ചിട്ടുമുണ്ട്.
മനുഷ്യന്‍റെ ഈ ആശയക്കുഴപ്പത്തിന് ഈശോ നല്‍കിയ ഉത്തരമാണ് സേവിക്കുന്ന അധികാരി എന്ന സങ്കല്‍പ്പം. എത്രയോ ഉദാത്തമായ ഒരു ആശയമാണിത്. മനുഷ്യന്‍റെ ഇടപെടലുകളില്‍ എവിടെ വേണമെങ്കിലും പ്രയോഗിക്കാവുന്ന ഒരു സങ്കല്‍പ്പം. അത് ശിഷ്യനു വേണ്ടി ചെറുതാകുന്ന ഗുരുവിലായിരിക്കാം. കുടുംബത്തിനു വേണ്ടി ഇല്ലാതാകുന്ന മാതാപിതാ ക്കളിലായിരിക്കാം. ജോലിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കുന്ന മേലുദ്യോഗസ്ഥനിലാകാം. നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രയത്നിക്കുന്ന പൊതുപ്രവര്‍ത്തകനി ലാകാം. ജനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലാകാം. വിശ്വാസികള്‍ക്കുവേണ്ടി ജീവിക്കുന്ന ഇടയന്‍മാരിലാകാം.
മനുഷ്യനെ ക്രിസ്തുവിലേക്ക് ആന യിക്കേണ്ട ക്രിസ്തുശിഷ്യരെന്ന നിലയില്‍, ജീവിതമുടനീളം സെര്‍വന്‍റ് ലീഡേഴ്സ് ആകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിന് നമുക്ക് സാധ്യമാകുന്നില്ല എന്നത് എത്രയോ വലിയ ദുരന്തമാണ് ! ലോ കത്തിന്‍റെ അധികാരഭ്രമവും അടിച്ചമര്‍ത്തലുകളും മാതൃകയാക്കി ക്രൈസ്ത വസമൂഹവും നീങ്ങുന്നതിനപ്പുറമുള്ള ഒറ്റി ക്കൊടുക്കലുകള്‍ ഉണ്ടോ? അഭിനവയൂ ദാസുമാരാണോ നാമെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.
അന്ത്യാത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി, സ്നേഹത്തിന്‍റെ കല്‍പ്പന പകര്‍ന്നു കൊടുത്തുകൊണ്ട്, അനേ കരുടെ മോചനദ്രവ്യമായി സ്വയം സമര്‍പ്പിച്ചുകൊണ്ട് ഈശോ സ്വന്തം വാക്കു കള്‍ പൂര്‍ത്തിയാക്കി. ലോകം കണ്ട ഏറ്റവും വലിയ സര്‍വന്‍റ് ലീഡറെയാണ് നാം ദു:ഖവെള്ളിയാഴ്ച കുരിശില്‍ കണ്ടു മുട്ടു ന്നത്. ഈശോയുടെ പീഡാനുഭവപ്രവചനവും, സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യര്‍ത്ഥനയും ചേര്‍ത്തുവയ്ക്കുന്ന തിലൂടെ വി. മത്തായി നമ്മോടു പറയുവാന്‍ ശ്രമിക്കുന്ന കാര്യവും അതു തന്നെയല്ലേ?
ലീഡര്‍ ആകുന്ന സര്‍വന്‍റ്
സര്‍വന്‍റ് ലീഡര്‍ എന്ന ചിത്രത്തിന് ഒരു മറുവശവുമുണ്ട്. ഒരു നാണയത്തിന്‍റെ മറുവശം പോലെ. നമ്മെ സേവിക്കുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ പാതയിലെ ലീഡര്‍ ആണ് എന്നൊരു അര്‍ത്ഥവും ഈ വാക്കുകളിലുണ്ട് എന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. ഹെര്‍മന്‍ ഹെസ്സെയുടെ നോവലിലെ ലിയോ എന്ന കഥാപാത്രം ഈ സത്യമാണ് ആവിഷ്ക രിക്കുന്നത്. ലിയോ ആ സംഘത്തിന്‍റെ കൂടെ ഉണ്ടായിരുന്നപ്പോള്‍, അവരുടെ യാത്ര സുഗമമായിരുന്നു. കുറവുകള്‍ അറിയാതെ അവര്‍ മുന്നോട്ടുപോയി. പക്ഷേ, ലിയോയുടെ അഭാവത്തിലാണ് ആ സംഘം അവന്‍റെ സേവനങ്ങളുടെ വില മനസ്സിലാക്കുന്നത്.
നമ്മുടെ ചുറ്റും നമുക്ക് സഹായമായി അനേകര്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ ജീവിതയാത്രയും മുന്നോട്ടുനീങ്ങുന്നത് എന്ന സത്യം പലപ്പോഴും നാം മറന്നു പോകുന്നു. ചിലരുടെ അഭാവത്തില്‍ മാത്രമേ അവരായിരുന്നു നമ്മുടെ ജീവിതനൗക മുന്‍പോട്ടു തുഴഞ്ഞിരുന്നത് എന്നു നാം തിരിച്ചറിയുകയുള്ളൂ. അതുകൊണ്ട്, ചെ റുതാകട്ടെ, വലുതാകട്ടെ, ഏതുരീതിയില്‍ നമുക്ക് സേവനം ചെയ്യുന്നവരും നമ്മുടെ ലീഡര്‍ ആണെന്നുള്ള ഒരു ബോധ്യവും, ആ രീതിയില്‍ അവരെ പരിഗണിക്കു വാനും അവരോട് ഇടപഴകുവാനുമുള്ള മനോഭാവവും ക്രിസ്തു നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുവെന്ന് ഈ സുവിശേഷഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അപകടകാരിയായ മയക്കുമരുന്ന്
ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് എന്തെന്നു ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം? ഇന്നത്തെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍, ആ ചോദ്യത്തിന് ഒറ്റ ഉത്തരമേ യുള്ളൂ – അധികാരഭ്രമം. വിശുദ്ധ മത്തായി, ഈ സുവിശേഷഭാഗം ഉള്‍ച്ചേര്‍ത്തിരിക്കുന്നത് എവിടെയാണെന്നു ശ്രദ്ധിക്കുക – പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം കഴിഞ്ഞിരിക്കുന്നു, മലയില്‍ വച്ച് യേശു വിന്‍റെ രൂപാന്തരീകരണവും ശിഷ്യന്‍മാര്‍ കണ്ടുകഴിഞ്ഞു. യേശുവിനു വേണ്ടി എല്ലാം ഉപേക്ഷിച്ച ശിഷ്യന്മാര്‍ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും എന്ന വാക്കും ലഭിച്ചിരിക്കുന്നു. അതിനു ശേഷമാണ് സെബദീപുത്രന്മാരുടെ അമ്മയുടെ വരവ്. നോക്കുക – ഗുരുവിനു വേണ്ടി എല്ലാം ത്യജിച്ചിറങ്ങിയ ശിഷ്യന്മാര്‍ക്ക് പന്ത്രണ്ടു സിംഹാസനങ്ങള്‍ മാത്രം പോര, അതില്‍ ഗുരുവിന്‍റെ തൊട്ടടുത്തു തന്നെ ഇരുവശങ്ങളിലും ഇരിക്കണം. അതു മാത്രമോ? മറ്റു പത്തു പേര്‍ക്കും സെബദിപുത്രന്മാരോട് അമര്‍ഷം വന്നുവെന്നാണ് നാം വായിക്കുന്നത്. ദൃഢമായ മനുഷ്യബന്ധങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന അധികാരഭ്രമമെന്ന മയക്കുമരുന്നിന്‍റെ ഗന്ധം ആ അമര്‍ഷത്തിലൂടെ നാം അറിയുന്നു.
അധികാരഭ്രമമെന്നുള്ള മയക്കുമരുന്ന് ഉപേക്ഷിച്ച്, ദൈവം നല്‍കിയ ജീവന്‍ സേവനത്തിനുള്ള വിളിയാണെന്നു തിരിച്ചറി യുവാനും, സേവനത്തിലൂടെ സമൂഹത്തിനു നേതൃത്വം നല്‍കാനും, നമ്മെ സേവി ക്കുന്നവര്‍ നമ്മുടെ ലീഡര്‍മാര്‍ ആണെന്ന ബോധ്യം വളരാനും നമുക്ക് പ്രാര്‍ത്ഥിക്കാം.
…………………………..
Publisher : Rev. Paul Kottackal (Sr.) email: frpaulkottackal@gmail.com
Malayalam – http://homilieslaity.com | English (for Children) – http://gospelreflectionsforkids.com
—
BLYTH GRAPHICS
+91 9847384038

Leave a comment