Saturday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

Saturday of the 2nd week of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

സങ്കീ 144:8-9

കര്‍ത്താവ് കാരുണ്യവാനും കൃപാലുവുമാണ്;
അവിടന്ന് ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്.
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍ അവിടന്ന് കരുണ കാണിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ
മഹത്ത്വപൂര്‍ണമായ പരിരക്ഷയാല്‍
സ്വര്‍ഗീയകാര്യങ്ങളില്‍ ഞങ്ങളെ പങ്കുകാരാക്കുന്നുവല്ലോ.
അങ്ങുതന്നെ വസിക്കുന്ന ആ പ്രകാശത്തിലേക്ക് ആനയിക്കുന്നതിന്,
ഞങ്ങളുടെ ഈ ജീവിതത്തില്‍
ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

മിക്കാ 7:14-15,18-20
ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും.

കര്‍ത്താവേ, കാര്‍മലിലെ വനാന്തരത്തില്‍ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദണ്ഡുകൊണ്ടു മേയ്ക്കണമേ! മുന്‍കാലങ്ങളിലെപ്പോലെ അവര്‍ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തില്‍ നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാന്‍ അവര്‍ക്കു കാണിച്ചു കൊടുക്കും.
തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്നു തന്റെ കോപം എന്നേക്കുമായി വച്ചു പുലര്‍ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്ന് കാരുണ്യത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. പൂര്‍വകാലം മുതല്‍ ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അങ്ങ് യാക്കോബിനോടു വിശ്വസ്തതയും അബ്രാഹത്തോടു കാരുണ്യവും കാണിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 103:1-2,3-4,9-10,11-12

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു
തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.
കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍
നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍ നിന്ന് അകറ്റിനിര്‍ത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 15:1-3,11-32
നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയ വന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു. അവന്‍ , ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലും കൊണ്ടു വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല. അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ളാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കാന്‍ തുടങ്ങി.
അവന്റെ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേല ചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ളാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റെതാണ്. ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശകള്‍വഴി
ഞങ്ങളില്‍ പരിത്രാണത്തിന്റെ ഫലം ഉളവാക്കണമേ.
മാനുഷിക ദുരാശകളില്‍നിന്ന് എപ്പോഴും ഞങ്ങളെ പിന്തിരിപ്പിക്കുകയും
രക്ഷാകരദാനങ്ങളിലേക്ക് നയിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ലൂക്കാ 15:32

മകനേ, ഇപ്പോള്‍ നമ്മള്‍ ആഹ്ളാദിക്കുകയും സന്തോഷിക്കുകയും വേണം;
എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു.
അവന്‍ ജീവിക്കുന്നു.
നഷ്ടപ്പെട്ടവനായിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ കൂദാശയുടെ വിശുദ്ധമായ സ്വീകരണം
ഞങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങുകയും
ഞങ്ങളെ അതിന്റെ പ്രബലരായ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, വിളിച്ചപേക്ഷിക്കുന്നവരുടെ പ്രാര്‍ഥനകളിലേക്ക്
അങ്ങയുടെ കാരുണ്യത്തിന്റെ ചെവിചായ്ക്കാനും
ചോദിക്കുന്നവര്‍ക്ക് ആഗ്രഹിച്ചതു നല്കുന്നതിന്,
അങ്ങേക്കു പ്രീതികരമായവ യാചിക്കാനും
അവരെ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.
🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment