🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________
Friday of the 4th week of Lent – Proper Readings
(see also The Man Born Blind)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 53:3-4
ദൈവമേ, അങ്ങയുടെ നാമത്തില്‍ എന്നെ രക്ഷിക്കുകയും
അങ്ങയുടെശക്തിയില്‍ എന്നെ സ്വതന്ത്രനാക്കുകയും ചെയ്യണമേ.
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ.
എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രവിക്കണമേ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ഞങ്ങളുടെ ബലഹീനതയില്‍,
അനുയുക്തമായ സഹായം അങ്ങ് ഒരുക്കിയല്ലോ.
അവിടത്തെ പുനരുദ്ധാരണത്തിന്റെ ഫലം
ആഹ്ളാദപൂര്‍വം സ്വീകരിക്കുന്നതിനും
സുകൃതജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നതിനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജ്ഞാനം 2:1,12-22
നമുക്ക് അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.
അധര്‍മ്മികള്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി:
ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്,
മരണത്തിനു പ്രതിവിധിയില്ല.
പാതാളത്തില്‍ നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.
നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം;
അവന്‍ നമുക്കു ശല്യമാണ്;
അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു,
നിയമം ലംഘിക്കുന്നതിനെയും
ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്
അവന്‍ നമ്മെ ശാസിക്കുന്നു.
തനിക്കു ദൈവികജ്ഞാനമുണ്ടെന്നും
താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.
അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്.
അവന്റെ ജീവിതം നമ്മുടേതില്‍ നിന്നു വ്യത്യസ്തമാണ്;
മാര്‍ഗങ്ങള്‍ അസാധാരണവും.
അവന്‍ നമ്മെ അധമരായി കരുതുന്നു.
നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്ധമെന്നപോലെ
അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു.
നീതിമാന്റെ മരണം അനുഗൃഹീതമെന്ന് അവന്‍ വാഴ്ത്തുന്നു;
ദൈവം തന്റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.
അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം;
അവന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.
നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍
അവിടുന്ന് അവനെ തുണയ്ക്കും,
ശത്രുകരങ്ങളില്‍ നിന്നു മോചിപ്പിക്കും.
നിന്ദനവും പീഡനവും കൊണ്ട്
അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.
അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്ഷിക്കപ്പെടുമല്ലോ.
അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി.
ദുഷ്ടത അവരെ അന്ധരാക്കി.
ദൈവത്തിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല,
വിശുദ്ധിയുടെ പ്രതിഫലം പ്രതീക്ഷിച്ചില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 34:17-18, 19-20, 21, 23
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.
ദുഷ്‌കര്‍മികളുടെ ഓര്‍മ ഭൂമിയില്‍ നിന്നു വിച്‌ഛേദിക്കാന്‍
കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്,
അവയില്‍ നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.
അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു;
അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല.
കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു,
അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 7:1-2,10,25-30
അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു. എന്നാല്‍, അവന്റെ സഹോദരന്മാര്‍ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി. ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ? ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ. ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍ നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങയുടെ മഹിതശക്തിയാല്‍ സംശുദ്ധരാക്കപ്പെട്ട ഞങ്ങളെ
ഈ യാഗദ്രവ്യങ്ങള്‍ അതിന്റെ സ്രോതസ്സിലേക്ക്
കൂടുതല്‍ വിശുദ്ധിയോടെ എത്തിച്ചേരാന്‍ പ്രാപ്തരാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
എഫേ 1:7
അവിടത്തെ കൃപയുടെ സമ്പന്നതയ്‌ക്കൊത്ത്
ക്രിസ്തുവില്‍ അവന്റെ രക്തംവഴിയുളള വീണ്ടെടുപ്പും
അപരാധങ്ങളുടെ മോചനവും നമുക്കുണ്ട്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, പഴയ ഉടമ്പടിയില്‍നിന്ന്
പുതിയതിലേക്ക് ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നപോലെ,
പഴയ ജീവിതശൈലി പരിത്യജിച്ച്
പവിത്രീകരിക്കപ്പെട്ട മനസ്സുകളോടെ
നവീകരിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ ദാസരെ കടാക്ഷിക്കുകയും
അങ്ങയുടെ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ
സ്വര്‍ഗീയസഹായത്താല്‍ ദയാപൂര്‍വം സംരക്ഷിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵

Leave a comment