പ്രഭാത പ്രാർത്ഥന
“അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം. അ നന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.(മര്‍ക്കോസ്, 14:36-38)”ആത്മാവ് സന്നദ്ധമാണെങ്കിൽ പോലും ശരീരം ബലഹീനമായേക്കാം എന്ന് ഞങ്ങളെ ഓർമ്മപെടുത്തിയ കർത്താവെ, അവിടുത്തെ ഞങ്ങൾ ആരാധിക്കുന്നു. സങ്കടങ്ങളുടെ ഗദ്സെമനി താണ്ടാതെ, മനുഷ്യ ജന്മത്തിനു പൂർണ്ണതയിലെന്നു അറിഞ്ഞു കൊണ്ട്,രക്ഷാകര പദ്ധതിയുടെ പൂർണ്ണതയ്ക്കായി അവിടുന്ന്, പിതാവിന്റെ ഹിതം നിറവേറുവാൻ പ്രാർത്ഥിച്ചുവല്ലോ. നാഥാ ജീവിത സഹനങ്ങളുടെ ഗദ്സെമ്നയിൽ, ദൈവ നിന്ദ ചെയ്യുവാൻ ഇടവരുത്തരുതേ. , ഈ പ്രഭാതത്തിൽ അവിടുത്തെ ഗദ് സെമനിയിലെ പ്രാർത്ഥനയെ അനുസ്മരിച്ചു പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനാ ജീവിതത്തെ ഓർക്കുകയാണ്. അനേക പ്രാർത്ഥനകൾ കണ്മുന്പിലൂടെ പോകുമ്പോഴും, പ്രാർത്ഥിക്കുവാൻ മറന്നു പോകുന്ന സമയങ്ങൾ. പ്രാർത്ഥിക്കുവാൻ ആഹ്വനം ചെയ്യുമ്പോഴും സ്വയം പ്രാർത്ഥിക്കുവാൻ മറന്നു പോകുന്ന സമയങ്ങൾ. പ്രാർത്ഥനയിൽ കൂടെ അനുഗ്രഹം പ്രാപിച്ച ശേഷം, പിന്നീട് പ്രാർത്ഥിക്കാതെ ജീവിക്കുന്ന ദിനങ്ങൾ എല്ലാം ഞങ്ങളുടെ ജീവിതതിൽ കടന്നു വന്നിട്ടുണ്ട്. കർത്താവെ മാപ്പ് നൽകണമേ. എത്രയോ പ്രാവശ്യം വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ സമയം വൈകി പോയി എന്ന് മനസിൽ ഓർത്തിട്ടുണ്ട് . വിശുദ്ധ ബലിയിൽ പങ്കെടുക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ട്. തുറന്നു വായിക്കാത്ത വചനം, വഴി തെറ്റിയ ജീവിതത്തിനു സാക്ഷ്യമായി, ഒരു പക്ഷേ ഞങ്ങളുടെ അലമാരയിൽ പൊടിപിടിച്ചു കിടക്കുന്നു . ഈ പ്രഭാതത്തിൽ, ഈശോയെ , അവിടുത്തെ ചോദ്യം ഞങ്ങളുടെ ഹൃദയങ്ങളെ വല്ലാതെ ഉലയ്ക്കുന്നു. ഒരു മണിക്കൂർ നിന്നോട് കൂടെ ഉണർന്നിരിക്കുവാൻ കൃപ നൽകണമേ. തളർന്ന ശരീരത്തെ ബലപ്പെടുത്തി അവിടുത്തോടു നിലവിളിക്കുവാൻ അനുഗ്രഹം നല്കേണമേ. ഇസ്രേയലിന്റെ തളർന്ന ശരീരവും, ദുഃഖിതമായ ആത്മാവും ദൈവ സന്നിധിയിൽ പ്രാർഥിച്ചത് പോലെ, പ്രാർത്ഥിക്കുവാൻ സഹായിക്കണമേ. ഞങ്ങളുടെ സഹന നിമിഷത്തിലും, സന്തോഷ നിമിഷത്തിലും അവിടുത്തെ സ്നേഹത്തിൽ നിന്നും അകന്നു പോകുവാൻ ഈശോയെ ഇടതരരുതേ. ഉരുകിയ മനസാണല്ലോ അവിടുത്തേക്ക് ഏറ്റവും സ്വീകാര്യമായ ബലി. ഓരോ ബലിയിലും മനസുരുകി പ്രാർത്ഥിക്കുവാൻ അനുഗ്രഹം നൽകണമേ. കർത്താവേ, ഈ ദിനത്തെ അവിടുന്ന് അനുഗ്രഹിക്കണമേ. പ്രാർഥനയാൽ നിറഞ്ഞ ഒരു ദിനമായി ഇന്നേ ദിനത്തെ മാറ്റി തീർക്കണമേ. നാഥാ അവിടുന്ന് ഞങ്ങളോട് സംസാരിക്കണമേ.ഞങ്ങളുടെ നിലവിളിക്ക് ഉത്തരം നൽകണമേ. കൊറോണയുടെ ഈ കാലഘട്ടം കടന്നു പോകുന്നത് വരെ ദൈവത്തിന്റെ ശക്തമായ കരത്തിനു കീഴേ ശാന്തമായി നില്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

Leave a comment