അകത്തളങ്ങൾ നമുക്ക് ദേവാലയങ്ങൾ ആക്കി മാറ്റാം

Coronavirus Disease 2019 (COVID-19)

കൊറോണ വൈറസിനെ പേടിച്ച് ദേവാലയങ്ങൾ… ധ്യാനകേന്ദ്രങ്ങൾ… തീർഥാടനകേന്ദ്രങ്ങൾ… എല്ലാം അടച്ചു പൂട്ടി എന്ന് പറഞ്ഞ് പൊങ്കാലയിടുന്ന അല്പ വിശ്വാസി… പൊങ്കാലയിട്ട് നിങ്ങൾ ആഘോഷിച്ചോളു… പക്ഷേ ഒന്നു നിങ്ങൾ മറക്കരുത് ഒരു ദേവാലയത്തിൽ അല്ലെങ്കിൽ ഒരു തീർത്ഥാടന സ്ഥലത്ത് മാത്രം നിറഞ്ഞു നിൽക്കുന്നവനാണോ സർവ്വശക്തനായ ദൈവം?

ഏതാനും വർഷങ്ങൾക്ക് മുമ്പ് അൽബേനിയ എന്ന രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഭരണം കീഴടക്കിയ ഉടനെ ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം പട്ടാളക്കാർ ഓരോ വീടുകളും കയറിയിറങ്ങി ദൈവവിശ്വാസ സംബന്ധമായ ചിത്രങ്ങളും സ്റ്റാച്യുകളും എല്ലാം തകർക്കുകയാണ്. ഉറച്ച ക്രൈസ്തവ വിശ്വാസിയായ ഒരു പാവപ്പെട്ട മുത്തശ്ശിയുടെ കുടിലിനുള്ളിലേക്ക് പട്ടാളക്കാർ ഇരച്ചുകയറി മുത്തശ്ശി പ്രാർത്ഥിക്കാൻ ഉപയോഗിച്ചിരുന്ന ബൈബിളും ക്രൂശിതരൂപവും മറ്റ് വിശുദ്ധ വസ്തുക്കളും അവർ അഗ്നിക്കിരയാക്കി. കണ്ണുനീരോടെ അത് കണ്ടുനിന്ന മുത്തശ്ശി പട്ടാളക്കാർ തിരിച്ചുപോകുമ്പോൾ അവരെ തടഞ്ഞു നിർത്തി ചങ്കത്ത് അടിച്ചുകൊണ്ട് പറയുന്നൊരു വാക്കുണ്ട്: “എന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ തകർക്കാൻ നിങ്ങൾക്ക് ആർക്കുമാവില്ല” എന്ന്…😍

പല സ്ഥലങ്ങളിലും ദേവാലയങ്ങളുടെയും തീർത്ഥാടന സ്ഥലങ്ങളുടെയും വാതിലുകൾ അടഞ്ഞുകിടന്നാലും ഒരു വിശ്വാസിയുടെ ഹൃദയത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കാൻ കൊറോണയ്‌ക്കെന്നല്ല ഈ ലോകത്തിലുള്ള മറ്റൊരു ശക്തിക്കുമാവില്ല… ജീവിതത്തിന്റെ ഇടനാഴിയിൽ മരണം വന്ന് കാത്തുനിൽക്കുമ്പോൾ എത്ര വിശ്വാസമില്ലാത്തവരും അറിയാതെ വിളിച്ചു പോകുന്ന ഒരു നാമമുണ്ട് അത് ദൈവനാമം ആണ്.

ഇന്ന് ലോകത്തിന്റെ ഓരോ കോണുകളിൽ നിന്ന് ഓരോ നിമിഷവും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ ദൈവ ദൈവസന്നിധിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ അനേകായിരങ്ങളുടെ കണ്ണുനീർ ചിന്തയുള്ള പ്രാർത്ഥനകൾ… ദേവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും അടഞ്ഞ് കിടന്നാലും ഹൃദയം നുറുങ്ങിയുള്ള ഒരു നെടുവീർപ്പ് പോലും ദൈവസന്നിധിയിൽ ഒരു വലിയ പ്രാർത്ഥനയാണ്.

ദേവാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും അടഞ്ഞു കിടക്കുമ്പോൾ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ നമുക്ക് ദേവാലയങ്ങൾ ആക്കി മാറ്റാം… രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയിൽ കഴിയുന്ന അനേകം സഹോദരങ്ങൾക്ക് വേണ്ടി നിരന്തരം നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താം.

നിരന്തരം പ്രാർത്ഥിക്കുക എന്നുപറഞ്ഞാൽ ദൈവസന്നിധിയിൽ മുട്ടുകുത്തി നിന്ന് 24 മണിക്കൂറും പ്രാർത്ഥിക്കുക എന്നല്ല. നീ വിചാരിച്ചാൽ നിന്റെ പ്രവർത്തികളെ പ്രാർത്ഥനകൾ ആക്കി മാറ്റാൻ സാധിക്കും. ഒരു വീട്ടമ്മ കഴുകുന്ന ഓരോ പാത്രങ്ങൾ ഓരോ ആത്മാവിനു വേണ്ടി സമർപ്പിച്ചാൽ അനുദിനം എത്ര ആത്മാക്കളെ ദൈവസന്നിധിയിൽ കൊണ്ട് എത്തിക്കാം… ഒരു കുടുംബനാഥൻ ഒഴുകുന്ന വിയർപ്പുതുള്ളികൾ ദൈവസന്നിധിയിൽ സമർപ്പിച്ചാൽ എത്രയോ ആത്മാക്കളെ രക്ഷപ്പെടുത്താൻ സാധിക്കും? ഒരു യുവകർഷകൻ ചെയ്യുന്ന അനുദിന കഷ്ടപ്പാടുകൾ ദൈവസന്നിധിയിൽ ആത്മാക്കളുടെ രക്ഷയ്ക്കും കഷ്ടത അനുഭവിക്കുന്നവരുടെ നന്മയ്ക്കുവേണ്ടി
സന്തോഷത്തോടെ സമർപ്പിക്കുമ്പോൾ എത്രയോ ആത്മാക്കളെ രക്ഷപ്പെടുത്താൻ സാധിക്കും..? വീട് ക്ലീൻ ചെയ്യുന്ന ഒരു യുവതി തന്റെ പ്രവർത്തി ദൈവസനിധിയിലേക്ക് സന്തോഷത്തോടെ സമർപ്പിക്കുമ്പോൾ അതും ഒരു പ്രാർത്ഥനയായ് മാറുകയാണ്…

ജീവിതത്തിന്റെ നാനാതുറകളിൽ പലതരത്തിൽ അധ്വാനത്തിന്റെ ഭാരം പേറുന്ന അനേകായിരങ്ങൾ ദൈവത്തെ വിളിച്ച് ദൈവത്തോട് ചേർന്ന് ചെയ്യുന്ന ഓരോ പ്രവൃത്തിയും വലിയ പ്രാർത്ഥനകളാണ്.. അങ്ങനെ അനേകായിരം ആത്മാക്കളെ അനുദിനവും ദൈവത്തിനായ് നേടി എടുക്കാൻ സാധിക്കും. നിലത്ത് വീണു കിടക്കുന്ന ഒരു ചെറിയ ഇല എടുത്ത് മാറ്റുമ്പോൾ ഒരു ആത്മാവിനെ രക്ഷിക്കണം എന്ന് പ്രാർത്ഥിച്ച വിശുദ്ധയെപോലെ അനുദിന ജീവിതത്തിലെ ചെറുതും വലുതുമായ ജോലികൾ ദൈവത്തോട് ചേർന്ന് നിന്ന് സന്തോഷത്തോടെയും സ്നേഹത്തോടെയും ചെയ്തുകൊണ്ട് അനേകായിരം സഹോദരങ്ങൾക്ക് ആശ്വാസവും അനേകം ആത്മാക്കളെ ദൈവത്തിനായ് നേടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…🙏🏽

✍🏽 സി. സോണിയ തെരേസ് ഡി. എസ്. ജെ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment