സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചു. ലോകം മുഴുവന്‍ കോവിഡ്-19 ന്റെ പ്രോട്ടീന്‍ മുള്ളുകളുള്ള കിരീടത്തിലേക്ക് ശ്രദ്ധ തിരിച്ചു. കൂടുതല്‍ ആളുകളിലേയ്ക്ക് രോഗാണുക്കള്‍ പകരുന്നു. മരണസംഖ്യ ഉയരുന്നു. ആളുകള്‍ ഭയപ്പെട്ടു തുടങ്ങി. ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി മതമേലധ്യക്ഷന്മാരും രാഷ്ട്രഭരണകര്‍ത്താക്കളും രംഗത്തുവരുന്നു. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്കാണ്. കുട്ടികളെ പരീക്ഷയില്‍നിന്നുവരെ ഒഴിവാക്കി. ദൈവാലയങ്ങളില്‍ കുര്‍ബാനയില്ല. വിശ്വാസപരിശീലന ക്ലാസുകളുമില്ല. വീട്ടിലിരുപ്പ് തന്നെ. കുട്ടികള്‍ പറയുന്നു ഞങ്ങള്‍ക്ക് ബോറടിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു
മൊബൈല്‍ വേണം, ഇന്റര്‍നെറ്റ് വേണം, ഓണ്‍ലൈന്‍ ഗെയിംസ് വേണം.
കുട്ടികളെ വീടുകളില്‍ തനിച്ചാക്കി ജോലിക്കുപോകുന്നവരും, മക്കളോടൊപ്പമായിരിക്കുന്നവരുമായ മാതാപിതാക്കള്‍ ആശങ്കാകുലരാണ്.
മക്കളെ സ്‌നേഹിക്കുന്ന ഓരോ മാതാവും പിതാവും തന്നോടുതന്നെ ചോദിക്കുന്നുണ്ട്.
ഞങ്ങളുടെ കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരാണോ? ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കൂടുതല്‍ ഓഫര്‍കളുമായി രംഗത്ത് വന്നിരിക്കുന്നു.
കുട്ടികളില്‍നിന്ന് പണം ഈടാക്കുകയും സാത്താന്‍ ആരാധനയിലേക്കു നയിക്കുന്നതുമായ കമ്പ്യൂട്ടര്‍ ഗെയിമുകളുമായി കമ്പനികള്‍ കുട്ടികളുടെ ലോകം കീഴടക്കുന്നു.
വളരുന്ന തലമുറയുടെ സര്‍ഗ്ഗാത്മകശേഷികളെയും ധാര്‍മ്മിക മൂല്യങ്ങളെയും നശിപ്പിക്കുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് അടിമത്വത്തിലേക്ക് എന്റെ കുട്ടിയെ പറഞ്ഞുവിടണോ എന്ന് ഓരോ മാതാവും പിതാവും ചിന്തിക്കേണ്ടതുണ്ട്. ഒരു രസത്തിനായി, ബോറടി മാറ്റുവാനായി മാതാപിതാക്കള്‍ നല്കുന്ന മൊബൈല്‍ ഫോണുകളും ഡേറ്റാ ചാര്‍ജ് ചെയ്യുന്നതിനായി നല്കുന്ന പൈസയും കുട്ടികള്‍ ദുരുപയോഗിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും.
കൊറോണ വൈറസ് ശരീരത്തെ ബാധിക്കുന്നതുപോലെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു വൈറസാണ് ഡിജിറ്റല്‍ മീഡിയ അഡിക്ഷന്‍.
കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ Chain Break ചെയ്യുന്നതുപോലെ ഡിജിറ്റല്‍ മീഡിയ അഡിക്ഷന്റെ വ്യാപനവും തടയേണ്ടതുണ്ട്.
ആലീസ് തോംസണ്‍ എന്ന ജേര്‍ണലിസ്റ്റ് മാതാപിതാക്കളോട് ഒരിക്കല്‍ പറയുകയുണ്ടായി. The fat tech cats make their billions off you giving your children the latest tech gadget while they fill their houses with books.
Tech CEO’s അവരുടെ കുട്ടികളെ വായനയിലും പുറത്തുള്ള കളികളിലും പ്രേരിപ്പിക്കുന്നു.
ബില്‍ഗേറ്റ്‌സ് തന്റെ മകള്‍ കമ്പ്യൂട്ടര്‍ ഗെയിമിന്റെ അടിമത്വത്തിലാകുന്നുവെന്ന് കണ്ടപ്പോള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. 14 വയസ്സുവരെ അവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു.
ഫെയിസ്ബുക്കിന്റെ തുടക്കക്കാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ രണ്ടു പെണ്‍മക്കളും – മാക്‌സിമായും അഗസ്റ്റായും- പുറത്ത് പോയി കളിക്കുന്നതിന് പ്രോത്സാഹനം നല്കിയിരുന്നു. അവരുടെ വായനാശീലം വളര്‍ത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
മൈക്രോസോഫ്റ്റിന്റെ കോ-ഫൗണ്ടര്‍ ആയിരുന്ന ബില്‍ഗേറ്റ്‌സിന്റെ കുട്ടികള്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ നല്കിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യ മിലാന്‍ഡാ ഗേറ്റ്‌സിന്റെ മേല്‍നോട്ടത്തില്‍ അടുക്കളയില്‍ ഒരു Desktop computer മാത്രമാണുണ്ടായിരുന്നത്.
ബൗദ്ധിക വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാപിതാക്കള്‍ക്ക് വിശുദ്ധരായ, സമൂഹത്തിന് നന്മചെയ്യുന്ന മക്കളെ വാര്‍ത്തെടുക്കാന്‍ സാധിക്കില്ല. മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുക എന്നത് മാതാപിതാക്കളുടെ കടമയാണെങ്കില്‍ വിശ്വാസത്തില്‍ വളരുക എന്നത് മക്കളുടെ അവകാശവും കൂടിയാണ്.
മാതാപിതാക്കള്‍ സ്വന്തം മക്കളുമായി വിശ്വാസം പങ്കിടാന്‍ സമയം കൊടുക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസം തലമുറകളിലൂടെ വിജയകരമായി കൈമാറാനുളള ദൈവികകൃപ പരിശുദ്ധാത്മാവ് മാതാപിതാക്കള്‍ക്ക് നല്കും.
ശരിയായ ക്രൈസ്തവ വിശ്വാസത്തില്‍ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പരിശ്രമിക്കുന്നില്ലാത്തപക്ഷം മക്കള്‍ക്ക് അവര്‍ ഉതപ്പുസൃഷ്ടിക്കുന്നവരായി മാറും. അങ്ങനെയുളളവര്‍ കഴുത്തില്‍ തിരികല്ല്‌കെട്ടി മുങ്ങിച്ചാകുക എന്നാണ് സുവിശേഷം പറയുക. (മത്തായി 18 : 6).
ഭൗതിക ലോകത്തിന്റെ അരാജകത്വങ്ങള്‍ക്കെതിരെ നമ്മുടെ കുട്ടികളെ വിശ്വാസത്തിന്റെ സ്ഥിരമായ പാറയില്‍ നങ്കൂരമിടുവാന്‍ ക്രൈസ്തവമാതാപിതാക്കള്‍ക്ക് സാധിക്കണം. ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലായെന്നും ദൈവത്തിന്റെ സാന്നിധ്യം നമ്മിലും മറ്റുളളവരിലും ഉളളതുകൊണ്ടാണ് മറ്റുളളവരുടെയും നമ്മുടെയും നന്മയെ മാനിച്ച് നാം പൊതുപ്രാര്‍ത്ഥനകള്‍ മാറ്റിവയ്ക്കുന്നത് എന്ന സത്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
കൂടാതെ ഈ ലോകജീവിതം നൈമിഷികമാണെന്നും നിത്യമായ ഒരു ജീവിതം നമുക്കുണ്ടെന്നും നാം മക്കളെ പഠിപ്പിക്കണം.
വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കുടുംബങ്ങള്‍ ഈ അവധിദിനങ്ങളില്‍ വിശ്വാസപരിശീലന പാഠശാലകളാകളണം. മാതാപിതാക്കളെ ഈ രീതിയില്‍ സഹായിക്കാന്‍ ഇടവകയിലെ വിശ്വാസപരിശീലകര്‍ സന്നദ്ധരാകണം. വിശ്വാസം ജീവിച്ചുകാണിക്കുന്ന കുടുംബത്തില്‍ വിശ്വാസ പരിശീലനം എളുപ്പമാണ്. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികള്‍ പ്രാര്‍ത്ഥിക്കട്ടെ.
വായിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികളും വായിക്കട്ടെ. മറ്റുള്ളവരുടെ നന്മ പറയുന്ന മാതാപിതാക്കളെക്കണ്ട് കുട്ടികളും നന്മ പറയട്ടെ.
സോഷ്യല്‍ മീഡിയയും മറ്റും ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ ചെയ്തുതുടങ്ങട്ടെ. മാതാപിതാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടെങ്കില്‍ അവരോട് സ്‌നേഹത്തോടെ സംസാരിക്കുന്നത് കുട്ടികള്‍ കാണട്ടെ.
കളിത്തോക്കുകളും, റോബോട്ടുകളും, പാവകളും മാത്രം കുട്ടികള്‍ക്ക് കളിക്കൂട്ടുകാര്‍ ആകരുത്. മാതാപിതാക്കളാകട്ടെ കുട്ടികളുടെ യഥാര്‍ത്ഥ കളിക്കൂട്ടുകാര്‍. അല്ലെങ്കില്‍ മനുഷ്യത്വമില്ലാത്ത, ധാര്‍മ്മികതയില്ലാത്ത, വിശ്വാസമില്ലാത്ത പുതിയ ലോകത്തിലേയ്ക്ക് അവര്‍ യാത്രയാകും. കുടുംബങ്ങള്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടും.
വിശ്വാസജീവിതത്തില്‍ ആനന്ദിക്കുന്ന ഒരു പുതു തലമുറയെ രൂപപ്പെടുത്താന്‍ നമുക്കു സാധിക്കട്ടെ.
കൊറോണ സമയത്ത് ബേബി ബൂമും വിവാഹമോചനങ്ങളും പ്രവചിക്കുന്ന സോഷ്യല്‍മീഡിയായ്ക്ക് ജീവിതം കൊണ്ട് ഉത്തരം കൊടുക്കാന്‍ നമുക്ക് സാധിക്കട്ടെ. മക്കള്‍ ഇടറിവിഴുന്നതുകണ്ട് പകച്ചുനില്ക്കുന്ന മാതാപിതാകള്‍ക്ക് കരുത്തായി ഒരു സഹയാത്രികയുണ്ട്. വി. മോനിക്ക. വി. മോനിക്കായോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.
” മകന്‍ ഇടറി വീഴുമ്പോള്‍ പിടഞ്ഞെണീക്കാന്‍ വിശുദ്ധിയുടെ കൈത്താങ്ങായി സഞ്ചരിച്ച നല്ല അമ്മേ, ഞങ്ങള്‍ക്കുവേണ്ടിയും ഞങ്ങളുടെ മക്കള്‍ക്കു വേണ്ടിയും അപേക്ഷിക്കണമേ. ലോകത്തിലെ മുഴുവന്‍ മാതാപിതാക്കള്‍ക്കായും ഈശോയുടെ പക്കല്‍ മാധ്യസ്ഥം വഹിക്കണമേ”.
കുട്ടികളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കാവലും കരുതലുമായി മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന ധാരണ കുട്ടികള്‍ക്കുണ്ടാവണം. നിരീശ്വരവാദികളും യുക്തിവാദികളും ആധുനികപ്രതിസന്ധിയെ അവസരമാക്കി ദൈവമില്ലായെന്നും ദൈവവിശ്വാസമെന്നു പറയുന്നത് നുണയാണെന്നും നവ മാധ്യമങ്ങളില്‍ക്കൂടി പ്രചരിപ്പിക്കുമ്പോള്‍ കുട്ടികളുടെ ദൈവത്തിലുളള വിശ്വാസത്തിന് കാവലാളാകുവാന്‍ ഓരോ മാതാവിനും പിതാവിനും സാധിക്കട്ടെ.
കുടുംബത്തില്‍ കുട്ടികളുടെ വിശ്വാസപരിശീലനം ലക്ഷ്യം വച്ച് ചെയ്യാവുന്ന കാര്യങ്ങള്‍.
1. രാവിലെയും വൈകുന്നേരവുമുള്ള കുടുംബപ്രാര്‍ത്ഥന സജീവമാക്കുക. പാട്ടുകള്‍ പാടുക. ബൈബിള്‍ഭാഗം വായിച്ച് മാറിമാറി ഓരോരുത്തരും പങ്കുവയ്ക്കലുകള്‍ നടത്തുക. യാമപ്രാര്‍ത്ഥനകള്‍ ചൊല്ലുക.
2. നല്ല പുസ്തകങ്ങള്‍, ചിത്രകഥാ പുസ്തകങ്ങള്‍ വാങ്ങി നല്കുക. ഓരോ ദിവസവും വായിച്ചതിന്റെ പ്രധാന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുക.
3. കുട്ടികളെക്കൊണ്ട് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിപ്പിക്കുക.
4. ഓരോ ദിവസവും ഓരോ നമസ്‌ക്കാരങ്ങള്‍ എല്ലാവരും കാണാതെ ചൊല്ലുക.
5. അമ്മമാര്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുകയം എല്ലാവരും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്യുക.
6. കുട്ടികള്‍ക്ക് കാണാന്‍ സാധിക്കുന്ന വീഡിയോകളും, സിനിമകളും വാങ്ങി നല്കുക. (ടൈംടേബിള്‍ അനുസരിച്ച്)
7. എത്ര സമയം കുട്ടികള്‍ വൈഫൈ ഉപയോഗിക്കുന്നു എന്നറിയുക. (ആപ്‌സ് ഉപയോഗിക്കുക)
8. കുട്ടികളുടെ ഓണ്‍ലൈന്‍ ചാറ്റ് ആരോടൊക്കെയാണ് എന്നറിയുക.
9. കുട്ടികളോട് കൂടുതല്‍ സമയം സംസാരിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്യുക.
- ജോസി ജെ. ആലഞ്ചേരി

Leave a comment