നിങ്ങൾക്ക്‌ രോമഞ്ചം ഉണ്ടാവാറുണ്ടോ?

*നിങ്ങൾക്ക്‌ രോമഞ്ചം ഉണ്ടാവാറുണ്ടോ?*

നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കാണല്ലോ, എനിക്ക്‌ രോമാഞ്ചമുണ്ടായി എന്നത്‌. വികാരാധിക്യത്താൽ നമ്മുടെ ശരീരത്തിലെ രോമം എഴുന്നേറ്റ്‌ നിൽക്കുന്ന പ്രതിഭാസത്തെയാണ്‌ രോമാഞ്ചം എന്ന വാക്ക്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌.

സ്വമേതയാ നമ്മുടെ ചർമ്മത്തിൽ താൽക്കാലികമായി ഉണ്ടാകുന്ന വളരെ ചെറിയ ഉയർച്ചകളാണ് യഥാർത്ഥത്തിൽ ഈ രോമാഞ്ചം. goosebumps എന്നാണ് ഇംഗ്ലീഷ്‌ വാക്ക്‌. താറാവിന്റെയോ കോഴിയുടെയോ തൂവൽ നീക്കുമ്പോൾ കാണുന്ന ചർമ്മത്തിനു സമാനമായതിനാലാണ് ഇതിന് ‘goose bumps’ എന്ന പേരു ലഭിച്ചത്. goose pimples എന്നും goose flesh എന്നും പറയാറുണ്ട്‌.

ഭയം, അത്ഭുതം, ആഹ്ളാദം
പോലെയുള്ള വികാരങ്ങൾ കാരണമാവും നമ്മിൽ പലർക്കും രോമാഞ്ചമുണ്ടാവാർ. ഒരു ഹൊറർ സിനിമ കാണുന്ന അവസരത്തിൽ രോമം എഴുന്നു നിൽക്കുന്ന അവസരങ്ങളുണ്ടാവാം. പഴയ ഓർമ്മകൾ, മനസ്സിനെ കോരിത്തരിപ്പിക്കുന്ന പാട്ടിൽ മുഴുകുന്നത്, ചില അമൂല്യ നിമിഷങ്ങൾ ഓർമ്മയിൽ തെളിയുമ്പോൾ, വൈകാരിക ചലനമുണ്ടാക്കുന്ന ടിവി പ്രോഗ്രാം, സിനിമകൾ കാണുമ്പോൾ, ചില പുസ്തകങ്ങൾ വായിക്കുമ്പോഴൊക്കെ പലർക്ക്‌ രോമാഞ്ചം അനുഭവപ്പെടാറുണ്ട്‌. ഇത്തരം അവസരങ്ങളിൽ അഡ്രിനാലിൻ സ്വതന്ത്രമാക്കപ്പെടുകയും രോമങ്ങൾ എഴുന്നു നിൽക്കുകയും ചെയ്യുന്നതാണ് രോമങ്ങൾ എഴുന്നേറ്റ്‌ നിൽക്കാൻ കാരണമാവുന്നത്‌.

തണുപ്പു മൂലം രോമങ്ങളോടു ചേർന്നുള്ള വളരെ ചെറിയ മസിലുകൾ സങ്കോചിക്കുന്നതു മൂലമാണ് ഏറ്റവുമധികം പേർക്ക്‌ ഈയൊരു അവസ്ഥയുണ്ടാവുന്നത്‌. മസിലുകൾ സങ്കോചിക്കുമ്പോൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ ചെറിയ തോതിലുള്ള താഴ്ച ഉണ്ടാക്കുന്നു. ഇത് തൊട്ടടുത്തുള്ള ചർമ്മഭാഗത്തെ പുറത്തേക്ക് തള്ളുകയും രോമങ്ങൾ എഴുന്നു നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു. രോമാഞ്ചത്തിനു കാരണമാകുന്ന റിഫ്ളക്സിനെ പൈലോമോട്ടോർ റിഫ്ളക്സ്, പൈലോഇറക്ഷൻ, ഹൊറിപൈലേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

മനുഷ്യരിൽ രോമാഞ്ചം മൂലം പ്രത്യേകിച്ച് പ്രയോജനങ്ങൾ ഒന്നുമില്ലെങ്കിലും മൃഗങ്ങളിൽ ഈ പ്രതിഭാസം ഗുണപ്രതമാണ്. രോമാവൃതമായ ശരീരമുള്ള മൃഗങ്ങൾക്ക് ഇതു മൂലം അവയുടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. മൃഗങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസരത്തിലും അല്ലെങ്കിൽ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തിലും ഇതു സംഭവിക്കാറുണ്ട്. മുള്ളൻപന്നിയുടെ മുള്ളുകൾ ഉയർന്നു നിൽക്കുന്നത് ഇതിന് ഉദാഹരണമാണ്. നമുക്ക്‌ ചുറ്റുമുള്ള പല മൃഗങ്ങളിലും ഈ പ്രതിഭാസമുണ്ടാവാറുണ്ട്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment