*കനൽ 19*
കല്ലിൽ തട്ടി വീഴാത്ത ആരുണ്ട്? ചെറിയ വീഴ്ചകളും വലിയ വീഴ്ചകളും ഉണ്ട്. ചെറിയ മുറിവുകളും ഉണ്ട്, വലിയ മുറിവുകളും ഉണ്ട്. ചില മുറിവുകൾ ദീർഘകാലം കൊണ്ടേ പൊറുക്കൂ.
പക്ഷേ, തട്ടി വീണ കല്ല്, അതിന്റെ ഓർമയ്ക്കായി ആരും എടുത്ത് സൂക്ഷിച്ചു വയ്ക്കുന്നതു കണ്ടിട്ടില്ല. വീഴ്ചയിൽ നിന്നും, അതിന്റെ ഓർമയിൽ നിന്നും മുക്തമാകുന്നു. യാത്ര തുടരുന്നു.
മനുഷ്യന്റെ ആത്മീയ യാത്രകളിലും ചില തട്ടി വീഴലുകളുണ്ടത്രേ. പക്ഷേ, തട്ടിവീഴുന്ന കല്ലുകൾ ഹൃദയത്തിൽ ചുമന്ന് ശിഷ്ടകാലം അതിന്റെ ഭാരം പേറി ജീവിക്കയാണ് പതിവ് എന്നു മാത്രം. ചാക്കോ മാഷെന്ന കല്ലിൽ തട്ടി വീണു പോയ ആടു തോമയെപ്പോലെ. ഇനി ഇവിടുന്ന് എഴുന്നേൽക്കുന്ന പ്രശ്നമില്ല. പഴയ തോമസ് ചാക്കോയുമാകില്ല. കാരണം ആരോപിക്കാൻ ഒരു ചാക്കോ മാഷ് ഉണ്ട് എന്നതു കൊണ്ട് തന്നെ.
പള്ളിയിൽ പോകാത്തതിന്, പഠനം നിർത്തിയതിന്, ജോലി രാജി വച്ചതിന്, ബന്ധം പിരിഞ്ഞതിന് … കാരണമായ ചില കല്ലുകൾ ഉണ്ട്. അതിൽ തട്ടിയാണ് വീണത്. ചില വൈദികർ, ചില വേദപാഠം അധ്യാപകർ, ചില സുഹൃത്തുക്കൾ, ചില മേലധികാരികൾ, ചില ബന്‌ധുക്കൾ…. വീഴ്ത്തിയത് ഇവരൊക്കെയാണ്. കണ്ടോളൂ, ഞാനിനി എഴുന്നേൽക്കുന്ന പ്രശ്നമില്ല. ജീവിത കാലത്ത് അവരെ മറക്കുന്ന പ്രശ്നവുമില്ല. പറഞ്ഞിട്ടും തീരാതെ നുരയുന്ന കഥയായി അവരെന്നും നാവിലുണ്ടാകും. അവരുടെ കയ്പ്പുകളെ ആവർത്തിച്ച് ധ്യാനിച്ച് ആ വീഴ്ചയുടെ തനിയാവർത്തനങ്ങൾ ഞാൻ ഹൃദയത്തിൽ കൊണ്ടാടും. തുന്നിച്ചേർത്ത മുറിവ് കരിയാൻ അനുവദിക്കാതെ ഉള്ളിലിരിക്കുന്ന കരടായി അവരെ ഞാൻ കൊണ്ടു നടക്കും.
കുരിശെടുത്തു നടക്കുന്നവന്റെ യാത്രയാണ് ജീവിതം. മൊത്തത്തിലൊരു കുരിശിന്റെ വഴി. ഓരോരുത്തർക്കും ഉണ്ട് കുരിശുകൾ. പലതും നിർബന്ധമായി ചുമലേറ്റപ്പെട്ടവ. ചിലത് അറിവില്ലായ്മ കൊണ്ട്, മറ്റ് ചിലത് കടമ കൊണ്ട് ഒക്കെ തോളിൽ വയ്ക്കപ്പെട്ടവ. വീഴുകയും വീഴ്ത്തുകയും ചെയ്യും. ഈ കുരിശിനൊപ്പം ആ കല്ലു കൂടി ചുമക്കണമോ?
ഒരു ദീർഘ നിശ്വാസത്തോടെ തല ചായ്ച്ച് മരിക്കാൻ ഒരു കുരിശുണ്ടല്ലോ. അതിൽ തറയ്ക്കപ്പെട്ട് ചോര വാർന്ന് മരിക്കാനാണ് നിയോഗം. അതിന്റൊപ്പം ഭാരം നിറഞ്ഞ കല്ല് വേറെയും വേണോ?
ഹൃദയത്തിലെ ചുമടുകളെ എറിഞ്ഞ് കളഞ്ഞ് നമുക്കീ കുരിശിന്റെ വഴി പൂർണമാക്കാം.
ജോയ് എം പ്ലാത്തറ

Leave a comment