
കൊറോണ നൽകുന്ന പാഠങ്ങൾ!
കൊറോണ എന്ന ലത്തീൻ വാക്കിനർത്ഥം കിരീടം, റീത്തു എന്നൊക്കെയാണ്. കിരീടം എന്നതിലുപരി ഇതിനെ റീത്തതെന്നു വിളിക്കാനാണെനിക്കിഷ്ടം. കാരണം കൊറോണ ഇതിനകം ആയിരക്കണക്കിനാളുകൾക്കു റീത്ത് വയ്‌ക്കാൻപോലും ഇടനൽകാതെ ശവക്കുഴിയൊരുക്കി. ഇനിയും അനേകർക്ക് കൊറോണ അന്തകനായിക്കൊണ്ടിരിക്കുന്നു. ഒരു റീത്ത് വയ്ക്കാൻപോലും അടുത്തത്തെത്താൻ കൊറോണ അവസരം തരില്ല. അടുത്തെത്തിയാൽ അത് മനുഷ്യകോശങ്ങളിൽ കയറിപ്പറ്റി മരണമണി മുഴക്കും. പരിഹാരമായി ഒറ്റ മാർഗ്ഗമേയുള്ളു. സ്വയം അകാലനും ഒറ്റപ്പെടാനും തയാറാക്കുക. സ്വയരക്ഷക്കുള്ള മാർഗം കൂട്ടായ അക്രമണമല്ല, ഒറ്റപ്പെടലാണെന്നു കൊറോണ പഠിപ്പിക്കുന്നു.
1960 -ലാണ് ആദ്യമായി കൊറോണ വയറസ് കണ്ടുപിടിക്കപ്പെട്ടതു. ഏഴു തരം കൊറോണ വയറസ് ഇതിനകം കണ്ടുപിടിക്കപെട്ടു. അതിൽ അവസാനത്തേതാണ് ചൈനയിലെ വുഹാനിൽ “ഭൂജാതനായ” covid -19. 2020 മാർച്ചു 21 വരെ രണ്ടുലക്ഷത്തി തൊണ്ണൂറ്റി ഒരായിരം പേരെ രോഗികളാക്കാനും പതിനോരായിരത്തിതൊള്ളായിരത്തിഅറുപതു പേരെ കാലപുരിക്കയക്കാനും കൊറോണക്കായി. ഇതിനകം സുഖപ്പെട്ടവർ തൊണ്ണൂറ്റിമൂവ്വായിരത്തിഅറുന്നൂറ്റിപതിനേഴു പേരാണ്. ഇന്നത്തെ സ്ഥിതിവിവരമനുസരിച്ചു (2020 മാർച്ച് 21 ) ഇപ്പോഴുള്ള രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി എഴുപത്തെണ്ണായിരത്തി ഒരുനൂറ് പേരാണ്. ദിവസവും മുപ്പതിനായിരംപേർ വീതം രോഗബാധിതരാകുന്നു.
2019 ഡിസംബർ 31-നാണു ചൈനയിൽ രോഗം സ്ഥിതികരിച്ചതു. 2020 ജനുവരി 23-നു അമേരിക്കയിലും ജനുവരി 30-നു ഇന്ത്യയിലും (കേരളത്തിൽ) ജനുവരി 31 -നു ഇറ്റലിയിലും ഫെബ്രുവരി 2-നു ഫിലിപ്പയിൻസിലും ഫെബ്രുവരി 15-നു ഫ്രാൻസിലും അന്നുതന്നെ സ്പെയിനിലും കൊറോണബാധിതരെ കണ്ടെത്തി. 81008 പേർ ചൈനയിലും 47100 പേർ ഇറ്റലിയിലും 20200 പേർ ജർമനിയിലും 25000 പേർ സ്പെയിനിലും 19700 പേർ usa -യിലും 21000 പേർ ഇറാനിലും 13000 പേർ ഫ്രാൻസിലും 8000 പേർ സൗത്ത് കൊറിയയിലും 6200 പേർ സ്വിറ്റസർലണ്ടിലും 4100 ഇന്ഗ്ലണ്ടിലും ഇതിനോടകം രോഗികളായി. ഇന്ത്യയിൽ ഇതിനകം 283 പേർ രോഗികളായി. 10972 പേർ ചൈനയിലും 4032 പേർ ഇറ്റലിയിലും 1380 പേർ സ്പെയിനിലും 1556 പേർ ഇറാനിലും 450 പേർ ഫ്രാൻസിലും 180 പേർ ഇന്ഗ്ലണ്ടിലും മരിച്ചു. ഇന്ത്യയിൽ നാലുപേർ ഇതുവരെ മരിച്ചു. ചൈനയൊഴിച്ചുള്ള രാജ്യങ്ങളിലെല്ലാം ദിനംപ്രതി രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ചു 185 രാജ്യങ്ങളിൽ ഇതിനകം രോഗമെത്തിക്കഴിഞ്ഞു.
കൊറോണ ഏതാണ്ട് എല്ലായിടത്തും എത്തി. എല്ലാവരെയും ഇല്ലാതാക്കാൻ കൊറോണ ആഹ്ലാദഭരിതമായി കാത്തിരിക്കുന്നു. എന്നാൽ മാനവരാശിയെ വൃണപ്പെടിത്തിയ പൂർവകാല പകർച്ചവ്യാധികളിൽ ഒന്നുമാത്രമാണ് covid -19 എന്ന കൊറോണ (Pandemie ) . 1920 ലായിരുന്നു സ്പാനിഷ് ഫ്ലൂ. അഞ്ചു കോടി മനുഷ്യരാണ് സ്പാനിഷ് ഫ്ലൂ ബാധിച്ചു മരിച്ചത്. അതിൽ ഭൂരിഭാഗവും 1918 നും 1920 നും ഇടയിൽ. സ്പാനിഷ് ഫ്‌ളുവിനുശേഷം 1958 ൽ ചൈനയിൽ തുടങ്ങിയ ഏഷ്യൻ ഫ്ലൂ ബാധിച്ചു ഇരുപതു ലക്ഷം പേർ മരിച്ചു. ഹോങ്കോങ് പനിമൂലം 1970 ൽ മരിച്ചത് പത്തു ലക്ഷം പേരാണ്. കോളറ മൂലം 1820-കളിൽ പത്തു ലക്ഷം പേർ മരിച്ചു. 1720-നോടടുത്തു പ്ളേഗ് മൂലം മരിച്ചതും പത്തു ലക്ഷം പേരാണ്. 1520-ൽ അഞ്ചാംപനി മൂലം 50 ലക്ഷം പേർ മരിച്ചു. 1346-നും 1353-നും ഇടയിൽ പ്ളേഗുമുലം മരിച്ചത് രണ്ടര കോടി മനുഷ്യരാണ്.
ആദ്യനൂറ്റാണ്ടുകളിലും പകർച്ചവ്യാധികൾ മനുഷ്യരെ മരണത്തിലേക്ക് മാടിവിളിച്ചു. ബി.സി. 430 നും 426 നും ഇടയിൽ ഏഥൻസിൽമാത്രം പകർച്ചവ്യാധിയാൽ മരിച്ചത് ഒരു ലക്ഷം പേരാണ്. റോമിൽ എ.ഡി. 165 നും 185 നും ഇടയിൽ പകർച്ചവ്യാധിയാൽ മരിച്ചത് 70 ലക്ഷം പേരാണ്. അതായതു കാലാകാലങ്ങളിൽ കൃത്യമായ ഇടവേളകളോടെ പകർച്ചവ്യാധികളുണ്ടാകുകയും അവ ഒരുപാടുപേരുടെ ജീവനെടുക്കുകയും ചെയ്യുന്നു. പലപ്പോഴും നൂറു വർഷത്തിലൊരിക്കൽ നൂറ്റാണ്ടിന്റെ ഏതാണ്ട് ഇരുപതാം വർഷത്തോടടുത്തു ഭീകരമായ പകർച്ചവ്യാധികൾ ഉണ്ടാവുകയും ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിൽ അതു ഒന്നിലധികം പ്രാവശ്യം എത്തിയെന്നുമാത്രം. കൂടാതെ ഇരുപതാം നൂറ്റാണ്ടിനെ ഭീകരമാക്കിയ രണ്ടു ലോകമഹായുദ്ധങ്ങളും. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രപഞ്ചം മുഴുവനും ആധിപത്യം സ്ഥാപിച്ചെന്നു നടിക്കുന്ന മനുഷ്യന് ഇന്നുമായിട്ടില്ല.
എല്ലാം പകർച്ചവ്യാധിയും ഏറ്റം സൂഷ്മമായ ബാക്ടീരിയയുടെയും വൈറസിന്റെയും അക്രമണത്താലാണ് ഭവിച്ചിട്ടുള്ളത്. ചില വയറസുകൾക്ക് പ്രതിരോധ കുത്തിവയ്പുണ്ടെങ്കിലും വൈറസുകളെ എളുപ്പത്തിൽ ചെറുക്കാനുള്ള മാർഗം ഇന്നുവരെയും ലഭ്യമല്ല. ബക്റിരിയകളെ തകർക്കാൻ ആന്റിബയോട്ടിക്കുകൾ ഉപകരിക്കുമെങ്കിലും പാർശ്വഫലങ്ങളില്ലാതെ ബാക്ടീരിയകളെയും കൊല്ലാനാകില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ബക്റിര്യകളും മാരകമാണുതാനും.
ബഹിരാകാശയുദ്ധത്തിനും ചൊവ്വാ വാസത്തിനും ബഹുദൂരമിസൈലിനും ഏറ്റം ശക്തമായ അണ്വായുധത്തിനും സുരക്ഷിതമായ ഭൂഗര്ഭഗൃഹത്തിനുമൊക്കെ പണവും സമയവും ശക്തിയും ബുദ്ധിയും ചിലവഴിക്കുന്നതിനു പകരം നിസാരങ്ങളായ ബാക്ടീരിയയെയും വായിറസ്സിനെനും വരുതിക്ക് നിർത്താൻ നമുക്കായിരുന്നുവെങ്കിൽ പകർച്ചവ്യാധികൾ ഉണ്ടാവില്ലായിരുന്നു. ഇനിയെങ്കിലും പകർച്ചവ്യാധികളെ ചെറുക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകണം. അല്ലെങ്കിൽ പകർച്ചവ്യാധികൾ മാനവരാശിയെ ഇല്ലാതാക്കും.
പകർച്ചവ്യാധികളുണ്ടാകുമ്പോൾ വൈകാരികമായാണ് മനുഷ്യർ എന്നും പ്രതികരിച്ചിട്ടുള്ളതും ഇന്നും പ്രതികരിക്കുന്നതും. കൃത്യമായ പ്രതിവിധികൾ ചെയ്യുന്നതിനും കൃത്യമായി വൈറസിനെ പ്രതിരോധിക്കുന്നതിനും പകരം വെയറസിനെ ഭയന്ന് മാനുഷിക മൂല്യങ്ങൾ മറക്കുകയും സഹോദരമനുഷ്യരെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യും. ഇറ്റലിയിൽ ചൈനക്കാരെ ആക്രമിച്ച വിവരദോഷികളെ കണ്ടുനിന്നവർ കരണത്തടിച്ചുവെന്നെങ്കിലും സമാധാനിക്കാം. കേരളത്തിൽ ശ്മശാനത്തിൽ അന്തിയുറങ്ങേണ്ടിവന്ന വിദേശികളെയും അന്തിയുറങ്ങാൻ ഹോട്ടലുകളുടെയും ലോഡ്‌ജികളുടെയും വാതിലുകൾ മുട്ടി മനസ്സുമടുത്ത വിനോദസഞ്ചാരികളായ വിദേശികളെയും മലയാളികൾ കണ്ടില്ലെന്നു നടിച്ചപ്പോൾ വൈറസിന്റെ അടിസ്ഥാനവിജയം അനായാസമാകുകയായിരുന്നു. വിവേകത്തോടെയും കൃത്യതയോടെയും പെരുമാറാനും ബുദ്ധിപരമായ തീരുമാനങ്ങളും നിലപാടുകളും വഴി മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ശ്രദ്ധിക്കേണ്ട സമയമാണിത്. ബുദ്ധിമാനും നിരവധി ശാസ്ത്രിയകണ്ടുപിടുത്തങ്ങളിലൂടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനുമായ മനുഷ്യനെ വെറുമൊരു വൈറസ് നശിപ്പിക്കാനൊരുങ്ങുമ്പോൾ വൈകാരികമായി പെരുമാറുന്ന വിഇവരദോഷിയായിക്കൂടാ നമ്മൾ.
ചിലർ പറയുന്നു ഗോമൂത്രം കുടിച്ചും ചാണകം രുചിച്ചും വൈറസിനെ അകറ്റാമെന്നു. മറ്റുചിലർ പറയുന്നു കൂട്ടപ്രാർത്ഥനയിലൂടെയും (കൊറിയയിലത് പരീക്ഷിച്ചു ) ചില “ജീവിക്കുന്ന” വിശുദ്ധരെഴുതിയ പ്രാർത്ഥനകൾ ഉരുവിട്ടും അടിച്ചങ്ങു പൂസായും കൊറോണയെ പ്രതിരോദ്ക്കാമെന്നു. ഓരോരുത്തരും അവരവർ വിശ്വസിക്കുന്നതും അവരവർക്കു താല്പര്യമുള്ളതുമായ കാര്യങ്ങൾ ചെയിതു കൊറോണായ പ്രതോരോധിക്കാൻ ശ്രമിക്കുന്നു. വിശുദ്ധ ബൈബിളിൽ കുറിച്ചിരിക്കുന്നു, “വിശക്കുന്നവനോട് തീ കായാൻ പറയുന്നതിലര്ഥമില്ല. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണ്.” (യാക്കോബ് 1 : 16 )
അതുകൊണ്ടു ആദ്യം വേണ്ടത് പ്രവൃത്തിയാണ്. രണ്ടാമത് പ്രാർത്ഥനയും വിശ്വാസവും. അതും അവനവന്റെ വിശ്വസപാരമ്ബര്യവും ബോധ്യവും അനുസരിച്ചു. വിശ്വാസവും ആൽമിയതയും പ്രതിസന്ധികളെ നേരിടാനുള്ള മനസികശക്‌തിയാർജിക്കാൻ സഹായിക്കുമെന്നതിൽ തർക്കമില്ല. മനസികസക്ത്തി ശാരീരിക പ്രതിരോധത്തിനുതകുമെന്നതിലും യോജിപ്പുണ്ട്. ആചാരങ്ങളും അനിഷ്ടാനങ്ങളും അതിനുപോത്ബലകമാകുമെന്നതും ശരിതന്നെ. പക്ഷെ ന്യായവും യുക്തിപരവും ആയ പ്രതിവിധി ഉണ്ടായിരിക്കണം. അവയെ സഹായിക്കാൻ മാത്രമാകണം വിശ്വാസവും പ്രാർത്ഥനയും.
അതുകൊണ്ടു ആദ്യം വേണ്ടത് ശാസ്ത്രീയമായ പ്രതിരോധമാണ്. ഉത്തരവാദിത്വപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. അതിനുതകുന്ന ജീവിതശൈലി രൂപപ്പെടുത്തണം. സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായ ശാരീരികസ്പർശനം പൂർണമായും ഒഴിവാക്കണം. എല്ലാത്തിനോടും എല്ലാവരോടും ആന്തരികവും ബാഹ്യവുമായ ആരോഗ്യപരമായ അകലം പാലിക്കണം. ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കണം. ശുചിത്വത്തിന്റെ അദ്ധ്യാൽമികത പ്രചരിപ്പിക്കണം. തുടർച്ചയായി കൈകളും മുഖവും കഴുകണം. വീടും പരിസരവും പറമ്പും ഗാർഡനും വൃത്തിയായി സൂക്ഷിക്കണം. മാലിന്യസംസ്കരണം എല്ലായിടത്തും ഉണ്ടായിരിക്കുക; മാലിന്യസംസ്കരണം എല്ലാവരുടെയും ഉത്തരവാദിത്തമായി മാറുക. മലിനജലവും മലിനവസ്തുവും പറന്നുപോകുന്ന കരിയിലയും വലിച്ചെറിയുന്ന വേസ്റ്റും അനാവശ്യമായി വളരുന്ന സസ്യങ്ങളും ഇല്ലാതാക്കുക. സാനിറ്റൈസർ ഇപ്പോഴും കയ്യിലുണ്ടായിരിക്കണം. തുടരെ ഉപയോഗിക്കുകയും വേണം. ഇത് കൊറോണയുടെ ഭീഷണി മുഴങ്ങുമ്പോൾ മാത്രമല്ല , എന്നും ഇപ്പോഴും പാലിക്കേണ്ട കാര്യമാണ്. പുതിയ വൈറസും പുതിയ ബാക്ടീരിയയും ഇനിയും ഉണ്ടാകാം. അതുകൊണ്ടു ജീവിതശൈലിയുടെ മാറ്റമാണ് ആവശ്യം.
അന്തരീക്ഷവും ഭൂമിയും ഇന്ന് മലിനവും വൃത്തിഹീനവുമാണ്. അനവധി പക്ഷികളും മത്സ്യങ്ങളും പല ഓമനത്തമുള്ള മൃഗങ്ങളും ഒട്ടനവധി പഴയകാല സസ്യങ്ങളും ഭൂമിയിൽ നിന്നും ഇന്നപ്രത്യക്ഷമായി. കൊറോണയെ പേടിച്ചു മനുഷ്യർ ഓട്ടം കുറച്ചപ്പോൾ അന്തരീക്ഷമാലിന്യം കുറഞ്ഞതും മണ്ണും വെള്ളവും വൃത്തിയായതും പ്രകൃതി ഒന്ന് ചിരിച്ചതും ഒട്ടനവധി രാജ്യങ്ങളിൽ നമ്മളനുഭവിച്ചു. വെനീസിലെ കനാളുകളിൽ അരയന്നങ്ങളും ഡെൽഫിനുകളും തെൽഅല്വിവിലെ എയർപോർട്ടിൽ താറാവുകളും കുഞ്ഞുങ്ങളും ചിക്കാഗോയിൽ പെൻഗുയിനുകളും സ്വതന്ത്രമായി വിഹരിക്കുന്നു നമ്മൾ കണ്ടു. മനുഷ്യൻ നശിപ്പിച്ച പ്രകൃതിയുടെ സംതുലികത മനുഷ്യൻ തന്നെ പുനഃസ്ഥാപിച്ചില്ലേൽ പ്രകൃതി സ്വയരക്ഷക്ക് ശ്രമിക്കും. മനിഷ്യനപ്പോൾ നിസ്സഹായനാകാനേ കഴിയൂ. പകർച്ചവ്യാധി ദൈവശിക്ഷയല്ല; പ്രകൃതിയുടെ നിസ്സഹായതയാണ്. മനുഷ്യൻ മനസുവച്ചാൽ പരിഹാരമുണ്ടാകും.
അതുകൊണ്ടു വൈറസിന് വൈറ്റ് ഹാവ്‌സ്സെന്നോ ധാരാവിയെന്നോ നോക്കാനറിയില്ല. വൈറസിന് സുന്നരനെന്നോ വിരൂപനെന്നോ ഇല്ല. ജാതിയോ മതമോ പ്രതാപമോ പാണ്‌ഡിത്യമോ കുലജാതി വ്യത്യാസമോ വൈറസ് കാര്യമാക്കില്ല. എല്ലാവരും വൈറസിന് തുല്യമാണ്. എല്ലാവരെയും വൈറസു തുല്യമായി സ്നേഹിക്കും; വൈറസു മനുഷ്യരെയെല്ലാം സമന്മാരാക്കും, അവരെ ശവക്കല്ലറകളിൽ എത്തിക്കുന്നതിലൂടെ. ആയതിനാൽ ഈ വയറസ്സിനെ നമ്മൾ എല്ലാവരും ഒത്തൊരുമയോടെ മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന ഭാവത്തിൽ വീറോടെ നേരിടണം.
തന്മൂലം ഒരു “മോക്‌ഡ്രില്ല്” പോലെ ഒരു ദിവസത്തെ ഹർത്താൽകൊണ്ടു ഇന്ത്യയിൽ വിജയമുണ്ടാകില്ല. ഒരു പതിനാലു ദിവസത്തെ തുടർച്ചയായ ഹർത്താൽ ഉടൻ ഇന്ത്യയിലും അതുപോലെ മറ്റു പല രാജ്യങ്ങളിലും ഉണ്ടാകണം. ഗവർമെന്റ് ഹർത്താൽ പ്രഖ്യാപിച്ചില്ലേൽ സ്വയം ഹർത്താലിന് പൗരന്മാർ തയാറാകണം . അതുവഴി ചൈനയിലും ഇറ്റലിയിലും ജർമനിയിലും ഫ്രാൻസിലും സ്പെയിനിലും ഉണ്ടായ കൊറോണയുടെ ഭീകരതാണ്ഡവം ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഉണ്ടാകാതിരിക്കട്ടെ. ആഴ്ചകളായി പുറത്തിറങ്ങാൻ പറ്റാത്ത ഇറ്റലിയിലെ അവസ്ഥ ഭവിക്കാതിരിക്കട്ടെ.
കൊറോണ – റീത്തു – അപ്രത്യക്ഷമാകട്ടെ.
ഒരടിക്കുറിപ്പുകൂടി:
കൊറോണ ഭീകരതാണ്ഡവമാടുന്ന ചില രാജ്യങ്ങളിലെ ഭീകരാന്തരീക്ഷം എനിക്ക് നേരിട്ട് കാണാൻ സാധിച്ചു. അതുകൊണ്ടു പറയട്ടെ. ഇത് കുട്ടിക്കളിയല്ല; തിക്കളയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
– ജോസഫ് പാണ്ടിയപ്പള്ളിൽ

Leave a comment