🌸☘️ ഭയവും കുറ്റബോധവും ജനിപ്പിച്ച് വിശ്വാസികളെ അടിമകളാക്കുന്ന ധ്യാനകേന്ദ്രം – വിമർശകർക്കുള്ള ആത്മീയ വെല്ലുവിളിയും (spiritual challenge) മറുപടിയും….☘️🌸
ആദ്യമേതന്നെ പറയട്ടെ, ഈ പോസ്റ്റ് ചിലർക്കുള്ള ആത്മീയ വെല്ലുവിളിയാണ്. മുഴുവൻ വായിച്ചതിനുശേഷം ആത്മവിശ്വാസമുള്ളവർക്ക് വെല്ലുവിളി ഏറ്റെടുക്കാം. കുവൈറ്റിൽ ഇപ്പോൾ എന്റെകൂടെ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതാനുഭവത്തിൽനിന്ന് തുടങ്ങാം. നാട്ടിൽ ആയിരുന്നപ്പോൾ മദ്യപാനശീലം ഉണ്ടായിരുന്ന ആൾ. വിവാഹത്തിനു മുന്നോടിയായുള്ള കുമ്പസാരം പോലും, പള്ളിയിൽച്ചെന്ന് ചുറ്റികറങ്ങിനിന്ന് കുമ്പസാരിക്കാതെ തിരിച്ചുപോയി, കുമ്പസാരിച്ചു എന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വിവാഹകുർബാനയിൽ വി.കുർബാന നാവുംനീട്ടി സ്വീകരിച്ച ആൾ. ചുരുക്കത്തിൽ അദ്ദേഹം ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ആയിരുന്നില്ല, ഒരു ക്രിസ്ത്യൻ നാമധാരി മാത്രമായിരുന്നു. ഇടവകയിൽ ഒരു ധ്യാനം വന്നപ്പോൾ മനസ്സില്ലാമനസ്സോടെ പോയി സംബന്ധിച്ചു. അത്രയും നാൾ ലഭിക്കാതിരുന്ന ദൈവത്തിന്റെ കരുണയും കൃപയും അയാളിൽ വന്നിറങ്ങി. വിമർശകർ പറയുന്ന, പാപത്തിന്റെ ഭയവും പശ്ചാത്താപവും ദൈവം അയാൾക്ക് നൽകി. മദ്യപാനം ഉപേക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. വീണ്ടും ധ്യാനം കൂടണമെന്ന് ആത്മാവ് പ്രേരിപ്പിച്ചതുകൊണ്ട് അട്ടപ്പാടി സെഹിയോനിൽ പോയി വേറൊരു ധ്യാനവും പിന്നീട് കൂടി. ഇനി അയാളുടെ നിലവിലുള്ള അവസ്ഥ പറയാം. മൾട്ടിനാഷണൽ കമ്പനിയുടെ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ അയാളും, ഗവൺമെൻറ് ഡിപ്പാർട്മെന്റിൽ ഭാര്യയും ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു കുട്ടികളുമായി കുവൈറ്റ് അബ്ബാസിയ ഇടവകദേവാലയത്തിൽ എന്നും രാവിലെ വി.കുർബാനയിൽ സംബന്ധിച്ചതിനുശേഷം ഓഫീസിൽ വരുന്നു. പറ്റുന്ന രീതിയിൽ അന്യമതസ്ഥർ ഉൾപ്പെട്ട ഞങ്ങളുടെ ഓഫീസിൽപോലും ക്രിസ്തുവിനു സാക്ഷ്യം നൽകുന്നു. പ്രാർത്ഥനകളിലും ആത്മീയശുശ്രൂഷകളിലും മടികൂടാതെ പങ്കെടുക്കുന്നു. ഓഫീസിലുള്ളവർ ”കുഞ്ഞാട്” എന്ന് സ്നേഹപൂർവ്വം കളിയാക്കി വിളിക്കുമെങ്കിലും അദ്ദേഹം യേശുവിന്റെ കുഞ്ഞാട് തന്നെയാണെന്ന് ജീവിതസാക്ഷ്യം.
ധ്യാനകേന്ദ്രങ്ങൾ മനുഷ്യനിൽ ഭയം ജനിപ്പിച്ച് കുറ്റബോധം വളർത്തി, അവരുടെ അടിമകളാക്കി വിശ്വാസികളെ മാറ്റുന്നുവെന്ന് വിമർശിക്കുന്നവരോട് എന്റെ ആദ്യത്തെ വെല്ലുവിളി ഇതാണ് – നിങ്ങളുടെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇതുപോലെ ഒരു വ്യക്തിയെ ദൈവത്തിനുകൊടുക്കാൻ പറ്റുമോ? പാപത്തിൽ ജീവിക്കുന്ന ഒരാളെയെങ്കിലും മാനസാന്തരപ്പെടുത്തി ക്രിസ്‌തുവിന് സാക്ഷിയാക്കുക. പറ്റുമോ? എന്നിട്ട് നമുക്ക് വിമർശിക്കാം. ഞായറാഴ്ച്ച, മനസ്സില്ലാമനസ്സോടെ പേരിനുമാത്രം കുർബാനയിൽ സംബന്ധിച്ച് മാനസാന്തരപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും നിങ്ങൾ കാണിച്ചുതരിക.
അടുത്ത ചോദ്യം ഇതാണ് – പാപത്തിന്റെ ശിക്ഷകളെക്കുറിച്ച് ബൈബിളിൽ പറയുന്ന മുന്നറിയിപ്പുകൾ നിങ്ങൾ വായിച്ചിട്ടുണ്ടോ?
വളരെക്കുറച്ച് ഉദാഹരണങ്ങൾ ചുരുക്കി :
ജീവന്റെ ഗ്രന്ഥത്തിൽ പേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേയ്ക്ക് എറിയപ്പെട്ടു. ( വെളിപാട് 20 :15)
നിന്റെ കൈ, കാൽ, കണ്ണ് ദുഷ്പ്രേരണയ്ക് കാരണമാകുന്നുവെങ്കിൽ, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേയ്ക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത് ഇവയിലേതെങ്കിലും ഇല്ലാതെ ദൈവരാജ്യത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. (മാർക്കോസ് 9 : 42-48)
പാപത്തിന്റെ ശിക്ഷ നിത്യനരകം എന്ന് യേശു വ്യക്തമായി പറയുന്നു. അതായത് നരകം ഉണ്ട്. ഇത് ധ്യാനകേന്ദ്രത്തിന്റെ സൃഷ്ടിയല്ല. ബൈബിളിൽ പറയുന്നതാണ്.
വ്യഭിചാരം ചെയ്യരുത്, ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. (മത്തായി 5: 28)
വ്യഭിചാരി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.(ഗലാത്തിയ 5 :19)
ഇപ്പോൾ ഭയം ജനിപ്പിക്കുന്നത് ആരാണ്? ബൈബിളല്ലേ? അപ്പോൾ ബൈബിളിലെ ദൈവവചനങ്ങൾ വിളിച്ചുപറയുന്ന വൈദികർ ആണ് ഭയം ജനിപ്പിക്കുന്നത് എന്നുപറയാൻ നിങ്ങൾക്ക് ലജ്ജയില്ലേ? ബൈബിൾ ആണ് ഭയം ജനിപ്പിക്കുന്നത് എന്ന് ഇക്കൂട്ടർ എഴുതില്ല. കാരണം അത് ക്രിസ്ത്യാനികൾ വകവയ്ക്കില്ല എന്നറിയാവുന്നതുകൊണ്ട് ബൈബിൾ അനുസരിക്കാൻ പഠിപ്പിക്കുന്ന ധ്യാനകേന്ദ്രത്തെ വിശ്വാസികളിൽനിന്ന് അകറ്റിയാലും ഒരേ ഫലം കിട്ടുമെന്ന് ഇവർക്കറിയാം.
ജഡത്തിന്റെ വ്യാപാരങ്ങളായ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വെഷം, മദ്യപാനം, മദിരോത്സവം തുടങ്ങിയവയും ദൃശ്യമായ മറ്റു പ്രവൃത്തികളിലേർപ്പെടുന്നവരും ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാത്തിയ 5 : 19 )
ഇനി പറയൂ.. ബൈബിളാണോ ധ്യാനകേന്ദ്രമാണോ നിങ്ങളെ പേടിപ്പിച്ചത്? ഇതൊക്ക പാപമാണെങ്കിൽ, ഇതൊക്കെ ഉപേക്ഷിച്ചിട്ട് യോഗ്യതയോടെയാണോ നിങ്ങൾ കർത്താവിന്റെ ശരീരവും രക്തവും നാവുനീട്ടി സ്വീകരിക്കുന്നത്? ജഢികാസക്തി തീർക്കാൻ ഫോണിലും കംപ്യൂട്ടറിലും ബ്ലൂഫിലിം സൂക്ഷിച്ചിട്ടാണോ നിങ്ങൾ വി. കുർബാന സ്വീകരിക്കാൻ നാവു നീട്ടുന്നത്? ആസക്തി തീർക്കാൻ നിങ്ങളുടെ ചാറ്റ് അഡ്രസിൽ എത്രപേർ ഉണ്ട്? സ്വയംഭോഗവും വ്യഭിചാരവും എന്നുവേണ്ട, മനസ്സുകൊണ്ടും ശരീരംകൊണ്ടും സംഭാഷണം കൊണ്ടും അടുത്ത ദിവസവും പാപം ചെയ്യാനുള്ള എല്ലാ സാധനസാമഗ്രഹികളും ഒരുക്കിവച്ചിട്ടല്ലേ നിങ്ങൾ കള്ളകുമ്പസാരം നടത്തിയതും അതുകഴിഞ്ഞു യോഗ്യതയില്ലാതെ കുർബാന സ്വീകരിക്കുവാനും വരുന്നത്? ഇതിൽ എവിടെയാണ് പശ്ചാത്താപം? പശ്ചാത്താപം ഇല്ലാത്ത കുമ്പസാരത്തിന് പാപമോചനം ഇല്ല എന്ന് സഭ പഠിപ്പിക്കുന്നു.
“തന്മൂലം അയോഗ്യതയോടെ കുർബാന സ്വീകരിക്കുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നുവെന്നും പലരും രോഗികളും ദുർബലരും ആയിരിക്കുന്നതും ചിലർ മരിച്ചുപോയതിനും കാരണം ഇതാണ് ” എന്നും 1 കോറിന്തോസ് 11 :27 -30 പറയുന്നു. അപ്പോൾ ചില രോഗങ്ങൾക്കും മരണങ്ങൾക്കുംവരെ ഇത് കാരണം. പറയുന്നത് വൈദികരല്ല, ദൈവവചനമാണ്. അത് തെറ്റില്ല.
ധ്യാനകേന്ദ്രത്തിന്റെ പടി ചവിട്ടിയിട്ടില്ലാത്ത വിമർശകരേ…ഇതൊക്കെയാണ് ഒരു ധ്യാനത്തിൽ വിശദമായി പറഞ്ഞുതരുന്നത്. കടബാധ്യത തീരുവാനോ ജോലി ശരിയാകുവാനോ അല്ല നിങ്ങൾ ധ്യാനത്തിന് പോകേണ്ടത്, മറിച്ച് വിശുദ്ധിയിൽ ജീവിക്കുവാനുള്ള കൃപ കിട്ടുവാനാണ്. ദൈവാരാധന, അഭിഷേകപ്രാർത്ഥന, പാപബോധം , പശ്ചാത്താപം, പാപമോചനം തുടങ്ങിയവ വഴി പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചുതുടങ്ങുമ്പോൾ ഈ പാപങ്ങളെയൊക്കെ എളുപ്പത്തിൽ ഒഴിവാക്കുവാൻ സാധിക്കും. അല്ലാതെ ഭൗതികാവശ്യങ്ങൾക്കുവേണ്ടിമാത്രം ധ്യാനത്തിന് പോയിട്ട് കിട്ടാതെ വരുമ്പോൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ വിശുദ്ധിയാണ്.
“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.” (മത്തായി 6:33)
വിമർശകരേ..അടുത്ത വെല്ലുവിളി ഏറ്റെടുക്കൂ..അടുത്ത പ്രാവശ്യം കള്ളകുമ്പസാരം നടത്തി അയോഗ്യതയോടെ വി.കുർബാന സ്വീകരിക്കുവാൻ നാവുനീട്ടുന്നതിനുമുമ്പ്, അഹങ്കാരം, കുറ്റംപറച്ചിൽ, നുണപറച്ചിൽ, മോഷണം, മറ്റുള്ളവരെ വിധിക്കൽ, വെറുപ്പ്, മദ്യപാനം തുടങ്ങിയ അനേകപാപങ്ങൾ നിർത്തുവാൻ തീരുമാനിക്കുക. നിങ്ങളുടെ ഫോണിലെയും കമ്പ്യൂട്ടറിലെയും അശ്ലീലചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യുക. ഫോണിലോ കമ്പ്യൂട്ടറിലോ ജഡികപാപം ചെയ്യുവാനായി സൂക്ഷിച്ചിരിക്കുന്ന ഫോൺനമ്പറുകളും ചാറ്റ് അഡ്രസ്സും ഡിലീറ്റ് ചെയ്യുക. സ്വയംഭോഗം, സ്വവർഗ്ഗഭോഗം ഉള്ളവർ നിർത്തുക, വ്യഭിചാരപങ്കാളിയെ പൂർണ്ണമായും ഒഴിവാക്കുക. അശ്ലീലത പോസ്റ്റ് ചെയ്യുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് പുറത്തുപോകുക. അങ്ങനെ അയയ്ക്കരുതെന്ന് , അയയ്ക്കുന്ന സുഹൃത്തുക്കളെ യേശുനാമത്തിൽ ഉപദേശിക്കുക..ഏതെങ്കിലും വിമർശകരുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ?? സ്വയം നന്നാകാൻ പറ്റാത്ത നിങ്ങളെങ്ങനെ മറ്റുള്ളവരെ നന്നാക്കും?നിങ്ങൾക്കോ പറ്റില്ല.. അതിന് കഴിവുള്ള, ദൈവാത്മാവ് പ്രവൃത്തിക്കുന്ന ധ്യാനകേന്ദ്രങ്ങളെ അടച്ചുപൂട്ടിക്കാൻ നിങ്ങൾ എന്തിനു ശ്രമിക്കുന്നു? ദൈവമാണോ സാത്താനാണോ അത് ആഗ്രഹിക്കുന്നത്? നിങ്ങൾ ആരുടെ കൂടെയാണ്?
ഞാൻ ആദ്യം പറഞ്ഞ എന്റെ സുഹൃത്തടക്കം ധ്യാനത്തിൽ സംബന്ധിച്ച് യേശുവിനെപ്രതി പല ലൗകികസുഖങ്ങളും ഉപേക്ഷിച്ച പലരും എന്റെ കൺമുന്നിലുണ്ട്. ദൈവം കൃപയും കരുണയും ചൊരിയാതെ, അച്ചന്മാർ 24 മണിക്കൂറും തൊണ്ട പൊട്ടി പ്രസംഗിച്ചാലും പാപം ഉപേക്ഷിക്കുവാൻ സാധിക്കില്ല. അങ്ങനെ ദൈവം കൃപ ചൊരിയുന്ന സ്ഥലമാണ് ധ്യാനകേന്ദ്രങ്ങളെന്ന് സ്വന്തം അനുഭവത്തിലൂടെ ഞാനും സാക്ഷ്യപ്പെടുത്തുന്നു. കുവൈറ്റിലെ അഹമ്മദി ദേവാലയത്തിൽ ഡൊമിനിക് വാളന്മനാൽ അച്ചൻ നയിച്ച ധ്യാനത്തിൽനിന്ന് പാപത്തെക്കുറിച്ചും അതിന്റെ ശിക്ഷവിധികളെക്കുറിച്ചും വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗാഢമായ ബോധ്യം ദൈവം തന്നു. (അത് അച്ചന്റെ കഴിവല്ല, ദൈവം കൃപ തന്നു) അടുത്ത അവധിക്ക് പേരാവൂരിൽ വട്ടായിൽ അച്ചൻ നയിച്ച ധ്യാനവും കൂടി. ഉപേക്ഷിക്കണമെന്ന് ഒത്തിരി ആഗ്രഹിക്കുകയും എന്നാൽ സാത്താന്റെ പ്രവർത്തനം മൂലം ഉപേക്ഷിക്കുവാൻ സാധിക്കാതിരിക്കുകയും ചെയ്ത ഒരുകൂട്ടം പാപങ്ങളെ വളരെ എളുപ്പത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് ഞാനിപ്പോൾ ക്രിസ്തുവിനുവേണ്ടി സാക്ഷ്യം പറയുന്നത്. പക്ഷേ ഞാൻ വിശുദ്ധൻ, നിങ്ങൾ പാപികൾ എന്നല്ല അതിനർത്ഥം. ഇപ്പോഴും പാപിതന്നെ. കൂടുതൽ പടവുകൾ കയറുവാനും സാത്താൻ കീഴ്പെടുത്താതിരിക്കുവാനും കൂടുതൽ കൃപ ലഭിക്കുവാനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ധ്യാനത്തിൽ സംബന്ധിച്ച് മനസ്സുതുറന്ന് ദൈവത്തെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദി പറയുന്നു.
അതുകൊണ്ട് ദൈവം കൃപയും കരുണയും ചൊരിഞ്ഞു ആളുകൾ മാനസാന്തരപ്പെടുന്ന മറ്റു സ്ഥലങ്ങൾ കാണിച്ചുതരുവാൻ നിങ്ങൾക്ക് പറ്റില്ലെങ്കിൽ, അങ്ങനെയുള്ള സ്ഥലത്തെക്കുറിച്ച് കുറ്റം പറയാതിരിക്കുകയെങ്കിലും ചെയ്തുകൂടെ? ധ്യാനത്തിന് പോകുന്നവർ ധ്യാനകേന്ദ്രത്തിന്റെ അടിമയെന്നു നിങ്ങൾ പറയുന്നുവെങ്കിൽ പള്ളിയിൽ പോകുന്നവരും അൾത്താരബാലന്മാരായ നമ്മുടെ കുട്ടികളും പള്ളിയുടെ അടിമകൾ എന്നാണോ നിങ്ങളുടെ പരിഹാസം? അന്യരെ വിധിക്കരുത്, കുറ്റം പറയരുത്, പരിഹസിക്കരുത് എന്ന് ബൈബിളിൽ ആവർത്തിച്ചുപറയുന്നു. എന്നിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾമുതൽ വിമർശിക്കുവാനും കുറ്റംപറയുവാനും വിധിക്കാനുമായി സമയം കണ്ടെത്തുകയും ക്രിസ്തുവിനെ അനുഗമിക്കുന്നവൻ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പള്ളിയിൽ പോകുന്നതുകൊണ്ടും അയോഗ്യതയോടെ വി.കുർബാന സ്വീകരിക്കുന്നതുകൊണ്ടും മനുഷ്യരെ നിങ്ങൾക്ക് പറ്റിക്കാം. ദൈവത്തെ പറ്റിക്കാമെന്ന് കരുതരുത്.
അപ്പോൾ മനുഷ്യരെ അടിമകളാക്കുന്ന ധ്യാനകേന്ദ്രത്തെ നമുക്ക് തള്ളിപ്പറയാം, പക്ഷേ ഒരു പാപിയെ എങ്കിലും നിങ്ങൾ മാനസാന്തരപ്പെടുത്തിയതിനുശേഷം…നാളെ പാപം ചെയ്യുവാനുള്ള എല്ലാ അനുകൂല ഘടകങ്ങളും പൂർണ്ണമായും നിർത്തി ആത്മാർത്ഥമായി വി.കുർബാന സ്വീകരിച്ചതിനുശേഷം…സുവിശേഷം മുഴുവൻ സത്യമാണെന്ന് വിശ്വസിക്കുവാനും പ്രഘോഷിക്കുവാനും കൃപ ലഭിച്ചതിനുശേഷം…അങ്ങനെ ഭയം ജനിപ്പിക്കുന്ന ധ്യാനകേന്ദ്രങ്ങളും ആത്മീയശുശ്രൂഷകളും വേണ്ട എന്ന് നിങ്ങൾ തെളിയിക്കുക..
ദൈവം നോഹയുടെ കാലത്തു പ്രളയം അയച്ചത് പാപം മൂലം. സൊദോം ഗാമോറ നശിപ്പിച്ചത് പാപം മൂലം. പക്ഷേ നിനവേ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചുവെങ്കിലും യോനാപ്രവാചകന്റെ വാക്കുകേട്ട് ജനം അനുതപിച്ചതുകൊണ്ട് ദൈവം മനസ്സുമാറ്റി. യോനാ കൊടുത്ത അതേ മുന്നറിയിപ്പുകളാണ് ഇവിടെ വീണ്ടും കേൾക്കുന്നത്. അത് മനുഷ്യരെ സഭയ്ക്കും വൈദികർക്കും അടിമകളാക്കാനല്ല, മറിച്ച് വിശുദ്ധരായ മനുഷ്യരെ സൃഷ്ടിക്കുവാൻവേണ്ടിയാണ്. പാപബോധവും പശ്ചാത്താപവും ഇല്ലാത്തവർക്ക് നിത്യനരകം. അതുകൊണ്ട് കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ…ഭയം ജനിപ്പിക്കുന്ന ബൈബിളും ധ്യാനകേന്ദ്രങ്ങളുമല്ല നമുക്കുള്ളത്, പകരം ദൈവരാജ്യത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന ബൈബിളും ധ്യാനകേന്ദ്രങ്ങളുമാണ് നമുക്കുള്ളത്..
NB: നിങ്ങളുടെ ഇടവകപള്ളിയിൽ വി.കുർബാനയ്ക്ക് നേരത്തെ ഉള്ളതിനേക്കാൾ ആളുകൾ ഇപ്പോൾ ഇടദിവസങ്ങളിൽ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. വി.കുർബാനയുടെ ശക്തിയെക്കുറിച്ചും അതിൽ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓരോ ധ്യാനത്തിലും, നിങ്ങൾക്ക് വേണ്ടാത്ത ചില വൈദികർ തൊണ്ടപൊട്ടുമാറ് വിളിച്ചുപറയുന്നതിന്റെ ഫലം ആണത്. മറിച്ച് അഭിപ്രായമുള്ളവർ പുതിയതായി വി.കുർബാനയ്ക്ക് പോകാൻ തുടങ്ങിയവരുമായി സംസാരിച്ചുനോക്കുക.. അപ്പോൾ അറിയാം..
ഒരു നല്ല ധ്യാനം കൂടുവാനുള്ള കൃപ ദൈവം എല്ലാവരിലും വർഷിക്കട്ടെ …
ദൈവനാമം മഹത്ത്വപ്പെടട്ടെ… ആമ്മേൻ
(…✍️റെനിറ്റ് അലക്സ്)
# യേശു ഏകരക്ഷകൻ # ലോകരക്ഷകൻ #☘️🌸

Leave a comment