ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല
ആൽബർട്ട് ഐൻസ്റ്റീനോളം ആഘോഷിക്കപ്പെട്ടിട്ടുള്ള ശാസ്ത്രജ്ഞർ വേറെയാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. മഹാപ്രതിഭയ്ക്ക് മാർച്ച് പതിലാലിന്141-ാം പിറന്നാൾ. ഐൻസ്റ്റീനെക്കുറിച്ച് ചില കൗതുകങ്ങൾ.
ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തെ ഒറ്റവാക്കിലാക്കുകയാണെങ്കിൽ അത് ‘simple’ എന്നായിരിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ബനേഷ് ഹോഫ്മാനാണ്. അത്രമേൽ ലളിതമായിരുന്നു ഐൻസ്റ്റീന്റെ ജീവിതവും ചിന്തകളും. ഒരിക്കൽ പെരുമഴയത്ത് പെട്ടുപോയ ഐൻസ്റ്റീൻ തന്റെ തൊപ്പിയൂരി കോട്ടിനുള്ളിൽ വച്ചിട്ട് മഴനനഞ്ഞുനടക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന ആൾ ചോദിച്ചു താങ്കളെന്താണീ ചെയ്യുന്നതെന്ന്. ഐൻസ്റ്റീന്റെ ഉത്തരം യുക്തിഭദ്രമായിരുന്നു- മഴ നനഞ്ഞാൽ ഈ തൊപ്പി ചീത്തയാകും; പക്ഷേ എന്റെ തലമുടി ഇതിൽകൂടുതൽ മോശമാകാനില്ല.
ഐൻസ്റ്റീന്റെ ജീവിതത്തിലെ രസകരങ്ങളായ ചില നിമിഷങ്ങൾ ബനേഷ് ഹോഫ്മാൻ ഓർത്തെടുക്കുന്നുണ്ട്. ബ്രിട്ടീഷ് ഗണിതജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഹോഫ്മാൻ പ്രിൻസ്റ്റണിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ വച്ചാണ് ഐൻസ്റ്റീനെ ആദ്യമായി കാണുന്നത്; 1935ൽ. വളരെ ഉയർന്ന ശമ്പളത്തിനുപുറമെ ആവശ്യമുള്ളപ്പോൾ എത്ര തുക വേണമെങ്കിലും എഴുതിയെടുക്കാനുള്ള അനുവാദം കൂടി നൽകിക്കൊണ്ടാണ് ഐൻസ്റ്റീനെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ, അദ്ദേഹം ആ ഓഫർ നിരസിച്ചു. കാരണം അർഹിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലമാണതെന്നായിരുന്നു ഐൻസ്റ്റീന്റെ വാദം. പിന്നീട് ഒരുപാട് നിർബന്ധങ്ങൾക്കു വഴങ്ങിയാണ് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ചേർന്നത്.
ലോകം ആദരിക്കുന്ന ശാസ്ത്രകാരനുമുന്നിലേക്ക് പേടിച്ചാണ് ഹോഫ്മാൻ ആദ്യമായി കടന്നുചെന്നത്. ആശയങ്ങൾ പറഞ്ഞപ്പോൾ അവ ബ്ലാക്ക് ബോർഡിൽ എഴുതിക്കാണിക്കണമെന്നായി. ഐൻസ്റ്റീൻ ഹോഫ്മാനോട് പറഞ്ഞു, ‘പതുക്കെ വേണം. എനിക്ക് കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനുള്ള ശേഷിയില്ല’.
ജർമനിയിലെ ഊം നഗരത്തിൽ 1879ലായിരുന്നു ഐൻസ്റ്റീന്റെ ജനനം. തലയ്ക്ക് അസാധാരണ വലിപ്പമുണ്ടായിരുന്ന ശിശുവിന് ജീവൻ നിലനിർത്താനാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആകുലതകളുടേതായിരുന്നു ബാല്യവും. വളരെ വൈകിയാണ് കുട്ടി ഐൻസ്റ്റീൻ സംസാരശേഷിയാർജിച്ചത്. പഠനത്തിൽ മെല്ലെപ്പോക്കുകാരൻ. അഞ്ചുവയസുള്ളപ്പോൾ രോഗബാധിതനായിക്കിടന്ന ഐൻസ്റ്റീന് അച്ഛൻ കളിക്കാൻ നൽകിയ വടക്കുനോക്കിയന്ത്രമാണ് അവനിൽ ശാസ്ത്രകൗതുകം ജനിപ്പിച്ചതെന്ന് ഒരു കഥയുണ്ട്. ഗലീലിയോ ആയിരുന്നു ഐൻസ്റ്റീന്റെ ആരാധനാ മൂർത്തി. വിശ്വവിജ്ഞാനീയത്തിലെ സമസ്യകൾ ലോകത്തിന് മുന്നിൽ അഴിച്ചുവെച്ച മഹാപ്രതിഭയ്ക്ക് ഓർമ ശക്തി കുറവായിരുന്നുവെന്ന കാര്യവും രഹസ്യമല്ല. പേരുകളോ, തീയതികളോ, ഫോൺ നമ്പരുകളോ ഓർത്തുവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ആൽബർട്ട് ഐൻസ്റ്റീൻ മതത്തിലോ മതാചാരങ്ങളിലോ വിശ്വസിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒരിക്കൽ ഐൻസ്റ്റീൻ പറഞ്ഞതായി ഹോഫ്മാൻ രേഖപ്പെടുത്തിയതിങ്ങനെയാണ് ‘ആശയങ്ങൾ ദൈവത്തിൽ നിന്നാണ് ലഭിക്കുന്നത്’. ദൈവികതെയെക്കുറിച്ച് ഐൻസ്റ്റീന് സ്വന്തം നിർവചനമുണ്ടായിരുന്നു. പ്രിൻസ്റ്റൺ സർവകലാശാലയിലെ മാത്തമാറ്റിക്സ് വകുപ്പ് കെട്ടിടച്ചുമരിൽ മാർബിളിൽ ജർമൻ ഭാഷയിൽ ഇങ്ങനെ കൊത്തിവച്ചിട്ടുണ്ട് – ‘ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല’. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ കൈവിടരുതെന്നും പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

Leave a comment