*ദൈവത്തെ സ്നേഹിച്ച് കൊറോണാ ഭീതിയിൽ നിന്ന് ഒഴിവാകുക!*
*ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്*
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും പൊട്ടി പുറപ്പെട്ട പുതിയ കൊറോണ വൈറസ് ലോക വ്യാപകമായി ആശങ്ക പരത്തിയിരിക്കുകയാണ്. ഇതിനോടൊപ്പം 105 രാജ്യങ്ങളിലേയ്ക്ക് എങ്കിലും ഇത് പടർന്നതായിട്ടാണ് റിപ്പോർട്ട്. അനേകർ മരണമടഞ്ഞു കഴിഞ്ഞു. അതിന്റെ അനേകം ഇരട്ടിയാളുകൾ രോഗബാധിതരാണ്. എന്നാണ് തന്നെ രോഗം ബാധിക്കുന്നത് എന്ന ഉത്കണ്ഠയിലേയ്ക്ക് അനേകരും എത്തിപ്പെട്ടിരിക്കുന്നു. ഗവൺമെന്റുകൾ നിലപാടുകളും നിർദ്ദേശങ്ങളും ഏർപ്പെടുത്തുന്നുണ്ട് എങ്കിലും ജനത്തിന്റെ ആശങ്ക ഒഴിയുന്നില്ല.
വാസ്തവത്തിൽ ‘മുകളിൽ നിന്ന് നോക്കാതെ’ ഈ പ്രശ്നത്തിന് ആത്യന്തികമായ സമാധാനം ഉണ്ടാവുകയില്ല. ദൈവത്തിന്റെ കണ്ണിൽക്കൂടി ഈ സാഹചര്യത്തെ കാണുകയും ദൈവീകമായ രീതിയിൽ ഇതിനെ വ്യാഖ്യാനിയ്ക്കുവാൻ കഴിയുകയും വേണം. ദൈവമാണ് ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ദൈവമറിയാതെ ഈ ലോകത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്നും ആദ്യമായി മനസ്സിലാക്കണം. അതേസമയം സ്വതന്ത്ര മനസ്സ് ഉള്ള മനുഷ്യരാണ് ഈ ഭൂമിയെ ‘ഭരിക്കുന്നതെന്നും’ നാം തിരിച്ചറിയണം. ദൈവാനുഗ്രഹങ്ങൾ ഈ ഭൂമിയിൽ സമൃദ്ധമായി പെയ്തിറങ്ങുവാൻ കാരണക്കാരാകുവാനും ദൈവാനുഗ്രഹങ്ങളെ തടസ്സപ്പെടുത്തി ഭൂമിയെ ദുരിതത്തിലാക്കുവാനും സ്വതന്ത്ര മനസ്സുള്ള മനുഷ്യന് കഴിയും. ഒരാളുടെയോ ഒരു കൂട്ടം പേരുടെയോ സ്വാർത്ഥത, ദുഷ്ടത ലോകം മുഴുവന് തന്നെ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ള അനുഭവങ്ങൾ നമുക്കറിവുള്ളതാണ്.
കൊറോണ വൈറസ് ഏങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചർച്ചകളെക്കാൾ ഉപരി, ഇതിന്റെ അപകടത്തിൽ നിന്ന് എപ്രകാരം രക്ഷ നേടാം എന്ന പ്രായോഗിക നിലപാടുകൾ ആണല്ലോ ഈ സമയത്ത് ഏറ്റം ആവശ്യമായിരിക്കുന്നത്. ദൈവത്തിന് ഈ പ്രശ്നത്തിനുമേൽ ഇടപെടുവാൻ കുറച്ചു മനുഷ്യരെങ്കിലും കാരണക്കാരായി തീരുക എന്നതാണ് ഏറ്റം ആവശ്യവും അനിവാര്യവുമായ നിലപാട് എന്ന് തോന്നുന്നു. ക്രിസ്ത്യാനിയെ സംബന്ധിച്ച് അവൻ ലോകം മുഴുവനും വേണ്ടി പൗരോഹിത്യ ശുശ്രൂഷ ചെയ്യേണ്ടവൻ ആയതിനാൽ, തന്നെതന്നെ വിശുദ്ധീകരിച്ച്, പരിത്യാഗങ്ങൾ ഏറ്റെടുത്ത് ലോകം മുഴുവനും വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുക അവന്റെ ഉത്തരവാദിത്വമാണ്. *കൊറോണ, കൊറോണ എന്ന വാക്കുകൾക്ക് മുകളിൽ ഈശോ, ഈശോ എന്ന നാമം ഉയർത്തി നിർത്തുവാൻ ക്രിസ്ത്യാനിയ്ക്ക് കഴിയണം** . സകലതും ഈശോയുടെ കാൽക്കീഴിലാണ് എന്ന് സ്വയം വിശ്വസിച്ച്, എല്ലാ ഭീതിയിലും ഉത്ക്കണ്ഠയിലും നിന്ന് ഒഴിഞ്ഞ് തിന്ന്, അവൻ ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം പകരണം. ഇപ്രകാരം ഒരു തിൻമ സംഭവിക്കാൻ ദൈവം അനുവദിച്ചത് ഇതിൽ നിന്ന് മഹത്തരമായ നൻമ ഉളവാക്കാൻ ദൈവത്തിന് കഴിയും എന്നതുകൊണ്ടാണ് എന്ന് റോമാ 8:28 വ്യാഖ്യാനിച്ച്, ചുറ്റുപാടുകളെ അവൻ പ്രത്യാശപൂരിതമാക്കണം.
ഗവൺമെന്റുകൾ നൽകുന്ന നിർദ്ദേശങ്ങൾ ദൈവകരങ്ങളിൽ നിന്ന് സ്വീകരിച്ച് അനുസരിയ്ക്കണം. അതേ സമയം ദൈവത്തിൽ, അവിടുത്തെ സർവ്വ ശക്തിയിൽ ആശ്രയിക്കുന്നതിനെക്കാൾ ഇത്തരം കാര്യങ്ങളിൽ മനസ്സൂന്നിയാൽ പലതും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസ്സ് തളരാൻ സാധ്യതയുണ്ട് എന്ന് ഓർത്തിരിക്കുകയും വേണം. ഇതുപോലെയുള്ള ഗൗരവമേറിയ ഒരു പ്രശ്നം ഉടലെടുക്കുമ്പോൾ സഭയുടെ ഭാഗത്തു നിന്ന് ആത്മീയമായ പ്രവൃത്തികളും പ്രാർത്ഥനകളും ഒക്കെ വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ആണ് ഉണ്ടാകേണ്ടത് എന്ന് ബോദ്ധ്യപ്പെടുത്തുന്ന നിലപാടാണ് പത്തനംതിട്ട രൂപതാ മെത്രാൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയുസ് തിരുമേനി സ്വീകരിച്ചിരിക്കുന്നത്. എനിക്ക് തോന്നുന്നു, തിരുസ്സഭ മുഴുവനും ഏറ്റെടുക്കാവുന്ന ഒരു ചൈതന്യമാണ് അഭിവന്ദ്യപിതാവിൽക്കൂടി വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു മനോഭാവത്തിലേയ്‌ക്ക് കുറച്ചധികം ക്രിസ്ത്യാനികൾ കടന്നുവന്നാൽ അത് രോഗഭീതിയിൽ നിന്നും രോഗത്തിൽ നിന്നുതന്നെയും വിടുതൽ നൽകും എന്നത് തീർച്ചയാണ്.
ഇത്ര ഗൗരവമേറിയ ഒരു പ്രതിസന്ധി തീർച്ചയായും ലോകത്തിന് അതിന്റെ സ്രഷ്ടാവിനെ കൂടുതൽ അനുഭവിച്ചറിയാനും തിരിച്ചറിയാനും ഉള്ള അവസരം തന്നെയാണ്. അത് വിവേകപൂർവ്വം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ക്രിസ്ത്യാനിയുടെ കടമ.

Leave a comment