🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________
Monday of the 2nd week of Lent
(optional commemoration of Saint Frances of Rome, Religious)
Liturgical Colour: Violet.
*പ്രവേശകപ്രഭണിതം*
cf. സങ്കീ 25:11-12
കര്‍ത്താവേ, എന്നെ രക്ഷിക്കുകയും
എന്നോട് കരുണകാണിക്കുകയും ചെയ്യണമേ.
എന്തെന്നാല്‍, നേര്‍വഴിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു.
മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും.
*സമിതിപ്രാര്‍ത്ഥന*
ആത്മാക്കളുടെ സൗഖ്യത്തിനുവേണ്ടി
ശാരീരികശിക്ഷണം കല്പിച്ച ദൈവമേ,
സകലപാപങ്ങളിലുംനിന്നു വിട്ടുനില്ക്കാന്‍ കഴിയുന്നതിനും
ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങയുടെ കാരുണ്യത്തിന്റെ കല്പനകള്‍
അനുവര്‍ത്തിക്കാന്‍ ഇടവരുന്നതിനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
ദാനി 9:4b-10
ഞങ്ങള്‍ അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു.
കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങയുടെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങള്‍ അങ്ങയുടെ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തില്‍ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകരുടെ വാക്കു ഞങ്ങള്‍ ചെവിക്കൊണ്ടില്ല. കര്‍ത്താവേ, നീതി അങ്ങയുടേതാണ്. എന്നാല്‍, ഞങ്ങളുടെ മുഖത്ത് അങ്ങേക്കെതിരേ ചെയ്ത വഞ്ചന നിമിത്തം, അങ്ങ് വിവിധ ദേശങ്ങളില്‍ ചിതറിച്ചു കളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേല്‍ ജനത്തിന്റെയും മുഖത്ത്, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്ജയാണ് നിഴലിക്കുന്നത്. കര്‍ത്താവേ, അങ്ങേക്കെതിരേ പാപം ചെയ്തതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിതരാണ്. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്ന് തന്റെ ദാസന്മാരായ പ്രവാചകന്മാര്‍ വഴി ഞങ്ങള്‍ക്കു നല്‍കിയ നിയമം ഞങ്ങള്‍ അനുസരിച്ചില്ല.
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 79:8,9,11,13
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍
ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയില്‍ എത്തട്ടെ!
വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ!
അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍,
അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍,
എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ക്കനുസരിച്ച് ഞങ്ങളോടു പ്രവര്‍ത്തിക്കരുതേ.
*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….
*സുവിശേഷം*
ലൂക്കാ 6:36-38
ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
സ്വര്‍ഗീയരഹസ്യങ്ങള്‍ അനുഷ്ഠിക്കാന്‍
അങ്ങ് അനുഗ്രഹം നല്കിയ ഞങ്ങളെ
ലൗകികാകര്‍ഷണങ്ങളില്‍നിന്ന് വിമുക്തരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
ലൂക്കാ 6: 36
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ,
നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
*ദിവ്യഭോജനപ്രാര്‍ത്ഥന*
കര്‍ത്താവേ, ഈ ദിവ്യഭോജനം
ഞങ്ങളെ തിന്മയില്‍നിന്ന് ശുദ്ധീകരിക്കുകയും
സ്വര്‍ഗീയസന്തോഷത്തില്‍ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ജനങ്ങളുടെ മേലുള്ള പ്രാർത്ഥന*
കര്‍ത്താവേ, അങ്ങയുടെ വിശ്വാസികളുടെ ഹൃദയങ്ങളെ
സ്ഥൈര്യപ്പെടുത്തണമെന്നും
അങ്ങയുടെ കൃപയുടെ ശക്തിയാല്‍ ഊര്‍ജസ്വലമാക്കണമെന്നും
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഇവര്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നതില്‍ ഉത്സുകരും
പരസ്പരസ്‌നേഹത്തില്‍ ആത്മാര്‍ഥതയുള്ളവരും ആയിത്തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵

Leave a comment