കനൽ 28

കനൽ 28

“ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞു കൂടാ” എന്നു പറഞ്ഞ് പള്ളിയിൽ നിന്നിറങ്ങുമ്പഴും നമുക്കൊക്കെ നിശ്ചയമായിരുന്നു ബലിയുണ്ടാകുമെന്നും നാം പങ്കെടുക്കുമെന്നും. പക്ഷേ, ആ അവസാന വാചകം ഇത്രമേൽ വേഗം ….! ഒരു നിശ്ചയവുമില്ലൊന്നിനുമേതിനും എന്നെഴുതിയ പൂന്താനത്തെ ഓർമ്മ വരുന്നു.

ഫാ. ടോം ഉഴുന്നാലിലിന്റെ അനുഭവങ്ങളാണ് ഓർമ്മ വന്നത്. ദേവാലയമില്ല. അൾത്താരയില്ല. ശുശ്രൂഷികളില്ല. ഗായക സംഘമില്ല. ദൈവജനമില്ല. തിരുവസ്ത്രങ്ങളില്ല. മെഴുതിരികളില്ല. കുർബാന പുസ്തകമില്ല. ഇരുട്ടും തണുപ്പും മാത്രം നിറഞ്ഞ കുടുസുമുറിയിൽ, ശരീരം വൃത്തിയാക്കാൻ കൂടി സാഹചര്യമില്ലാത്ത പുരോഹിതൻ മനസിലൊരു ബലിപീഠമൊരുക്കി ഓർമ്മകളിലെ പ്രാർത്ഥനാപുസ്തകം തുറന്ന് ഉള്ളാലെ പ്രാർത്ഥിക്കുന്നു. ഹൃദയം തന്നെ ബലിപീഠം. മെഴുതിരികൾ ഉരുകുന്നത് അവിടെ. പൂക്കൾ അലങ്കരിക്കപ്പെട്ടത് അവിടെ. ദൈവജനം അവിടെ. സക്രാരി അവിടെ. വിരുന്ന് അവിടെ… “എന്റെ ഓർമയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ”….

ക്രിസ്തു എന്ന പ്രഭാവലയത്തെ ചുറ്റി നടന്നിരുന്നവർ… അവൻ അപ്പം കൊടുത്തു. അവൻ രോഗം സുഖമാക്കി. അവൻ ഉയിർപ്പിച്ചു. അവൻ അവൻ അവൻ… ഞങ്ങളൊക്കെ അവന്റെ സുഹൃത്തുക്കളാണ്. അവർക്ക് പറയാനും മേനി നടിക്കാനും നൂറു കാര്യങ്ങൾ ഉണ്ടായിരുന്നു. അവൻ അൽഭുതമൊന്നും പ്രവർത്തിക്കാത്ത ഗത്സമനി മുതൽ പക്ഷേ അവർ മാറി നടക്കുകയാണ്. പീലാത്തോസിന്റെ അരമന മുറ്റത്ത് കാഴ്ചക്കാരായി പോലും അവരില്ല. പൊടി മണ്ണിലും കല്ലിലും തട്ടി വീണു മുറിവേറ്റവന്റെ കുരിശ് ഒന്നു കൂടെ നിന്നു താങ്ങി കൊടുക്കാൻ പട്ടാളക്കാർ തന്നെ ഒരു കൂലിക്കാരനെ വയ്ക്കുന്നു. അൽഭുതം പ്രവർത്തിക്കാത്തവനെ ഉപക്ഷിച്ച് ഓടിപ്പോകുന്നവർ… അപഹസിക്കുന്നവർ.. കൂവി വിളിക്കുന്നവർ…

പക്ഷേ ആ അൽഭുതം കാത്തിരുന്ന മറ്റു ചിലരുണ്ട്. കല്ലിൽ കൊത്തിയുണ്ടാക്കിയ കല്ലറയ്ക്ക് അവന്റെ മൃതശരീരത്തെ പോലും ഉൾക്കൊള്ളാനാവില്ലെന്ന് തിരിച്ചറിഞ്ഞവർ. അവിടേക്ക് ഓടിയെത്തുമ്പോൾ അവർ ഉറപ്പിച്ചിരുന്നു. കല്ലറ ശൂന്യമായിരിക്കുമെന്ന്.

കോവിഡ് – 19 അങ്ങിനെയൊരു കാലമാണ്. എവിടെ നിന്റെ പുരോഹിതരെന്ന്, എവിടെ അൽഭുത പ്രവർത്തികളെന്ന്, എവിടെ സുഖമാക്കുന്നവരെന്ന്, ഒരു ഞായറാഴ്ച പള്ളിയിലെത്തിയില്ലെങ്കിലെന്താ എന്ന് സോഷ്യൽ മീഡിയയുടെ തെരുവോരങ്ങളിൽ കൂവിയാർക്കുന്നവർ…!

ഇപ്പോൾ നമുക്ക് നിശബ്ദരായിരിക്കാം. മനസു കൊണ്ട് അവന്റെ കുരിശിന്റെ വഴിയിലായിരിക്കാം. മനസിലെ സക്രാരി മുന്നിൽ നമിക്കാം. ഫാ. ടോമിന്റെ ഐസിസ് തടവറയിലെ ബലിപീഠത്തെയും അദ്ദേഹമർപ്പിച്ച ബലിയെയും ഓർക്കാം. മനസൊരു സക്രാരിയെന്ന് പാടിയിട്ടാണ് കഴിഞ്ഞ ഞായറാഴ്ച പോന്നത്. അതു സത്യമെന്നുറപ്പിച്ച് അതിനു ചുറ്റുമുള്ള മാലിന്യങ്ങളെ നീക്കാം. കീടാണുക്കൾ വളരാതിരിക്കട്ടെ.

വിശ്വാസം ആഘോഷിക്കുന്നയിടമാണ് പള്ളി. ഒരാഴ്ച അത് അടച്ചിട്ടാൽ ഹൃദയത്തിലെ വിശ്വാസം ആരും കട്ടു കൊണ്ട് പോകേണ്ടതില്ല. മനസിൽ മെഴുതിരികൾ കൊളുത്തി, പ്രാർത്ഥനാ പുസ്തകം തുറന്ന് നമുക്ക് മറക്കാത്ത ശീലുകൾ ഒന്നു കൂടി ഓർമ്മിച്ചെടുക്കാം.

ജോയ് എം പ്ലാത്തറ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment