Vanakkamasam, March 15

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം

മാർച്ച് പതിനഞ്ചാം തീയതി

Holy Family

“എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു” (ലൂക്കാ 4:22).

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പ്

ആത്മനാ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു എന്ന്‍ ഗിരിപ്രഭാഷണത്തില്‍ ക്രിസ്തുനാഥന്‍ അരുളി ചെയ്യുകയുണ്ടായി. ‘ദരിദ്രര്‍ ഭാഗ്യവാന്മാര്‍’ എന്നല്ല ക്രിസ്തുനാഥന്‍ അരുളിച്ചെയ്തത്. എങ്കില്‍ ഇന്ന് ദാരിദ്ര്യം ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാവുകയില്ലായിരുന്നു. ഈശ്വരവിശ്വാസമില്ലാത്ത ഒരു തലമുറയ്ക്ക് ദാരിദ്ര്യം ഏറ്റവും വലിയ ശാപമാണ് എന്ന ജ്ഞാനം എന്ന വിശുദ്ധ ഗ്രന്ഥം നമ്മോടു പ്രസ്താവിക്കുന്നു. ദാരിദ്ര്യത്തിലും എപ്രകാരം സന്തുഷ്ടമായ ഒരു ജീവിതം നയിക്കണമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ യൗസേപ്പ് ദാവീദ് രാജവംശജനായിരിന്നുവെങ്കിലും ദരിദ്രനായിരുന്നു. തൊഴില്‍ ചെയ്താണ് അദ്ദേഹം ജീവിച്ചത്. എന്നാല്‍ അദ്ദേഹം സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. വിശുദ്ധ യൌസേപ്പ് പിതാവില്‍ ആശ്രയിക്കുന്ന പക്ഷം നമ്മുടെ ദാരിദ്രാവസ്ഥകള്‍ക്ക് മാറ്റമുണ്ടാകും.

നാം ദരിദ്രരെ സഹായിക്കുന്നത് യൗസേപ്പിതാവിന് പ്രീതിജനകമാണ്. അനേകം അനുഗ്രഹങ്ങള്‍ വി. യൗസേപ്പ് അവര്‍ക്ക് നല്‍കും. കേരളത്തില്‍ ‘മുത്തിയൂട്ട്‌’ എന്നൊരു പൗരാണികമായ ആചാരം നിലനില്‍ക്കുന്നുണ്ട്. അപ്രകാരമുള്ള സല്‍കൃത്യങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണല്ലോ ഇന്നും ആ പാരമ്പര്യം നിലനില്‍ക്കുന്നത്. ദരിദ്രരിലും രോഗികളിലും ആതുരരിലും മിശിഹായെതന്നെ ദര്‍ശിച്ചു കൊണ്ട് അവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണ് മിശിഹാ നമുക്ക് നല്‍കിയിരിക്കുന്ന ആഹ്വാനം. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് വി. യൗസേപ്പ് വാത്സല്യപൂര്‍വ്വം സഹായങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ചില അവസരങ്ങളില്‍, പ്രച്ഛന്ന വേഷത്തില്‍ അദ്ദേഹം അനാഥ ശാലകളിലും സന്യാസ ഭവനങ്ങളിലും സഹായം എത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

സംഭവം

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ മാരകമായ ഒരു സാംക്രമിക രോഗം പടര്‍ന്നുപിടിച്ചു. നിരവധി ആളുകള്‍ രോഗം നിമിത്തം മരണമടഞ്ഞു. ആശുപത്രികള്‍ രോഗികളെ ക്കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും മരിക്കുന്ന ആളുകള്‍ക്കു കണക്കില്ല. ശ്മശാനങ്ങളില്‍ ശവശരീരം മറവു ചെയ്യാനുള്ള ഇടം പോലും ശേഷിച്ചില്ല. ഗവണ്മെന്‍റെ് തലത്തിലും നഗര സഭാ തലത്തിലും സാംക്രമിക രോഗം തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ നോര്‍മണ്ടി പ്രൊവിന്‍സില്‍ ഒരു മനുഷ്യജീവന്‍ പോലും അവശേഷിക്കുകയില്ല എന്നത് അധികാരികള്‍ക്ക് ബോധ്യമായി.

ഈ വിപത്സന്ധിയില്‍ ദൈവസമക്ഷം തങ്ങളെത്തന്നെ സമര്‍പ്പിച്ച് ഈ മാരകവിപത്തില്‍ നിന്നും രക്ഷ നേടുവാന്‍ എല്ലാവരും ആഗ്രഹിച്ചു. അവിടെയുള്ള വി. പത്രോസിന്‍റെ ദേവാലയത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമ ഭക്തനായ വൈദികന്‍, നോര്‍മണ്ടിയിലെ ജനങ്ങള്‍ക്കെല്ലാം സ്വീകാര്യനും പ്രിയങ്കരനുമായിരുന്നു. ഭക്തനും വിനീതനുമായ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ചു. തങ്ങളെ വി. യൗസേപ്പിന് സമര്‍പ്പിച്ചു; നാട്ടില്‍ കൊടുങ്കാറ്റു പോലെ പടര്‍ന്നുപിടിച്ച മഹാരോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യണമെന്നു യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അധികം വൈകാതെ തന്നെ സാംക്രമികരോഗങ്ങള്‍ നാട്ടില്‍ നിന്നും പാടേ മാറി. ഈ അത്ഭുതം ജനങ്ങള്‍ക്ക് വിശുദ്ധ യൗസേപ്പിലുള്ള ഭക്തിയും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കി.

ദരിദ്രരുടെ മാതൃകയും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ ദാരിദ്ര്യ ദുഃഖത്താല്‍ വേദനയനുഭവിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ദരിദ്രരിലും പരിത്യക്തരിലും രോഗികളിലും മിശിഹായെത്തന്നെ ദര്‍ശിക്കുവാനും അവരെ സഹായിക്കുവാനും വേണ്ടി സന്നദ്ധതയും ത്യാഗമനോഭാവവും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അങ്ങേ മാതൃകയനുസരിച്ചു ഞങ്ങള്‍ ദാരിദ്ര്യ ക്ലേശങ്ങളെയും രോഗത്തേയും അതുപോലുള്ള ബുദ്ധിമുട്ടുകളേയും ദൈവതിരുമനസ്സിനു വിധേയമായി സമചിത്തതയോടെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നല്‍കണമെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ജപം

ദാവീദു രാജവംശത്തില്‍ പിറന്ന വി. യൗസേപ്പേ, അങ്ങ് സകല മനുഷ്യ വ്യക്തികളിലും ഉന്നതമായ മഹത്വത്തിനും ബഹുമാനത്തിനും അര്‍ഹനായിത്തീര്‍ന്നല്ലോ. വന്ദ്യപിതാവേ, അങ്ങേ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ കുടുംബങ്ങളുടെ അഭിമാനപാത്രവും സഭാമാതാവിന്‍റെ വിശിഷ്ട സന്താനങ്ങളുമായി തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ദൈവത്തിന്‍റെ സവിശേഷമായ സ്നേഹത്തിന് അങ്ങ് പാത്രമായതു പോലെ ഞങ്ങള്‍ ദൈവമക്കള്‍ എന്നുള്ള മഹനീയ പദവിക്കനുയോജ്യമായ ജീവിതം നയിക്കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധാത്മാവായ ദൈവമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)
പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ, (ഞങ്ങള്‍ക്കു വേണ്ടി…)

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഗോത്രപിതാക്കളുടെ പ്രകാശമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ)

ദൈവജനനിയുടെ ഭര്‍ത്താവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുക്കുടുംബത്തിന്‍റെ നാഥനേ,  (ഞങ്ങള്‍ക്കു വേണ്ടി…)

എത്രയും നീതിമാനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിരക്തനായ വി.യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിവേകിയായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ ധീരനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ക്ഷമയുടെ ദര്‍പ്പണമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,  (ഞങ്ങള്‍ക്കു വേണ്ടി…)

തൊഴിലാളികളുടെ മാതൃകയേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

കന്യകകളുടെ സംരക്ഷകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

കുടുംബങ്ങളുടെ ആധാരമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

നിര്‍ഭാഗ്യരുടെ ആശ്വാസമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

രോഗികളുടെ ആശ്രയമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,  (ഞങ്ങള്‍ക്കു വേണ്ടി…)

പിശാചുക്കളുടെ പരിഭ്രമമേ,  (ഞങ്ങള്‍ക്കു വേണ്ടി…)

തിരുസ്സഭയുടെ പാലകാ,  (ഞങ്ങള്‍ക്കു വേണ്ടി…)

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻകുട്ടി ആയിരിക്കുന്ന ഈശോ തമ്പുരാനെ…

കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

കുടുംബനാഥൻ: ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

സമൂഹം: തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

ദരിദ്രരുടെ ആശ്രയമായ മാര്‍ യൗസേപ്പേ ദരിദ്രരെ സഹായിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Vanakkamasam, March 15”

  1. […] March 06 March 07 March 08 March 09 March 10 March 11 March 12 March 13 March 14 March 15 March 16 March 17 March 18 March 19 March 20 March 21 March 22 March 23 March 24 […]

    Liked by 1 person

Leave a comment