പ്രഭാത പ്രാർത്ഥന
“ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.(എഫേസോസ്, 5:8-9)”പ്രകാശം തന്നെയായ കർത്താവെ, അവിടുത്തെ ചൈതന്യത്തെ എന്നിലേയ്ക്ക് പകരുന്നതിനു നന്ദി. ഈ ദിനത്തിൽ ലോകത്തിനു പ്രകാശമായി മാറുവാൻ എന്നെ അനുഗ്രഹിക്കണമേ. അവിടുത്തെ നോക്കിയവർ പ്രകാശിതരായി എന്ന് ദൈവവചനം ഓർമ്മപ്പെടുത്തുന്നവല്ലോ. പിതാവേ ഈ പ്രഭാതത്തിൽ അവിടുത്തെ പ്രകാശത്തിൽ ആയിരുന്നു കൊണ്ട് എന്റെ ജീവിതത്തിൽ ഉള്ള അന്ധകാരത്തെ മനസിലാക്കാവുന്നതിന് കൃപ നൽകണമേ. ഇനിയും എന്റെ ജീവിതത്തിൽ വിശുദ്ധീകരിക്കപെടേണ്ട മേഖലകൾ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തി തരണമേ. വിനയപൂർവം ഈ ലോകത്തിൽ വർത്തിക്കാനും, ദൈവിക നന്മകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനും അനുഗ്രഹം നല്കണമേ. ഈശോ നാഥാ ഈ ദിനത്തിൽഎന്റെ ആകുലതകളെ സമർപ്പിക്കുന്നു. സ്വപനങ്ങൾ സമർപ്പിക്കുന്നു. പിതാവേ അവിടുത്തേക്ക് എന്നെ കുറിച്ച് പദ്ധതി ഉണ്ട് എന്ന് ഞാൻ അറിയുന്നു. അവിടുത്തെ പദ്ധതി എനിക്ക് ദുഷ്കരമായി തോന്നുമ്പോൾ പോലും അവിടുത്തെ ഹിതം നിറവേറ്റി ജീവിക്കുവാൻ കൃപ നൽകണമേ .എന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവിടുത്തെ പദ്ധതി എന്റെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ദൈവത്തിൽ നിന്നും അകന്നു പോകാതെ വേദനയുടെ കാലം കടന്നു പോകുമെന്നും വലിയ നന്മകൾ നിറഞ്ഞ ഒരു പ്രഭാതം കടന്നു വരുമെന്നും ഓർത്തു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവേ ഈ പ്രഭാതത്തിൽ സഹനങ്ങളിൽ ആയിരിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. അവർക്ക് അവിടുത്തെ അനുഗ്രഹം നൽകണമേ. മാലാഖമാരുടെ സംരക്ഷണവും ആശ്വാസവും നൽകി അവരെ അനുഗ്രഹിക്കണമേ. ഈശോയെ ദുർഘട ജീവിത പാതയിൽ കൂടെ കടന്നു പോകുമ്പോൾ മാലാഖമാരുടെ സംരക്ഷണം നൽകി ഞങ്ങളെ ബലപ്പെടുത്തണമേ. ആമേൻ
വിശുദ്ധ മിഖായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment