2nd Sunday of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________

2nd Sunday of Lent

Liturgical Colour: Violet.

*പ്രവേശകപ്രഭണിതം*

cf. സങ്കീ 26:8-9

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ മുഖം അന്വേഷിച്ചു എന്ന്
എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു;
അങ്ങയുടെ മുഖം ഞാന്‍ അന്വേഷിക്കും.
അങ്ങയുടെ മുഖം എന്നില്‍നിന്ന് തിരിക്കരുതേ.

Or:
cf. സങ്കീ 24:6,2,22

കര്‍ത്താവേ, അങ്ങയുടെ അനുകമ്പയും
യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ.
ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍
ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.
ഇസ്രായേലിന്റെ ദൈവമേ,
ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ.

*സമിതിപ്രാര്‍ത്ഥന*

അങ്ങയുടെ പ്രിയപുത്രനെ ശ്രവിക്കാന്‍ ഞങ്ങളോടു കല്പിച്ച ദൈവമേ,
അങ്ങയുടെ വചനത്താല്‍ ഞങ്ങളെ
ആന്തരികമായി പരിപോഷിപ്പിക്കാന്‍ കനിയണമേ.
അങ്ങനെ, ആത്മീയമായ ഉള്‍ക്കാഴ്ചയാല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങയുടെ മഹത്ത്വത്തിന്റെ ദര്‍ശനത്താല്‍
ആനന്ദിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

ഉത്പ 12:1-4a
ദൈവജനത്തിന്റെ പിതാവായ അബ്രഹാമിന്റെ വിളി.

അക്കാലത്ത്, കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 33:4-5,18-19,20,22

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു

*രണ്ടാം വായന*

2 തിമോ 1:8b-10
ദൈവം നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു.

വാത്സല്യമുള്ളവനേ, ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക. അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയും യുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവില്‍ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്. ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

കർത്താവിന്റ വചനം

*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….

*സുവിശേഷം*

മത്താ 17:1-9
യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി.

യേശു പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. യേശു സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, ഈ കാഴ്ചവസ്തുക്കള്‍
ഞങ്ങളുടെ പാപങ്ങള്‍ ശുദ്ധീകരിക്കുകയും
പെസഹാത്തിരുനാള്‍ ആഘോഷിക്കാന്‍
അങ്ങയുടെ വിശ്വാസികളുടെ ശരീരത്തെയും
മനസ്സിനെയും പവിത്രീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

മത്താ 17:5

ഇവന്‍ എന്റെ പ്രിയപുത്രന്‍;
ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു;
ഇവനെ ശ്രവിക്കുവിന്‍.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ
സ്വര്‍ഗീയകാര്യങ്ങളില്‍ പങ്കുകാരാകാന്‍ ഞങ്ങളെ അനുവദിച്ചതിന്,
ഈ മഹത്ത്വമേറിയ രഹസ്യങ്ങള്‍ അനുഭവിക്കുന്ന ഞങ്ങള്‍
അങ്ങേക്കു നന്ദിയര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ജനങ്ങളുടെ മേലുള്ള പ്രാർത്ഥന*

കര്‍ത്താവേ, നിരന്തരമായ അനുഗ്രഹത്താല്‍
അങ്ങയുടെ വിശ്വാസികളെ ആശീര്‍വദിക്കുകയും
അങ്ങയുടെ ഏകജാതന്റെ സുവിശേഷത്തോട്
അവരെ വിശ്വസ്തരാക്കുകയും ചെയ്യണമേ.
അപ്പോസ്തലന്മാര്‍ക്ക് മഹത്ത്വത്തിന്റെ തേജസ്സ്
തന്നില്‍ത്തന്നെ അവിടന്ന് ദൃശ്യമാക്കിയല്ലോ.
അതേ മഹത്ത്വം ഇവരും അനവരതം പ്രത്യാശിക്കാനും
അതിലേക്ക് സന്തോഷത്തോടെ എത്തിച്ചേരാനും പ്രാപ്തരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment