വചനഭാഷ്യം
അല്‍മായ വീക്ഷണത്തില്‍
Laymen Reflect on
Syro-Malabar Sunday Mass
Scripture Readings
2020 മാര്‍ച്ച് 15
നോമ്പുകാലം നാലാം ഞായര്‍
ഉത്പ 11: 1-9
ജോഷ്വ 7: 10-15
റോമ 8: 12-17
മത്താ 21: 33-44
‘സോറിട്ടോ!
ഈ മുയല്‍ അല്ല’
🌸🌸🌸🌸🌸🌸
സനു തെറ്റയില്‍
🌼🌼🌼🌼🌼🌼
കഥ ഇഷ്ടപ്പെടാത്ത ആരാ ഉള്ളത്. പ്രത്യേകിച്ചും ഞായറാഴ്ച നമ്മള്‍ ഒരു മിനി കഥയെങ്കിലും മനസ്സില്‍ ഇട്ടുകൊണ്ടാണ് പള്ളിയില്‍ നിന്നും ഇറങ്ങുക. കഥയോളം മനസ്സില്‍ പതിയുന്ന എന്തുണ്ട്? ഉപദേശത്തെ പൊതിഞ്ഞു വയ്ക്കുന്ന മിന്നുന്ന കടലാസ് ആണ് കഥകള്‍.
മുന്തിരി തോട്ടത്തിന്‍റെ കഥ. ഒരു വേദപാഠ ക്ലാസ്സില്‍ ഈ കഥ പറഞ്ഞപ്പോള്‍ ആണ് അക്കിടി പറ്റിയത്. ഒരു യമണ്ടന്‍ ചോദ്യം. ‘ഇത് എന്തു കഥയാ സാറെ, ഒന്നിലധികം ഭൃത്യന്മാരെയും അവകാശിയായ മകനെയും കൊന്നുതള്ളിയ വേലക്കാരെ എങ്ങനെയാ സാറെ ആ യജമാനന്‍ തോല്‍പ്പിക്കുന്നത്? ആ വേലക്കാര്‍ക്ക് പുള്ളിക്കാ രനെയും അങ്ങ് സിംപിളായി തീര്‍ത്തു കൂടെ? പിന്നെ തോട്ടം അവരുടെ സ്വന്തം അല്ലേ!…’
എന്തു പറയും? അവര്‍ക്ക് കഥയെ കുറിച്ചാണ് ആവലാതി അതിനു ശേ ഷം എന്തു പറഞ്ഞു എന്നല്ല. ‘അള്‍ട്ടിമേറ്റു’ കളെക്കാള്‍ ‘പെന്‍ അള്‍ട്ടിമേറ്റു’ കള്‍ക്കാണ് അവര്‍ വില കല്‍പ്പിക്കുന്നത്. മറ്റൊരു വിഭാഗത്തിന്‍റെ സങ്കടം കഥ പെട്ടന്ന് തീര്‍ന്നല്ലോ എന്നാണ്. കഥ കേട്ടു കൊണ്ടിരിക്കുന്ന സുഖം കാര്യത്തോട് അടുക്കുമ്പോള്‍ ഉണ്ടാ വില്ലല്ലോ. സുഖം തരുന്നിടത്താണ് മിക്ക വാറും മനസ് ഉടക്കുക.
സുന്ദരിയാവാന്‍
കേട്ടിട്ടുള്ള ഒരു കഥയാണ്. നിസ്സാരം എന്നു തോന്നി ഞാനും പണ്ടേ മറന്ന ഒരു കൊച്ചു കഥ. അത്യാവശ്യം വണ്ണമുള്ള ഒരു പെണ്‍കുട്ടി. അവള്‍ക്കു വിശപ്പ് വല്യ ഒരു പ്രശ്നം ആയിരുന്നു. മെലിഞ്ഞ കുട്ടികളെ കാണുമ്പോള്‍ പ്രപഞ്ച പ്രതിഭാസം ആയ അസൂയ അവളില്‍ തല പൊക്കും. പക്ഷെ ഭക്ഷണം ഉപേക്ഷിക്കാന്‍ അവള്‍ തയ്യാര്‍ ആയിരുന്നില്ലതാനും. ഒരു പുതിയ അധ്യാപകന്‍ തമാശ രൂപേണ അവളോട് പറഞ്ഞു, മോളെ എപ്പോഴും തല ആട്ടി യാല്‍ മാത്രം മതി, നീ സുന്ദരിയാവും. ആദ്യം അവള്‍ക്കു കാര്യം പിടികിട്ടിയില്ല. പിന്നീടാണ്, വിശക്കുമ്പോഴും, ഭക്ഷണം മുന്നില്‍ വരുമ്പോഴും അടുക്കള കാണുമ്പോള്‍ പോലും ‘വേണ്ട’ എന്ന അര്‍ത്ഥ ത്തില്‍ ഇടത്തോട്ടും വലത്തോട്ടും തല ആട്ടണം എന്ന് അവള്‍ തിരിച്ചറിഞ്ഞത്. അധ്യാപകന്‍റെ അവതരണത്തിന്‍റെ വ്യത്യ സ്തയാണ് അവളെ ആകര്‍ഷിച്ചത്.
ക്രിസ്തുവും കഥയും
കഥ പറയാന്‍ ക്രിസ്തുവില്‍ നിന്നും പഠിക്കണം. അവന്‍റെ കഥാപാത്രങ്ങള്‍ ‘ഷാര്‍പ്’ ആണ്. തോട്ടത്തിന്‍റെ കഥയില്‍ പലരും ഉണ്ടെങ്കിലും വേലക്കാര്‍ ആണ് മുഴുനീള കഥാപാത്രങ്ങള്‍. അതായത് നമ്മള്‍ തന്നെ. യജമാനന്‍ ആയ ക്രിസ്തു ആദ്യം ഒന്ന് വരുന്നു. ചില കാര്യങ്ങള്‍ ഏല്പിച്ചു പോകുന്നു. അതിനു ശേഷം കഥയില്‍കാണുന്നത്, ചില ‘കംഫര്‍ട് സോണുകളില്‍’ സാധാരണക്കാരന് പറ്റാവുന്ന ചെറുത് എന്നു നാം കരുതുന്ന, ചില വലിയ തെറ്റുകള്‍ ആണ്. മുന്നോട്ടുള്ള വഴികളില്‍ അല്പം ആശ്വാസം തരുന്ന മരത്തണലുകള്‍ വിട്ടു പോകാന്‍ പറ്റാത്ത അവസ്ഥ. ചില യാത്രകള്‍ ലക്ഷ്യം മറന്ന് അവിടെ അവസാനിപ്പിക്കേണ്ടി വരുന്നു..
ഫലം തേടി കുറെപേര്‍ വന്നു, വേലക്കാരുടെ അടുത്ത്. അത് അവര്‍ക്ക് പിടിച്ചില്ല. അത്രയും നാള്‍ നമ്മള്‍ പണിയെടുത്ത മുതല്‍ കൊള്ളയടിക്കാന്‍ വന്നവര്‍ എന്ന മട്ടില്‍ അവരെ പെരുമാറി വിട്ടു. തങ്ങള്‍ ആരാണെന്നും വന്നവര്‍ ആരാണെന്നും അവരെ അയച്ചവന്‍ ആരാണെന്നും സൗ കര്യപൂര്‍വ്വം മറന്നത് തന്നെയാണ് പ്രശ്നം.
ജീവിത വഴികളില്‍ ചിലര്‍ വരും… അധ്യാപകര്‍, അയല്‍ക്കാര്‍, വീട്ടുകാര്‍, നല്ല സുഹൃത്തുക്കള്‍, തുണ, ചിലപ്പോള്‍ മക്കള്‍ പോലും. ‘ലക്ഷ്യം തെറ്റരുത്’ എന്ന് ഓര്‍മ പ്പെടുത്താന്‍. ഇവരൊക്കെയാണ് മറ്റു കഥാ പാത്രങ്ങള്‍. അവരോടൊക്കെ നമ്മുടെ മനോഭാവം, അതാണ് നമ്മെ അളക്കുന്ന അളവുകോല്‍. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ വീണു പോകുന്നത് ചില താത്കാലിക സുഖങ്ങള്‍ വേണ്ടെന്നു വക്കാന്‍ പറ്റാത്തപ്പോള്‍ അല്ലേ.
മുയല്‍ പിടുത്തം
ബോര്‍ഡിങ് കുട്ടികള്‍ക്ക് റെക്ടര്‍ ഒരു ദിവസം ഒരു കളി വച്ചു. ‘മുയല്‍ പിടുത്തം’ എന്ന പേരില്‍. വിസില്‍ അടിച്ചു, കളി തുടങ്ങി. കുട്ടികള്‍ പരക്കം പായുകയാണ് മുയലുകളെ കയ്യിലാക്കാന്‍. കൈയൂക്കുള്ളവര്‍ അങ്ങിങ്ങായി ഓടി നടന്ന വളര്‍ത്തു മുയലുകളെ പിടിക്കാന്‍ പരക്കം പാ ഞ്ഞു. കുറെ ഓടി. തോല്‍ക്കുമെന്നായ പ്പോള്‍ ഒരാള്‍ കളി നിര്‍ത്തി. വലിയ പറ മ്പാണ്, അവറ്റകളെ എങ്ങനെ കിട്ടാന്‍. തിരിച്ചു നടക്കുമ്പോള്‍ അവന്‍ ദേഷ്യം തീര്‍ക്കാന്‍ വഴിയില്‍ കിടന്ന കല്ലില്‍ തൊഴിച്ചു. തെറിച്ചു പോയ കല്ലിനടിയില്‍ മടക്കി വച്ച പുത്തന്‍പേപ്പര്‍. അവന് ആശ്ചര്യമായി. കല്ലിനടിയില്‍ വെളുത്ത ഒരു കടലാസോ? കൗതുകത്തോടെ തുറന്നു. ‘മുയല്‍ -1, പത്ത് അടി മുന്നില്‍ അടുത്ത അടയാളം’. അവന് മനസ്സിലായി, കണ്മുന്നില്‍ മിന്നി മറയുന്ന വെളുത്തതും തുടുത്തതുമായ മുയലുകള്‍ക്ക് വേണ്ടി യുള്ളതല്ല ഈ കളി. എഴുതപ്പെട്ട വെളി പാടുകളെ ആണ് ഞാന്‍ തിരയേണ്ടത് എന്ന്. റെക്ടര്‍ ഉദ്ദേശിച്ച മുയല്‍ പിടുത്തം… അതൊരു തപസ്യയാണ്. അടയാളങ്ങളെ ധ്യാനിക്കുന്നവര്‍ക്കും മനസ്സിനെ സ്വസ്ഥമാക്കാന്‍ തയ്യാറുള്ളവര്‍ക്കും കിട്ടുന്ന വെളിപാട്.
ഫലം എവിടെ?
‘ദൈവരാജ്യം ഫലം പുറപ്പെടുവിക്കു ന്നവര്‍ക്ക്’ (21/43) എന്നുള്ള വെല്ലുവിളി നില നില്ക്കുന്നിടത്തോളം, വിളിക്കപ്പെട്ട നാം ജീവിക്കേണ്ട വഴി ഏതെന്നു വ്യക്തം. വിളിക്കപ്പെട്ടതു കൊണ്ട് മാത്രം അര്‍ഹത ഉണ്ടാവണം എന്നില്ല എന്നു സാരം. ഉണര്‍വ് ഉള്ളവരായിരിക്കണം എന്ന്. അങ്ങനെ ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും (8/12) ആകുന്ന സുന്ദരദിനമാണ് നാം കാത്തിരിക്കേണ്ടത്.
കണ്മുന്നില്‍ മിന്നിമറയുന്ന ലോകത്തിന്‍റെ പ്രവണതകളായ ‘സുന്ദര മുയലുക’ ളെ ആത്മാവിനാല്‍ നിഹനിച്ചാല്‍ നമുക്ക് അവനോടൊപ്പം ജീവിക്കാം. ചില ‘കംഫര്‍ട് സോണു’കളുടെ വെള്ളിത്തുട്ടുകളില്‍ നേര്‍ കാഴ്ച നഷ്ടപ്പെടുമ്പോള്‍, ഇടത്തോട്ടും വലത്തോട്ടും മെല്ലെ തലയൊന്ന് ആട്ടി നമുക്കും പറയാം, ‘വേണ്ട, ഈ മുയല്‍ അല്ല!’.
………………………..
Publisher : Rev. Paul Kottackal (Sr.) email: frpaulkottackal@gmail.com
Malayalam – http://homilieslaity.com | English (for Children) – http://gospelreflectionsforkids.com

Leave a comment