കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല

Retreat venue : St.Mary’s church Vettimukal Changanacherry

Video#8
Episode# 6

കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
_________________________

കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന്‌ എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ ജലാശയത്തിലേക്ക്‌അവിടുന്ന്‌ എന്നെ നയിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 23 : 1-2 )

സങ്കീർത്തനം 23-ൽ നാം കാണുന്നു : കർത്താവായ ഇടയൻ തന്റെ ആടുകളെ പച്ച പുൽത്തകിടിയിലേക്ക് കൊണ്ടുവരുന്നു. അതിന്റെ തൊട്ടടുത്ത് ജലാശയവും ഉണ്ട്. എന്താണ് ഈ പച്ചപ്പുല്ല് , എന്താണ് ഈ പ്രശാന്തമായ ജലാശയം? ഇതെല്ലാം പ്രതീകങ്ങളാണ്.
നാം കഴിഞ്ഞ ലക്കത്തിൽ കണ്ടതുപോലെ, യേശുവാക്കുന്ന കർത്താവ് ആടുകളാക്കുന്ന നാം ഓരോരുത്തർക്കും ആദ്യം നൽകുന്നത് ദൈവവചനമാകുന്ന പച്ചപ്പുല്ല് ആണ്. പച്ചപ്പുല്ല് ഇവിടെ വചനത്തിനു സമാനമാണ് . പ്രശാന്തമായ ജലാശയം എന്നു പറയുന്നത് പരിശുദ്ധാത്മാവാണ്. യേശുവാക്കുന്ന ഇടയൻ നമ്മെ ഓരോരുത്തരേയും വചനവും പരിശുദ്ധാത്മാവും കൊണ്ട് തീറ്റിപ്പോറ്റുന്നു.
സങ്കീർത്തനങ്ങൾ ഈശോയ്ക്ക് 1000 വർഷങ്ങൾക്കു മുൻപേ രചിക്കപ്പെട്ടതാണ്. ദാവീദു രാജാവിന്റെ കാലം മുതൽ രചിക്കപ്പെട്ടതാണ് സങ്കീർത്തനങ്ങളിൽ എല്ലാം . അവയിൽ എല്ലാം തന്നെ ഈശോയെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. സങ്കീർത്തനങ്ങളിലെ കൃസ്തു വിജ്ഞാനീയം വളരെ മഹനീയമാണ്! മാതാവും യൗസേപ്പിതാവും ഇസ്രായേൽജനത മുഴുവനും എല്ലാ ദിവസവും പാടി പ്രാർത്ഥിച്ചിരുന്നതാണ് ഈ സങ്കീർത്തനങ്ങൾ .അതിലുപരി ഈശോ തന്നെ എല്ലാ ദിവസവും പാടിയിരുന്നതാണ് ഇത്. നാം സങ്കീർത്തനങ്ങൾ പാടി പ്രാർത്ഥിക്കുമ്പോൾ മാതാവിനോടും യൗസേപ്പിതാവിനോടും ഈ ശോയോടും സകല വിശുദ്ധന്മാരോടൊപ്പമാണ് പ്രാർത്ഥിക്കുന്നത്. അങ്ങനെ ഇത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു താളമായിട്ടു മാറുന്നു.
കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. ഇതു നമ്മൾ വിശ്വസിക്കുന്നുണ്ടോ? എന്റെ ഇടയൻ കർത്താവാണ്. എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. യഥാർത്ഥത്തിൽ ഇതാണ് നമ്മുടെ കൃസ്തീയ ജീവിതം . നാം വിചാരിക്കുന്നത് ഞാൻ തന്നെ അധ്വാനിക്കണം ,കഷ്ടപ്പെടണം എന്നൊക്കെയാണ്. എന്നാൽ, കർത്താവ് നമ്മോടു പറയുകയാണ്. “ഞാൻ നല്ല ഇടയനാണ്‌” (John 10:11) . ” എന്നെ അനുഗമിക്കുക ” . നമ്മൾ ആ നല്ല ഇടയന്റെ പിന്നാലെ പോയാൽ മതി. അതു മാത്രം മതി. അതാണ് ക്രിസ്തുവിനെ അനുഗമിക്കുക എന്നു പറഞ്ഞാൽ . നമ്മൾ ഈശോയെ കടത്തിവെട്ടി പോകേണ്ട ആവശ്യമില്ല. ഈശോ നമ്മുക്ക് എല്ലാം ചെയ്തു തരുന്നു. പക്ഷെ, എന്തു കൊണ്ടോ നമ്മൾ ബാല്യകാലം മുതലേ തന്നെ നമ്മുടെ തന്നെ പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുവാണ്. എന്നാൽ ഈശോ നമ്മോടു പറയുന്നു “എന്നെ അനുഗമിക്കുക “. “എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല”. (John 15:5) .
വി.ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായത്തിൽ പത്രോസ് പറയുന്നു. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം.
(ലൂക്കാ 5 : 5 ) വല ഉയർത്താൻ സാധിക്കാത്തതുപോലെ മീൻ അവർക്കുലഭിച്ചു. വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. സഹായത്തിനായി അകലെ നിന്നിരുന്ന യാക്കോബിനേയും യോഹന്നാനേയും വിളിച്ച് രണ്ടു കൂട്ടരുടേയും വള്ളം വക്കോളം നിറച്ചു. ഒന്നു ശ്രദ്ധിക്കുക. ഇവിടെ പത്രോസ് എന്ത് പ്രവൃത്തിയാണ് ചെയ്തത് ? പത്രോസ് കർത്താവു പറഞ്ഞത് ചെയ്തു. എന്നാൽ ഈ സഹായത്തിനു വന്നവർ എന്തെങ്കിലും പ്രവൃത്തി ചെയ്തോ ? എന്നിട്ടു അവർക്കും ലഭിച്ചു വള്ളം നിറയെ മത്സ്യം. നമ്മുക്കറിയാം, രാത്രി മുഴുവനും പത്രോസ് അധ്യാനിച്ചു. ഒന്നും ലഭിച്ചില്ല.. എന്നാൽ രാവിലെ ഇതാ പത്രോസിന്റെ വള്ളത്തിൽ ഇതാ യേശു വന്നിരിക്കുന്നു . പത്രോസിന്റെ വള്ളത്തിലും ഉള്ളത്തിലും കർത്താവു വന്നപ്പോൾ പത്രോസിന്റെ ജീവിതം തന്നെ മാറി. അതുപോലെ തന്നെ, കർത്താവ് നമ്മുടെ ഉള്ളത്തിൽ ഉണ്ട്. ഇനി നാം അവൻ പറയുന്നതുപോലെ ചെയ്താൽ മതി. നമ്മുടെ ജീവിതത്തിന് ഒരു കുറവും ഉണ്ടാവുകയില്ല.
തീർച്ചയായും ഇപ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ കുറവുകൾ ഉണ്ട്. നമ്മുക്കു ഈശോയോടു പറയാം. ഈശോയെ എനിക്ക് വളരെയധികം കുറവുകൾ ഉണ്ട്. ഇതൊരു നികത്താൻ എനിക്കു സാധിക്കുകയില്ല. ഞാൻ ഒറ്റക്ക് ഈ രാവു മുഴുവൻ അധ്യാനിച്ചിട്ടും എനിക്ക് ഒന്നും കിട്ടിയില്ല. ഇനി എങ്ങനെ മുന്നോട്ടു പോകണം എന്ന് എനിക്ക് അറിയില്ല. എന്റെ ജീവിത പ്രശ്നങ്ങൾ അത്രയ്ക്കാണ്. എന്നാൽ ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു . “കർത്താവാണ് എന്റെ ഇടയൻ എനിക്കെന്നിനും കുറവുണ്ടാവുകയില്ല “. ഇതാണ് ഈശോ അരുളിയ ആ “ഒരു വാക്ക്” : ” മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു ” .
മത്തായി 4 : 4


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment