March 13 World Sleep Day

ലോക ഉറക്ക ദിനം World Sleep Day – March 13

മാർച്ച്‌ 13 ലോക ഉറക്ക ദിനം. ഉറക്കം നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ശാസ്ത്രലോകത്ത് ഉറങ്ങാന്‍പോലും നേരമില്ലാതെ ഗവേഷകര്‍ ഇതിന്റെ പിന്നാലെയാണ്. ഉറക്കത്തിന്റെ ഓരോഘട്ടത്തിലും ഓരോ രീതിയിലാണ് ശാരീരിക പ്രവര്‍ത്തനം. ഉറങ്ങുമ്പോള്‍ തലച്ചോറ് ഉണര്‍ന്നിരിക്കുമെങ്കിലും ഓരോ ഘട്ടത്തിലും ഓരോ ധര്‍മമാണ് തലച്ചോറ് നിര്‍വഹിക്കുന്നത്. ഉറക്കത്തിന്റെ ഒരുഘട്ടം നിങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനും പിറ്റേന്ന് ഊര്‍ജ്വസ്വലരായി നിര്‍ത്തുന്നതിനുമുള്ളതാണെങ്കില്‍ മറ്റൊരു ഘട്ടം ഓര്‍മകളിലൂടെ സഞ്ചരിക്കാനും പഠിക്കുന്നതിനും വേണ്ടിയുള്ളതാണ്.

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഒക്കെ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉറക്കത്തിനിടെ ശരീരത്തില്‍ നടക്കുന്നുണ്ട്. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ അപകടത്തില്‍ ചാടിക്കുന്നത് അതുകൊണ്ടാണ്.

എത്രത്തോളം നന്നായി ഉറങ്ങുന്നുവെന്നതിനെയും എത്രനേരം ഉറങ്ങാന്‍ കഴിയുന്നുവെന്നതിനെയും ആശ്രയിച്ചാണ് ഒരാളുടെ ഉറക്കത്തെ വിലയിരുത്തേണ്ടത്. മറ്റൊന്ന് തലച്ചോറിലെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനമാണ്. കണ്ണിലടിക്കുന്ന പ്രകാശസിഗ്നലുകളോട് പ്രതികരിക്കുകയും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കോശക്കൂട്ടമാണ് ജൈവ ഘടികാരം. ഈ ക്ലോക്കിന്റെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെയും ഉച്ചയ്ക്ക്‌ശേഷവും നമുക്ക് ഉറക്കം വരുന്നത്.

രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ജോലിസമയത്തും ഉറക്കച്ചടവ് തോന്നാറുണ്ട്. പകല്‍നേരത്ത് ഉറങ്ങേണ്ടിവരുന്നുവെന്ന കുഴപ്പം ഇത്തരക്കാരെ ബാധിക്കുന്നു. ഉറക്കച്ചടവുമൂലം റോഡിലും ജോലിസ്ഥലത്തും അപകടങ്ങളില്‍പ്പെടാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണ്. ഹൃദ്രോഗം, ദഹനക്കുറവ് മൂലമുള്ള അസുഖങ്ങള്‍, വന്ധ്യത തുടങ്ങിയവ രാത്രിജോലിക്കാരെ ബാധിക്കാന്‍ സാധ്യത കൂടുതലുമാണ്. വൈകാരിക പ്രശ്‌നങ്ങളും ഇവരെ ബാധിക്കാം. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഉറക്കമില്ലായ്മയെന്ന അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിമാനയാത്ര ചെയ്യുന്നവര്‍ക്കും ഉറക്കം തലവേദന പിടിച്ച കാര്യമാണ്. സമയ മേഖലകള്‍ മാറി യാത്ര ചെയ്യേണ്ടിവരുന്നവരുടെ ഉറക്ക ടൈംടേബിള്‍ ആകെ തെറ്റും. ജെറ്റ് ലാഗ് എന്നാണ് ഇതറിയപ്പെടുന്നത്. പകലുറക്കവും ഏകാഗ്രത നഷ്ടപ്പെടലും അനിയന്ത്രിതമായ ശുണ്ഠിയുമെല്ലാം ജെറ്റ് ലാഗിന്റെ സമ്മാനങ്ങളാണ്.
എന്നാല്‍ ഉറക്കം നിയന്ത്രിക്കുന്ന ജൈവ ഘടികാരത്തെ നിയന്ത്രിച്ച് ആവശ്യമനുസരിച്ച് മാറ്റിയെടുക്കാനാവും എന്നതാണ് വാസ്തവം. പുതിയ സമയ മേഖലയുമായും ജോലി സാഹചര്യവുമായും ഉറക്കം ഇണങ്ങിവരണമെങ്കില്‍ കുറച്ചുദിവസമെടുക്കുമെന്നുമാത്രം. മറ്റൊരു സമയ മേഖലയിലേക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍, അവിടുത്തെ സമയക്രമമനുസരിച്ച് ഉറക്കത്തെ ക്രമീകരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുക്കുന്നത് നല്ലതാണ്. എന്നാല്‍ യാത്ര കുറച്ചുദിവസത്തേക്കു മാത്രമാണെങ്കില്‍, പഴയ ഉറക്ക ശീലം നിലനിര്‍ത്തുകയാണ് വേണ്ടത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment