ടിവിയിൽ കൂടിയുള്ള പരിശുദ്ധ കുർബാന

കൊറോണ കാലവും ടിവിയിൽ കൂടിയുള്ള പരിശുദ്ധ കുർബാനയും മറ്റു കൂദാശാനുഷ്ട്ടാനങ്ങളും ⁉

ഇന്ന് സൗഖ്യം പകരുന്ന കുർബാന ഫേസ്‌ബുക്കിലൂടെ അർപ്പിക്കപ്പെടുന്നു. നിങ്ങൾക്ക് ഫേസ്‌ബുക്ക് വഴി കുർബാനയിൽ പങ്കുകൊണ്ടു അനുഗ്രഹം പ്രാപിക്കാം. നിങ്ങളുടെ ഏതാവിശ്യവും നിവർത്തിക്കപ്പെടും. എന്നിങ്ങനെയൊക്കെ പറഞ്ഞു വൈദികരടക്കം പോസ്റ്റ് ചെയ്യുന്നത് കുറെ നാളുകൾ ആയി കാണുന്നു. കൊറോണ പോലുള്ള പകർച്ച വ്യാധികൾ വന്നതോടെ ഇത്തരത്തിൽ ഉള്ള പോസ്റ്റുകളുടെ പ്രളയമാണ് സോഷ്യൽ മീഡിയായിലെങ്ങും..

ഫേസ്ബുക്ക് പോലുള്ള ആധുനിക മാധ്യമങ്ങൾ നൽകുന്ന സൗകര്യം ഉപയോഗിച്ചു നല്ല നല്ല ആത്‍മീയ പ്രസംഗങ്ങൾ കേൾക്കുന്നതിനോ, കൂടുതൽ ആയി ക്രൈസ്തവ ആധ്യാത്മികതയെക്കുറിച്ചും, പരിശുദ്ധ കുർബാനയെക്കുറിച്ചും തിരുസഭയെക്കുറിച്ചും അറിയുന്നതിനോ ആഴത്തിൽ പഠിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ല. അത് നല്ലതും ആണ്. ശാസ്ത്ര നേട്ടങ്ങളെ നല്ലതിനായി ഉപയോഗിക്കുക തന്നെ വേണം. എന്നാൽ ചില കാര്യങ്ങളിൽ പ്രത്യേകിച്ചു ആരാധനാക്രമ അനുഷ്ട്ടാനങ്ങൾ മാധ്യമങ്ങൾ വഴി നടത്താൻ സാധിക്കില്ല. കൊറോണ വന്നതോടെ ടീവിയിൽ വിശുദ്ധ കുർബാന കണ്ടാൽ മതി. അത് സാധുവാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ചില തെറ്റായ പ്രചാരണങ്ങളും വ്യാപകമാകുന്നു. ഓരോ കേന്ദ്രങ്ങളും തങ്ങളുടെ ശ്രുശൂഷകൾ ഏറ്റവും ഭംഗിയായി സംപ്രേഷണം ചെയ്തു വിശ്വാസികളുടെ ലൈക്ക് മേടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്.

തിരുസഭയുടെ ലിറ്റർജി എന്താണ് എന്ന് മനസ്സിലാക്കുന്നതിൽ ഉള്ള പിഴവ് ആണ് ഇത്തരത്തിൽ ഉള്ള പ്രചാരണങ്ങൾ വരാൻ ഉള്ള കാരണം. സഭയുടെ ശക്തി സ്രോതസ്സ് ആയ ലിറ്റർജി അഥവാ ദൈവാരാധനയെ വെറും ഒരു ഷോ അല്ലെങ്കിൽ കാര്യ സാധ്യ പ്രാർത്ഥന എന്ന കണക്കെ കാണുന്ന കാണുന്ന ആരാധനാക്രമ നിരക്ഷരർ ആയ ഒരു വിഭാഗം ഭക്ത ജനങ്ങൾക്ക് TV യിൽ അത് കണ്ടു ആസ്വദിച്ചു തൃപ്തിപ്പെടുവാൻ സാധിക്കുമായിരിക്കും. എന്നാൽ കൊറോണ ആയാലും യുദ്ധം ആയാലും പേമാരി ആയാലും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നോർക്കുക. നിങ്ങളുടെ സാഹചര്യം നിങ്ങളെക്കാൾ നന്നായി ദൈവം അറിയുന്നു.

വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചോ സ്വന്തം വിവേകബുദ്ധി അനുസരിച്ചോ പള്ളിയിൽ പോകാതെ ഭവനത്തിൽ യാമ നമസ്കാരങ്ങൾ അനുഷ്ഠിച്ചു പ്രാർത്ഥിച്ചു ദൈവാരാധന നടത്തിയാൽ തീർച്ചയായും അത് സ്വീകരിക്കുന്ന സ്നേഹനിധി തന്നെയാണ് നമ്മുടെ ദൈവം. സർക്കാരിന്റെ ഓരോ നിർദേശവും അനുസരിക്കുവാൻ നമുക്ക് ഉത്തരവാദിത്തം ഉണ്ട് എന്നത് മറക്കരുത്.

സിറോ മലബാർ മക്കളുടെ അഥവാ മാർ തോമ്മാ നസ്രാണികളുടെ ദൈവാരാധന എന്നത് ടിവിയിൽ കണ്ട്‌ ആസ്വദിക്കുന്ന ഒരു മെഗാ ഷോ അല്ല. നാം ഓരോരുത്തരും ദൈവത്തോടുള്ള ആരാധനയിൽ സജീവ പങ്കാളിയാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസരങ്ങളിൽ നാം വി. കുർബാനയുടെ ചൈതന്യത്തെ യാമങ്ങളിലേക്ക് പ്രവഹിപ്പിക്കുന്ന ആരാധനാക്രമത്തിന്റെ ഭാഗം തന്നെയായ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായ യാമ നമസ്കാരങ്ങൾ മുടക്കം ഇല്ലാതെ നടത്തണം. നോമ്പു കാലത്തു എങ്കിലും ദിവസത്തിന്റെ ഏഴ് നേരവും നമസ്കരിക്കുവാൻ ശ്രമിക്കണം. അതിന് ഉള്ള സമയം ഇല്ലാത്തവർ കുറഞ്ഞത് മൂന്നു നേരം അല്ലെങ്കിൽ റംശായിൽ അഥവാ സായാഹ്ന നമസ്‌കാരത്തിലെങ്കിലും പങ്കെടുത്തു ദൈവാരാധനയിൽ പങ്കുചേരണം. ടിവിയിൽ ആരാധന കണ്ടാൽ എല്ലാമായി എന്ന തെറ്റായ ചിന്തകളെയൊക്കെ തള്ളി കളഞ്ഞു, സഭയുടെ ആരാധനാ ക്രമത്തിൽ (യാമനമസ്കാരത്തിൽ – റംശാ, ലെലിയ, സപ്ര etc) തുടങ്ങിയവയിൽ, നാമായിരിക്കുന്ന സ്ഥലത്തു സജീവമായി പങ്കെടുക്കുക..

🔸ശ്രദ്ധിക്കുക:

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം കുർബാന കാണൽ എന്നൊന്നില്ല. അത് കടം തീർക്കാനുള്ള ഒരു പ്രക്രിയയുമല്ല. ഞായറാഴ്ചകടം ഒരു നിയമമായി മാറുന്നത് ആറാം നൂറ്റാണ്ടിലാണ്. അതിനും നൂറ്റാണ്ടുകൾ മുന്നേ, ശക്തമായ ഒരു ആന്തരികാവശ്യം എന്ന നിലയിൽ ആയിരുന്നു വിശ്വാസികൾ ഞായറാഴ്ചസമ്മേളനം നടത്തിയിരുന്നത്. അങ്ങനെ ആഴ്ചതോറും കടന്നുവരുന്ന ഉയിര്‍പ്പുതിരുന്നാള്‍ ദിനമായി ഞായറാഴ്ച രൂപപ്പെട്ടു. അവർ അത് മുടക്കിയിരുന്നില്ല. അതിനാല്‍ മുടക്കിയാൽ കടമെന്ന ഇടുങ്ങിയ ചിന്താഗതി മാറി സ്‌നേഹത്തിന്റെ ആന്തരികാവശ്യമായ ഞായറാഴ്ചയാചരണത്തെ, ആഘോഷത്തെ കണ്ടിരുന്ന ആദ്യകാല ഞായറാഴ്ച ആത്മീയതായിലേയ്ക്ക് തിരിച്ചുപോകുകയാണ് നാം ചെയ്യേണ്ടത്. ഇതൊരു നിയമത്തിന്റെ കടമല്ല, മറിച്ച് സ്നേഹത്തിന്റെ അതിയായ ആഗ്രഹം ആണ്. ഉദാഹരണത്തിന് ഉപവാസം എന്നത് നമ്മുടെ വിശപ്പിനെ ബലമായി നിയന്ത്രിച്ചു ആഹാരം കഴിക്കാതിരിക്കൽ അല്ല. മറിച്ചു ദൈവത്തിന്റെ മടിയിൽ ഇരുന്നു ആ സ്നേഹത്തിൽ മതിമറന്നു ആഹാരത്തെക്കുറിച്ചു തന്നെ മറന്നു പോകുന്നു അവസ്ഥയാണ് എന്നു പറയുന്നത് പോലെ. കൃത്രിമമായ ബലം പിടിച്ചുള്ള ആചരണങ്ങളിലേക്ക് അല്ല. മറിച്ചു തികച്ചും ജൈവികമായ ആത്മീയ നിറവിൽ നിന്നും ലഭിക്കുന്ന വലിയ സ്വാതന്ത്ര്യത്തിലേക്ക് ആണ് മിശിഹാ നമ്മെ വിളിച്ചിരിക്കുന്നത്. ലിറ്റർജി ജീവിതബന്ധിയാകുമ്പോൾ ആണ് ലിറ്റർജിയുടെ അഥവാ ദൈവാരാധനയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്.

കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും ആഘോഷം സഭാജീവിതത്തിന്റെ ഹൃദയത്തിലുള്ളതാണ്. സഭയുടെ സത്തയെ പൂര്‍ണ്ണമായി പ്രകടിപ്പിക്കുവാന്‍ സഭാംഗങ്ങള്‍ കുര്‍ബാനയില്‍ സമ്മേളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ വിശ്വാസികൾക്കും ഞായറാഴ്ച കുർബാനയുടെ ആഘോഷത്തിന് സമ്മേളിക്കാനുള്ള സ്ഥലമാണ് ഇടവക ദൈവാലയം. ഞായറാഴ്ചയാഘോഷത്തിനായി ഇടവകപള്ളിയില്‍തന്നെ പോകണമെന്നാണ് സഭ അനുശാസിക്കുന്നത്. ഇതും ഒരു നിയമത്തിന്റെ പശ്ചാത്തലത്തിലല്ല സ്വീകരിക്കേണ്ടത്; മറിച്ച് ഞായറാഴ്ചയാഘോഷത്തിന്റെ കുടുംബപരവും സാമൂഹികവുമായ പശ്ചാത്തലത്തിലാണ്. ഇടവക, ആരാധനാജീവിതത്തിന്റെ സാധാരണ പ്രകാശനത്തിലേയ്ക്ക് ക്രൈസ്തവജനതയെ ഔപചാരികമായി പ്രവേശിപ്പിക്കുന്നു. അത് ഈ ആഘോഷത്തിൽ അവരെ ഒന്നിച്ചുകൂട്ടുന്നു. കൂടാതെ മിശിഹായുടെ രക്ഷാകരപ്രബോധനം പഠിപ്പിക്കുകയും സത്യപ്രവൃത്തികളിലും സഹോദരസ്നേഹത്തിലും കർത്താവിന്റെ സ്നേഹം അഭ്യസിക്കുകയും ചെയ്യുന്നു. ഇടവകസമൂഹത്തോടുകൂടിയ ഞായറാഴ്ചക്കുര്‍ബാനയുടെ ആഘോഷത്തിലൂടെയാണ്, സജീവമായ സമൂഹബോധം ഉണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ ഞായറാഴ്ചകളിൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയാണ് യഥാർത്ഥ ആത്മീയത.

🔴 കൂടുതൽ അറിയുവാൻ :

തിരു സഭയുടെ എറ്റവും ഉന്നതമായ ആരാധനയെന്നത് കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന പരിശുദ്ധ കുർബാനയുടെ ആഘോഷം ആണ് .സ്നേഹത്തിന്റെ ഉടമ്പടിയും ആത്മപരിത്വാഗത്തിന്റെ നേർ സാക്ഷ്യവുമായ പരിശുദ്ധ കുർബാനയുടെ അർഥവും വ്യാപ്തിയും മനസിലാക്കിക്കൊണ്ടു, അതിൽ സജീവമായും ക്രിയാത്മകമായും പങ്കെടുക്കുക എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പരിശുദ്ധ കുർബാനയോടുള്ള അത്യഗാധവും അനന്യ ശ്രേഷ്ഠവുമായ ആരാധനാ മനോഭാവത്തിനു ഭംഗം വരുത്തുന്ന ഒരു നടപടിയും ഒരിക്കലും ഉണ്ടാകാൻ പാടില്ല. അതിനാൽ തന്നെ മാർ തോമാ നസ്രാണികൾ ആഴ്ചയിൽ കർത്താവിന്റെ ദിവസവും മറ്റു പ്രധാനപ്പെട്ട ദിവസങ്ങളിലും മാത്രമാണ് എറ്റവും ഭയ ഭക്തി ബഹുമാന ഒരുക്കങ്ങളോടെ പൂർണതയിൽ പരിശുദ്ധ ഖുർബാന (പരിശുദ്ധ റാസ) അർപ്പിച്ചിരുന്നത്. കാരണം ജോലിക്ക് പോകുന്നതിനു മുൻപും യാത്രക്കിടയിലും മറ്റു ദൈനംദിന പ്രവൃത്തികൾക്കിടയിലും പരിശുദ്ധ ഖുർബാന അതിന്റെ പൂർണതയിൽ എറ്റവും ഒരുക്കത്തോടെ അർപ്പിക്കുക എന്നത് പ്രായോഗികമായി അസാധ്യമാണ്. ആഴ്ചയിലെ ആദ്യ ദിവസമായ കർത്താവിന്റെ ദിവസത്തിൽ അർപ്പിക്കപ്പെടുന്ന പരിശുദ്ധ ഖുർബാനക്കായി യാമ നമസ്കാരങ്ങൾ അനുഷ്ട്ടിച്ചു വിശ്വാസികൾ ഓരോ ദിവസവും ഓരോ യാമങ്ങളിലും ഒരുങ്ങിയിരുന്നു. ഏഴു നേര യാമ നമസ്കാരങ്ങളിൽ മൂന്നു നേരമെങ്കിലും സാധാരണ വിശ്വാസികൾ യാമ നമസ്കാരങ്ങൾ അനുഷ്ട്ടിച്ചിരുന്നു. പരിശുദ്ധ ഖുർബാനയുടെ ചൈതന്യത്തെ യാമങ്ങളിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതാണല്ലോ യാമ നമസ്കാരങ്ങൾ. അതിനാൽ ചുരുക്കത്തിൽ പരിശുദ്ധ ഖുർബാനയിൽ ഉള്ള ജീവിതമായിരുന്നു നസ്രാണികൾക്ക് ഉണ്ടായിരുന്നത്. മനോഹരമായ തൂവെള്ള വസ്ത്രങ്ങൾ പരിശുദ്ധ ഖുർബാന അർപ്പണത്തിൽ പങ്കെടുക്കുമ്പോൾ മാത്രം ധരിക്കാനായി നസ്രാണികൾ സൂക്ഷിച്ചിരുന്നു. അത്രമേൽ പരിശുദ്ധ ഖുർബാനയിൽ കേന്ദ്രീകൃതമായ ജീവിത ശൈലി ആയിരുന്നു മാർ തോമാ നസ്രാണികൾക്ക് ഉണ്ടായിരുന്നത്.

ഉദയംപേരൂർ സുനഹദൊസിന്റെ നിശ്ചയപ്രകാരമുള്ള മാറ്റങ്ങളോട് കൂടിയ തക്സയാണ് നസ്രാണികൾ സുനഹദോസിനു ശേഷം ഉപയോഗിച്ചിരുന്നത്. ഖുർബാനയിലെ വിശ്വാസ പ്രമാണം റോമൻ ക്രമത്തിലെത് പോലെ ആക്കിയിരുന്നു. നെസ്തോറിയസ് , തെയദൊർ എന്നിവരുടെ പേരുകൾ കാറോസൂസയിൽ ചേർത്തു പ്രാർത്ഥിച്ചിരുന്നത് നീക്കം ചെയ്തു. ഇന്ന് സീറോ മലബാര് സഭയിൽ പുനസ്ഥാപിക്കപ്പെട്ട തെയദൊറിന്റെയും നെസ്തോരിയസിന്റെയും പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു അനഫൊറകളും കത്തിച്ചു കളയണമെന്ന് വരെ ഉദയംപേരൂർ സുനഹദോസ് കൽപിച്ചു. പരിശുദ്ധ ഖുർബാനക്കു മാർ തോമാ നസ്രാണികൾ വീഞ്ഞ് ഉപയോഗിച്ചിരുന്നില്ല. തലേദിവസം വെള്ളത്തിട്ട ഉണക്ക മുന്തിരിയുടെ ചാറാണ് (ഹമറാ) ഖുർബാനക്കു ഉപയോഗിച്ചിരുന്നത്. ( Know more : http://eastern-witness.blogspot.in/2014/09/blog-post.html ) പുളിപ്പുള്ള അപ്പത്തിനും (Know more : http://eastern-witness.blogspot.in/2015/06/blog-post.html ) മുന്തിരി ചാറിനും പകരം പോർച്ചുഗലിൽ നിന്ന് കൊണ്ടുവരുന്ന വീഞ്ഞ് തന്നെ വേണമെന്നും പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്ന പാശ്ചാത്യ രീതി ആയിരിക്കണം നസ്രാണി സഭയിൽ ഇനി മുതൽ ഉണ്ടാവേണ്ടതെന്നും മിഷനറിമാർ നിഷ്കർഷിച്ചിരുന്നു.

ഇരു സാദൃശ്യങ്ങളിലും പരിശുദ്ധ ഖുർബാന സ്വീകരിക്കുന്ന പതിവ് എല്ലാ സഭകളിലും നിലനിന്നിരുന്നു. എന്നാൽ നിര്ഭാഗ്യവെശാൽ ലത്തീൻ സഭയിൽ ഇതിനു വ്യത്യാസം വരുത്തിയത് തെന്ത്രോസ് സുനഹദോസാണ്. ( 1545-1563). അപ്പോഴും പൌരസ്ത്യ സഭകള ഈ പാരമ്പര്യം അഭന്ഗുരം കാത്തു സൂക്ഷിച്ചു. പക്ഷെ നസ്രാണി സഭയിലുണ്ടായ എറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ഉദയം പേരൂർ സുനഹദോസ് എന്നാ കൊടും ചതിയിലൂടെ ഇരു സാദൃശ്യങ്ങളിലും ഖുർബാന കൊടുക്കുന്ന രീതിയും പറങ്കികൾ നിർത്തലാക്കി പാശ്ചാത്യവത്കരണത്തിന് ലത്തീൻ തീവ്രവാദികൾ ആക്കം കൂട്ടി. ആദ്യ സഹസ്രാബ്ദത്തിൽ എല്ലാ സഭകളിലും വലത്ത് നിന്നും ഇടത്തോട്ടാണ് കുരിശു വരച്ചിരുന്നത്. ലത്തീൻ സഭയിൽ പിന്നീട് ആ പതിവിനു വ്യത്യാസം വരുത്തി കുരിശു വരക്കുന്നത് പോലും ലത്തീൻ രീതിയിൽ ആയിരിക്കണമെന്ന് ഉദയം പേരൂർ സുനഹദോസ് നിശ്ചയിച്ചു. ആരാധനാക്രമ ദിവസം ആരംഭിക്കുന്നത് റംശാ നമസ്കാരത്തോടെ സായാഹ്നത്തിലാണ് എന്ന് നമുക്കറിയാം. ഇന്ന് പുനസ്ഥാപിക്കപ്പെട്ട ഈ രീതി പോലും ഉദയംപേരൂർ സുനഹദോസിലൂടെ മാറ്റം വരുത്തി പറങ്കികൾ നസ്രാണി സഭയെ വളരെയധികം ലത്തിനീകരിച്ചു.

മാർ തോമാ നസ്രാണികൾക്ക് എല്ലാ ദിവസവും പരിശുദ്ധ ഖുർബാന അർപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. ഞായറാഴ്ചകളിലും തിരുനാളുകളിലും ഓർമ ദിനങ്ങളിലും ആണ് പരിശുദ്ധ ഖുർബാന അർപ്പിച്ചിരുന്നത്. എല്ലാ ദിവസവും ഖുർബാന അർപ്പിക്കുന്ന പതിവ് മാർ തോമാ നസ്രാണികൾ ആരംഭിച്ചത് പാശ്ചാത്യ സഭയുമായുള്ള സമ്പർക്കം മൂലമാണ്. കടമുള്ള ദിവസങ്ങളിൽ ചാവ്ദോഷത്തിൻകീഴ്‌ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാനും ഉദയംപേരൂർ സുനഹദോസ് നിയമങ്ങൾ നൽകി. പാശ്ചാത്യ സഭയുടേത് പോലുള്ള തിരുവസ്ത്രങ്ങൾ ഉപയോഗിക്കാനും നിഷ്ക്കർഷിച്ചു.

നസ്രാണി സഭയുടെ പാരമ്പര്യം അനുസരിച്ച് എല്ലാ ദിവസവും പരിശുദ്ധ ഖുര്ബാനയർപ്പണം ഉണ്ടായിരുന്നില്ല എന്നുള്ള ചരിത്രം നമ്മൾ മനസിലാക്കി. നസ്രാണി സഭക്ക് പുറത്തു ലോകത്തെ മറ്റു സ്ഥലങ്ങളിലെ നിലപാടുകൾ കൂടി നമുക്ക് മനസിലാക്കാം.

ജറുസലേമിലെ സഭയിൽ വിശ്വാസികൾ അനുദിനം അപ്പംമുറിക്കൽ ശുശ്രൂഷയിൽ പങ്കു ചേർന്നിരുന്നു (നട 2:46). എന്നാൽ ത്രോവാസിലെ വിശ്വാസികൾ ആഴ്ചയുടെ ആദ്യദിനം മാത്രമേ അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കുചേർന്നിരുന്നുള്ളൂ (നട 20:6-11). കർത്താവിന്റെ ദിവസത്തിലാണ് അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നത് എന്ന് ഡിഡാക്കെ വിശദമാക്കുന്നുണ്ട് (C.XIV) വിശുദ്ധ ജസ്റ്റിനും ഇതേ ആശയം പഠിപ്പിക്കുന്നുണ്ട് (Apol. I. 67. 3.7). എന്നാൽ അനുദിനമുള്ള ബലിയർപ്പണത്തെക്കുറിച്ചും വിശുദ്ധ കുർബ്ബാന സ്വീകരണത്തെക്കുറിച്ചും തെർത്തുല്യനും (on Prayer, 19), വിശുദ്ധ സിപ്രിയാനും (orat. Domi. C. 17), വിശുദ്ധ അംബ്രോസും (PL XV, 1461-62) പഠിപ്പിക്കുന്നുണ്ട്. വൈദികരില്ലാത്ത താപസഭവനങ്ങളും ആശ്രമങ്ങളും കൂദാശ ചെയ്ത വിശുദ്ധ കുർബാന തങ്ങളുടെ ഭവനങ്ങളിലേക്കു കൊണ്ടുവരികയും ദിവസത്തിൽ ഒന്നിലേറെ തവണ ഭക്ഷിക്കുകയും ചെയ്തിരുന്നതായും സഭാപിതാക്കന്മാരുടെ രചനകളിൽ കാണുന്നുണ്ട് (തെർത്തുല്യൻ, Ad uxor. II.5; യൗസേബിയൂസ്, Eccl. Hist. VI. 44). എന്നാൽ സന്യസ്തരല്ലാത്തവർ അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കണമോ എന്നതിനെക്കുറിച്ച് സഭാപിതാക്കന്മാർ ഏകാഭിപ്രായക്കാരായിരുന്നില്ല (PL XXII 505-506, 672; PL XXIII. 200-242).

സന്യസ്തർക്കുപോലും വിശുദ്ധ കുർബാന സ്വീകരണം വർഷത്തിൽ 3 മുതൽ 12 തവണ വരെ മാത്രമായി നിജപ്പെടുത്തി വിവിധ സന്യാസസഭകൾ ആദിമ കാലങ്ങളിൽ നിയമം നിർമ്മിച്ചിരുന്നു! വിശുദ്ധ കുർബാനയോടുള്ള വലിയ ആദരവ് പ്രകടിപ്പിക്കാനാണ് ഇപ്രകാരം ചെയ്തിരുന്നത്. വിശുദ്ധ കുർബ്ബാന എല്ലാ ദിവസവും സ്വീകരിക്കാനുള്ള വ്യക്തമായ നിർദ്ദേശം നൽകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ (30.05.1905) പത്താം പിയൂസ് മാർപ്പാപ്പായാണ്.

🔸 ത്രെന്തോസ് സൂനഹദോസും വിശുദ്ധ പത്താം പിയൂസ് പാപ്പായും നൽകിയ നിബന്ധനകൾ വിശുദ്ധ കുർബാന സ്വീകരണം നിയമാനുസൃതവും ഭക്തിപൂർവ്വവും ഫലദായകവുമാക്കാൻ ഏറെ സഹായകമാണ്.

(1) വരപ്രസാദാവസ്ഥയിലും ശരിയായ ഭക്തിയോടും കൂടി മുഴുവൻ കുർബാനയിൽ പങ്കുചേരുന്നവർക്കാണ് വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുവാദമുള്ളത്.

(2) ഒരു പതിവുകർമ്മമെന്ന നിലയിലോ സാമൂഹികമായ അംഗീകാരത്തിന്റെ ഭാഗമായോ വിശുദ്ധ കുർബാന സ്വീകരിക്കരുത്. മറിച്ച് ദൈവസ്‌നേഹത്താൽ പ്രേരിതരായി ദൈവൈക്യത്തിനുവേണ്ടിയുള്ള ആഗ്രഹത്തെ പ്രതിയായിരിക്കണം വിശുദ്ധ കുർബാന സ്വീകരിക്കേണ്ടത്.

(3) മാരകപാപങ്ങൾ ഇല്ലാതിരിക്കുകയും അവയിൽ നിന്നു വിട്ടുനിൽക്കാനുള്ള ആഗ്രഹം ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം വിശുദ്ധ കുർബാന സ്വീകരിക്കാൻ വിശ്വാസിക്ക് അവകാശമുണ്ട്. തന്മൂലം മാരകപാപമുള്ളവർ കുമ്പസാരിച്ച് പാപമോചനം നേടാതെ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല.

(4) വിശുദ്ധ കുർബാന സ്വീകരണത്തിന് അർദ്ധരാത്രി മുതൽ ഉപവസിച്ച് ഒരുങ്ങണം .

വിശുദ്ധ കുർബാന സ്വീകരണത്തിന്റെ എണ്ണം വർദ്ധിപ്പിക്കാനുള്ള വിശ്വാസികളുടെ ആഗ്രഹം അത്രമേൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നുതന്നെയാണ് ഇന്നും സഭയുടെ നിലപാട്. പരിശുദ്ധ കുർബാന സ്വീകരണത്തെ മറ്റു ഭക്താഭ്യാസങ്ങൾക്കു തുല്യമായി കാണാൻ ഇപ്രകാരമുള്ള നടപടികൾ നിമിത്തമാകാം. ഭക്ത്യാഭ്യാസങ്ങളായ ജപമാല ചൊല്ലുന്നതുപോലെയോ സ്ലീവാ പാത നടത്തുന്നത് പോലെയോ നിസാരമായി , എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന വെറുമൊരു ഭക്തകൃത്യമായി വിശുദ്ധ കുർബാന അർപ്പണം മാറാൻ പാടില്ല. വിശുദ്ധ കുർബാനയോടുള്ള അത്യഗാധവും അനന്യ ശ്രേഷ്ഠവുമായ ആരാധനാമനോഭാവത്തിനു ഭംഗം വരുത്തുന്ന നടപടിയായി വിശുദ്ധ കുർബാന സ്വീകരണം മാറാൻ പാടില്ല. ഒരു വ്യക്തിയുടെ അനുദിന ജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ നിമിഷം വിശുദ്ധ കുർബാന സ്വീകരണ നിമിഷമാണ്. ദൈവൈക്യത്തിൽ ലയിക്കാനുള്ള ആ വലിയ ഭാഗ്യത്തിന്റെ സ്മരണയിൽ അനുദിന പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതാണ് ശരിയായ ആധ്യാത്മിക ശൈലി.

കടപ്പാട്: സീറോ മലബാർ സഭയുടെ ആരാധനാക്രമ വിശ്വാസ പരിശീലന ഗ്രന്ഥം …


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment